Jail
കോപം മൂത്ത് ഒരു വയസുകാരിയുടെ മുഖത്തടിച്ച 21 കാരിക്ക് 12 മാസത്തെ കമ്യൂണിറ്റി ഓര്‍ഡര്‍ വിധിച്ച് പ്ലിമത്ത് ക്രൗണ്‍ കോടതി. മുതിര്‍ന്നവരുടെ ശക്തിയില്‍ കുട്ടിയുടെ മുഖത്തടിച്ചുവെന്നതാണ് ഹെയ്‌ലി ഫ്രാന്‍സിസ് എന്ന യുവതിക്കെതിരെ തെളിഞ്ഞ കുറ്റം. കുട്ടിയുടെ മുഖത്തെ ചുവന്ന പാട് ശ്രദ്ധയില്‍പ്പെട്ട നഴ്‌സറി ജീവനക്കാര്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുറ്റം തെളിഞ്ഞെങ്കിലും ഹെയ്‌ലി ഫ്രാന്‍സിസിന് കോടതി തടവു ശിക്ഷ നല്‍കിയില്ല. രൂക്ഷമായ വിമര്‍ശനമാണ് ഇവര്‍ക്കെതിരെ കോടതി ഉന്നയിച്ചത്. കുട്ടിക്ക് പനിയുള്ളതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നഴ്‌സറി ജീവനക്കാര്‍ ശ്രദ്ധിച്ചത്. മുഖത്തെ ചുവന്ന പാടും ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് ഇവര്‍ കുട്ടിയുടെ ഫോട്ടോകള്‍ എടുക്കുകയും സോഷ്യല്‍ സര്‍വീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇത്തരമൊരു പാട് ശക്തമായി അടിച്ചാല്‍ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ഹെയ്‌ലി ആദ്യ ഘട്ടത്തില്‍ കുറ്റം നിഷേധിച്ചെങ്കിലും അവര്‍ കുറ്റക്കാരിയാണെന്ന് കോടതി പിന്നീട് കണ്ടെത്തുകയായിരുന്നു. മറ്റുള്ളവരില്‍ കുറ്റം ചാരാനും ഒട്ടേറെ വിശദീകരണങ്ങള്‍ നല്‍കാനും അവര്‍ ശ്രമിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇവര്‍ കുറ്റം ചെയ്തതായി തെളിഞ്ഞു. മര്‍ദ്ദനത്തില്‍ കുട്ടിക്ക് ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും കോടതിയില്‍ മൊഴി ലഭിച്ചു. പക്വതയില്ലാത്ത പ്രായത്തിലാണ് ഹെയ്‌ലി ഈ കുറ്റം ചെയ്തതെന്ന് അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കോപം മൂലം നിയന്ത്രണം വിട്ടെങ്കിലും പിഞ്ചു കുഞ്ഞിനോട് ഇപ്രകാരം ചെയ്തതിന് അത് ന്യായീകരണമാകുന്നില്ലെന്ന് ജഡ്ജ് പോള്‍ ഡാര്‍ലോ വിധിച്ചു. 20 ദിവസത്തെ പ്രൊബേഷന്‍ സൂപ്പര്‍വിഷന്‍ ഉള്‍പ്പെടെയാണ് 12 മാസത്തെ കമ്യൂണിറ്റി സര്‍വീസ് ഹെയ്‌ലിക്ക് നല്‍കിയിരിക്കുന്നത്. പ്രോസിക്യൂഷന്‍ ചാര്‍ജായി 500 പൗണ്ട് നല്‍കാനും കോടതി വിധിച്ചു.
ലക്ഷക്കണക്കിന് പൗണ്ടിന്റെ കള്ളപ്പണവുമായി പിടിയിലായ പാകിസ്ഥാന്‍ വംശജരുടെ സംഘത്തിന് 26 വര്‍ഷം തടവുശിക്ഷ നല്‍കാന്‍ വിധി. ചൗധരി യഹ്യ, സഹോദരന്‍ ഷഹബാസ് അലി, ആബിദ് ഹസ്സന്‍, ബോസ്താസ് എന്നിവര്‍ക്കാണ് തടവുശിക്ഷ ലഭിച്ചത്. യഹ്യയുടെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിച്ചത്. സൗത്ത് മാഞ്ചസ്റ്ററിലെ ലോംഗ്‌സൈറ്റില്‍ ഒരു പഴയ പോസ്റ്റ് ഓഫീസില്‍ ഇയാള്‍ ആരംഭിച്ച മണി സര്‍വീസ് ബ്യൂറോയിലൂടെയായിരുന്നു കള്ളപ്പണം വെളുപ്പിച്ചിരുന്നത്. സങ്കീര്‍ണ്ണമായ മാര്‍ഗ്ഗങ്ങളിലൂടെ കോടിക്കണക്കിന് പൗണ്ടിന്റെ കള്ളപ്പണം ഇവിടെ വെളുപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.. ഇയാള്‍ ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നത്. കുട്ടികള്‍ക്ക് പ്രൈവറ്റ് വിദ്യാഭ്യാസമായിരുന്നു നല്‍കിയിരുന്നത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രഹസ്യമായി നടത്തിയ അന്വേഷണങ്ങളിലാണ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമായത്. ഈസ്റ്റ് മാഞ്ചസ്റ്ററിലെ ഓഡന്‍ഷോയിലുള്ള ആരോ ട്രേഡിംഗ് എസ്‌റ്റേറ്റിലാണ് സംഘത്തിന്റെ രഹസ്യനീക്കങ്ങള്‍ നടന്നിരുന്നതെന്ന് വ്യക്തമായി. 2014 സെപ്റ്റംബറില്‍ ഇവിടേക്ക് നിരവധി വലിയ ബാഗുകള്‍ എത്തിച്ചിരുന്നതിന് പോലീസ് ദൃക്‌സാക്ഷിയായി. പിന്നീട് നാടകീയമായ ഒരു നീക്കത്തില്‍ മാഞ്ചസ്റ്ററില്‍ വെച്ച് യഹ്യയുടെ കാര്‍ പോലീസ് തടഞ്ഞു. എന്നാല്‍ ഉള്ളില്‍ നിന്ന് ഡോറുകള്‍ ലോക്ക് ചെയ്തതിനാല്‍ പോലീസിന് വിന്‍ഡോകള്‍ തകര്‍ക്കേണ്ടി വന്നു. കാറിന്റെ പിന്‍സീറ്റില്‍ ബിന്‍ ബാഗുകളിലാക്കിയ നിലയില്‍ 2.5 ലക്ഷം പൗണ്ടിന്റെ കറന്‍സി കണ്ടെത്തുകയും ചെയ്തു. ആബിദ് ഹസ്സന്‍ എന്നയാളുടെ കാറിന്റെ ഹോള്‍ഡോളില്‍ നിന്ന് 3 ലക്ഷം പൗണ്ടിന്റെ നോട്ടുകളാണ് പിടികൂടിയത്. ട്രാഫോര്‍ഡില്‍ നിന്ന് സംഘത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കാര്‍ പിടികൂടിയിരുന്നു. ഇതില്‍ നിന്ന് 2.7 ലക്ഷം പൗണ്ടാണ് ലഭിച്ചത്. സംഘത്തിലെ നാലു പേരില്‍ നിന്നായി 818,000 പൗണ്ടാണ് ആകെ പിടികൂടിയത്. ഇവരുടെ കേന്ദ്രത്തില്‍നിന്ന് 29,604 പൗണ്ടും പിടികൂടി. യഹ്യക്ക് 12 വര്‍ഷവും ഷഹബാസ് അലിക്ക് ഒമ്പതര വര്‍ഷവും ബോസ്താസിന് രണ്ടു വര്‍ഷവും എട്ടു മാസലും ഹസ്സന് രണ്ടു വര്‍ഷവും 11 മാസവുമാണ് തടവ് വിധിച്ചിരിക്കുന്നത്.
പാരീസ്‌: ജയില്‍ കവാടത്തില്‍ ചെറിയ ബഹളം. നിമിഷങ്ങള്‍ക്കുള്ളില്‍ ജയില്‍ വളപ്പില്‍ പറന്നിറങ്ങിയ ഹെലികോപ്‌റ്റര്‍. പാരീസിലെ റോ ജയിലിലെ സുരക്ഷാ ജീവനക്കാര്‍ പിന്നെ കാണുന്നത്‌ ഒരു വിജയിയെപ്പോലെ ഹെലികോപ്‌റ്ററില്‍ പറന്നുപോകുന്ന റെഡോണ്‍ ഫെയ്‌ദിനെ... ഹോളിവുഡ്‌ സിനിമകളെ വെല്ലുന്ന ജയില്‍ച്ചാട്ടം ആസൂത്രണം ചെയ്‌തത്‌ കുപ്രസിദ്ധ കുറ്റവാളി റെഡോണ്‍ ഫെയ്‌ദും(46) സംഘവും. 25 വര്‍ഷത്തെ ജയില്‍ശിക്ഷയാണു റെഡോണിന്‌ അനുഭവിക്കാനുള്ളത്‌. ഇയാളെ പിടികൂടാന്‍ പരക്കം പായുകയാണു പാരീസിലെ പോലീസ്‌. ബാങ്ക്‌ കൊള്ള, കൊലപാതകം... ഇങ്ങനെ നിരവധിക്കേസുകളുണ്ട്‌ റെഡോണിന്റെ പേരില്‍. 2013 വരെ ഫ്രാന്‍സിലെ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളിയായിരുന്നു ഇയാള്‍. പ്രാദേശിക സമയം ഇന്നലെ രാവിലെ 11.30 നാണു റെഡോണിന്റെ "ഓപ്പറേഷന്‍" തുടങ്ങിയത്‌. ഈ സമയം, അയാള്‍ ജയിലിലെ സന്ദര്‍ശകരുടെ മുറിയിലായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ്‌ വേഷത്തില്‍ കലാഷ്‌ണിക്കോവ്‌ റൈഫിളുകളുമായി അനുയായികള്‍ ജയില്‍ കവാടത്തിലെത്തി. ഇവിടെ തര്‍ക്കവും ബഹളവും നടക്കുന്നതിനിടെയാണു ഹെലികോപ്‌റ്റര്‍ ജയില്‍വളപ്പില്‍ ഇറങ്ങിയത്‌. സായുധ സംഘം നിമിഷങ്ങള്‍ക്കുള്ളില്‍ റെഡോണെ ഹെലികോപ്‌റ്ററിലേക്കു മാറ്റി. ജയിലില്‍നിന്ന്‌ 60 കിലോമീറ്റര്‍ അകലെ ഗാര്‍ജസ്‌ ലെസ്‌ ഗാനസിലാണു ഹെലികോപ്‌റ്റര്‍ ഇറങ്ങിയത്‌. ഇവിടെ കാത്തിരുന്ന കാറില്‍ റെഡോണ്‍ "അപ്രത്യക്ഷമായി". ഹെലികോപ്‌റ്റര്‍ ഇന്‍സ്‌ട്രക്‌ടര്‍ കൂടിയായിരുന്നു പൈലറ്റ്‌. ഇദ്ദേഹം വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കാനുള്ള ഒരുക്കത്തിനിടെയാണു റെഡോണിന്റെ അനുയായികള്‍ ബന്ദിയാക്കിയതെന്നാണു റിപ്പോര്‍ട്ട്‌. റെഡോണ്‍ രക്ഷപ്പെട്ടശേഷം പൈലറ്റിനെ മോചിപ്പിച്ചു. ഹോളിവുഡ്‌ ചലച്ചിത്രങ്ങളായ "ഹീറ്റ്‌", "സ്‌കാര്‍ഫേസ്‌" എന്നിവയാണു തന്റെ മോഷണങ്ങള്‍ക്ക് പ്രചോദനമായതെന്നു റെഡോണ്‍ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്‌. രണ്ടു പുസ്‌തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്‌. 2010 മേയില്‍ നടത്തിയ കൊള്ളയുടെ പേരിലാണു റെഡോണ്‍ ജയിലിലായത്‌. മോഷണ ശ്രമത്തിനിടെ ഇയാളുടെ വെടിയേറ്റ്‌ ഒരു പോലീസുകാരിയും കൊല്ലപ്പെട്ടു. 1990 കളില്‍ ആഭരണകൊള്ളകളിലൂടെയാണ്‌ ഇയാള്‍ പോലീസിന്റെ കണ്ണില്‍പ്പെട്ടത്‌. ശിക്ഷയില്‍നിന്ന്‌ രക്ഷപ്പെടാന്‍ പലതവണ ഇസ്രയേലിലേക്കും അള്‍ജീരിയയിലേക്കും മുങ്ങി. 2013 ലായിരുന്നു റെഡോണിന്റെ ആദ്യ ജയില്‍ച്ചാട്ടം. ഡൈനമിറ്റ്‌ ഉപയോഗിച്ചു ജയില്‍ഭിത്തി തകര്‍ത്താണ്‌ അന്നു രക്ഷപ്പെട്ടത്‌. എന്നാല്‍, ആറ്‌ ആഴ്‌ചയ്‌ക്കകം പോലീസ്‌ പിടിയിലായി.
468 കേസുകളില്‍ കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടയാളാണ് 62കാരനായ പാട്രിക് റയാന്‍. 667 കേസുകളില്‍ നിന്നാണ് ഇത്രയും എണ്ണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടത്. ഇയാള്‍ ഒരു കേസില്‍ ശിക്ഷ പൂര്‍ത്തിയാക്കി ഇറങ്ങി മൂന്ന് ദിവസത്തിനു ശേഷം വീണ്ടും ജയിലിലാക്കപ്പെട്ടിരിക്കുകയാണ്. 100 പേജുകളാണ് ഇയാള്‍ക്കെതിരായ ക്രിമിനല്‍ റെക്കോര്‍ഡ് രേഖപ്പെടുത്താന്‍ വേണ്ടി വന്നിരിക്കുന്നത്. ആവശ്യത്തിലധികം പേപ്പറുകള്‍ വേണ്ടിവരുമെന്നതിനാല്‍ ഇത് ഒരു കാരണവശാലും പ്രിന്റ് ചെയ്യരുതെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ചെലവേറിയ റെസ്റ്റോറന്റുകളില്‍ കയറി ഭക്ഷണം കഴിച്ചതിനു ശേഷം പണം നല്‍കാതിരുന്ന കേസുകളാണ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്യപ്പെട്ടതില്‍ ഭൂരിപക്ഷവും. ഒരു സ്റ്റോറില്‍ നിന്ന് വൈന്‍ വാങ്ങിയ ശേഷം തന്റെ ജാക്കറ്റ് പ്രതിഫലമായി നല്‍കാമെന്ന് ഷോപ്പ് അസിസ്റ്റന്റിനോട് പറഞ്ഞതാണ് ഈ ഗണത്തില്‍ ഏറ്റവും ഒടുവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വൈന്‍ ഷോപ്പില്‍വെച്ചു തന്നെ ഇയാള്‍ കുടിച്ചിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ പര്‍വീണ്‍ അഖ്തര്‍ കോടതിയെ അറിയിച്ചു. ഇതിന് പണം ചോദിച്ചപ്പോളാണ് ഇയാള്‍ ജാക്കറ്റ് നല്‍കാമെന്ന് പറഞ്ഞത്. റയാന്‍ ബ്രിട്ടനിലെ ഏറ്റവും കൂടുതല്‍ കേസുകളില്‍ പ്രതിയായ ആളെന്ന നിലയിലാണ് അറിയപ്പെടുന്നത്. നിബന്ധനകള്‍ക്ക് വിധേയമായാണ് ഇയാള്‍ക്ക് കുറച്ചു ദിവസത്തേക്ക് ഡിസ്ചാര്‍ജ് അനുവദിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇയാളെ തിരികെ ജയിലിലെത്തിക്കുകയായിരുന്നു. ഇനി ഒക്ടോബര്‍ വരെ ജയിലില്‍ തുടരേണ്ടിവരും. 14 വയസ് മുതല്‍ വിവിധ കേസുകളിലായി ജയിലില്‍ കഴിഞ്ഞിട്ടുള്ള റയാന്‍ തന്റെ 50 വയസിനുള്ളില്‍ 23 വര്‍ഷം തടവ് അനുഭവിച്ചിട്ടുണ്ട്.
പിതാവ് ശക്തമായി കുലുക്കിയതിനെത്തുടര്‍ന്ന് കുഞ്ഞ് മരിച്ചു. അലെജാന്ദ്രോ റൂബിം എന്ന ഒന്നര മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. മസ്തിഷ്‌കത്തിനും കണ്ണുകള്‍ക്കും തലക്കുമേറ്റ പരിക്കുകളായിരുന്നു മരണകാരണം. സംഭവത്തില്‍ പിതാവായ പെഡ്രോ റൂബിമിനെ എട്ടര വര്‍ഷം തടവിന് ശിക്ഷിച്ചു. നാല് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് കുഞ്ഞ് മരിച്ചത്. സംഭവം ഹൃദയഭേദകമാണെന്നായിരുന്നു മെറ്റ് പോലീസ് ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ ഡേവിഡ് വെസ്റ്റ് പറഞ്ഞത്. നവജാതശിശുക്കള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ സഹായത്തിന് അഭ്യര്‍ത്ഥിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പിതാവിന്റെ പക്കല്‍ കുട്ടി സുരക്ഷിതനാകേണ്ടതായിരുന്നു. പക്ഷേ സംഭവിച്ചത് മറിച്ചാണെന്നും വെസ്റ്റ് വ്യക്തമാക്കി. ബൗണ്‍സറില്‍ നിന്ന് കുഞ്ഞ് താഴെ വീണുവെന്നാണ് എന്‍ഫീല്‍ഡില്‍ താമസിക്കുന്ന റൂബിം ആദ്യം പോലീസിനോട് പറഞ്ഞത്. കുഞ്ഞിനെ എടുത്ത താന്‍ അവന് ബോധം വരുത്താനായി കുലുക്കിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ശക്തമായ കുലുക്കത്തിലുണ്ടായ മസ്തിഷ്‌ക ക്ഷതവും കണ്ണിനുണ്ടായ ക്ഷതവും മറ്റും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. കുഞ്ഞിന്റെ ജീവന്‍ പിതാവ് കവരുകയായിരുന്നുവെന്ന് എന്‍എസ്പിസിസി വക്താവും പ്രതികരിച്ചു. കുട്ടികള്‍ക്കുണ്ടാകുന്ന വീഴ്ചകള്‍ക്കും പരിക്കുകള്‍ക്കും സഹായം തേടുകയാണ് വേണ്ടത്. അതിന് എന്‍എസ്പിസിസി ഉപദേശങ്ങളും പിന്തുണയും മാതാപിതാക്കള്‍ക്ക് നല്‍കാറുണ്ടെന്നും വക്താവ് പറഞ്ഞു. കുട്ടിയുടെ അമ്മ ഡെന്റിസ്റ്റിനെ കാണാന്‍ പോയ സമയത്താണ് അപകടമുണ്ടായത്. പാല്‍ എടുക്കുന്നതിനായി താന്‍ പോയ സമയത്താണ് കുഞ്ഞ് താഴെ വീണതെന്ന് റൂബിം പറഞ്ഞെങ്കിലും മരണകാരണമായത് വീഴ്ചയിലുണ്ടായ ക്ഷതങ്ങളല്ലെന്ന് തെളിഞ്ഞതോടെ ഇയാള്‍ക്ക് കോടതി ശിക്ഷ നല്‍കുകയായിരുന്നു.
Copyright © . All rights reserved