Infertility
ആഴ്ചയില്‍ കുറഞ്ഞത് രണ്ടു കപ്പ് കാപ്പിയെങ്കിലും കുടിക്കുന്ന പുരുഷന്‍മാര്‍ക്ക് പ്രത്യുദ്പാദന ശേഷി വര്‍ദ്ധിക്കുമെന്ന് പഠനം. കാപ്പി കുടിക്കുന്ന പുരുഷന്‍മാര്‍ക്ക് തങ്ങളുടെ പങ്കാളികളെ ഗര്‍ഭം ധരിപ്പിക്കാനുള്ള ശേഷി ഇരട്ടിയാണെന്ന് അമേരിക്കന്‍ സൊസൈറ്റി ഫോര്‍ റീപ്രൊഡക്ടീവ് മെഡിസിന്‍ വാര്‍ഷിക കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പഠനം പറയുന്നു. കുട്ടികള്‍ക്കു വേണ്ടി ശ്രമിക്കുന്ന 500 ദമ്പതികളില്‍ നടത്തിയ പഠനത്തിലാണ് കാപ്പിയുടെ ഈ സവിശേഷത വ്യക്തമായത്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ആണ് പുരുഷന്‍മാരുടെ പ്രത്യുദ്പാദന ശേഷിയെ ഇരട്ടിയാക്കുന്നത്. അതുപോലെ തന്നെ ഓവുലേഷന് മുമ്പോ അതിനു ശേഷമോ മദ്യം കഴിക്കുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയുന്നതായും കണ്ടെത്തി. കഫീന് പുരുഷന്റെ പ്രത്യുദ്പാദന ശേഷിയെ സ്വാധീനിക്കാന്‍ കഴിയുമെന്ന കണ്ടെത്തല്‍ വളരെ അതിശയകരമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്തിലെ ഡോ.സണ്ണി മംഫോര്‍ഡ് പറഞ്ഞു. കുട്ടികള്‍ക്കു വേണ്ടി ശ്രമിക്കുന്നവര്‍ ജീവിതശൈലി പരിപാലിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ പഠനം വ്യക്തമാക്കുന്നത്. കാപ്പിയും ചായയും കുട്ടികള്‍ക്കു വേണ്ടി ശ്രമിക്കുന്ന പുരുഷന്‍മാര്‍ക്ക് ഗുണകരമല്ലെന്നായിരുന്നു നേരത്തേ നടത്തിയ പഠനങ്ങള്‍ പറഞ്ഞിരുന്നത്. ജേര്‍ണല്‍ ഓഫ് ന്യൂട്രീഷനില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പറഞ്ഞിരുന്നത് ബീജങ്ങളുടെ ഡിഎന്‍എയെ കഫീന്‍ തകരാറിലാക്കുമെന്നായിരുന്നു. കഫീനുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ 28 പേപ്പറുകള്‍ വിശകലനം ചെയ്യുന്ന പഠനമായിരുന്നു അത്. ശരീരത്തിലുള്ള അഡിനോസിന്‍ ട്രൈഫോസ്‌ഫേറ്റ്, ഗ്വാനോസിന്‍ ട്രൈഫോസ്‌ഫേറ്റ് എന്നീ രാസഘടകങ്ങളുമായി ബന്ധപ്പെട്ടാണ് കഫീന്‍ പ്രത്യുദ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതെന്നാണ കരുതുന്നതെന്ന് ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ദ്ധയായ പ്രൊഫ. ഷീന ലൂയിസ് പറയുന്നു. കഫീന്‍ ഈ രാസഘടകങ്ങളെ വിഘടിപ്പിക്കുകയും അതില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജം ബീജങ്ങളുടെ ചലനശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി. ചലനശേഷി കുറഞ്ഞ ബീജങ്ങളാണ് പുരുഷ വന്ധ്യതയ്ക്ക് പ്രധാന കാരണം. എന്നാല്‍ പ്രത്യുല്‍പാദന ശേഷി കൂട്ടുമെന്ന് പറഞ്ഞ് കഫീന്‍ ധാരാളമടങ്ങിയ പാനീയങ്ങള്‍ അമിതമായി കഴിക്കരുതെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ലണ്ടന്‍: കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍, പ്രത്യേകിച്ച് കോളകളുടെ ഉപയോഗം മനുഷ്യന്റെ പ്രത്യുല്‍പാദനശേഷിയെ ബാധിക്കുമെന്ന് പഠനം. ദിവസവും കോള കുടിക്കുന്നത് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനു പുറമേയാണ് ഇത്. ദിവസവും ഒരു ക്യാന്‍ കോക്കകോള കുടിച്ചാല്‍ അത് സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നതിനുള്ള സാധ്യത 20 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. ഒരു ക്യാന്‍ കോക്കില്‍ 46 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു ദിവസം 30 ഗ്രാം പഞ്ചസാരയില്‍ കൂടുതല്‍ ഉപയോഗിക്കരുതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, കുട്ടികളില്‍ നേരത്തേയുണ്ടാകുന്ന ആര്‍ത്തവം, ശുക്ലത്തില്‍ ബീജങ്ങളുടെ എണ്ണം കുറയുക തുടങ്ങിയ അവസ്ഥകള്‍ക്ക് കോള ഉപയോഗം കാരണമാകുമെന്നാണ് വ്യക്തമായിരിക്കുന്നത്. അതുകൊണ്ട് സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കും കോളയുടെ ഉപയോഗം വന്ധ്യതയുണ്ടാക്കും. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്. അമേരിക്കയിലും ക്യാനഡയിലുമുള്ള 21നും 45നുമിടയില്‍ പ്രായമുള്ള 3828 സ്ത്രീകളില്‍ നടത്തിയ പഠനം പഞ്ചസാരയടങ്ങിയ പാനീയങ്ങളും വന്ധ്യതയുമായുള്ള ബന്ധം വ്യക്തമാക്കുന്നു. ഈ സ്ത്രീകളുടെ 1045 പങ്കാളികളെയും പഠനത്തിന് വിധേയരാക്കി. ജീവിതശൈലി, മെഡിക്കല്‍ ഹിസ്റ്ററി, ആഹാരം, കോളകളുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്. സ്ത്രീകളുടെ കോള ഉപയോഗം ഓരോ മാസത്തിലും ഗര്‍ഭം ധരിക്കാനുള്ള സാധ്യതകളെ 20 ശതമാനം ഇല്ലാതാക്കുന്നുണ്ടെന്ന് കണ്ടെത്തി. ഒന്നിലേറെ ക്യാനുകള്‍ ഉപയോഗിക്കുന്നവര്‍ ഗര്‍ഭിണികളാകാന്‍ 25 ശതമാനം സാധ്യത കുറവാണെന്നും വ്യക്തമായി. കോളകള്‍ ഉപയോഗിക്കുന്ന പുരുഷന്‍മാര്‍ക്ക് തങ്ങളുടെ പങ്കാളികളെ ഗര്‍ഭിണികളാക്കാനുള്ള കഴിവ് 33 ശതമാനം കുറയുന്നതായും പഠനം കണ്ടെത്തി. ഡയറ്റ് കോളകളും അമിതമായി പഞ്ചസാരയടങ്ങിയ ഫ്രൂട്ട് ജ്യൂസുകളും ഇതേവിധത്തില്‍ പാര്‍ശ്വഫലങ്ങളുള്ളവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ലണ്ടന്‍: പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ഒരു രാസഘടകം പുരുഷന്‍മാരിലെ വന്ധ്യതയ്ക്ക് കാരണമാകുന്നതായി കണ്ടെത്തല്‍. ഈ രാസവസ്തുവിന്റെ സാന്നിധ്യം കൗമാര പ്രായക്കാരിലും കണ്ടെത്തിതായി പഠനം പറയുന്നു. 80 ശതമാനത്തോളം കൗമാരക്കാരായ ആണ്‍കുട്ടികളുടെ ശരീരത്തിലും ഈ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 17നും 19നുമിടയില്‍ പ്രായമുള്ള 94 ആണ്‍കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. കുടിവെള്ളം ലഭിക്കുന്ന കുപ്പികളിലും പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലും ടില്‍ റെസിപ്റ്റുകളിലും തുടങ്ങി മനുഷ്യര്‍ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളിലും കാണപ്പെടുന്ന ബിസ്‌ഫെനോള്‍ എ എന്ന രാസഘടകമാണ് വില്ലന്‍. സ്ത്രീ ലൈംഗിക ഹോര്‍മോണായ ഈസ്ട്രജനുമായി വളരെയേറെ സാമ്യമുള്ള ഈ രാസവസ്തു പുരുഷന്‍മാരില്‍ ബീജത്തിന്റെ എണ്ണം കുറയാന്‍ കാരണമാകുമെന്ന് നേരത്തേ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിരുന്നു. വളരെ സുരക്ഷിതമാണെന്നും മനുഷ്യരില്‍ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കില്ലെന്നും പ്ലാസ്റ്റിക് വ്യവസായ മേഖല അവകാശപ്പെടുന്ന ഇത് ചില ജീനുകളുടെ പ്രവര്‍ത്തനത്തെപ്പോലും ബാധിക്കുന്നതായാണ് തെളിഞ്ഞത്. ഡെവണ്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഈ പഠനത്തില്‍ പങ്കെടുത്തത്. ഒരാഴ്ചയോളം പ്ലാസ്റ്റിക് വസ്തുക്കളില്‍ നിന്ന് അകലം പാലിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കി. ടിന്‍ഡ് ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും നിത്യോപയോഗത്തിന് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളും ഉപകരണങ്ങളും നല്‍കുകയും ചെയ്തു. സാധാരണ ഗതിയില്‍ മനുഷ്യശരീരത്തില്‍ ആറ് മണിക്കൂറുകള്‍ മാത്രമേ ഈ രാസവസ്തു നിലനില്‍ക്കുകയുള്ളു. എന്നാല്‍ ഈ സമയപരിധി കഴിഞ്ഞിട്ടും പഠനത്തില്‍ പങ്കെടുത്തവരുടെ ശരീരത്തില്‍ ഇതിന്റെ അംശങ്ങള്‍ കണ്ടെത്തി. അവയുടെ അളവില്‍ കാര്യമായ കുറവുണ്ടാകുന്നില്ലെന്നും വ്യക്തമായി. പ്ലാസ്റ്റിക്കിന്റെ വ്യാപക ഉപയോഗം മൂലം മനുഷ്യന് ഈ രാസവസ്തുവില്‍ നിന്ന് മോചനം അത്ര എളുപ്പമല്ലെന്നാണ് പഠനം സ്ഥിരീകരിക്കുന്നത്.
ലണ്ടന്‍: ഗര്‍ഭിണികള്‍ ഐബുപ്രൂഫെന്‍ ഉപയോഗിക്കുന്നത് അവരുടെ പെണ്‍കുഞ്ഞുങ്ങളുടെ പ്രത്യുല്‍പാദന വ്യവസ്ഥയെ ബാധിക്കുമെന്ന് പഠനം. ഗര്‍ഭത്തിന്റെ ആദ്യത്തെ ആറു മാസങ്ങളില്‍ വേദനാസംഹാരികള്‍ ഉപയോഗിക്കുന്നത് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ദോഷകരമായിരിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളുടെ അണ്ഡാശയത്തിലുള്ള അണ്ഡങ്ങളുടെ എണ്ണം നേരെ പകുതിയായി കുറയാന്‍ ഈ മരുന്നുകള്‍ കാരണമാകുമത്രേ! അതായത് മുതിര്‍ന്നു കഴിയുമ്പോള്‍ ഇവര്‍ക്ക് കുട്ടികളുണ്ടാകാനുള്ള സാധ്യത നേര്‍ പകുതിയായി കുറയും. പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ അവരുടെ അണ്ഡാശയങ്ങളില്‍ വളര്‍ച്ചയെത്താത്ത വിധത്തില്‍ അണ്ഡങ്ങള്‍ രൂപപ്പെട്ടിരിക്കും. പ്രായപൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് ഇവ പൂര്‍ണ്ണ വളര്‍ച്ച കൈവരിക്കുന്നതും ഓരോ ആര്‍ത്തവ ചക്രത്തിലും ഗര്‍ഭപാത്രത്തിലേക്ക് എത്തപ്പെടുന്നതും. ഗര്‍ഭകാലത്ത് ഐബ്രുപ്രൂഫന്‍ പോലെയുള്ള മരുന്നുകള്‍ കഴിക്കുന്ന ഗര്‍ഭിണികള്‍ തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളുടെ അടുത്ത തലമുറയെയാണ് ഇല്ലാതാക്കുന്നത്. അണ്ഡങ്ങളുടെ എണ്ണം നേര്‍പകുതിയാകുന്നതോടെ ഈ പെണ്‍കുട്ടികള്‍ വിവാഹപ്രായമെത്തി കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടമെത്തുമ്പോള്‍ ആര്‍ത്തവ വിരാമം സംഭവിക്കാനും പിന്നീട് ഒരിക്കലും അമ്മമാരാകാതിരിക്കാനും സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് വേദനാ സംഹാരികള്‍ ഒരു തലമുറയെത്തന്നെ ഇല്ലാതാക്കുകയാണെന്ന ഞെട്ടിക്കുന്ന ഫലം ലഭിച്ചത്. രണ്ട് മുതല്‍ ഏഴ് ദിവസം വരെ മാത്രം ഇവ ഗര്‍ഭകാലത്ത് ഉപയോഗിച്ചാല്‍ പോലും അവ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷകരമാകുമെന്നാണ് കണ്ടെത്തല്‍. അണ്ഡകോശങ്ങളുടെ വളര്‍ച്ച മുരടിക്കുകയോ നശിച്ചുപോകുകയോ ചെയ്യാം.ഐബുപ്രൂഫന്‍ ഗര്‍ഭസ്ഥ ശിശുക്കളിലെ അണ്ഡാശയ ഫോളിക്കിളുകള്‍ വികസിക്കുന്നതിനെ തടയുകയാണ് ചെയ്യുന്നത്.
ചെന്നൈ: തടവുകാര്‍ക്കും ലൈംഗികാവകാശങ്ങളുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന പ്രതിക്ക് രണ്ടാഴ്ച പരോള്‍ അനുവദിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തിരുനെല്‍വേലി, പാളയംകോട്ടൈ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായ സിദ്ദിഖ് അലി എന്നയാള്‍ക്കാണ് ജസ്റ്റിസുമാരായ എസ്.വിമലാ ദേവി, ടി. കൃഷ്ണ വല്ലി എന്നിവര്‍ അവധി നല്‍കിയത്. തടവുകാര്‍ക്ക് അടുത്ത തലമുറയെ സൃഷ്ടിക്കാനുള്ള അവകാശമുണ്ടെന്നും കോടതി വിധിച്ചു. സിദ്ദിഖ് അലിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. കുട്ടികളില്ലാത്തതിനാല്‍ വന്ധ്യതാ ചികിത്സക്ക് വിധേയനാകുന്നതിനായി സിദ്ദിഖ് അലിക്ക് 60 ദിവസത്തെ അവധി നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ 2017ല്‍ കോടതിയെ സമീപിച്ചിരുന്നു. തടവുകാരന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രൊബേഷന്‍ ഓഫീസര്‍ വ്യക്തമാക്കിയതിനാല്‍ സെപ്റ്റംബറില്‍ ഈ ഹര്‍ജി കോടതി തള്ളി. ഇതോടെ ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി അവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. അസാധാരണമായ സാഹചര്യങ്ങളാല്‍ നല്‍കപ്പെട്ട അപേക്ഷയായി പരിഗണിച്ച് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിക്ക് ഇളവ് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഭര്‍ത്താവിനൊപ്പം കൂടുതസല്‍ സമയം കഴിയാനാകാത്തത് ചികിത്സക്ക് തടസമാകുന്നുണ്ടെന്ന് കോടതിക്ക് ബോധ്യമായി. ചികിത്സ നടത്തിയാല്‍ ഇവര്‍ക്ക് കുട്ടികളുണ്ടാകുമെന്ന് ഡോക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇണയുമായുള്ള ലൈംഗികത തടവുകാരുടെ അവകാശമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. കുട്ടികള്‍ ഉണ്ടാകുന്നതും കുടുംബത്തിന്റെ സാന്നിധ്യവും കുറ്റവാളികളുടെ തിരുത്തല്‍ പ്രക്രിയയില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന രണ്ടാഴ്ച അവധിയില്‍ നടക്കുന്ന ചികിത്സയിലൂടെ കുട്ടികളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ രണ്ടാഴ്ച കൂടി സിദ്ദിഖ് അലിക്ക് അവധി നല്‍കാനും കോടതി ഉത്തരവിട്ടു.
RECENT POSTS
Copyright © . All rights reserved