Joji Thomas
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം ഇന്നലെ നടന്ന ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ ബൈബിൾ കലോത്സവത്തിൻ്റെ സമ്മാനദാന വേദി അച്ഛൻറെയും മകളുടെയും സാന്നിധ്യംകൊണ്ട് കൗതുകമായി. മുതിർന്നവരുടെ പ്രസംഗമത്സരത്തിൽ റീജനൽ തലത്തിൽ ഒന്നാം സമ്മാനത്തിന് അർഹനായ ലീഡ്സിൽ നിന്നുള്ള ജോജി തോമസും 11 മുതൽ 13 വയസ്സുവരെയുള്ള കുട്ടികളുടെ പ്രസംഗമത്സരത്തിൽ റീജനൽ , നാഷണൽ തലത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ദിയാ ജോജിയുമാണ് ഈ അച്ഛനും മകളും . ഒരേ ഇനത്തിൽ തന്നെ മുതിർന്നവരുടെയും കുട്ടികളുടെയും മത്സരവിഭാഗത്തിൽ ഇരുവരും സമ്മാനാർഹരായതാണ് കൗതുകകരമായത്. ദിയാ മുൻപ് നടന്ന ബൈബിൾ കലോത്സവങ്ങളിൽ പങ്കെടുക്കുകയും ശ്രദ്ധേയമായ പ്രകടനത്തിലൂടെ വിജയിക്കുകയും ചെയ്തിരുന്നു. ലീഡ്സിനടുത്തുള്ള വെയ്ക്ക്ഫീൽഡിൽ താമസിക്കുന്ന ജോജിയും ഭാര്യ മിനി മോളും സെൻ്റ് മേരിസ് സീറോ മലബാർ കാത്തലിക് മിഷനിലെ അംഗങ്ങളാണ്. ദിയയ്ക്ക് രണ്ട് സഹോദരിമാരാണ് ഉള്ളത്. മൂത്ത സഹോദരി ആൻ ഇയർ 10ലും ഇളയ സഹോദരി ലിയ ഇയർ 2വിലും വിദ്യാർഥിനികളാണ്. തൻ്റെ പ്രസംഗകലയിലെ കഴിവുകൾ പുറത്തെടുക്കാനും വളർത്താനും സഭാവേദികളും പ്രത്യേകിച്ച് ബൈബിൾ കലോത്സവവും വഹിച്ച പങ്ക് വളരെ വലുതാണെന്ന് ദിയ മലയാളംയു കെയോട് പറഞ്ഞു. യുകെയുടെ നാനാ ഭാഗത്തുനിന്നും എത്തിയ നൂറുകണക്കിന് വിജയികളടങ്ങിയ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷ്യം നിർത്തി സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചത്. രൂപത രൂപീകൃതമായതിനുശേഷം നടന്ന മൂന്നു ബൈബിൾ കലോത്സവങ്ങളും ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും ശ്രദ്ധേയമാകുകയും യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച കലാ സംഗമവേദിയായി മാറുകയും ചെയ്തിരുന്നു.  
ജോജി തോമസ് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ളൊരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ലോകം നിശ്ചലമായി, ജീവിതക്രമങ്ങൾ മാറിമറിഞ്ഞും. കോവിഡ് - 19 പ്രവാസജീവിതത്തിൽ തീർത്ത പ്രതിസന്ധികളും പ്രത്യാഘാതങ്ങളും മറ്റുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പ്രവാസ ജീവിതത്തിൽ, പ്രത്യേകിച്ച് പാശ്ചാത്യ നാടുകളിലെ പ്രവാസികളും, അവരുടെ കുട്ടികളും നേരിടുന്ന വലിയ വെല്ലുവിളികളിൽ ഒന്ന് സ്വത്വപ്രതിസന്ധിയാണ് . വീടിനുള്ളിൽ നമ്മൾ കാണുന്നതും, ശീലിക്കുന്നതുമായ കാര്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് പുറംലോകം. ഭക്ഷണം തുടങ്ങി എല്ലാം ജീവിതശൈലികളിലും ഇത് പ്രകടമാണ് .ഇന്ത്യക്കാർ പൊതുവെ മലയാളികൾ പ്രത്യേകിച്ചും സ്വന്തം സ്വത്വം സംരക്ഷിക്കുന്നതിൽ തത്പരാണ്. നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും നല്ല വശങ്ങൾ തലമുറകൾക്ക് കൈമാറപ്പെടട്ടേ എന്ന ചിന്താഗതി ആവാം ഇതിൻറെ പിന്നിൽ. ഈ ലക്ഷ്യത്തോടെ എല്ലാവർഷവും കുട്ടികളുമായി നാട്ടിൽ പോകുന്നവർ വരെയുണ്ട്. ഈയൊരു സ്വത്വസംരക്ഷണ പ്രക്രിയയിൽ വളരെ സുപ്രധാന പങ്കാണ് മലയാളി കൂട്ടായ്മകൾക്ക് ഉള്ളത് . യു.കെ പോലുള്ള രാജ്യങ്ങളിൽ മലയാളികളുടേതായ ഒത്തുചേരലുകൾ നിരവധിയുണ്ട്. ആത്മീയമായ ആവശ്യങ്ങൾക്കായുള്ള കൂടിച്ചേരലുകളും, അസോസിയേഷൻ പരിപാടികൾ മുതലായ ബഹുജന പങ്കാളിത്തമുള്ളവ തുടങ്ങി രണ്ടോ മൂന്നോ കുടുംബങ്ങൾ പങ്കെടുക്കുന്ന പിറന്നാൾ ആഘോഷങ്ങൾക്ക് വരെ സാമൂഹിക ഇടപെടലിലൂടെ ലഭിക്കുന്ന പാഠങ്ങൾക്കും, മാനസിക ഉല്ലാസത്തിനും വളരെ വലിയ സ്ഥാനമാണ് ഉള്ളത്. കുട്ടികൾ പ്രത്യേകിച്ച് കൗമാരക്കാരിൽ ലോക്ക്ഡൗൺ കാലഘട്ടം കാര്യമായ മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെട്ടേക്കാം എന്ന് സൂചിപ്പിക്കുന്ന പഠനങ്ങൾ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. സോഷ്യലൈസേഷന് മാനസിക വളർച്ചയിൽ വളരെ നിർണായകമായ സ്ഥാനമാണ് ഉള്ളത് .സാധാരണ കുട്ടികളെ അപേക്ഷിച്ച് പ്രവാസികളായ മാതാപിതാക്കളുടെ കുട്ടികൾക്ക് സാമൂഹിക ഇടപെടലുകൾക്കുള്ള സാധ്യതകൾ കുറവാണ് . കൊറോണയുടെ വരവോടുകൂടി ഉണ്ടായിരുന്ന പരിമിതമായ സാധ്യതകൾക്കുകൂടിയാണ് മങ്ങലേറ്റിരിക്കുന്നത് . യു.കെ പോലുള്ള രാജ്യങ്ങളിൽ ഭൂരിഭാഗം ക്ലാസ്സുകളും സെപ്റ്റംബറിലേ പുനരാരംഭിക്കുകയുള്ളൂ. ഏതാണ്ട് ആറ് മാസത്തോളം വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കാൻ നിർബന്ധിതരായ കുട്ടികൾ നിരവധിയുണ്ട്. ഭൂരിഭാഗം മലയാളി കുടുംബങ്ങളിലും മാതാപിതാക്കളിൽ ഒരാളെങ്കിലും ആരോഗ്യമേഖലയിൽ ആണ് ജോലി നോക്കുന്നത് . ഇത് കുടുംബങ്ങളിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം കുട്ടികളെയും പ്രതികൂലമായി ബാധിക്കും. കൊറോണനന്തര കാലഘട്ടത്തിൽ പ്രവാസികൾ നേരിടാൻ പോകുന്ന മറ്റൊരു കനത്ത വെല്ലുവിളിയാണ് തൊഴിൽ നഷ്ടങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സാമ്പത്തികനഷ്ടങ്ങളും. യുകെ പോലുള്ള രാജ്യങ്ങളിൽപ്പോലും രാജ്യം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കടക്കുന്നതിന്റെ മുമ്പുതന്നെ നിരവധി മലയാളികൾക്ക് ജോലി നഷ്ടമായിട്ടുണ്ട്. നിലവിൽ ഗവൺമെൻറിൻറെ ഭാഗത്തു നിന്നുള്ള പിന്തുണ ഉള്ളതിനാൽ തൊഴിൽനഷ്ടം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെന്തെന്ന് ജനംമറിഞ്ഞിട്ടില്ല. ലോക്ക് ഡൗണിന് ശേഷം ബിസിനസുകൾ പൂർവസ്ഥിതിയിൽ എത്തുമ്പോൾ മാത്രമേ ഏതൊക്കെ സ്ഥാപനങ്ങൾക്ക് ലോക്ക്ഡൗൺ കാലഘട്ടത്തേയും അതിനെത്തുടർന്ന് വരുന്ന സാമ്പത്തിക പ്രതിസന്ധിയേയും അതിജീവിക്കാൻ സാധിക്കുമെന്ന് വ്യക്തമാകും. കോവിഡാനന്തര പ്രവാസ ജീവിതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് വിശേഷിപ്പിക്കാവുന്നത് ജീവിതത്തിലെ അനിശ്ചിതത്വമാണ്. പ്രവാസികളുടെ ഏറ്റവും വലിയ ഇഷ്ടങ്ങളിലൊന്നായ ജന്മനാട്ടിലേയ്ക്കുള്ള യാത്രയും, ബന്ധുക്കളേയും മിത്രങ്ങളായുമുള്ള സന്ദർശനവുമെല്ലാം അനിശ്ചിതത്വത്തിലാണ്. യു.കെ യിലുള്ള നിരവധി മലയാളികളാണ് ഓഗസ്റ്റിൽ കേരളത്തിൽ പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത് അനിശ്ചിതത്വത്തിൽ കഴിയുന്നത്. സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഭാവിയിൽ തുടരുകയാണെങ്കിൽ ഒരു സാധാരണ മലയാളി കുടുംബത്തിന് കുടുംബാംഗങ്ങളൊന്നിച്ചുള്ള നാട്ടിൽ പോക്ക് തന്നെ സ്വപ്നമായി തീരും. കാരണം ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് അത്രയധികം വർദ്ധിക്കാൻ സാധ്യതയുണ്ട് . കോവിഡാനന്തര പ്രവാസജീവിതം തീർച്ചയായും ഒത്തിരിയേറെ മാറ്റങ്ങൾ നിറഞ്ഞതായിരിക്കും. പല മാറ്റങ്ങളും ദീർഘനാൾ പ്രവാസ ജീവിതത്തെ സ്വാധീനിക്കാൻ പ്രാപ്തി ഉള്ളതായിരിക്കും. എന്തായാലും കൊറോണ വൈറസിനെതിരെ ഒരു വാക്സിൻ കണ്ടെത്തുന്നതുവരെ സോഷ്യലൈസിംഗ് സോഷ്യൽ മീഡിയയിലൂടെ ആകാനാണ് സാധ്യത.      ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.        
മലയാളം യുകെ ന്യൂസ് സ്പെഷ്യൽ : ജോജി തോമസ് വെസ്റ്റ് യോർക്ക് ഷെയറിലെ കിത്തിലി സ്വദേശിയായ ഷിബു മാത്യുവിൻ്റെ വിരൽതുമ്പിൽ വിരിഞ്ഞ വരികൾ പൗരോഹിത്യത്തിൻ്റെ ത്യാഗങ്ങളുടെ നേർക്കാഴ്ച ആവുകയാണ്. ഇടുക്കി ബിഷപ്പ് ആയിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിലിൻ്റെ മൃതസംസ്കാര വേളയിൽ വികാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കാതെ സീറോ മലബാർ സഭയുടെ തലവനായ മാർ .ജോർജ് ആലഞ്ചേരി പിതാവ് വിതുമ്പുന്ന രംഗങ്ങളിൽ നിന്ന് ലഭിച്ച ചിന്തകളും, പ്രചോദനവുമാണ് മലയാളം യുകെ ഡയറക്ടർ ബോർഡ് അംഗം കൂടിയായ ഷിബു മാത്യുവിൻ്റെ വരികൾക്ക് അടിസ്ഥാനം. യുവത്വത്തിൻറെ ആരംഭത്തിൽ സ്വന്തം കുടുംബവും നാടുമുപേക്ഷിച്ച് ആത്മീയ ജീവിതത്തിൻറെയും സഭാ ജീവിതത്തിൻ്റെയും വഴികളിൽ തങ്ങളുടെ സ്വപ്നങ്ങൾ നെയ്തെടുക്കുന്ന വൈദികർ എങ്ങനെയാണ് ഒരു വിശ്വാസിയുടെ ജീവിതത്തിൽ ജനനം മുതൽ മരണം വരെ നിർണായക സാന്നിധ്യമാകുന്നതെന്നും, ഒരു സമൂഹത്തിനു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവയ്ക്കുന്നതെന്നും ഷിബു മാത്യു തൻ്റെ വരികളിലൂടെ വളരെ മനോഹരമായി വരച്ചുകാട്ടുന്നു. അതുകൊണ്ടുതന്നെ വൈദികരുടെ വാർദ്ധ്യക്യത്തിലും , മരണത്തിലും അടുത്ത് നിൽക്കേണ്ടതിൻെറയും സ്നേഹത്തിൻ്റെയും, കൃതജ്ഞതയുടെയും കണ്ണുനീർ തുള്ളികൾ കൊണ്ട് ആദരവ് അർപ്പിക്കുന്നതിൻ്റെയും ആവശ്യകതയാണ് ഷിബു മാത്യു തൻറെ വരികളിലൂടെ കോറിയിടുന്നത് . ഫാ. ജേക്കബ് ചക്കാത്തറ ആലപിച്ച് ജോജി കോട്ടയം സംഗീതം നൽകിയ ആൽബം വെസ്റ്റേൺ മീഡിയ ക്രീയേഷൻസ് ആസ്വാദകരും, വിശ്വാസികളുമായ പൊതുജനങ്ങൾക്കായി പുറത്തിറക്കിയിരിക്കുന്നത്. സീറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ. ജോസഫ് പെരുന്തോട്ടം , ഗ്രേറ്റ് ബ്രിട്ടൺ രൂപതാ അധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കൽ തുടങ്ങി നിരവധി പ്രമുഖരാണ് ഷിബുവിൻ്റെ വരികൾ കണ്ട് അഭിനന്ദനങ്ങളും ആശംസകളുമായി എത്തിയിരിക്കുന്നത്. യുകെയിലെ സാമൂഹിക സാംസ്കാരിക വേദികളിൽ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളായ ഷിബു മാത്യു അറിയപ്പെടുന്ന ഒരു മാധ്യമപ്രവർത്തകനും കൂടിയാണ് .മംഗളത്തിലൂടെ മാധ്യമ പ്രവർത്തനം ആരംഭിച്ച ഷിബു മാത്യു മലയാളം യുകെയുടെ ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചുവരുന്നു . ഷിബു മാത്യു നേതൃത്വം നൽകുന്ന സിംഫണി ഓർക്കസ്ട്ര യുകെയിലെ ഭൂരിപക്ഷം വേദികളിലും ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്. ഷിബുവിൻ്റെ ഭാര്യ റീന എൻഎച്ച്എസ് സ്റ്റാഫ് നേഴ്സാണ് . മകൻ അലൻ പോർട്ട്സ് മൗത്ത് യൂണിവേഴ്സിറ്റിയിൽ ആറ്റോമിക് എൻജിനീയറിങ് വിദ്യാർത്ഥിയാണ് . മകൾ ആര്യ സ്ക്പ്ടൺ ഗ്രാമർ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി. [ot-video][/ot-video]
ജോജി തോമസ് ആധുനിക കാലഘട്ടം കോവിഡ് - 19ന് മുൻപും ശേഷവും എന്ന് വേർതിരിച്ച് നിരീക്ഷിക്കപ്പെടുമ്പോൾ യുകെ ഉൾപ്പെടെയുള്ള മലയാളികളുടെ പ്രധാന കുടിയേറ്റ മേഖലകളിൽ കനത്ത തൊഴിൽ നഷ്ടത്തിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 25 ലക്ഷത്തോളം മലയാളികൾക്ക് ഉപജീവനമാർഗ്ഗം പ്രദാനം ചെയ്യുന്ന ഗൾഫ് മേഖലയിൽ കനത്ത തൊഴിൽ നഷ്ടവും തുടർന്നുണ്ടാകുന്ന കൂട്ട പലായനവും ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ക്രൂഡോയിലിന്റെ കനത്ത വില തകർച്ചയാണ് ഗൾഫ് മേഖലയെ പ്രതിസന്ധിയിലാക്കിയത്. പക്ഷേ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് പല വികസിത രാജ്യങ്ങളിലെയും പ്രവാസിമലയാളികളുടെ പ്രതിസന്ധി. പല തൊഴിൽ മേഖലകളിൽ നിന്നും അവസരങ്ങളിൽ കാര്യമായ കുറവാണ് വന്നിരിക്കുന്നത്. യുകെയിൽ മലയാളികളുടെ പ്രധാന തൊഴിൽ മേഖലകളിൽ ഒന്നായ നഴ്സിംഗ് ഹോമുകളിൽ നല്ലൊരു ശതമാനവും കോവിഡ് മരണങ്ങൾ മൂലം അടച്ചുപൂട്ടലിന്റെ വക്കിലാണ്. നഴ്സിംഗ് മേഖലയിലെ തൊഴിലവസരങ്ങളിലും സാരമായ കുറവിന് കെയർ ഹോം ബിസിനസിന്റെ തകർച്ച കാരണമാകും. യുകെയിലും മറ്റും തൊഴിലവസരങ്ങൾക്കായി കാത്തിരിക്കുന്ന നൂറുകണക്കിന് മലയാളി നേഴ്സുമാരുടെ പ്രതീക്ഷകൾക്കാണ് കോവിഡ് - 19 മങ്ങലേൽപ്പിച്ചിരിക്കുന്നത്. ഇതിനുപുറമേയാണ് റസ്റ്റോറന്റ്, പെട്രോൾ സ്റ്റേഷൻ തുടങ്ങിയ തൊഴിലിടങ്ങളിൽ സംഭവിക്കുവാൻ പോകുന്ന പ്രതിസന്ധി. ഈ രണ്ട് മേഖലകളും മലയാളികൾക്ക് വളരെയധികം തൊഴിലവസരങ്ങൾ നൽകിയിരുന്നതാണ്. സാമൂഹികാകലം പാലിക്കേണ്ടതിന്റെ ആവശ്യകത തുടരുന്നടത്തോളം കാലം റസ്റ്റോറന്റുകളിൽ വളരെ കുറച്ച് ഉപഭോക്താക്കളെയേ ഉൾക്കൊള്ളാൻ സാധിക്കുകയുള്ളു. ഇത്തരത്തിൽ തൊഴിൽ പ്രതിസന്ധി നേരിടുമ്പോൾ അതിജീവനത്തിനായിട്ട് പ്രവാസികൾക്ക് പലപ്പോഴും തങ്ങളുടെ ഇന്ത്യയിലെ സമ്പാദ്യം വിറ്റഴിക്കുകയാണ് പോംവഴി. യുകെ മലയാളികളിൽ ഭൂരിഭാഗവും തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനം ഇന്ത്യയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. പ്രവാസികളുടെ അധ്വാനത്തിൽ നിന്നുണ്ടായ ഈ നിക്ഷേപങ്ങൾ രാജ്യ പുരോഗതിയെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിസന്ധിഘട്ടങ്ങളിൽ പ്രവാസികളെ സഹായിക്കേണ്ട കടമ മാതൃരാജ്യത്തിനുണ്ട്. പ്രവാസികളുടെ മൂലധന നേട്ട നികുതി കുറച്ചുകാലത്തേയ്ക്കെങ്കിലും ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവുകയാണെങ്കിൽ അതുകൊണ്ട് ഉണ്ടാകുന്ന ആശ്വാസം ചില്ലറയല്ല.    ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.        
ജോജി തോമസ്. അടുത്തകാലത്ത് കേരളത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് മരടിലെ അനധികൃത ഫ്ലാറ്റ് നിർമ്മാണവും, സുപ്രീം കോടതി വിധിയെ തുടർന്ന് ഫ്ളാറ്റുകളുടെ പൊളിച്ചുനീക്കലും. ചർച്ചകളിലേറെയും നിറഞ്ഞുനിന്നത് നിയമവിരുദ്ധ നിർമ്മാണത്തിൽ ഉണ്ടായ രാഷ്ട്രീയ ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടിലുപരിയായി ഭവനരഹിതരാക്കപെട്ട ഒരു പറ്റം നിരപരാധികളായ കുടുംബങ്ങളുടെ രോദനങ്ങളാണ്. മരടിലെ ഫ്ലാറ്റുടമകൾ കുടിയൊഴിപ്പിക്കപ്പെട്ടപ്പോൾ നിരവധി കുടുംബങ്ങൾ ഭവനരഹിതരാക്കപ്പെടും എന്ന ധാർമിക വശം അതിനുണ്ടായിരുന്നു. എന്നാൽ കേരളത്തിന്റെ തീരപ്രദേശങ്ങളിലും പരിസ്ഥിതി ദുർബല മേഖലകളിലുമുണ്ടായിരിയ്ക്കുന്ന ആയിരക്കണക്കിന് അനധികൃത കൈയേറ്റങ്ങൾക്കും, നിർമാണപ്രവർത്തനങ്ങൾക്കും നേരെ നടപടിയെടുക്കാൻ സർക്കാരിനോ കോടതിക്കോ ഈ ധാർമിക വശം പരിഗണിക്കേണ്ടതില്ല. കാരണം ഈ അനധികൃത കൈയേറ്റങ്ങളിൽ ഏറെയും നടത്തിയിരിക്കുന്നത് സമ്പന്ന രാഷ്ട്രീയ വർഗ്ഗവും, വൻകിട ബിസിനസ് ഗ്രൂപ്പുകളുമാണ്. അതുകൊണ്ടുതന്നെ മരടിലെ ഭവനരഹിതരാക്കപ്പെട്ട കുടുംബങ്ങളുടെ രോധനത്തിന് നേരെ കണ്ണടച്ച സുപ്രീം കോടതിയും സർക്കാരും ഈ നിയമലംഘനങ്ങൾക്കു നേരെ കണ്ണടയ്ക്കുകയാണെങ്കിൽ അത് ചരിത്രത്തോടും വഴിയാധാരമാക്കപ്പെട്ട ഒരുപറ്റം കുടുംബാംഗങ്ങളോടും ചെയ്യുന്ന കടുത്ത അനീതി ആയിരിക്കും. ലോകപ്രശസ്ത മാനേജ്മെന്റ് വിദഗ്ധനായ ഡഗളസ് മാഗ് ഗ്രിഗോറി നിയമ അച്ചടക്ക ലംഘനങ്ങളെ കൈകാര്യം ചെയ്യുന്നതിനായി "ഹോട്ട് സ്റ്റൗ അപ്പോറോച്ച് "എന്നപേരിൽ വികസിപ്പിച്ചെടുത്ത ഒരു തിയറിയുണ്ട്. നിയമലംഘനങ്ങളുടെ ആധിക്യമനുസരിച്ച് ശിക്ഷയുടെ ആധിക്യം കൂടുമെന്നും , മുഖം നോക്കാതെയുള്ള നടപടികൾ ആയിരിക്കണം നിയമലംഘനം നടത്തുന്നവർക്കെതിരെ സ്വീകരിക്കേണ്ടതെന്നുമാണ് പ്രസ്തുത തിയറിയുടെ രത്നചുരുക്കം . അങ്ങനെയാണെങ്കിൽ മരടി നേക്കാൾ വലുതും പഴക്കം ചെന്നതുമായ നൂറുകണക്കിന് നിയമലംഘനങ്ങൾ കേരളത്തിലെമ്പാടുമുണ്ട്. അതിനെതിരെ നിയമസംവിധാനങ്ങൾ കണ്ണടയ്ക്കുന്നത് എന്തു കൊണ്ടാണന്ന ചോദ്യം സ്വാഭാവികമായും ഉയരും. മരടിൽ ശിക്ഷ അനുഭവിച്ചതും, വഴിയാധാരമാക്കപ്പെട്ടതും നിയമലംഘനം നടത്തിയവരോ അതിനു കുട പിടിച്ചവരോ അല്ലന്നുള്ളത് ഇവിടെ പ്രസക്തമാണ്. കേരളത്തിലേ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതും, നിയമങ്ങൾ കർശനമായി നടപ്പാക്കപ്പെടേണ്ടതുമാണ് . അതുകൊണ്ടുതന്നെ നിയമലംഘനങ്ങൾ നടത്തിയിരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ വമ്പൻ സ്രാവുകളുടെ മേൽ കണ്ണടച്ചാൽ മരടിൽ വഴിയാധാരമായ കുടുംബങ്ങളോടു ചെയ്യുന്ന അനീതിയായിരിക്കുമത്. സർക്കാരിനും നിയമവ്യവസ്ഥയ്ക്കും ഈ വമ്പൻ സ്രാവുകളുടെ അനധികൃത കയ്യേറ്റങ്ങളേയും, നിയമലംഘനങ്ങളുടെമേലും നടപടിയെടുക്കാനുള്ള ആർജ്ജവമുണ്ടോയെന്നാണ് ഇനിയും അറിയാനിരിക്കുന്നത്.   ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.  
RECENT POSTS
Copyright © . All rights reserved