Kannan Gopinathan
ജോജി തോമസ് കീഴുദ്യോഗസ്ഥരെക്കൊണ്ട് അടിമവേല ചെയ്യിക്കുന്നുവെന്ന് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപകമായ പരാതി ഉയരുന്നതിനിടയില്‍ എല്ലാവര്‍ക്കും മാതൃകയാവുകയാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള ഈ മലയാളി കളക്ടര്‍. കേരളം പ്രളയ ദുരിതത്തില്‍പ്പെട്ട് വലഞ്ഞപ്പോള്‍ ആരോരുമറിയാതെ ഒരു മീഡിയ ശ്രദ്ധയുമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാ ജോലികളും ചെയ്ത് ഓടി നടന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. ദാദ്ര-നഗര്‍ ഹവേലി കളക്ടറും കോട്ടയം പുതുപ്പള്ളി സ്വദേശിയുമായ കണ്ണന്‍ ഗോപിനാഥനാണ് കേരളം പ്രളയത്തില്‍പ്പെട്ട് വലഞ്ഞപ്പോള്‍ പിറന്ന മണ്ണിനോടുള്ള സ്‌നേഹം കൊണ്ട് പത്തു ദിവസത്തോളം അവധിയെടുത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ പണിയെടുത്തത്. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ മാത്രമാണ് തങ്ങളോടൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്നത് ഐഎഎസ് ഉദ്യോഗസ്ഥനും ഒരു ജില്ലയുടെ ഭരണാധികാരിയുമായ കളക്ടറാണെന്ന് കൂടെയുള്ളവര്‍ മനസിലാക്കിയത്. അടുത്ത കാലത്ത് സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഐപിഎസ് ഓഫീസറുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാരുടെ വീടുകളില്‍ അടിമപ്പണി ചെയ്യാന്‍ വിധിക്കപ്പെട്ടവരുടെ കഥകള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സംസ്ഥാന ഖജനാവിന്റെ കോടിക്കണക്കിന് തുകയാണ് ഇത്തരത്തില്‍ ദുര്‍വിനിയോഗം ചെയ്യപ്പെടുന്നത്. ഇവര്‍ക്കൊക്കെ ഒരു മാതൃകയാകുകയാണ് കണ്ണന്‍ ഗോപിനാഥന്‍.
RECENT POSTS
Copyright © . All rights reserved