kerala police
തിരുവനന്തപുരം: കേരളാ പോലീസില്‍ സ്ത്രീ പീഡനക്കേസില്‍ ഉള്‍പ്പെട്ടവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവെന്ന് പുതിയ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ഗുരുതര സ്വഭാവദൂഷ്യത്തിന് നടപടി നേരിടുന്ന പോലീസുകാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 365 പോലീസുകാര്‍ക്കെതിരെയാണ് സ്വഭാവ ദൂഷ്യത്തിന് നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സ്ത്രീ പീഡനക്കേസുകളില്‍ അകപ്പെട്ട ഏതാണ്ട് 73 പോലീസുകാര്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയെടുത്തിട്ടുണ്ട്. കൂടാതെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പിണറായി അറിയിച്ചു. പുതിയ കണക്കുകള്‍ സംസ്ഥാനത്തെ പോലീസ് സേനയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടെന്ന് തെളിയിക്കുന്നതാണ്. വിഷയവുമായി ബന്ധപ്പെട്ട് ഭാവിയില്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് കരുതുന്നത്. സ്ത്രീ പീഡനക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട 73 പേരില്‍ 33 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. കൊല്ലം ജില്ലയില്‍ നിന്ന് മൂന്നു പേര്‍, പത്തനംതിട്ട ജില്ലയില്‍ നിന്ന് നാലു പേര്‍, ആലപ്പുഴ ജില്ലയില്‍ നിന്ന് നാലു പേര്‍, ഇടുക്കി ജില്ലയില്‍ നിന്ന് രണ്ടു പേരും സ്ത്രീ പീഡന കേസില്‍ പ്രതികളാണ്. എറണാകുളം സിറ്റിയില്‍ ആറു പേര്‍, എറണാകുളം റൂറലില്‍ ഒരാള്‍, തൃശൂര്‍ ജില്ലയില്‍ നിന്ന് രണ്ടു പേര്‍, പാലാക്കാട് ജില്ലയില്‍ നിന്ന് ഏഴു പേര്‍, മലപ്പുറം ജില്ലയില്‍ നിന്ന് നാലു പേര്‍, കോഴിക്കോട് ജില്ലയില്‍ രണ്ടു പേര്‍, വയനാട് ജില്ലയില്‍ നിന്ന് ഒരാള്‍, കണ്ണൂരില്‍ നിന്ന് മൂന്ന് പേരും ക്രിമനല്‍ കേസ് പ്രതികളാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയെന്ന് ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍. അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരാണ്. ഇവര്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. അറസ്റ്റിലായത് ഡമ്മി പ്രതികളെന്ന വാദം തെറ്റാണെന്നും ഉത്തരമേഖല ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നതിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ ഗുഢാലോചനയും തെളിയിക്കുമെന്നും രാജേഷ് ദിവാന്‍ അറിയിച്ചു. ഇതുവരെ 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 55 സ്ഥലത്ത് പരിശോധന നടത്തി. ബാക്കിയുള്ള പ്രതികളും ഉടന്‍ അറസ്റ്റിലാവും. പോലീസ് അന്വേഷണത്തില്‍ സംശയമുള്ളവര്‍ക്ക് കോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാമെന്നും രാജേഷ് ദിവാന്‍ പറഞ്ഞു. നേരത്തെ പിടിയിലായ പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെല്ലെന്ന് വാദിച്ച് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തു വന്നിരുന്നു. ഈ വാദം തെറ്റാണെന്ന് ഉറപ്പിക്കുന്നതാണ് ഉത്തരമേഖല ഡിജിപിയുടെ പ്രസ്താവന. പിടിയിലായ ആകാശ് തില്ലങ്കേരിയും സിപിഎം നേതാക്കളുമായുള്ള ചിത്രങ്ങള്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കോഴിക്കോട്: ഇനി ജന്മദിനവും വിവാഹവാര്‍ഷികദിനവും കോഴിക്കോട്ടെ പൊലീസുകാര്‍ക്ക് വീട്ടുകാരോടപ്പം ആഘോഷമാക്കാം. ജന്മദിനത്തിലും വിവാഹ വാര്‍ഷിക ദിനത്തിലും പൊലീസുകാര്‍ക്ക് അവധി നല്‍കി ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് കോഴിക്കോട് സിറ്റി പൊലീസ്. മാനസികസംഘര്‍ഷം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ ഉത്തരവ് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് എസ്. മഹേഷ്‌കുമാര്‍ തിങ്കളാഴ്ച പുറപ്പെടുവിച്ചു. പൊലീസുകാരുടെ ജന്മദിനവും വിവാഹദിനവും ശേഖരിച്ച ശേഷം പുതിയ ഉത്തരവ് നിലവില്‍ വരും. പൊലീസ് സേനാംഗങ്ങള്‍ക്ക് നിലവില്‍ കാഷ്വല്‍, മെഡിക്കല്‍ അവധികള്‍ ഉള്‍പ്പെടെ ഒട്ടേറെ അവധികളുണ്ട്. ഇവയില്‍ പലതും പൊലീസുകാര്‍ക്ക് എടുക്കാന്‍ കഴിയാറില്ലെന്നതാണ് വാസ്തവം. ഗുരുതര ക്രമസമാധാന പ്രശ്‌നം ഒന്നുമില്ലെങ്കില്‍ പുതിയ ഉത്തരവ് പ്രകാരമുള്ള അവധി അനുവദിക്കണമെന്നാണ് നിര്‍ദേശം. മാനസിക പിരിമുറക്കവും കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളുമെല്ലാം പൊലീസുകാരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പ്രത്യേക അവധി ദിവസങ്ങള്‍ അനുവദിക്കാന്‍ കാരണം. നേരത്തെ ഇതു സംബന്ധിച്ച് കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പുതിയ ഉത്തരവ് നിലവില്‍ വന്നതോടെ ഇത്തരത്തില്‍ പ്രത്യേക അവധി നല്‍കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി കോഴിക്കോട് മാറി.
തിരുവനന്തപുരം: കേരള പോലീസിന് ഇനി മുതല്‍ ലാത്തിചാര്‍ജ് നടത്തിന്നതിന് പുതിയ സ്റ്റൈല്‍. ബ്രിട്ടിഷുകാര്‍ പഠിപ്പിച്ച പഴഞ്ചന്‍ രീതിയിലുള്ള ലാത്തിചാര്‍ജ് ഇനി പഴങ്കഥയാവും. പുതിയ സ്റ്റൈലില്‍ പരിശീലനം ലഭിച്ച ആദ്യ ബാച്ച് സേനാംഗങ്ങള്‍ ഡിജിപിക്ക് മുന്നില്‍ പ്രകടനം നടത്തി. പ്രതിഷേധകരെ വയറ്റിലും തലയ്ക്കും കഴുത്തിനുമൊക്കെ യാതൊരു ദയയുമില്ലാതെ പെരുമാറുന്ന ബ്രിട്ടിഷ് രീതി ഇനി മാറും. ഹെല്‍മെറ്റും ഷീല്‍ഡും ഉപയോഗിച്ച് പ്രതിഷേധകരെ പ്രതിരോധിക്കുന്ന പുതിയ രീതി യൂറോപ്പിയന്‍ സ്റ്റൈല്‍ ലാത്തിചാര്‍ജാണ്. പുതിയ പരിശീലന മുറപ്രകാരം ആക്രമണത്തേക്കാള്‍ പ്രതിരോധത്തിനായിരിക്കും കൂടുതല്‍ പ്രാമുഖ്യം നല്‍കുക. കളരിയും ചൈനീസ് ആയോധന കലയുമൊക്കെ ഉള്‍ച്ചേര്‍ന്ന പരിശീലനമാണ് പുതിയ ബാച്ചിന് നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍, കൊറിയന്‍ പൊലീസ് മാതൃകയില്‍ പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സേതുരാമനാണ് പുതിയ പരീശീലന രീതി തയ്യാറാക്കിയത്. പുതിയ രീതിക്ക് പെട്രോള്‍ ബോംബും പാറച്ചീളുകളും ഉപയോഗിച്ച് നടത്തുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ കഴിവുണ്ടാകുമോയെന്ന് കണ്ടറിയാം. സേതുരാമന്‍ വികസിപ്പിച്ചെടുത്ത് ശൈലിയിലാകും ഇനി വരുന്ന ബാച്ചുകളിലെ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കുക. വീഡിയോ കാണാം. https://www.youtube.com/watch?v=bPDk4uuPxtc  
RECENT POSTS
Copyright © . All rights reserved