justice-narayana kurup-comment about sreejith brother murder case
സഹോദരന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരം കിടക്കുന്ന ശ്രീജിത്തിനെ പിന്തുണച്ച് പോലീസ് പരാതിപരിഹാരസെല്‍ മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് രംഗത്ത്. ശ്രീജിത്തിന്‍റെ സഹോദരന്‍ ശ്രീജിവിന്‍റെ മരണം നൂറ് ശതമാനവും കസ്റ്റഡി മരണമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് നാരായണക്കുറുപ്പ് പറഞ്ഞു. ഓരു മൊബൈല്‍ ഫോണ്‍ മോഷണക്കേസിലാണ് ശ്രീജിവിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. രാത്രി പതിനൊന്ന് മണിയോടെ സ്റ്റേഷനിലെത്തിച്ച പോലീസ് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ ശ്രീജിവിനെ പിന്നീട് തിരുവനന്തപുരം മെഡി.കോളേജിലേക്ക് മാറ്റി. അവിടെ വച്ചു അയാള്‍ക്ക് ചികിത്സ നല്‍കിയെങ്കിലും അയാള്‍ മരണപ്പെടുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് ശ്രീജിവിന്‍റ് വയറുകഴുകി അകത്തുണ്ടായിരുന്ന ഫുറഡാന്‍ എന്ന വിഷം നീക്കം ചെയ്തു. ശ്രീജിവിന്‍റെ മരണത്തെക്കുറിച്ച് പരാതി കിട്ടിയപ്പോള്‍ ഇക്കാര്യങ്ങളെല്ലാം ‍ഞങ്ങള്‍ പരിശോധിച്ചു. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിക്ക് എങ്ങനെ ഫുറഡാന്‍ കിട്ടിയെന്നതായിരുന്നു ഞങ്ങള്‍ പരിശോധിച്ച പ്രധാനകാര്യം. ഓരാളെ കൊലണമെങ്കില്‍ 60 ഗ്രാം ഫുറഡാനെങ്കിലും വേണം. അത്രയും അളവില്‍ ഫുറഡാന്‍ ഓരാള്‍ക്ക് സ്റ്റേഷനിനുള്ളില്‍ എത്തിക്കാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ ശ്രീജിവിനെ കസ്റ്റഡിയിലെടുത്ത പോലീസുകാരുടെ പങ്ക് സംശയാസ്പദമാണ്. ശ്രീജിവിന്‍റെ മരണത്തെക്കുറിച്ച് പ്രത്യേക പോലീസ് സംഘം അന്വേഷിക്കണമെന്നുമുള്ള ഉത്തരവാണ് ഞങ്ങള്‍ നല്‍കിയത്. കേസില്‍ പ്രത്യേകാന്വേഷണം വേണമെന്ന പോലീസ് പരാതി പരിഹാരസെല്‍ ഉത്തരവ് പക്ഷേ ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ ഓര്‍ഡറിലെ പല പരാമര്‍ശങ്ങളും സംശയാസ്പദമാണ്. സ്റ്റേ നീക്കം ചെയ്യുവാന്‍ സര്‍ക്കാരും നടപടി സ്വീകരിച്ചില്ല. കള്ളതെളിവുകളുണ്ടാക്കി കസ്റ്റഡി മരണം മറച്ചുവയ്ക്കുകയാണ് പോലീസ് ചെയ്തത്. ഇതിന് പിന്നില്‍ ചില ഇടപെടലുകളുണ്ടായിട്ടുണ്ടെന്നാണ് താന്‍ സംശയിക്കുന്നതെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി.
Copyright © . All rights reserved