Internet
ക്രിസ്മസിന് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്ന് മുന്നറിയിപ്പ്. സിഗ്നല്‍ ശരായായി കിട്ടുന്ന സ്ഥലത്തു വേണം ട്രാന്‍സാക്ഷനുകള്‍ നടത്താന്‍. ഇടപാടുകളില്‍ കൂടുതല്‍ സുരക്ഷ നല്‍കുന്നതിനായി നിങ്ങളുടെ മൊബൈലിലേക്ക് പാസ്‌വേര്‍ഡുകള്‍ അയക്കുന്ന സമ്പ്രദായം ബാങ്കുകള്‍ ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ ഇല്ലാത്തവര്‍ക്കും ശരിയായ മൊബൈല്‍ സിഗ്നല്‍ ലഭിക്കാത്തവര്‍ക്കും ഇത് ലഭിക്കില്ലെന്നാണ് മുന്നറിയിപ്പ് പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നിയമമാണ് ബാങ്കുകള്‍ നടപ്പാക്കുന്നത്. 27 പൗണ്ടില്‍ അധികം വരുന്ന തുക ചെലവാക്കുകയാണെങ്കില്‍ പേയ്‌മെന്റ് പ്രൊവൈഡര്‍മാര്‍ ഒരു വണ്‍ ടൈം പാസ്‌വേര്‍ഡ് നിങ്ങളുടെ ഫോണിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. യൂറോപ്യന്‍ മാനദണ്ഡമനുസരിച്ച് ഇതിന്റെ പരിധി 30 യൂറോയാണ്. എന്നാല്‍ നിങ്ങളുടെ ട്രാന്‍സാക്ഷന്‍ സുരക്ഷിതമാണെന്ന് റീട്ടെയിലര്‍ക്ക് ബോധ്യപ്പെട്ടാല്‍ ചില ഇളുവുകള്‍ ലഭിക്കാനിടയുണ്ട്. തട്ടിപ്പുകള്‍ നടന്നിട്ടില്ലെന്ന് റെഗുലേറ്ററെ ബോധ്യപ്പെടുത്താന്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ 450 പൗണ്ട് വരെ പരിധി ഉയരും. ഉപഭോക്താക്കളുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിന് ബാങ്കുകള്‍ മറ്റു വഴികള്‍ തേടുകയാണ് ഇപ്പോള്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ബാങ്ക് തട്ടിപ്പുകള്‍ തടയുന്നതിനായി അവതരിപ്പിച്ച പേയ്‌മെന്റ് സര്‍വീസസ് ഡയറക്ടീവ് അനുസരിച്ചാണ് ഈ ചട്ടങ്ങള്‍ നിലവില്‍ വന്നിരിക്കുന്നത്. 2019 സെപ്റ്റംബറില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ ചട്ടങ്ങള്‍ യുകെയില്‍ നടപ്പാക്കിക്കഴിഞ്ഞു. എന്നാല്‍ ഈ രീതികള്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നവയാണെന്ന് വിമര്‍ശകര്‍ പറയുന്നു. മൊബൈല്‍ കവറേജ് ലഭിക്കാത്തവരെയും സാധാരണക്കാരായ ഉപഭോക്താക്കളെയും പരിഗണിക്കാന്‍ ബാങ്കുകള്‍ അലസത കാട്ടുകയാണെന്നാണ് ഫെയറര്‍ ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് ഡേലി പറയുന്നത്. 95 ശതമാനം പേര്‍ക്കു വേണ്ടി മാത്രമാണ് ഈ സംവിധാനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ബാക്കിയുള്ള 5 ശതമാനം ഉപേക്ഷിക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ വന്‍കിട ഇന്റര്‍നെറ്റ് കമ്പനികള്‍ കണ്ണടക്കുകയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. വൈകാരികമായ പാര്‍ശ്വഫലങ്ങള്‍ ഏറെയുള്ള സോഷ്യല്‍ മീഡിയ ഉപയോഗം പ്രായപൂര്‍ത്തിയാകാത്തവരില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് ഹണ്ട് പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ വമ്പന്‍മാര്‍ക്ക് ഹണ്ട് കത്തെഴുതി. പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം, സൈബര്‍ ബുള്ളിയിംഗ് പ്രതിരോധം, ആരോഗ്യകരമായ സ്‌ക്രീന്‍ ടൈം എങ്ങനെ പ്രാവര്‍ത്തികമാക്കാം, ഇവ കൂടാതെ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരാനാകും തുടങ്ങിയ കാര്യങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ വിശദമാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. പ്രായപരിധി ലംഘനത്തിന് പ്രത്യക്ഷമായ മൗനാനുവാദം നല്‍കുന്ന ഇന്റര്‍നെറ്റ് ഭീമന്‍മാര്‍ക്ക് വിലങ്ങിടാന്‍ നിയമനിര്‍മാണത്തിന് മന്ത്രിമാര്‍ ആലോചിക്കുന്നുണ്ടെന്നാണ് സൂചന. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം തടയാന്‍ കഴിയാത്തത് നിരുത്തരവാദപരവും അംഗീകരിക്കാനാകാത്തതുമാണെന്ന് ഹണ്ട് പറഞ്ഞു. പ്രായം സ്ഥിരീകരിക്കാനുള്ള സംവിധാനങ്ങള്‍ ഒട്ടും കാര്യക്ഷമമല്ലെന്നും മിനിമം പ്രായപരിധി ലംഘിക്കുന്ന കാര്യം കമ്പനികള്‍ക്ക് താല്‍പര്യമുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നതെന്നും കത്തില്‍ ഹണ്ട് ആരോപിക്കുന്നു. കുട്ടികളെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുവദിക്കുന്ന മാതാപിതാക്കളോട് കാട്ടുന്ന വിശ്വാസരാഹിത്യമാണ് ഇതെന്നും ഹണ്ട് പറഞ്ഞു. മാതാപിതാക്കളെ കുറ്റക്കാരാക്കുന്ന ഈ പ്രവണതയിലേക്ക് നയിക്കുന്ന സോഷ്യല്‍ മീഡിയ വമ്പന്‍മാരുടെ രീതികള്‍ നിരുത്തരവാദപരവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള താല്‍പര്യം കമ്പനികള്‍ക്കുണ്ടോ എന്ന ചോദ്യവും ഹണ്ട് ഉന്നയിക്കുന്നു. കുട്ടികള്‍ക്കു വേണ്ടിയുള്ള പതിപ്പ് അവതരിപ്പിച്ച ഫേസ്ബുക്കിനെ കഴിഞ്ഞ ഡിസംബറില്‍ ഹണ്ട് വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ അടുത്ത മെയ് മാസത്തിനുള്ളില്‍ നിയമനിര്‍മാണത്തിന് ശ്രമിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.
വീട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് സ്പീഡ് കുറവാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ ഉപക്ഷേക്കാന്‍ അവകാശമുണ്ടെന്ന് ഓഫ്‌കോം. കണക്ഷന്‍ സ്ഥാപിക്കുന്ന സമയത്ത് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന കമ്പനി ഉപഭോക്താക്കള്‍ക്ക് മിനിമം സ്പീഡ് ഉറപ്പു നല്‍കേണ്ടതുണ്ടെന്നും ഓഫ്‌കോമിന്റെ പുതിയ നിയമം വ്യക്തമാക്കുന്നു. കമ്പനി ഉറപ്പു നല്‍കിയിട്ടുള്ള സ്പീഡ് ലഭ്യമാകുന്നില്ലെങ്കില്‍ പിഴകൂടാതെ ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ ഉപേക്ഷിക്കാം. അതേ സമയം സ്പീഡ് സംബന്ധിച്ച് കാര്യങ്ങള്‍ ശരിയാക്കുന്നതിനായി കമ്പനിക്ക് ഒരു മാസം സമയം ലഭിക്കുകയും ചെയ്യുമെന്ന് പുതിയ നിയമത്തില്‍ പറയുന്നു. നിലവില്‍ കമ്പനിക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ സ്പീഡ് സാധാരണഗതിയിലേക്ക് പുനസ്ഥാപിക്കുന്നത് ധാരാളം സമയം അനുവദിച്ചിട്ടുണ്ട്. അനുവദനീയമായ കാലഘട്ടത്തിലും സ്പീഡ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്പനിക്ക് കഴിയുന്നില്ലെങ്കില്‍ കണക്ഷന്‍ ഉപഭോക്താക്കള്‍ ഉപേക്ഷിക്കുന്നതായിരിക്കും. ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ സ്ഥാപിച്ചു നല്‍കുന്ന സമയത്ത് തന്നെ ശരാശരി പീക്ക് ടൈം സ്പീഡുമായി ബന്ധപ്പെട്ട ഉറപ്പ് കമ്പനി നല്‍കേണ്ടതുണ്ട്. ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച തയ്യാറെടുപ്പുകള്‍ നടത്താന്‍ ഏതാണ്ട് ഒരു വര്‍ഷത്തോളം സമയം ലഭിക്കും. അടുത്ത വര്‍ഷം മാര്‍ച്ചോടു കൂടിയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുക. ലാന്റ് ലൈനുകളെ കൂടാതെ ബ്രോഡ്ബാന്റിനൊപ്പം വാങ്ങിയിരിക്കുന്ന ടിവി പാക്കേജുകള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും. പുതിയ നിയമപ്രകാരം ഒരു ടിവി കോണ്‍ട്രാക്ടില്‍ ഉപഭോക്താക്കള്‍ കുടുങ്ങിക്കിടക്കില്ല. ബ്രോഡ്ബാന്റ് സര്‍വീസ് വേഗത കുറയുകയാണെങ്കില്‍ പുതിയ കണക്ഷനിലേക്ക് പിഴ കൂടാതെ മാറാന്‍ ഇവര്‍ക്ക് അധികാരം ഉണ്ടായിരിക്കും. ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ബ്രോഡ്ബാന്റ് സ്പീഡ് പ്രകാരമുള്ള സര്‍വീസ് ആസ്വദിക്കാന്‍ പുതിയ നിയമം അവരെ സഹായിക്കുമെന്ന് ഒഫ്‌കോം കണ്‍സ്യൂമര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ലിന്‍ഡ്‌സി ഫുസ്സല്‍ പ്രസ്താവനയില്‍ പറഞ്ഞു.
നിങ്ങളുടെ കമ്പ്യൂട്ടറിനെ സുരക്ഷിതമായി സൂക്ഷിക്കാന്‍ നിങ്ങള്‍ ആന്റി വൈറസുകള്‍ ഉപയോഗിക്കാറില്ലേ? സുരക്ഷിതമായ ഓണ്‍ലൈന്‍ ഉപയോഗത്തിന് അവ നിങ്ങളെ സഹായിക്കാറുമുണ്ട്. എന്നാല്‍ രാജ്യത്തിന്റെ മുഴുവന്‍ ഇന്റര്‍നെറ്റ് സംവിധാനവും തകരാറിലാക്കാന്‍ കഴിഞ്ഞാലോ! ബ്രിട്ടന്റെ ഇന്റര്‍നെറ്റ് സംവിധാനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്ന സമുദ്രാന്തര ഇന്റര്‍നെറ്റ് കേബിളുകളെ ലക്ഷ്യം വെച്ച് റഷ്യ കരുനീക്കങ്ങള്‍ നടത്തുന്നതായി സൂചന. ഇത്തരം ആക്രമണങ്ങളെ നിയന്ത്രിക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന നാവിക സേനയ്ക്ക് പ്രാപ്തിയുണ്ടോയെന്ന കാര്യവും സംശയമാണ്. ബ്രിട്ടന്റെ മുഴുവന്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളെയും തകരാറിലാക്കാന്‍ ഒരു സ്‌കൂബ സ്യൂട്ടും പ്ലയറുമുണ്ടെങ്കില്‍ സാധിക്കും എന്നതാണ് വാസ്തവം. ഫേസ്ബുക്ക് സന്ദേശങ്ങളുടെ കൈമാറ്റവും വീഡിയോ ഷെയറിംഗുകളും ബാങ്ക് അക്കൗണ്ട് ഇടപാടുകളും ഉള്‍പ്പെടെ രാജ്യത്തിന്റെ 97 ശതമാനത്തോളം വരുന്ന ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങളും സാധ്യമാക്കുന്നത് ഇത്തരം സമുദ്രാന്തര കേബിളുകളാണ്. അമേരിക്ക, ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലൂടെയൊക്കെ കണക്ട് ചെയ്യപ്പെട്ടിരിക്കുന്ന ഇത്തരം സമുദ്രാന്തര കേബിളുകളാണ് ബ്രിട്ടനെ പുറത്തുള്ള ഇന്റര്‍നെറ്റ് ലോകവുമായി കണക്ട് ചെയ്യിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം കേബിളുകളുടെ സുരക്ഷ അതീവ പ്രധാന്യത്തോടെ കാണേണ്ടവയാണ്. എന്നാല്‍ സമീപകാലത്തെ റിപ്പോര്‍ട്ടുകള്‍ ബ്രിട്ടന്റെ ഇന്റര്‍നെറ്റ് കേബിളുകള്‍ സുരക്ഷിതമായ രീതിയില്‍ അല്ല നിലനിര്‍ത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. കേബിളുകള്‍ സുരക്ഷിതമല്ലെന്ന് റഷ്യയ്ക്കും അറിവുള്ളവയാണ്. സമുദ്രാന്തര കേബിളുകള്‍ക്കും മുന്‍പും ഇത്തരത്തില്‍ റഷ്യന്‍ ഭീഷണികള്‍ ഉയര്‍ന്നിട്ടുണ്ട്. അറ്റലാന്റിക്ക് സമുദ്ര പരിധിയില്‍ വെച്ച് കേബിളുകള്‍ക്കടുത്ത് റഷ്യ നടത്തിയ നീക്കത്തെക്കുറിച്ച് യുഎസ് സേന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം ഓപ്പറേഷനുകള്‍ സമീപകാലത്ത് വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 2013ല്‍ യൂറോപ്പിനെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് കേബിളുകള്‍ വിച്ഛേദിക്കാന്‍ ശ്രമിച്ച സ്‌കൂബാ ഡൈവേഴ്‌സിനെ ഈജിപ്ത് നാവികസേന അറസ്റ്റ് ചെയ്തിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ക്രിമിയയെ അക്രമിച്ച സമയത്ത് റഷ്യ ആദ്യം ചെയ്തത് മറ്റു രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന കേബിളുകള്‍ വിച്ഛേദിക്കുകയായിരുന്നു. സ്രാവുകള്‍ കേബിളുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരം ആക്രമണങ്ങളേക്കാള്‍ അപകട സാധ്യതയാണ് തീവ്രവാദികള്‍ സൃഷ്ടിക്കുന്നത്. കേബിളുകള്‍ സ്റ്റീല്‍ ആവരണങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആക്രമണങ്ങളെ ചെറുക്കാന്‍ മാത്രം അതു മതിയാകില്ലെന്നാണ് വിലയിരുത്തല്‍.
ന്യൂസ് ഡെസ്ക് ഇന്ന് ഫെബ്രുവരി 6 ലോകമെങ്ങും സേഫർ ഇൻറർനെറ്റ് ദിനമായി ആചരിക്കുകയാണ്. കുട്ടികളും യുവാക്കളും ഉപയോഗിക്കുന്ന ഡിജിറ്റല്‍ സാങ്കേതിക ലോകത്തെ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സേഫർ ഇൻറര്‍നെറ്റ് ദിനം ആചരിക്കുന്നത്. ഈ വര്‍ഷത്തെ സേഫർ ഇന്റര്‍നെറ്റ് ദിനം മുന്നോട്ടു വെക്കുന്ന മുദ്രാവാക്യം ക്രിയേറ്റ്, കണക്ട്, ആന്‍ഡ് ഷെയര്‍ റെസ്‌പെക്റ്റ്; ഒരു മികച്ച ഇന്റര്‍നെറ്റ് നിങ്ങളിലൂടെ ആരംഭിക്കുന്നു' എന്നതാണ്. ചൈല്‍ഡ്‌നെറ്റ്, സൗത്ത് വെസ്റ്റ് ഫോര്‍ ലേണിംഗ്, ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റികളാണ് ചേര്‍ന്നാണ് സേഫർ ഇന്റര്‍നെറ്റ് ദിനം ആചരിക്കുന്നത്. 15 ശതമാനത്തോളം ജനങ്ങള്‍ തങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ ചോരുന്നുണ്ടോയെന്ന് ഭയപ്പെടുന്നവരാണെന്ന് റോ.കോ.യുകെ നടത്തിയ സര്‍വ്വേയില്‍ പറയുന്നു. 6.7 ശതമാനം വരുന്ന ബ്രിട്ടിഷ് പൗരന്‍മാരും സ്വന്തം ലാപ്‌ടോപ് ക്യാമറയില്‍ സ്റ്റിക്കര്‍ പതിപ്പിച്ച് ഉപയോഗിക്കുന്നവരാണ്. എന്തിനേറെ പറയുന്നു ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പോലും ഇത്തരത്തില്‍ ലാപ്‌ടോപ് ക്യാമറയില്‍ സ്റ്റിക്കര്‍ പതിപ്പിച്ച് ഉപയോഗിക്കുന്നയാളാണ്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെ തട്ടിയെടുക്കുന്ന ഹാക്കര്‍മാര്‍ ഓണ്‍ലൈനില്‍ സജീവമാണ്. 32.5 ശതമാനം പുരുഷന്‍മാരും 3.8 ശതമാനം സ്ത്രീകളും ദിവസവും ലൈംഗിക വീഡിയോകള്‍ കാണുന്നവരാണെന്ന് 2014 പുറത്തിറങ്ങിയ ഒരു സര്‍വ്വേ പറയുന്നു. ഇവരില്‍ മിക്കവരും തങ്ങളുടെ ലാപ്‌ടോപ് ക്യാമറകള്‍ ഹാക്ക് ചെയ്യപ്പെട്ടിണ്ടോയെന്ന് വ്യാകുലപ്പെടുന്നവരാണെന്നും സര്‍വ്വേ പറയുന്നു. സുരക്ഷിതമായി ഇൻറർനെറ്റ് ഉപയോഗിക്കാനുതകുന്ന ചില പൊടിക്കൈകള്‍ ഇതാ.. 1. വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും നമ്പരുകളും ഉള്‍പ്പെടുന്ന 8 അക്ഷരങ്ങളില്‍ കൂടുതലുള്ള പാസ്‌വേഡുകള്‍ ഉപയോഗിക്കുക. 2. പബ്ലിക്ക് വൈഫൈ ഉപയോഗിച്ച് ബാങ്കിങ് ഇടപാടുകള്‍ നടത്താതിരിക്കുക 3. ബാങ്കുകളില്‍ നിന്നുള്ളതെന്ന് അവകാശപ്പെടുന്ന വിശ്വസ്തമല്ലാത്ത ഇമെയില്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക 4. വ്യത്യസ്തമായ വെബ്‌സൈറ്റുകള്‍ക്ക് വ്യത്യസ്തമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുക 5. ഒരിക്കല്‍ ഉപയോഗിച്ച പാസ്‌വേഡുകള്‍ വീണ്ടും ഉപയോഗിക്കാതിരിക്കുക. 6. ആന്റി വൈറസ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുക. 7. അപരിചിതരായ ആളുകളുടെ ഫേസ്ബുക്ക് റിക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കുക. 8. വ്യക്തിപരമായി വിവരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നല്‍കുമ്പോള്‍ സൂക്ഷിക്കുക. 9. മോഷ്ടിക്കപ്പെട്ട ഫോണുകളില്‍ നിന്ന് സ്വകാര്യവിവരങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഫൈന്‍ഡ് മൈ ഐഫോണ്‍, ആന്‍ഡ്രോയിഡ് ലോസ്റ്റ്, ബ്ലാക്ക്‌ബെറി പ്രോട്ടക്റ്റ് എന്നീ ആപ്പുകള്‍ ഉപയോഗിക്കുക. 10. വിശ്വാസ്യതയുള്ള വെബ്‌സൈറ്റുകളില്‍ നിന്ന് മാത്രം ഷോപ്പിംഗ് നടത്തുക. 11. എടിഎം വിവരങ്ങള്‍ വെബ്‌സൈറ്റുകളില്‍ സൂക്ഷിക്കാതിരിക്കുക. 12. ഫോണുകളും കമ്പ്യൂട്ടറുകളും പാസ്‌വേഡുകള്‍ ഉപയോഗിച്ച് സൂക്ഷിക്കുക.
RECENT POSTS
Copyright © . All rights reserved