Jet Airways
മുംബൈ: ജെറ്റ് എയര്‍വേഴ്‌സ് വിമാനത്തിലെ യാത്രക്കാരുടെ മൂക്കിലും ചെവിയിലും രക്തം. വിമാനത്തിനുള്ളിലെ മര്‍ദ്ദം നിയന്ത്രിക്കാനുള്ള സംവിധാനം പ്രവര്‍ത്തിപ്പിക്കാതിരുന്നതോടെയാണ് അപകടമുണ്ടായത്. രക്തം വന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി തുടര്‍ന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കുകയായിരുന്നു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൃത്യവിലോപം കാട്ടിയ ജീവനക്കാരെ പിരിച്ചുവിട്ടതായി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്ന് വ്യാഴായ്ച്ച രാവിലെ ജെയ്പൂരിലേക്ക് പറന്നുയര്‍ന്ന 9 ഡബ്ലു 697 വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയരുന്നതിന് മുന്‍പ് മര്‍ദ്ദം നിയന്ത്രണ വിധേയമാക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യം കാബിന്‍ ക്രൂ മറന്നതിനെ തുടര്‍ന്നാണ് വലിയ അപകട സൂചനയുണ്ടായത്. വിമാനത്തില്‍ 160 യാത്രക്കാരുണ്ടായിരുന്നു ഇതില്‍ 30 പേരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നു. മര്‍ദ്ദം താഴുമ്പോഴാണ് ഇത്തരത്തില്‍ രക്തം വരുന്നത്. മര്‍ദ്ദം ക്രമാതീതമായി താഴ്ന്നതോടെ ഓക്‌സിജന്‍ മാസ്‌കുകള്‍ പുറത്തുവന്നു. അതോടുകൂടി യാത്രക്കാര്‍ പരിഭ്രാന്തരായി. വിമാനത്താവളത്തിലേക്ക് അടിയന്തര സന്ദേശം നല്‍കിയ ശേഷം 9 ഡബ്ലു 697 നിലത്തിറക്കി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കുകളില്ല. രക്തം വന്നവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved