Kerala Congress
കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സി.എഫ്. തോമസ് (81) അന്തരിച്ചു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും നിലവിലെ ഡെപ്യൂട്ടി ചെയര്‍മാനുമാണ്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേ ഞായറാഴ്ച രാവിലെയാണ് മരണം. കുറച്ചുദിവസം മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് ആദ്യം വെല്ലൂരിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. 1980 മുതല്‍ തുടര്‍ച്ചയായി ഒമ്പതുവട്ടം ചങ്ങാനാശ്ശേരി മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 1939 ജൂലൈ 30ന് സി.ടി. ഫ്രാന്‍സിസിന്റെയും അന്നമ്മ ഫ്രാന്‍സിസിന്റെയും മകനായാണ് ജനനം. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തുടര്‍ന്ന് 1964ല്‍ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചങ്ങനാശ്ശേരി എസ്.ഡി. സ്‌കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു എന്നിവരാണ് മക്കള്‍. ലീന, ബോബി, മനു എന്നിവരാണ് മരുമക്കള്‍. 1980,1982,1987,1991,1996,2001,2006,2011,2016 എന്നീ വര്‍ഷങ്ങളില്‍ ചങ്ങനാശ്ശേരിയില്‍നിന്ന് നിയമസഭയിലെത്തി. 2001-06 യു.ഡി.എഫ്. മന്ത്രിസഭയില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എം. മാണി പാര്‍ട്ടി ലീഡറായ കാലഘട്ടം മുതല്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം സി.എഫ്. തോമസ് വഹിച്ചിരുന്നു. 2010ല്‍ മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും ലയിച്ചപ്പോഴാണ് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറിയത്. ലയനത്തിനു പിന്നാലെ മാണി പാര്‍ട്ടി ചെയര്‍മാനും പി.ജെ. ജോസഫ് വര്‍ക്കിങ് ചെയര്‍മാനുമായി. അതിനു ശേഷം സി.എഫ്. തോമസ് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനായാണ് പ്രവര്‍ത്തിച്ചിരുന്നത്. കേരള കോണ്‍സിലെ പിളര്‍പ്പിനു പിന്നാലെ തോമസ്, ജോസഫ് പക്ഷത്തേക്ക് മാറി.
തിരുവനന്തപുരം: ബിജെപി മുന്നണി വിപുലപ്പെടുത്താനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചു. കെ.എം മാണിയെ എന്‍.ഡി.എ പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമാകാന്‍ കെ.എം മാണിക്ക് കുമ്മനം രാജശേഖരന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. ആര്‍ക്ക് വേണമെങ്കിലും മുന്നണിയുടെ ഭാഗമാകാമെന്നും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു. കെ.എം മാണിയുടെ പ്രതികരണത്തിന് അനുസരിച്ച് ഘടകകക്ഷികളുടെ യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യവെച്ചാണ് പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി രംഗത്തു വന്നിരിക്കുന്നത്. ചെങ്ങന്നൂരില്‍ ബിജെപി തോറ്റാല്‍ സംസ്ഥാന നേതൃത്വം പിരിച്ചു വിടുമെന്ന് അമിത് ഷാ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് കുമ്മനം രാജശേഖരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് നടക്കാനിരിക്കുകയാണ്. എന്‍ഡിഎ പ്രവേശം സംബന്ധിച്ച കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. കഴിഞ്ഞ ദിവസം കെ.എം മാണിയുമായി ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് ക്ഷണിച്ച് കുമ്മനം രംഗത്ത് വന്നിരിക്കുന്നത്.
പാലാ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി പാളയം. ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ച് ബിജെപി നേതാക്കള്‍ കെ.എം മാണിയുമായി ചര്‍ച്ച നടത്തി. ബിജെപിയുടെ മുതിര്‍ന്ന നേതാവ് പി.കെ. കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരുടെ സംഘമാണ് മാണിയെ കണ്ടത്. ചെങ്ങന്നൂരില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് നാളെ ചേരുന്ന കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുക്കും. കെഎം മാണിയെ എന്‍.ഡി.എ സഖ്യത്തിലെത്തിച്ച് ചെങ്ങന്നൂരില്‍ മുന്‍തൂക്കം നേടാമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ ബിജെപി നേതാക്കളുമായി നടന്ന കൂടിക്കാഴ്ച വെറും സൗഹൃദസന്ദര്‍ശനമാണെന്നാണ് കേരളാ കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചെങ്ങന്നൂരില്‍ വിജയിച്ചില്ലെങ്കില്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വം പിരിച്ചുവിടുമെന്ന് നേരത്തെ അമിത് ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ത്രികോണ മത്സരം ഉറപ്പായ ചെങ്ങന്നൂരില്‍ മൂന്നു മുന്നണികളും ശക്തമായ പ്രചരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയുമായി ചെങ്ങന്നൂരില്‍ സഹകരിക്കില്ലെന്ന ബിഡിജെഎസ് നിലപാട് എന്‍ഡിഎ സഖ്യത്തിന് തിരിച്ചടിയാകുമെന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടു ചെയ്യാനാവും കേരളാ കോണ്‍ഗ്രസ് അണികള്‍ നല്‍കാന്‍ പോകുന്ന നിര്‍ദേശമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നാളെ നടക്കുന്ന മീറ്റിംഗില്‍ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥീരീകരണം ഉണ്ടാകും.
കോട്ടയം: കര്‍ഷകരെ ഏറ്റവും കൂടുതല്‍ വഞ്ചിച്ചത് കോണ്‍ഗ്രസ് ആണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണി. പാര്‍ട്ടി മുഖപത്രമായ മുഖച്ഛായയില്‍ എഴുതിയ ലേഖനത്തിലാണ് മാണി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് കേരളവും കേന്ദ്രവും ഭരിച്ച സമയത്താണ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. യുപിഎയുടെ കാലത്താണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നതെന്നും മാണി കുറ്റപ്പെടുത്തി. മലയോര മേഖലയില്‍ കേരള കോണ്‍ഗ്രസിനുള്ള സ്വാധീനത്തില്‍ വിറളിപൂണ്ട കോണ്‍ഗ്രസ് നേതാക്കള്‍ പട്ടയവിതരണം തടസപ്പെടുത്തിയെന്നും മാണി വിമര്‍ശിക്കുന്നു. ലേഖനത്തില്‍ ബിജെപിയെയും മാണി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.
RECENT POSTS
Copyright © . All rights reserved