Indian Army
ന്യൂസ് ഡെസ്ക് ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും കൊമ്പുകോർക്കുന്നു. ഇന്ത്യക്ക് എതിരെ പരസ്യ വിമർശനവുമായി പാക് പ്രധാനമന്ത്രി രംഗത്ത് വന്നു. പാകിസ്താന്റെ കിരാത നടപടികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കേണ്ട സമയം ഇതാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടു. പാകിസ്താന്റെ പ്രവര്‍ത്തികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 'തീവ്രവാദികളും പാകിസ്താന്‍ സൈന്യവും ചെയ്യുന്ന കിരാതമായ പ്രവര്‍ത്തികള്‍ക്കെതിരേ ശക്തമായ നടപടികള്‍ നമ്മള്‍ സ്വീകരിക്കണം. അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഏറ്റവും ശക്തമായ സമയം ഇതാണ്. അവര്‍ ചെയ്തതുപോലെ പ്രാകൃതവും പൈശാചികവുമായി മറുപടി നല്‍കണമെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ, മറുപക്ഷത്തിനും നാം അനുഭവിച്ച വേദന അതേ തീവ്രതയില്‍ അനുഭവപ്പെടണം.' മാധ്യമങ്ങളോട് സംസാരിക്കവേ ബിപിന്‍ റാവത്ത് പറഞ്ഞു. പാകിസ്താനുമായുള്ള ചര്‍ച്ചകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കരസേനാ മേധാവിയും ആവര്‍ത്തിച്ചു. തീവ്രവാദവും സമാധാനചര്‍ച്ചകളും ഒരുമിച്ച് മുന്നോട്ട് പോവില്ലെന്ന് അദ്ദേഹം പറഞ്ഞു. സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള തന്റെ ആഹ്വാനത്തോട്  ധിക്കാരപരവും നിഷേധാത്മകവുമായ പ്രതികരണം ഇന്ത്യ സ്വീകരിച്ചതില്‍ നിരാശയുണ്ടെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ പ്രസ്താവന. ദീർഘവീക്ഷണമില്ലാത്ത ചെറിയ മനുഷ്യർ വലിയ സ്ഥാനങ്ങൾ വഹിക്കുന്നത് തന്റെ ജീവിതത്തിലുടനീളം കണ്ടിട്ടുണ്ടെന്ന് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.
ന്യൂഡല്‍ഹി: ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്താനുള്ള പാക്-ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. ഒരു സൈനിക ഉദ്യോഗസ്ഥനും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ജവാനും ചേര്‍ന്നാണ് സൈബര്‍ ആക്രമണം നടത്താനുള്ള പാക്-ചൈനീസ് ഹാക്കര്‍മാരുടെ നീക്കത്തെ തകര്‍ത്തത്. ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടുള്ള അക്കൗണ്ടുകളില്‍ കടന്നു കയറാന്‍ ശ്രമം നടക്കുന്നതായി മനസ്സിലാക്കിയ സൈനികന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഹാക്കിംഗ് ശ്രമം പരജയപ്പെടുത്താനായത്. തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ ഇത്തരം ശ്രമങ്ങള്‍ നിരന്തരം നടക്കുന്നതായിട്ടാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹാക്കിംഗ് ശ്രമം മനസ്സിലാക്കിയ സൈനികന്‍ മറ്റോരു റിട്ടയര്‍ഡ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ഹാക്കര്‍മാരെ തുരത്തിയത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് വിശിഷ്ടസേവാ മെഡല്‍ നേടിയ ജവാനാണ് ഉദ്യോഗസ്ഥന്റെ സഹായത്തിന് എത്തിയത്. ഇരുവരുടെയും പേരുവിവരങ്ങള്‍ സൈനിക വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇലക്ട്രിക്കല്‍ ഗ്രിഡുകള്‍ വിഛേദിക്കാനും ഇന്റര്‍നെറ്റ് ബന്ധം താറുമാറാക്കാനും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വന്‍ തോതില്‍ പണം തട്ടിയെടുക്കാനും ഹാക്കര്‍മാര്‍ ശ്രമിച്ചുവരികയായിരുന്നു. ജമ്മു അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നിരന്തരം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലുണ്ടായ സൈബര്‍ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ മലയാളി ജവാന്‍ ഉള്‍പ്പെടെ 8 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രശ്‌ന ബാധിത മേഖലയില്‍ നിന്ന് നിരവധി പേരെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്.
ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ ഒരു ജവാനും രണ്ട് ഗ്രാമീണരും കൊല്ലപ്പെട്ടു. മൂന്നാം ദിവസവും തുടരുന്ന പാക് വെടിവെയ്പില്‍ ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി. പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടി സെക്ടറിലുണ്ടായ വെടിവെപ്പില്‍ പഞ്ചാബ് സ്വദേശി ജവാന്‍ മന്ദീപ് സിങ് കൊല്ലപ്പെട്ടു. ആര്‍എസ് പുര സെക്ടറിലുണ്ടായ മറ്റൊരു ആക്രമണത്തിലാണ് രണ്ട് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടത്. ഈ ആഴ്ച്ച അതിര്‍ത്തി പ്രദേശത്ത് നടന്ന വിവിധ ആക്രമണങ്ങളിലായി ഏതാണ്ട് 40ഓളം പേര്‍ക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്. ഒക്‌ട്രോയി മുതല്‍ ചെനാബ് വരെയുള്ള അഖ്നൂര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന്‍ ഇന്ത്യന്‍ ആര്‍മി പോസ്റ്റുകളിലേക്ക് ശക്തമായ ഷെല്ലാക്രമണം തുടരുകയാണ്. ആക്രമണം രൂക്ഷമായതോടെ സമീപവാസികളെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഏതാണ്ട് ഒന്‍പതിനായിരം പേരെയാണ് ഇത്തരത്തില്‍ മാറ്റിപാര്‍പ്പിച്ചിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്.
RECENT POSTS
Copyright © . All rights reserved