ISIS
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന എന്‍എച്ച്എസ് ഡോക്ടറും യുകെയില്‍ നിന്നുള്ള ഫാര്‍മസിസ്റ്റും നടത്തിയത് നാസി ശൈലിയിലുള്ള പ്രവര്‍ത്തനമെന്ന് വെളിപ്പെടുത്തല്‍. തടവുകാരുടെ ശരീരത്തില്‍ പരീക്ഷണങ്ങള്‍ നടത്തുകയും അവയവങ്ങള്‍ എടുത്ത് ഗുരുതരമായി പരിക്കേറ്റ തീവ്രവാദികള്‍ക്ക് നല്‍കുകയുമായിരുന്നു ഇവര്‍ ചെയ്തിരുന്നത്. 2014ല്‍ ഐസിസില്‍ ചേരാന്‍ സിറിയിയിലേക്ക് കടന്ന ഇസ്സാം അബുവന്‍സ എന്ന എന്‍എച്ച്എസ് ഡോക്ടറും മുഹമ്മദ് അന്‍വര്‍ മിയാ എന്ന ഫാര്‍മസിസ്റ്റുമാണ് ഇവര്‍. 40 കാരനായ അബുവന്‍സ ഷെഫീല്‍ഡ് സ്വദേശിയാണ്. ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും ഇംഗ്ലണ്ടില്‍ ഉപേക്ഷിച്ചിട്ടാണ് അബുവന്‍സ ഇസ്ലാമിക് സ്റ്റേറ്റിലെത്തിയത്. പിന്നീട് ഇയാളെ ഐസിസ് ആരോഗ്യ മന്ത്രിയായി അവരോധിച്ചു. ബര്‍മിംഗ്ഹാം സ്വദേശിയാണ് മുഹമ്മദ് അന്‍വര്‍ മിയാ. ഇവര്‍ ഒരുമിച്ചാണ് തടവുകാരുടെ അവയവങ്ങള്‍ നീക്കം ചെയ്തത്. തടവുകാര്‍ക്കു നേരെ ഇവര്‍ ചെയ്ത ക്രൂരതകള്‍ ഐസിസ് തീവ്രവാദികള്‍ പോലും എതിര്‍ത്തിരുന്നുവത്രേ! സിറിയന്‍ സര്‍ക്കാരുമായി നടക്കുന്ന പോരാട്ടങ്ങള്‍ക്കിടയില്‍ പിടിക്കപ്പെടുന്ന സൈനികരില്‍ നിന്നും സിവിലിയന്‍സില്‍ നിന്നും ഇവര്‍ ആന്തരികാവയവങ്ങള്‍ അറുത്തെടുക്കുമായിരുന്നത്രെ. ഇങ്ങനെ അപഹരിക്കുന്ന അവയവങ്ങള്‍, ഗുരുതരമായി പരിക്കേറ്റ് അവയവമാറ്റം വേണ്ട അവസ്ഥയിലുള്ള ഐസിസ് പോരാളികള്‍ക്ക് വെച്ചുപിടിപ്പിക്കുകയോ അല്ലെങ്കില്‍ കരിഞ്ചന്തയില്‍ വിറ്റഴിച്ച് ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനത്തിലേക്ക് മുതല്‍ക്കൂട്ടുകയോ ചെയ്യുകയായിരുന്നു പതിവ്. തടവുകാരെ ഭയപ്പെടുത്താന്‍ അവയവങ്ങള്‍ ജയില്‍ സെല്ലുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അബുവന്‍സയുടെ നേതൃത്വത്തിലുള്ള 10 അംഗ മെഡിക്കല്‍ സംഘം തടവുകാരില്‍ രാസ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഏതു വിധത്തിലുള്ള പരീക്ഷണമാണ് നടന്നതെന്ന വിവരങ്ങള്‍ വ്യക്തമല്ല. ഐസിസ് കേന്ദ്രങ്ങളില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന 'സൗണ്ട് ആന്‍ഡ് പിക്ച്ചര്‍' എന്ന മനുഷ്യാവകാശ സംഘടനയാണ് ഈ ക്രൂരപീഡനങ്ങളുടെ വിവരങ്ങള്‍ പുറം ലോകത്തിന് കൈമാറിയത്.
ഐസിസില്‍ ചേരാന്‍ നാടുവിട്ട ശേഷം ഇപ്പോള്‍ തിരികെ വരാന്‍ ശ്രമിക്കുന്നവരെ വിലക്കണമെന്നാവശ്യപ്പെട്ട് ഭീമന്‍ പെറ്റീഷന്‍. അഞ്ചര ലക്ഷത്തിലേറെ ആളുകളാണ് പെറ്റീഷന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഐസിസ് വധുവായ ഷമീമ ബീഗം ബ്രിട്ടനിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ഇത് യുകെ നിഷേധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഉണ്ടായ വിവാദങ്ങള്‍ക്കിടെയാണ് ഈ പെറ്റീഷന്‍ ചര്‍ച്ചയിലേക്ക് വീണ്ടും വരുന്നത്. ഐസിസില്‍ നിന്ന് തിരിച്ചു വരുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യം പൊതുജനങ്ങളില്‍ നിന്ന് ശക്തമായി ഉയരുകയാണ്. മാര്‍ച്ച് 6നാണ് പെറ്റീഷനിലുള്ള ഒപ്പു സമാഹരണം അവസാനിക്കുന്നത്. എന്നാല്‍ പെറ്റീഷന് ലഭിച്ച വന്‍ ജനപിന്തുണയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ ഇതിനോടുള്ള പ്രതികരണം അറിയിച്ചിരുന്നു. ഒരാള്‍ക്ക് മറ്റെവിടെയും പൗരത്വമില്ലാതാകുന്ന അവസ്ഥയല്ലെങ്കില്‍ ബ്രിട്ടീഷ് പൗരത്വം എടുത്തു കളയുന്നതില്‍ ബുദ്ധിമുട്ടില്ലെന്നായിരുന്നു 2018 നവംബര്‍ 27ന് സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചത്. സിറിയിയില്‍ നിന്ന് മടങ്ങിയെത്തുന്നവരില്‍ നിന്ന് എന്തെങ്കിലും ഭീഷണിയുണ്ടാകുകയാണെങ്കില്‍ അത് കൈകാര്യം ചെയ്യുമെന്നും അത്തരക്കാര്‍ ക്രിമിനല്‍ കുറ്റത്തിന് അന്വേഷണം നേരിടുമെന്നും ഗവണ്‍മെന്റ് വ്യക്തമാക്കിയിരുന്നു. ഈ യുകെ ഗവണ്‍മെന്റ്-പാര്‍ലമെന്റ് അപ്പീലിന് കഴിഞ്ഞയാഴ്ച ഷമീമയുടെ അഭിമുഖം പുറത്തു വന്നതിനു ശേഷം വലിയ ജനപിന്തുണയാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ ഹോം പേജിലുള്ള അപ്പീല്‍ ഇപ്പോള്‍ പോപ്പുലറായി മാറിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐസിസില്‍ നിന്ന് തിരിച്ചെത്തുന്നവരുടെ പൗരത്വം എടുത്തു കളയുകയും അവരുടെ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചു വാങ്ങുകയും ചെയ്യുന്നതിലൂടെ തീവ്രവാദികളില്‍ നിന്നും അവരുയര്‍ത്തുന്ന ഭീഷണികളില്‍ നിന്നും രാജ്യം സുരക്ഷിതമാകുകയാണ് ചെയ്യുന്നതെന്ന് അപ്പീലിന് തുടക്കം കുറിച്ച സ്റ്റീഫന്‍ കെന്റ് എഴുതുന്നു. പോലീസിനും സുരക്ഷാ സര്‍വീസുകള്‍ക്കും ആയിരക്കണക്കിന പൗണ്ട് ലാഭിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പെറ്റീഷനില്‍ അദ്ദേഹം പറയുന്നത്.
ഐസിസില്‍ നിന്ന് തിരികെയെത്തുന്ന ബ്രിട്ടീഷുകാര്‍ രാജ്യത്തിന് ഭീഷണിയാകുമെന്ന് എംഐ6 തലവന്‍ അലക്‌സ് യംഗര്‍. എന്നാല്‍ അവര്‍ രാജ്യത്തേക്ക് തിരികെയെത്തുന്നതിനെ തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക പരിശീലനവും തീവ്രവാദ ബന്ധങ്ങളുമുള്ള ഇവര്‍ തിരിച്ചെത്തുന്നത് വലിയ ഭീഷണിയായിരിക്കും സൃഷ്ടിക്കുകയെന്ന് അപൂര്‍വമായി മാത്രം നടത്തുന്ന പൊതു പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. ലണ്ടനില്‍ നിന്ന് റഖിലെത്തി ഐസിസ് വധുവായ ഷമീമ ബീഗം എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തിരികെ യുകെയില്‍ എത്തണമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് വന്‍ ചര്‍ച്ചകളാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. 2015ല്‍ ഐസിസില്‍ ചേര്‍ന്ന ഷമീമയ്ക്ക് യുകെയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് കുടുംബം ആവശ്യമുന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്റലിജന്‍സ് തലവന്റെ പ്രസ്താവന. അതേസമയം ഷമീമയ്ക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കില്ലെന്നാണ് ഹോം സെക്രട്ടറി സാജിദ് ജാവീദ് കഴിഞ്ഞ ദിവസം പറഞ്ഞത്. സിറിയയില്‍ അന്തിമ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ ഐസിസ് കേന്ദ്രങ്ങളില്‍ നിന്ന് ആയിരക്കണക്കിന് തീവ്രവാദികള്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഐസിസിന്റെ ഏറ്റവും അവസാനത്തെ ശക്തികേന്ദ്രത്തിനെതിരെ ശക്തമായ യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഭീകര സംഘടനയില്‍ നിന്ന് ഒട്ടേറെപ്പേര്‍ തിരികെയെത്താന്‍ സാധ്യതയുണ്ട്. ഷമീമയുടെ പേര് എടുത്തു പറയാതെയാണ് യംഗര്‍ പ്രസ്താവന നടത്തിയതെന്ന് ഈവനിംഗ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുജനങ്ങളുടെ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും മ്യൂണിക്ക് സെക്യൂറിറ്റി കോണ്‍ഫറന്‍സില്‍ അദ്ദേഹം വ്യക്തമാക്കി. യുകെയില്‍ തിരികെയെത്തുന്നവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും അവരെ ചോദ്യം ചെയ്യുമെന്നും യംഗര്‍ പറഞ്ഞു. അവര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് നേരത്തേയുള്ള അനുഭവങ്ങളാണ് ഇത്തരമൊരു നിലപാടിലേക്ക് തങ്ങളെ എത്തിക്കുന്നത്. തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തവര്‍ അപകടകാരികളായി മാറിയ അനുഭവമാണ് ഉള്ളത്. ഭാവിയില്‍ എന്താണ് സംഭവിക്കുക എന്നത് പ്രവചിക്കാനാകില്ല. പക്ഷേ സങ്കീര്‍ണ്ണമായ ഒരു സാഹചര്യമാണ് ഇത്. പക്ഷേ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് രാജ്യത്തേക്ക് തിരിച്ചു വരാന്‍ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഈ വിധത്തില്‍ തിരിച്ചെത്തുന്നവര്‍ അന്വേഷണങ്ങളെ നേരിടാനും കടുത്ത നിയന്ത്രണത്തിലും നിരീക്ഷണത്തിലും ജീവിക്കാനും തയ്യാറായി വേണം മടങ്ങാനെന്ന് കൗണ്ടര്‍ ടെററിസം പോലീസിംഗ് അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു മുന്നറിയിപ്പ് നല്‍കി.
2015ല്‍ ഈസ്റ്റ് ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് കടന്ന് ഐസിസില്‍ ചേര്‍ന്ന ബ്രിട്ടീഷ് സ്‌കൂള്‍ കുട്ടി ഷമീമ ബീഗത്തിന് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങണം! ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഷമീമ ഇക്കാര്യം അറിയിച്ചത്. മൂന്ന് പെണ്‍കുട്ടികളാണ് 2015ല്‍ സിറിയയിലേക്ക് കടന്നത്. ഇപ്പോള്‍ 19 വയസുള്ള ഷമീമ 9 മാസം ഗര്‍ഭിണിയാണ്. കുട്ടിക്ക് ജന്മം നല്‍കാന്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഇവളുടെ ആഗ്രഹം. അതേസമയം തീവ്രവാദി സംഘത്തില്‍ ചേര്‍ന്നതില്‍ തനിക്ക് ഖേദമില്ലെന്നും ഷമീമ പറഞ്ഞു. സിറിയയിലെ അഭയാര്‍ത്ഥി ക്യാംപില്‍ വെച്ചാണ് ടൈംസുമായി ഷമീമ സംസാരിച്ചത്. നേരത്തേ താന്‍ രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നുവെന്നും രണ്ടു കുട്ടികളും മരിച്ചെന്നും ഷമീമ പറഞ്ഞു. തനിക്കൊപ്പം എത്തിയ രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് എന്തു സംഭവിച്ചു എന്ന കാര്യം അറിയില്ലെന്നും ഷമീമ വ്യക്തമാക്കി. ഛേദിക്കപ്പെട്ട ശിരസുകള്‍ ബിന്നുകളില്‍ കിടക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ അവയൊന്നും തന്നെ അസ്വസ്ഥയാക്കിയിട്ടില്ലെന്നും അവള്‍ പറയുന്നു. ബെത്ത്‌നാള്‍ ഗ്രീന്‍ അക്കാഡമി വിദ്യാര്‍ത്ഥിനികളായിരുന്ന ഷമീമ ബീഗം, അമീറ അബേസ് എന്നിവര്‍ക്ക് സിറിയയിലേക്ക് പോകുമ്പോള്‍ 15 വയസായിരുന്നു പ്രായം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഖദീജ സുല്‍ത്താനയ്ക്ക് 16 വയസും. ഗാറ്റ്വിക്കില്‍ നിന്ന് തുര്‍ക്കിയിലേക്കാണ് ഇവര്‍ ആദ്യം പോയത്. പിന്നീട് ഇവിടെ നിന്ന് അതിര്‍ത്തി കടന്ന് സിറിയയിലെത്തി. റഖയിലെത്തിയപ്പോള്‍ ഐസിസ് വധുക്കളാകാന്‍ എത്തിയവര്‍ക്കൊപ്പം ഒരു വീട്ടിലാണ് ഇവര്‍ താമസിച്ചത്.20-25 വയസുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് താന്‍ അപേക്ഷിച്ചതെന്ന് ഷമീമ പറഞ്ഞു. പത്തു ദിവസത്തിനു ശേഷം 27 കാരനായ ഇസ്ലാമിലേക്ക് മതം മാറിയെത്തിയ ഒരു ഡച്ചുകാരനെ തനിക്ക് വരനായി ലഭിച്ചു. ഇയാള്‍ക്കൊപ്പമാണ് പിന്നീട് താന്‍ കഴിയുന്നതെന്നും കിഴക്കന്‍ സിറിയയില്‍ ഐസിസിന്റെ അവസാന താവളമായ ബാഗൂസില്‍ നിന്ന് രണ്ടാഴ്ച മുമ്പ് രക്ഷപ്പെട്ട് എത്തിയതാണ് തങ്ങളെന്നും ഷമീമ വ്യക്തമാക്കി. സിറിയന്‍ പോരാളികളുടെ ഒരു സംഘത്തിനു മുന്നില്‍ തന്റെ ഭര്‍ത്താവ് കീഴടങ്ങി. ഇപ്പോള്‍ വടക്കന്‍ സിറിയയിലെ ഒരു അഭയാര്‍ത്ഥി ക്യാംപിലാണ് ഇവള്‍ താമസിക്കുന്നത്. 39,000ത്തോളം അഭയാര്‍ത്ഥികളാണ് ഈ ക്യാംപിലുള്ളത്. റഖയിലെ ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വളരെ സാധാരണ ജീവിതമായിരുന്നു അവിടെ തങ്ങള്‍ നയിച്ചിരുന്നതെന്ന മറുപടിയാണ് ഷമീമ നല്‍കിയത്. ഒരു തടവുകാരന്റെ തല ഛേദിക്കപ്പെട്ട നിലയില്‍ താന്‍ കണ്ടിട്ടുണ്ട്. പക്ഷേ അത് ഇസ്ലാമിന്റെ ശത്രുവിന്റെ തലയായിരുന്നു. ഒരു മുസ്ലീം സ്ത്രീയോട് അയാള്‍ എന്തു ചെയ്യുമായിരുന്നു എന്നു മാത്രമാണ് അപ്പോള്‍ താന്‍ ചിന്തിച്ചതെന്നും ഷമീമ പറഞ്ഞു.
സെന്‍ട്രല്‍ ലണ്ടനില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 18കാരി കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി കോടതി. സഫാ ബൗലാര്‍ എന്ന പെണ്‍കുട്ടിക്കു മേലാണ് കുറ്റം ചുമത്തിയത്. മൂത്ത സഹോദരിയും അമ്മയുമൊത്ത് ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതായാണ് വ്യക്തമായിരിക്കുന്നത്. സ്ത്രീകള്‍ മാത്രമടങ്ങുന്ന ബ്രിട്ടനിലെ ആദ്യ ഭീകരാക്രമണ ശ്രമമായാണ് ഇത് അറിയപ്പെടുന്നത്. സിറിയയിലെത്തി ഒരു ഐസിസ് തീവ്രവാദിയെ വിവാഹം കഴിക്കാനായിരുന്നു സഫാ ശ്രമിച്ചത്. ഈ ശ്രമം പോലീസ് തകര്‍ത്തതോടെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ ചാവേര്‍ ബോംബാക്രമണവും വെടിവെപ്പും നടത്താന്‍ സഫാ പദ്ധതിയിടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സഫ പിടിയിലാകുന്നത്. ഇതിനു ശേഷം ഇവരുടെ മൂത്ത സഹോദരി റിസ്ലെയിന്‍, അമ്മ മിന ഡിച്ച് എന്നിവര്‍ക്കെതിരെയും ഭീകരാക്രമണത്തിന് പദ്ധതിയിട്ട കുറ്റം ചുമത്തിയിരുന്നു. 2016ല്‍ തന്നെ സഫ തീവ്രവാദാശയങ്ങളില്‍ ആകൃഷ്ടയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു. ചാവേര്‍ ബോംബ് ബെല്‍റ്റുമായി നില്‍ക്കുന്ന കുട്ടിയുടെയും സ്ത്രീയുടെയും ചിത്രങ്ങളും തലയറുക്കുന്ന ചിത്രങ്ങളും ഇവര്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു. 2016ല്‍ മൊറോക്കോയില്‍ ഹോളിഡേയ്ക്ക് ശേഷം തിരികെ വന്നപ്പോള്‍ രക്തസാക്ഷിയാകാന്‍ താല്‍പര്യമുണ്ടെന്ന പരാമര്‍ശത്തിന് സഫയെ പോലീസ് ചോദ്യം ചെയ്തിരുന്നു. 300 മുതല്‍ 400 വരെ ഐസിസ് ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ തനിക്കുണ്ടെന്ന് സഫ പോലീസിനോട് സമ്മതിച്ചു. നവീദ് ഹുസൈന്‍ എന്ന ഐസിസ് തീവ്രവാദിയുമായി സഫ ബന്ധം സ്ഥാപിച്ചിരുന്നു. കവന്‍ട്രിയില്‍ നിന്ന് സിറിയയിലെത്തിയ ഇയാളെ വിവാഹം കഴിക്കാന്‍ അവിടേക്ക് പോകാും സഫ ശ്രമം നടത്തി. ഇവര്‍ തമ്മില്‍ മണിക്കൂറുകളോളം ചാറ്റ് ചെയ്തതിന്റെ തെളിവുകളും കോടതിയില്‍ ഹാജരാക്കപ്പെട്ടു.
RECENT POSTS
Copyright © . All rights reserved