iphone
ആപ്പിള്‍ ഐഫോണിന്റെയും ഐപാഡിന്റെയും ഫിംഗര്‍പ്രിന്റ് സ്‌കാനറിലൂടെ നടക്കുന്ന തട്ടിപ്പ് നിങ്ങള്‍ക്ക് വന്‍ തുകകള്‍ നഷ്ടമാകാന്‍ കാരണമാകുമെന്ന് മുന്നറിയിപ്പ്. ഫിംഗര്‍പ്രിന്റ് സ്‌കാം എന്ന പേരില്‍ അറിയപ്പെടുന്ന ഈ തട്ടിപ്പ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ഒരു റെഡ്ഡിറ്റ് യൂസറാണ്. ഫിറ്റ്‌നസ് ബാലന്‍സ് എന്ന ആപ്പ് ആണ് വില്ലന്‍. ഇപ്പോള്‍ ഇത് ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്നും നിങ്ങള്‍ക്ക് 100 പൗണ്ട് വരെ നഷ്ടമായേക്കാമെന്നും റെഡ്ഡിറ്റ് ഉപയോക്താവ് പറയുന്നു. ഒരു കലോറി ട്രാക്കിംഗ് ആപ്പാണ് ഇത്. നിങ്ങളുടെ വിരലയടയാളം പരിശോധിച്ചാണ് ഇത് വിവരങ്ങള്‍ ശേഖരിക്കുന്നത്. ആപ്പിലെ നിങ്ങളുടെ വിവരങ്ങള്‍ അണ്‍ലോക്ക് ചെയ്യണമെങ്കില്‍ ടച്ച് ഐഡി സ്‌കാനറില്‍ 10 സെക്കന്‍ഡോളം വിരല്‍ അമര്‍ത്തി വെക്കണം. എന്നാല്‍ ഇതിനിടയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു പോപ്പ് അപ്പ് ഒരു 100 പൗണ്ട് ചാര്‍ജ് ആവശ്യപ്പെടും. ഈ പേയ്‌മെന്റ് ഫിംഗര്‍പ്രിന്റ് സ്‌കാനറില്‍കൂടിയാണ് അംഗീകരിക്കപ്പെടുന്നത്. ഇതോടെ നിങ്ങളുടെ ബാങ്ക് ബാലന്‍സില്‍ നിന്നോ ആപ്പ് സ്റ്റോര്‍ ക്രെഡിറ്റില്‍ നിന്നോ വന്‍ തുക അപ്രത്യക്ഷമാകുന്നു. ഇത് വിവാദമായതോടെ ഈ ആപ്പ് ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കിയിരിക്കുകയാണ് ആപ്പിള്‍. ഉപയോക്താക്കളെ കബളിപ്പിച്ച് അനാവശ്യ പര്‍ച്ചേസുകള്‍ നടത്തിക്കുകയും അനാവശ്യമായി ഡേറ്റ ചോദിച്ചു വാങ്ങുകയും ചെയ്യുന്ന ആപ്പുകള്‍ ശ്രദ്ധിക്കണമെന്ന് ആപ്പിള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നു. ഇത്തരം ആപ്പുകള്‍ തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു. ഈ നിര്‍ദേശദങ്ങള്‍ ലംഘിച്ച് ആപ്പുകള്‍ നിര്‍മിക്കുന്ന ഡവലപ്പര്‍മാരെ നിരോധിക്കുമെന്നും ആപ്പിള്‍ മുന്നറിയിപ്പ് നല്‍കുന്നു. ആപ്പ് സ്‌റ്റോറില്‍ നിന്ന് അവ നീക്കം ചെയ്യപ്പെടുകയും ഡവലപ്പര്‍ പ്രോഗ്രാമില്‍ നിന്ന് ഡവലപ്പര്‍മാരെ നീക്കുകയും ചെയ്യും. ആപ്പ് സ്റ്റോറിലെത്തുന്ന ആപ്പുകള്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടെങ്കിലും ചിലപ്പോളെങ്കിലും തട്ടിപ്പുകാര്‍ നുഴഞ്ഞു കയറാറുണ്ട്.
ബാറ്ററി ശേഷി കുറയുന്നതിന് അനുസരിച്ച് ഫോണിന്റെ പ്രവര്‍ത്തനം കുറയ്ക്കാനുള്ള ഫീച്ചര്‍ പുതിയ ഐഒഎസ് അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയ ആപ്പിളിനെതിരെ ഉപഭോക്താക്കള്‍. ഐഒഎസ് 12.1 അപ്‌ഡേറ്റിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. ഫോണ്‍ വേഗത കുറയ്ക്കുന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് തന്നെ നിയന്ത്രിക്കാന്‍ കഴിയുന്ന പെര്‍ഫോമന്‍സ് മാനേജര്‍ നേരത്തേ ഉണ്ടായിരുന്നു. ഇത് ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് സാധിക്കുന്ന വിധത്തിലായിരുന്നു ഐഒഎസ് 11.3ല്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ അപ്‌ഡേറ്റില്‍ ഈ സംവിധാനം സ്വയം പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് നല്‍കിയിരിക്കുന്നത്. അതായത് ബാറ്ററി ശേഷി കുറയുമ്പോള്‍ ഫോണിന്റെ വേഗത കുറയുകയും ചിലര്‍ പുതിയ ഫോണ്‍ വാങ്ങാന്‍ പോലും തയ്യാറാകുകയും ചെയ്യുമെന്ന് വിമര്‍ശകര്‍ പറയുന്നു. ഒരു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ എക്‌സ് എന്നീ മോഡലുകളിലും ഈ ഫീച്ചര്‍ നല്‍കിയിട്ടുണ്ട്. അതായത് ഒരു വര്‍ഷമാകുന്നതിനു മുമ്പു തന്നെ ഈ ഫീച്ചര്‍ പുതിയ ഫോണ്‍ വാങ്ങാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയാണ്. നേരത്തേയുണ്ടായിരുന്ന ഐഫോണ്‍ മോഡലുകളില്‍ ഈ സംവിധാനം സ്വയം പ്രവര്‍ത്തിക്കുന്ന വിധത്തിലായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. ഉപയോക്താക്കളില്‍ നിന്ന് നിരന്തരം പരാതികള്‍ ഉയര്‍ന്നതോടെയാണ് ഐഒഎസ് 11.3 മുതല്‍ ഇത് ഉപയോക്താക്കള്‍ക്ക് നിയന്ത്രിക്കാവുന്ന വിധത്തിലാക്കി മാറ്റിയത്. പുതിയ അപ്‌ഡേറ്റില്‍ ഇത് വീണ്ടും ഓട്ടോമാറ്റിക്കായി മാറ്റിയെന്ന് ആപ്പിള്‍ വ്യക്തമാക്കി. ഫോണ്‍ അപ്രതീക്ഷിതമായി ഷട്ട് ഡൗണ്‍ ആകുമ്പോളാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തക്ഷമമാകുക. സിപിയു, ഡിപിയു എന്നിവയുടെ പ്രവര്‍ത്തനം നിയന്ത്രിച്ച് ബാറ്ററി ചോരുന്നത് തടയുകാണ് ഇതില്‍ ചെയ്യുന്നത്. ഇതോടെ ഫോണിന്റെ വേഗം സാരമായി കുറയും. എന്നാല്‍ പുതിയ മോഡലുകളില്‍ ഈ പ്രശ്‌നം കാര്യമായി ഉപയോക്താക്കളെ ബാധിക്കില്ലെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.
ടെക് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പുതിയ ഐഫോണുകള്‍. ഈ വര്‍ഷത്തെ ഏറ്റവും പുതിയ മോഡലുകളായ ഐഫോണ്‍ XS, ഐഫോണ്‍ XS മാക്‌സ് എന്നീ ഹാന്‍ഡ് സെറ്റുകള്‍ വിപണിയിലെത്തി. ഐഫോണുകള്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് മൂല്യമുള്ള ലോകത്തിലെ പ്രധാന നഗരങ്ങളിലെല്ലാം നീണ്ട ക്യൂവാണ് ഷോറുമുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷമായത്. ഷാങ് ഹായി, ലണ്ടന്‍, ബെര്‍ലിന്‍, സിംഗപ്പൂര്‍, സിഡ്‌നി, ദുബായ് തുടങ്ങിയ ലോകത്തിലെ പ്രധാന നഗരങ്ങളില്‍ ഏതാണ്ട് 1 മണിക്കൂറിനുള്ളില്‍ തന്നെ ഹാന്‍ഡ് സെറ്റുകളുടെ വിപണനം പൂര്‍ത്തിയായി. നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഹാന്‍ഡ് രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ നിരവധി മോഡലുകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പുതിയ ഹാന്‍ഡ് സെറ്റാണ് ആപ്പിളിന്റെ ഏറ്റവും വിലകൂടിയ മോഡല്‍. ഐഫോണ്‍ XSന് 999 പൗണ്ടും ഐഫോണ്‍ XS മാക്‌സിന് 1099 പൗണ്ടുമാണ് വില. ഇതിന്റെ മുഴുവന്‍ ഫീച്ചറുകളും ഉള്‍പ്പെട്ട 512 ജിബിയുടെ വില 1,449 പൗണ്ടാണ്. ആപ്പിളിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വില കൂടിയ മോഡലാണിത്. കഴിഞ്ഞ സെപ്റ്റംബര്‍ 12 ന് ഇത് പുറത്തിറക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. പുതിയ മോഡല്‍ ലോക വിപണി കൈയടക്കുമെന്നാണ് ടെക് ലോകം വ്യക്തമാക്കുന്നത്. ഐഫോണ്‍ XS എത്തുന്നത് 5.8 ഇഞ്ച് ഓലെഡ് ഡിസ്‌പ്ലെയുമായാണ്. ഐഫോണ്‍ തട മാക്‌സിന്റെ ഡിസ്‌പ്ലെ 6.5 ഇഞ്ചാണ്. രണ്ട് ഫോണുകളുടെയും 16 വേരിയന്റുകളാണ് പുറത്തിറക്കുന്നത്. ഇതില്‍ 512 ജിബി സ്റ്റോറേജ് വേരിയന്റുമുണ്ട്. ബ്ലാക്ക്, വൈറ്റ് വേരിയന്റുകളാണ് നിലവില്‍ ലഭ്യമായവ. ഉപഭോക്താക്കള്‍ ചിന്തിക്കുന്ന വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒഎസുകളാണ് പുതിയ മോഡലുകളുടെ പ്രത്യേകത. ബാറ്ററി ബാക്കപ്പ്, വൈറസ് അറ്റാക്ക് തുടങ്ങിയവയിലും വളരെ സൂക്ഷമതയുള്ള മോഡലുകളാണിത്. യാതൊരു കാരണവശാലും വൈറസുകള്‍ ഹാന്‍ഡ് സെറ്റിനെ ബാധിക്കാതെ നോക്കാനുള്ള സോഫ്‌റ്റ്വെയര്‍ ഇന്‍ബില്‍റ്റുകള്‍ ഇവയ്ക്കുണ്ട്. ഫോണിന്റെ പ്രീ-ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നെങ്കിലും മാര്‍ക്കറ്റുകളില്‍ ഇറങ്ങുന്ന ദിവസം ഉപഭോക്താക്കളുടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. പല ഷോറൂമുകളിലും നൂറിലധികം പേരാണ് ക്യൂ വിലുണ്ടായിരുന്നത്. സിംഗപ്പൂരിലും ദുബായിലും അര മണിക്കൂറിനകം തന്നെ സ്‌റ്റോക്കുണ്ടായിരുന്ന ഹാന്‍ഡ് സെറ്റുകള്‍ വിറ്റഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.
മലയാളം യുകെ ന്യൂസ് സെപ്ഷ്യല്‍ ഐഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുണ്ടായ ഗുരുതര വീഴ്ച മൂലം വൈറസ് ആക്രമണത്താല്‍ ലോകമെമ്പാടും നൂറുകണക്കിന് ഫോണുകള്‍ ഉപയോഗശൂന്യമായതായി റിപ്പോര്‍ട്ട്. മെസേജുകളുടെ രൂപത്തിലാണ് വൈറസുകള്‍ ഐഫോണിലേയ്ക്ക് എത്തുന്നത്. വൈറസ് നിറഞ്ഞ മെസേജുകള്‍ ഓപ്പണ്‍ ചെയ്താല്‍ ഫോണുകള്‍ പിന്നീട് ഉപയോഗയോഗ്യമല്ലാതായി തീരും. മെസേജുകള്‍ ഓപ്പണ്‍ ചെയ്യുന്നത് സൂക്ഷിച്ചു വേണമെന്ന് ആപ്പിള്‍ ഇന്‍സൈഡര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഐ ഫോണിനു പുറമേ മാക് കമ്പ്യൂട്ടറുകളെയാണ് ഈ പുതിയ വൈറസ് ഉന്നമിട്ടിരിക്കുന്നത്. നീളമുള്ള ടാഗിലുള്ള ഓപ്പണ്‍ ട്രാപ്പ് പേജ് തുറക്കുന്നതോടെയാണ് വൈറസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഐഫോണ്‍ എക്സിന് മാര്‍ക്കറ്റിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ പതറി നില്‍ക്കുന്ന ആപ്പിളിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ (ഐ ഒ എസ്) പാളിച്ച മൂലം ഉണ്ടായ വൈറസ് ആക്രമണം. ഐഫോണിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് വളരെയധികം കൊട്ടിഘോഷിച്ച് മാര്‍ക്കറ്റിലിറക്കിയ ഐഫോണ്‍ എക്സിന് ഉപഭോക്താക്കളില്‍ നിന്ന് പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചിരുന്നില്ല. ആപ്പിളിന്റെ മുന്‍കാല മോഡലുകള്‍ക്ക് ലഭിച്ച സ്വീകാര്യത ആപ്പിള്‍ എക്സിന് ലഭിച്ചില്ല. ഇതിനാല്‍ തന്നെ ആപ്പിള്‍ എക്സ് 2018 മധ്യത്തോടെ ഉല്‍പാദനം നിര്‍ത്തുമെന്നാണ് അറിയുന്നത്. ആദ്യ ദിവസങ്ങളില്‍ വിപണിയില്‍ കാണിച്ച മുന്നേറ്റം നിലനിര്‍ത്താന്‍ ഐഫോണ്‍ എക്സിന് സാധിച്ചില്ല. ഇതിനിടയില്‍ ഐഫോണ്‍ എക്സിന് വിപണിയില്‍ സംഭവിച്ച തിരിച്ചടി നേരിടുന്നതിനായി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആപ്പിള്‍ നീക്കം നടത്തുകയാണ്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങളും അഭിരുചികളും കണ്ടറിഞ്ഞ് ഐഫോണ്‍ മോഡലുകള്‍ പരിഷ്‌കരിക്കുവാനാണ് തീരുമാനം. കേരളം ഉള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മാപ്പും മറ്റു സേവനങ്ങളും പരിഷ്‌കരിക്കുന്നതിനായി 4000 പേരെയാണ് ആപ്പിള്‍ പുതിയതായി നിയമിക്കുന്നത്. ഇതുകൂടാതെ ആപ്പിള്‍ ബാംഗ്ലൂരില്‍ ആരംഭിച്ച ആപ് ആക്സിലേറ്റര്‍ എന്ന പ്രോഗ്രാമിലൂടെ നിരവധി ഐഒഎസ് ഡെവലപ്പര്‍മാര്‍ പഠിച്ചിറങ്ങിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം ആപ്പിളിന്റെ വിവിധ ഉപകരണങ്ങളില്‍ ആപ്പുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ ആപ്പിള്‍ തന്നെ ജോലിയും നല്‍കിയിട്ടുണ്ട്.
സാംസങ്ങിന് ഉണ്ടായിരുന്ന ചീത്തപ്പേരായിരുന്നു ബാറ്ററി പൊട്ടിത്തെറിക്കുന്നു എന്നത്. എന്നാല്‍ ഇപ്പോള്‍ ആ ചീത്തപ്പേര് ആഗോള ടെക്ക് ഭീമന്‍ ആപ്പിളിനും വീണു. കഴിഞ്ഞ ദിവസമാണ് ചൂടായി ഐഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചത്. ഇത്തരത്തില്‍ അപകടംപറ്റി ഒരാള്‍ ആശുപത്രിയിലാണുള്ളത്. ബാറ്ററി തകരാറിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഫോണുടമ ആപ്പിള്‍ സ്റ്റോറില്‍ നല്‍കിയിരുന്നു. അവിടെ വച്ചായിരുന്നു അപകടമുണ്ടായത്. ഫോണില്‍ നിന്നും ബാറ്ററി ഊരി മാറ്റുമ്പോഴാണ് പൊട്ടിത്തെറിച്ചത്. ബാറ്ററിയില്‍ നിന്നും കറുത്ത നിറത്തില്‍ പുക ഉയരുന്നതും കണ്ടിരുന്നു. സംഭവത്തെത്തുടര്‍ന്ന് 50 ലധികം ഉപഭോക്താക്കള്‍ ഫോണ്‍ മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved