Jaguar Land Rover
ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പ്യൂഷേയ്ക്ക് വില്‍ക്കുകയാണെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉടമകളായ ടാറ്റ മോട്ടോഴ്‌സ്. വില്‍പനയ്ക്കായുള്ള നീക്കങ്ങള്‍ സജീവമാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ടാറ്റ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരു കമ്പനികളും ലയിച്ചാലുണ്ടാകുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് വിവരിക്കുന്ന പോസ്റ്റ് സെയില്‍ ഇന്റഗ്രേഷന്‍ ഡോക്യുമെന്റ് ആണ് പുറത്തായത്. ലയനം സംബന്ധിച്ചുള്ള വാര്‍ത്തകളും പ്രചാരണങ്ങളും ടാറ്റ നിഷേധിച്ചെങ്കിലും ഇതിനായുള്ള അണിയറ നീക്കങ്ങള്‍ സജീവമാണെന്നാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഒരു വില്‍പനയോ വാങ്ങലോ നടക്കാനുള്ള സാധ്യതയിലേക്കാണ് പുറത്തു വന്ന രേഖകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് അവര്‍ സൂചന നല്‍കി. പ്യൂഷേ, സിട്രോണ്‍, വോക്‌സ്‌ഹോള്‍ തുടങ്ങിയവയുടെ നിര്‍മാതാക്കളായ പിഎസ്എയും ഇത്തരമൊരു ഇടപാട് നടക്കുന്നില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമങ്ങളുടെ ഊഹങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു ടാറ്റ വ്യക്തമാക്കിയത്. ഈ അഭ്യൂഹങ്ങളില്‍ സത്യത്തിന്റെ അംശം ഇല്ലെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൂല്യമുണ്ടാക്കുന്ന ഏതൊരു അവസരത്തിനോടും തുറന്ന വാതില്‍ സമീപനമാണ് തങ്ങള്‍ക്കുള്ളതെന്ന് പിഎസ്എ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറോ മറ്റേതെങ്കിലും കമ്പനിയോ ഏറ്റെടുക്കുന്നതില്‍ തങ്ങള്‍ക്ക് തിടുക്കമില്ലെന്നും കമ്പനി വക്താവ് അറിയിച്ചു. തങ്ങളുടെ വ്യവസായ സാമ്രാജ്യം വികസിപ്പിക്കുന്നതിന് താല്‍പര്യമുണ്ടെന്ന് പിഎസ്എ തലവന്‍ കാര്‍ലോസ് ടവാരസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ജെഎല്‍ആര്‍ പരിഗണിക്കാന്‍ സന്നദ്ധനാണെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു. ബ്രെക്‌സിറ്റിനു ശേഷം ഡീസല്‍ വാഹനങ്ങളുടെ ആവശ്യം ഇടിയുമെന്നതിനാലും ചൈനീസ് മാര്‍ക്കറ്റില്‍ വില്‍പന കുറഞ്ഞതിനാലും യുകെയിലെ 5000 ജോലിക്കാരെ പിരിച്ചുവിടുമെന്ന് ജനുവരിയില്‍ ജെഎല്‍ആര്‍ പ്രഖ്യാപിച്ചിരുന്നു.
യുകെ കാര്‍ വ്യവസായ മേഖലയെ പ്രതികൂലമായി ബാധിച്ച് ബ്രെക്‌സിറ്റ്. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നിര്‍മാതാക്കളായ ഇന്ത്യന്‍ കമ്പനി, ടാറ്റ മോട്ടോഴ്‌സ് രേഖപ്പെടുത്തിയത് വന്‍ നഷ്ടം. ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രത്തില്‍ ഒരു പാദത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ നഷ്ടമാണ് ടാറ്റയ്ക്ക് ഉണ്ടായത്. 3 ബില്യന്‍ പൗണ്ടിന്റെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതോടെ നിക്ഷേപകര്‍ കമ്പനിയെ ഉപേക്ഷിക്കുകയും ഓഹരി മൂല്യത്തില്‍ 30 ശതമാനം ഇടിവുണ്ടാകുകയും ചെയ്തു. കമ്പനിയുടെ വരുമാനത്തില്‍ പ്രധാന സംഭാവന നല്‍കുന്നത് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ മോഡലാണ്. എന്നാല്‍ ഈ മാര്‍ച്ചോടെ ബ്രേക്ക് ഈവന്‍ പ്രതീക്ഷിച്ചിരുന്ന ഈ ബിസിനസ് തകര്‍ച്ചയുടെ പാതയിലാണ്. ബിസിനസ് സുനാമിയില്‍പ്പെട്ടതോടെ ഈ വര്‍ഷത്തെ വില്‍പന തകരുമെന്നും കനത്ത നഷ്ടത്തിലേക്ക് കമ്പനി കൂപ്പുകുത്തുമെന്നുമാണ് കരുതുന്നത്. ചൈനീസ് സാമ്പത്തിക വ്യവസ്ഥയുടെ മെല്ലെപ്പോക്ക് ഡിസംബറില്‍ വില്‍പന പകുതിയായി കുറച്ചിരുന്നു. 1990കള്‍ക്കു ശേഷം ആദ്യമായാണ് ചൈനയുമായി കമ്പനി വ്യാപാര ബന്ധത്തിലേര്‍പ്പെട്ടത്. ഡീസല്‍ മോഡലുകളില്‍ നിന്ന് പിന്‍വലിയല്‍ ആരംഭിച്ചതോടെ യൂറോപ്പില്‍ കടുത്ത വെല്ലുവിളി നേരിട്ടു കൊണ്ടിരുന്ന അവസ്ഥയിലാണ് ചൈനയിലും തിരിച്ചടി ലഭിച്ചത്. ഇവയ്ക്ക് പുറമെയാണ് ബ്രെക്‌സിറ്റി പ്രഹരവും ലഭിക്കുന്നത്. യുകെയിലെ കമ്പനിയുടെ സാന്നിധ്യം പ്രധാനമാണെന്നതിനാല്‍ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമായിരുന്നില്ല എന്നതാണ് വാസ്തവം. ചൈനയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടാറ്റയ്ക്ക് കഴിയില്ലെങ്കിലും അവിടെ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്പനിക്ക് ശ്രമിക്കാന്‍ സാധിക്കാമായിരുന്നു എന്ന വിമര്‍ശനം ഉയരുന്നുണ്ട്. വ്യാപാര തന്ത്രങ്ങളിലും പ്രവര്‍ത്തന രീതിയിലും മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കാമായിരുന്നുവെന്നാണ് വിമര്‍ശനം. യൂറോപ്പില്‍ ഡീസല്‍ മോഡലുകളില്‍ നിന്നുള്ള ശ്രദ്ധ മാറ്റണമായിരുന്നുവെന്നും ഇവര്‍ പറയുന്നു. അതേസമയം ഈ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കമ്പനികള്‍ അനുവര്‍ത്തിക്കുന്ന ചെലവുചുരുക്കല്‍ പോലെയുള്ള നടപടികളിലേക്ക് ടാറ്റ കടക്കുകയും ചെയ്തു. എന്നാല്‍ തിരിച്ചടിയില്‍ പിന്തുണ നല്‍കുമെന്ന് കരുതിയ ബ്രെക്‌സിറ്റ് അനുകൂലികള്‍ കൈകഴുകുകയാണ്. ഇത് തിരിച്ചറിഞ്ഞാവണം നിസാന്‍ അവരുടെ പുതിയ മോഡലിന്റെ നിര്‍മാണം സന്‍ഡര്‍ലാന്‍ഡിലെ പ്ലാന്റില്‍ നിന്ന് മാറ്റിയതെന്നും വിലയിരുത്തലുണ്ട്. യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാരിലേര്‍പ്പെട്ട നിസാന് താരിഫ് രഹിത കയറ്റുമതിക്ക് അവസരം ലഭിക്കുകയും ചെയ്തു. നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ യുകെയില്‍ നിന്ന് ഈ സൗകര്യം പൂര്‍ണ്ണമായും ഇല്ലാതാകും.
ലണ്ടന്‍: യൂറോപ്പിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ 'ഫോര്‍ഡിന്' പിന്നാലെ 'ജാഗ്വാര്‍ ലാന്‍ഡ് റോവറും' തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങുന്നു. ഏതാണ്ട് 4,500 തൊഴിലാളികളെ പിരിച്ചുവിടാനാണ് 'ജാഗ്വാര്‍ ലാന്‍ഡ് റോവര്‍' തീരുമാനിച്ചിരിക്കുന്നത്. യു.കെയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാണ കമ്പനികളിലൊന്നാണ് 'ജാഗ്വാര്‍ ലാന്‍ഡ് റോവര്‍'. ജോലി നഷ്ടപ്പെടുന്ന 4,500 പേരില്‍ ഭൂരിഭാഗം പേരും യു.കെയില്‍ നിന്ന് തന്നെയായിരിക്കുമെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന സൂചന. അതേസമയം യു.കെയിലെ തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്താന്‍ കമ്പനി തീരുമാനിച്ചെങ്കിലും ചൈനയിലെ കമ്പനിയുടെ പ്ലാന്റുകളില്‍ ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം മാത്രം ചൈനയില്‍ 4000 തൊഴിലാളികളെയാണ് കമ്പനി പുതയതായി നിയമിച്ചിരിക്കുന്നത്. ബ്രെക്‌സിറ്റ് പ്രതിസന്ധി ഉള്‍പ്പെടെ കമ്പനിയുടെ തസ്തിക വെട്ടിച്ചുരുക്കലിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്രയധികം തൊഴിലാളികളെ ഒഴിവാക്ക്ുന്നതിലൂടെ കമ്പനിക്ക് ഒരു വര്‍ഷം 2.5 ബില്യണ്‍ പൗണ്ട് വര്‍ഷം ലാഭിക്കാന്‍ കഴിയും. ബ്രിട്ടീഷ് കാര്‍ വ്യവസായത്തിന് കഴിഞ്ഞ വര്‍ഷം മുതല്‍ തിരിച്ചടിയേറ്റിരുന്നു. 'ജാഗ്വാര്‍ ലാന്‍ഡ് റോവര്‍' മാത്രം 1,500 ലധികം പേരെ 2018ല്‍ പിരിച്ചുവിട്ടിട്ടുണ്ട്. 'ഫോര്‍ഡിന്' യൂറോപ്പില്‍ ഏതാണ്ട് 50,000 തൊഴിലാളികളാണ് ഉള്ളത്. ഇതില്‍ നല്ലൊരു ശതമാനം പേരെ പിരിച്ചുവിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ പുതിയ നീക്കം വലിയ ആഘാതമാകും തൊഴിലാളികള്‍ക്ക്. പിന്നാലെ 'ജാഗ്വാര്‍ ലാന്‍ഡ് റോവറും' പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത് വലിയ തിരിച്ചടിയായി. യു.കെയിലെ ഇലക്ടോണിക് കാറുകളുടെ പാര്‍ട്‌സ് നിര്‍മ്മാണ പ്ലാന്റുകളില്‍ കൂടുതല്‍ പേരെ നിയമിക്കാന്‍ 'ജാഗ്വാര്‍ ലാന്‍ഡ് റോവര്‍' തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികളെ ഒന്നിച്ച് പിരിച്ചുവിടില്ലെന്നാണ് കമ്പനി നല്‍കുന്ന സൂചന. വിവിധ സമയങ്ങളിലായി ചില തസ്തികകള്‍ നീക്കം ചെയ്യാനാവും കമ്പനി ശ്രമിക്കുക.
RECENT POSTS
Copyright © . All rights reserved