Infant Mortality
2011നു ശേഷം ആദ്യമായി ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ശിശു മരണ നിരക്കുകളില്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ജനിക്കുന്ന 1000 കുട്ടികളില്‍ നാല് പേര്‍ തങ്ങളുടെ ആദ്യ ജന്മദിനത്തിനു മുമ്പു തന്നെ മരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2.6 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇതിലുണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷം ആയിരത്തില്‍ 3.9 കുട്ടികള്‍ മാത്രമായിരുന്നു മരിച്ചിരുന്നത്. മൊത്തം ശിശു മരണ നിരക്കില്‍ കുറവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. ജനന നിരക്കില്‍ കാര്യമായ കുറവുണ്ടായിട്ടുള്ളതിനാല്‍ അതിന് ആനുപാതികമായി കണക്കാക്കുമ്പോളാണ് മരണനിരക്കുകള്‍ വര്‍ദ്ധിച്ചതായി കാണാന്‍ കഴിയുന്നത്. ശിശു മരണ നിരക്ക് 2010ല്‍ 4.3ല്‍ നിന്ന് 4.0 ആയി കുറഞ്ഞിരുന്നു. അതിനു ശേഷം മരണനിരക്കില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ശിശുമരണ നിരക്കുകള്‍ കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുന്നുവെന്നതിന്റെ സൂചനയായും ഇതിനെ കാണാം. 2003ല്‍ മരണ നിരക്കുകള്‍ ആയിരത്തില്‍ 5.3ല്‍ നിന്ന് 4.3 ആയി കുറയ്ക്കാന്‍ സാധിച്ചിരുന്നു. 1980ലെയും 1991ലെയും നിരക്കുകളേക്കാള്‍ കുറയ്ക്കാനും സാധിച്ചിരുന്നു. ശിശു മരണനിരക്ക് കുറഞ്ഞതിനൊപ്പം ജനന നിരക്കിലും കുറവുണ്ടായിട്ടുണ്ടെന്നത് ഒഎന്‍എസിന്റെ മറ്റൊരു സ്റ്റാറ്റിസ്റ്റിക്‌സാണ് വ്യക്തമാക്കുന്നത്. 2006നു ശേഷം ജനന നിരക്കില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. 679,106 ജനനങ്ങളാണ് ഇംഗ്ലണ്ടിലും വെയില്‍സിലുമായി 2017ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ശിശുമരണങ്ങളിലും കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന ശിശുമരണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും കാണാം. ഇതാണ് അഞ്ചു വര്‍ഷങ്ങള്‍ക്കിടെ ശിശു മരണ നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
RECENT POSTS
Copyright © . All rights reserved