kerala
കേരളത്തിലെ ക്രൈസ്തവ സഭയിൽ അടുത്ത കാലത്തുണ്ടായ സംഭവ വികാസങ്ങൾ യഥാർത്ഥ വിശ്വാസികൾക്ക് മനോവേദനയ്ക്കും ഇടർച്ചയ്ക്കും കാരണമാവുന്നു. തങ്ങൾ നൂറ്റാണ്ടുകളായി വിശ്വസിക്കുന്നതും പിന്തുടരുന്നതും ആചരിക്കുന്നതുമായ വിശ്വാസ സത്യങ്ങളെ പൊതുജനമദ്ധ്യത്തിൽ താറടിച്ചു കാണിക്കപ്പെടുന്ന സ്ഥിതിയിൽ അവർ തീർത്തും ദു:ഖിതരാണ്. സഭയെ നെഞ്ചോട് ചേർത്ത് കൊണ്ട് സഭയിലെ അപചയത്തിനെതിരെ പ്രതികരിക്കാൻ വെമ്പൽ കൊള്ളുകയാണ് യഥാർത്ഥ സഭാ വിശ്വാസികൾ. സഭാധികാരികളെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു തലമുറയുടെ പിൻതുടർച്ചക്കാർ സഭാ നേതൃത്വത്തെ അടിമുടി വിമർശിക്കുന്ന അവസ്ഥ സൃഷ്ടിച്ചതിന്റെ യഥാർത്ഥ ഉത്തരവാദിത്വത്തിൽ നിന്ന് മാറി നിൽക്കാൻ സഭാധികാരികൾക്ക് കഴിയില്ല എന്നവർ ഉറച്ചു വിശ്വസിക്കുന്നു. 1980 കളിൽ ദൈവവചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയുമെന്ന ബോർഡ് തൂങ്ങിയപ്പോൾ തന്നെ യഥാർത്ഥ വിശ്വാസികൾ സഭയുടെ മുൻനിരയിൽ നിന്ന് തള്ളപ്പെട്ടു. ദൃഡമായ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമായി കഴിഞ്ഞിരുന്ന പാരമ്പര്യവാദികളായ വിശ്വാസികളെ പുതിയ ശുശ്രൂഷയുടെ അത്ഭുത പ്രവർത്തകർ വെട്ടിമാറ്റി. സഭയ്ക്കെതിരെ പ്രതികരിക്കാൻ ഉള്ളിലെ ദൈവഭയം യഥാർത്ഥ വിശ്വാസികളെ അനുവദിക്കാത്തത് ഇവർ മുതലെടുത്തു. രോഗശാന്തി ശുശ്രൂഷയെയും ധ്യാനകേന്ദ്രങ്ങളെയും സഭ വളർത്താൻ ഉപയോഗിക്കുന്ന സഭാ നേതൃത്വത്തെയാണ് പിന്നെ ദൃശ്യമായത്. ഇതിനെ എതിർത്തിരുന്ന വൈദികർക്കും വിശ്വാസികൾക്കും സഭയിൽ സ്ഥാനമില്ല എന്ന സ്ഥിതി വന്നു. സഭയും വളരും പണവും വരും എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ഈ കൂട്ടുകൃഷിയും വളർന്നു. വിശ്വാസ പ്രമാണങ്ങളുടെ അന്ത:സത്ത തകർക്കുന്ന രീതിയിൽ രോഗശാന്തി ശുശ്രൂഷകൾ ലോകത്തെമ്പാടും വിശ്വാസത്തിന്റെ മൊത്തക്കച്ചവടക്കാർ വിറ്റഴിച്ചു. പണമെത്തിയതോടെ ആളും കൂടി. വിദേശ രാജ്യങ്ങളിലൊക്കെ ഇത് വൻ ബിസിനസാക്കി മാറ്റി. ദീർഘകാല വിസയും സംഘടിപ്പിച്ച് ലോകമെങ്ങും കറങ്ങി നടന്ന് വിശ്വാസികളെ നവീകരിക്കുന്ന അഭിനവ പ്രവാചകന്മാർ പണിതു കൂട്ടിയത് മണിമന്ദിരങ്ങളും ബിസിനസ് സാമ്രാജ്യങ്ങളും. ഇവരുടെ അനിയന്ത്രിതമായ വളർച്ചയെ തടയാനാവാത്ത രീതിയിൽ അത്ഭുത സിദ്ധികൾ സമൂഹത്തിൽ  വിറ്റഴിക്കപ്പെട്ടതിനാൽ സഭാ നേതൃത്വവും പരോക്ഷമായി ഇതിന് പിന്തുണ നല്കി. പാരമ്പര്യ മൂല്യങ്ങളെ കാറ്റിൽ പറത്തി സ്വന്തം സ്വാർത്ഥതയുടെയും വ്യക്തി ചിന്തകളുടെയും വിത്തുകൾ കുടുംബങ്ങളിലും സമൂഹത്തിലും പാകിയ പ്രഘോഷകർ യഥാർത്ഥ വിശ്വാസ മൂല്യങ്ങൾ വിശ്വാസികൾക്ക് അന്യമാക്കി. ആത്മീയതയ്ക്ക് പ്രാമുഖ്യം നല്കി ഭൗതിക ദാരിദ്യം വ്രതമാക്കിയ സന്യസ്ഥരായിരുന്നു സഭാ സമൂഹങ്ങളുടെ മുതൽക്കൂട്ട്. ഇന്ന് സ്ഥിതിയാകെ മാറി. ഇന്ന് ഏറ്റവും കൂടുതൽ വസ്തുവകളും ബാങ്ക് ബാലൻസും ഉള്ള സഭകൾ പ്രേഷിത വേലയ്ക്കു പകരം സ്വയം പോഷിപ്പിക്കുന്ന വൻ ബിസിനസുകളായി മാറി. ബിഷപ്പ് ഫ്രാങ്കോ ഉൾപ്പെട്ട പീഡനാരോപണത്തിന്റെ പേരിൽ അന്താരാഷ്ട്രതലത്തിൽ വരെ കേരളത്തിലെ ക്രൈസ്തവ സഭ വിചാരണ ചെയ്യപ്പെടുന്നതിൽ തങ്ങളുടെ ആത്മരോഷം വിശ്വാസികൾ പ്രകടിപ്പിക്കുന്നത് സ്വഭാവികം മാത്രം. വിശ്വാസികളെ എന്നും വരച്ച വരയിൽ നിർത്തിയിരുന്ന സഭാധികാരികളിൽ ചിലരെങ്കിലും അവരുടെ മേൽക്കോയ്മ ദുരുപയോഗം ചെയ്തു. തെമ്മാടിക്കുഴി കാണിച്ച് പേടിപ്പിച്ചു നിർത്തപ്പെട്ട പഴയ തലമുറയല്ല ഇപ്പോഴുള്ളതെന്ന് അവർ മനസിലാക്കി തുടങ്ങിയിരിക്കുന്നു. വിശ്വാസികളെ സാമൂഹിക ജീവിതത്തിൽ നിന്ന് കഴിയുന്നതും അകറ്റി നിർത്തി സ്വയം സൃഷ്ടിച്ചെടുത്ത ചട്ടക്കൂടുകളിൽ തളച്ചിടാൻ സഭാധികാരികൾ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. സഭാ വിശ്വാസികളെ നേർവഴിയ്ക്കു നയിയ്ക്കേണ്ടവരെ വിശ്വാസികൾ കൈ പിടിച്ചു ശരിയായ പാത കാണിച്ചു കൊടുക്കേണ്ട സ്ഥിതിയാണിപ്പോൾ. വിശ്വാസികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്കും പരാതികൾക്കും പരിഹാരം കാണാൻ സഭാനേതൃത്വം എന്നും വിമുഖത പുലർത്തിയിരുന്നു. അതിനെതിരെ ശബ്ദിച്ചവരെ നിശബ്ദമാക്കുവാൻ അവർക്ക് എളുപ്പം കഴിഞ്ഞു. വചന പ്രഘോഷണത്തിന്റെയും രോഗശാന്തിയുടെയും പാത പിന്തുടർന്ന് ഉൾവിളിയോടെ വിശ്വാസത്തിലേയ്ക്ക് എടുത്തു ചാടിയ ഒരു പറ്റം ആളുകൾ പലയിടങ്ങളിലും സഭയെ ഹൈജാക്ക് ചെയ്തു. സഭാധികാരികളോട് ചേർന്ന് സഭാ ഭരണം നിയന്ത്രിക്കാൻ വേറെ കുറെയാളുകളും മിക്ക സ്ഥലത്തുമുണ്ട്. എന്നാൽ ഭൂരിപക്ഷം വരുന്ന യഥാർത്ഥ വിശ്വാസികളും സന്യസ്തരും ഇതിൽ ഒന്നും ഉൾപ്പെടാത്തവരാണ്. എന്നാൽ ഇവർക്ക് സഭാ ഭരണത്തിന്റെ അടുത്തെങ്ങും എത്താൻ പറ്റില്ല. നിയന്ത്രണയെല്ലാം തന്ത്രങ്ങളുടെ ചാണക്യന്മാരായ ഉപജാപക വൃന്ദത്തിന്റെ കൈകളിലാണ്. ജനനം മുതൽ തങ്ങളുടെ ആത്മീയ യാത്രയുടെ ഭാഗമായ, സഭാ സംവിധാനത്തെ തകർക്കുന്ന ശക്തികൾക്കെതിരെ വിശ്വാസികൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. സഭയെ സ്വതന്ത്രമാക്കൂ, ഞങ്ങൾ സഭയ്ക്കൊപ്പം എന്ന സന്ദേശമുയർത്തി ലോകമെമ്പാടും വിശ്വാസികൾ സംഘടിച്ചു കഴിഞ്ഞു. കേരളത്തിലും പ്രവാസ ക്രൈസ്തവ സഭകളിലും ഇതിന്റെ അലയൊലികൾ ഉയർന്നു കഴിഞ്ഞു. നിശബ്ദരായിരുന്നവർ ഒരുമിക്കുകയാണ്. സഭയുടെ പാരമ്പര്യങ്ങളും വിശ്വാസ സത്യങ്ങളും മുറുകെ പിടിച്ചു കൊണ്ട് മുന്നേറുന്ന വിശ്വാസികളുടെ ഒരു വിമോചന പ്രസ്ഥാനമാണ് ഉടലെടുക്കുന്നത്. നീതി നിഷേധത്തിനെതിരെ തെരുവിൽ പ്രതിഷേധിക്കാനുള്ള കന്യാസ്ത്രീകളുടെ ധീരമായ തീരുമാനം കേരള സഭയുടെ ചരിത്രത്തിൽ മാത്രമല്ല, ലോക ചരിത്രത്തിലും സ്ഥാനം പിടിക്കുകയാണ്. ഇവിടെ ആര് തെറ്റ് ചെയ്തു എന്നുള്ളത് നീതീ പീഠം തീരുമാനിക്കും. എന്നാൽ വിശുദ്ധ ബലിപീഠങ്ങളിൽ നിന്നു കൊണ്ട് ആയിരക്കണക്കിന് വിശ്വാസികൾക്കായി പ്രബോധനങ്ങളും ഇടയലേഖനങ്ങളും അടിച്ചേൽപ്പിക്കുന്നവരുടെ മൂല്യച്യുതി വിശ്വാസികൾക്ക് ദഹിക്കുന്നതിലും അപ്പുറമാണ്. സഭയിലെ ഇന്നത്തെ പ്രതിസന്ധിയ്ക്കു കാരണം വിശ്വാസികൾ അല്ല, സഭാ നേതൃത്വം തന്നെയാണ് എന്ന് പകൽ പോലെ വ്യക്തം.  
ബിനോയി ജോസഫ് ജന്മനാട് കണ്ണീരണിഞ്ഞപ്പോൾ വേദനിച്ചത് ലോകമെമ്പാടുമുള്ള മലയാളി സമൂഹമാണ്. പ്രളയജലം തല്ലിക്കെടുത്തിയത് 300 ലേറെ ജീവനുകൾ. ഏഴു ലക്ഷത്തിലേറെപ്പേർ ക്യാമ്പുകളിൽ കഴിയുന്നു. കണക്കാക്കിയിരിക്കുന്ന നഷ്ടം 20,000 കോടി രൂപയിലേറെ. കേരളം കണ്ട ഏറ്റവും വലിയ ദുരന്തം. പ്രളയജലം പിൻവാങ്ങുമ്പോൾ കേരളം തന്നെ പുനർനിർമ്മിക്കേണ്ട അവസ്ഥയിലാണ്. കേരള ജനത ദുരിതത്തിൽ ഉഴലുമ്പോൾ വിങ്ങിപ്പൊട്ടിയത് പ്രവാസികളുടെ ഹൃദയമാണ്. തങ്ങളുടെ ഉറ്റവരെയും സുഹൃത്തുക്കളെയും ഓർത്തുള്ള ആധിയിലാണ് മിക്കവരും. സമ്മർ അവധിക്കാലത്ത് യുകെയിൽ നിന്ന് നാട്ടിലേയ്ക്ക് പോയ നിരവധി കുടുംബങ്ങളും പ്രളയത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. നാട്ടിൽ അവധിയാഘോഷിക്കാൻ എത്തിയ കേംബ്രിഡ്ജിലെ കൗൺസിലറായ ബൈജു വർക്കി തിട്ടാല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുൻ നിരയിലുണ്ട്. ക്യാമ്പുകളിൽ ഉള്ളവർക്ക് ദൈനംദിന ആവശ്യങ്ങൾക്കുള്ള മരുന്നുകളും ഭക്ഷണ സാധനങ്ങളും എത്തിക്കുന്ന തിരക്കിലാണ് അദ്ദേഹം. മൂന്നു ദിവസങ്ങൾ ഉറക്കം പോലും ഉപേക്ഷിച്ചാണ് അദ്ദേഹം ക്യാമ്പുകളിൽ പ്രവർത്തിച്ചത്. ആർപ്പൂക്കര പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. കരളലിയിക്കുന്ന ദൃശ്യങ്ങളാണ് ചുറ്റുമെന്ന് ബൈജു മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. വീടുകൾ നഷ്ടപ്പെട്ടവർ നിരവധിയാണ്. ഉപജീവനമാർഗമായ വളർത്തുമൃഗങ്ങളും വീട്ടുപകരണങ്ങളും കൃഷിയും നശിച്ചവർ നിരവധി. ക്യാമ്പുകളിൽ അത്യാവശ്യം വേണ്ട ഭക്ഷണ സാധനങ്ങൾ ലഭ്യമാണ്. യുകെയിൽ നിന്ന് മലയാളി കുടുംബങ്ങളുടെ സഹായത്താൽ രണ്ടു ലക്ഷത്തോളം രൂപയുടെ ഭഷ്യസാധനങ്ങളും മരുന്നുകളും നല്കാനായതായി അദ്ദേഹം പറഞ്ഞു. ബോൾട്ടൺ മലയാളി അസോസിയേഷൻ 50,000 രൂപയുടെ മരുന്നുകളാണ് എത്തിച്ചത്. ക്യാമ്പുകളിൽ കഴിയുന്നവർ വീടുകളിൽ തിരിച്ച് ചെയ്യുമ്പോൾ അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനുള്ള പ്രയത്നത്തിലാണ് ബൈജു ഇപ്പോൾ. ഇതിന് സാമ്പത്തിക സഹായങ്ങൾ കൂടുതലായി ആവശ്യമുണ്ട്. സാമ്പത്തികമായി സഹായിക്കാൻ താത്പര്യമുള്ളവർ ബൈജു വർക്കി തിട്ടാലയെ 00919605572145 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. നല്കുന്ന തുകയ്ക്ക് ലഭ്യമാകുന്നത്ര അരി, പയർ, പഞ്ചസാര, മരുന്നുകൾ തുടങ്ങിയവ അവശ്യ സാധനങ്ങള്‍ അർഹരായവർക്ക് ബൈജു എത്തിച്ചു നല്കും. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പമാണ് ബൈജു പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നത്. കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെയും ദുരിതത്തിന്റെ വാർത്തകൾ മാധ്യമങ്ങളിൽ കണ്ട കേംബ്രിഡ്ജ് എം.പി ഡാനിയേൽ സെയ്നർ ബൈജുവുമായി സംസാരിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കേംബ്രിഡ്ജ് മേയറും ഡെപ്യൂട്ടി മേയറും കൗൺസിലിലെ ലേബർ പാർട്ടി ലീഡറായ ലൂയിസ് ഹെർബേട്ടും ബൈജുവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു. കേരളത്തിന് സഹായം നല്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി തെരേസ മേയ്ക്ക് കേംബ്രിഡ്ജ് കൗൺസിലിലെ ലേബർ അംഗങ്ങൾ കത്തയച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.10 അടിയായി വർദ്ധിച്ചു. ഇതേത്തുടർന്ന് ചെറുതോണി ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതിശക്തമായ മഴയെത്തുടർന്ന് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടിയതിനെത്തുടർന്നാണ് തീരുമാനം. ചെറുതോണിയിൽ നിന്ന് പുറത്തേയ്ക്ക് വിടുന്ന ജലം 300ൽ നിന്ന് 600 ക്യുമെക്സ് ആക്കും. നേരത്തെ തുറന്നിരുന്ന ആറ് ഷട്ടറുകളിൽ മൂന്നെണ്ണം ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് അടച്ചിരുന്നു. മലബാറിൽ പലയിടങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. മൂന്നാറും വയനാടും ഒറ്റപ്പെട്ടിരിക്കുകയാണ്. വയനാട്ടിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കണ്ണൂരിന്റേയും മലപ്പുറത്തിന്റേയും കോഴിക്കോടിന്റേയും മലയോര മേഖലയില്‍ നിരവധി ഉരുള്‍പൊട്ടലുകളുണ്ടായി. മൂന്നാര്‍ നഗരം ഒറ്റപ്പെട്ടു. വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 210 സെന്റീമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഡാം തുറന്നപ്പോള്‍ ജലനിരപ്പുയര്‍ന്ന സ്ഥലങ്ങളിലൊക്കെ ജലനിരപ്പ് ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. വയനാട് മക്കിമലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഇതേത്തുടര്‍ന്ന് തലപ്പുഴ ചുങ്കത്ത് വെള്ളം കയറുകയാണ്. കുറിച്യര്‍ മലയില്‍  മൂന്നാം തവണയും ഉരുള്‍പൊട്ടലുണ്ടായി.
ന്യൂസ് ഡെസ്ക് കേരളത്തിൽ അതിക്രൂരമായ പീഡനങ്ങൾ ആനകൾക്ക് നേരിടേണ്ടി വരുന്നതിനെതിരെ ലണ്ടനിൽ വൻ പ്രതിഷേധം നടന്നു. എലിഫൻറ് വെൽഫയർ കാമ്പയിനേഴ്സാണ് ലോകത്തിൽ നടക്കുന്നതിൽ വച്ച് ഏറ്റവും ക്രൂരമായ പീഡനമുറയാണ് കേരളത്തിൽ നടക്കുന്നതെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അമ്പലങ്ങളിൽ ഉത്സവ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആനകളെ അടിമളെപ്പോലെ ആണ് പരിഗണിക്കുന്നതെന്നും ദേഹോപദ്രവം ഏല്പിക്കുകയും മുറിവുകൾ ഉണ്ടാക്കുകയും ദിവസങ്ങളോളം ചങ്ങലയ്ക്കിട്ട് ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ആവശ്യത്തിന് ഭക്ഷണം പോലും കൊടുക്കാറില്ല. ആനകളുടെ ദയനീയമായ സാഹചര്യങ്ങൾ വിവരിക്കുന്ന ചിത്രങ്ങൾ പ്ളാക്കാർഡുകളിൽ പതിപ്പിച്ചാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ മുന്നിൽ നൂറുകണക്കിനാളുകൾ ഒത്തുചേർന്നത്. നിരവധി സെലബ്രിറ്റികളും എംപിമാരും മൃഗസ്നേഹികളും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ നാട്ടാനകളുള്ള സംസ്ഥാനമായ കേരളത്തിൽ നടക്കുന്ന ക്രൂരമായ പീഡനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോമൺവെൽത്ത് സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിൽ ഉള്ള മോദിക്ക് പ്രതിഷേധ കൂട്ടായ്മയുടെ സംഘാടകർ കത്ത് കൈമാറിയിട്ടുണ്ട്. മൃഗപീഡനത്തിന്റെ ഗ്രൗണ്ട് സീറോയാണ് കേരളമെന്നാണ് പ്രതിഷേധക്കാർ വിശേഷിപ്പിച്ചത്. ഇരുമ്പിന്റെ കൊളുത്തുകളും വടിയും ചാട്ടയും ചങ്ങലയും തീയും വരെ ആനയെ പീഡിപ്പിക്കുന്നതിനായി ഉപയോഗിക്കുകയാണെന്ന് പ്രധാനമന്ത്രിയ്ക്ക് നല്കിയ നിവേദനത്തിൽ പറയുന്നു. പീഡനങ്ങൾ നിയന്ത്രിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ടൂറിസ്റ്റുകൾ കേരളത്തെ ബഹിഷ്കരിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാകുമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഇൻഷുറൻസ് തുക കൈക്കലാക്കാനായി ആനകളെ പീഡിപ്പിച്ച് കൊല്ലുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മനോഹരമായി അലങ്കരിക്കപ്പെട്ട് ഉത്സവത്തിൽ എഴുന്നള്ളിക്കപ്പെടുന്ന ആനകളുടെ കാണാമറയത്തുള്ള ദുരിതങ്ങൾ ഹൃദയഭേദകമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.  ആനകളെ ഭയപ്പെടുത്തി മനുഷ്യന്റെ നിയന്ത്രണത്തിലാക്കാൻ ഉപയോഗിക്കുന്ന ക്രൂരമായ മുറകൾ മാനവരാശിക്ക് തന്നെ നാണക്കേടാണ്. പൊട്ടിയൊലിക്കുന്ന വ്രണങ്ങളും  ചങ്ങലപ്പാടുകളിൽ നിന്ന് രക്തം വാർന്നൊഴുകുന്നതും കേരളത്തിലെ നാട്ടാനകളുടെ ജീവിതത്തിൽ ഒരു പതിവു കാര്യമാണ്. ഉത്സവത്തിനുപയോഗിച്ചിരുന്ന 58 ആനകളാണ് കഴിഞ്ഞ രണ്ടു വർഷക്കാലത്തിൽ കേരളത്തിൽ ചെരിഞ്ഞത്. ആവശ്യമായ ഭക്ഷണവും വെള്ളവും നല്കാത്തതും കൊടുംചൂടിൽ നൂറുകണക്കിന് കിലോമീറ്ററുകൾ നടത്തുന്നതും ആനകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ആനകൾക്ക് വേണ്ട സംരക്ഷണം നല്കാൻ മൃഗസംരക്ഷണ നിയമങ്ങൾ കർശനമായി പാലിക്കാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറാകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
മലയാളം യുകെ ന്യൂസ് സ്പെഷ്യല്‍ കേരളത്തില്‍ ഏറ്റവുമധികം ഭൂസ്വത്ത് കൈവശം വച്ചിരിക്കുന്നത് ടാറ്റ കമ്പനിയാണെന്നാണ് നമ്മള്‍ ധരിച്ചിരിക്കുന്നത്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ ടാറ്റ കമ്പനിയുടെ കൈവശം ഭൂസ്വത്തുമായി ബന്ധപ്പെട്ട് പല രാഷ്ട്രീയ ഭൂകമ്പങ്ങളും ഉണ്ടായിട്ടുണ്ട്. കരം അടക്കുന്നതിന്റെ ഇരട്ടിയിലധികം സ്ഥലം ടാറ്റ കൈവശം വച്ചിട്ടുണ്ടെന്നാണ് വിവാദത്തിന് അടിസ്ഥാനം. എന്നാല്‍ ബ്രിട്ടീഷ് രാജ്ഞിയാണ് കേരളത്തിലെ ഏറ്റവും വലിയ ഭൂവുടമയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒരു ലക്ഷത്തിലധികം ഏക്കര്‍ സ്ഥലത്തിനാണ് ഓരോ വര്‍ഷവും രാജ്ഞിയുടെ പേരില്‍ കേരള സര്‍ക്കാരിന് കരം അടയ്ക്കുന്നത്. ഒരു തുണ്ടു ഭൂമിക്കുവേണ്ടി ആദിവാസികളും സാമൂഹികമായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവരും സമര കോലാഹലങ്ങളുമായി വര്‍ഷങ്ങളായി മാറി മാറി വരുന്ന സര്‍ക്കാരുകളുടെ കാരുണ്യത്തിന് കാത്തു കിടക്കുമ്പോഴാണ് കേരളത്തിന്റെ ഇത്രയധികം മണ്ണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ റാണി കൈവശം വെച്ചിരിക്കുന്നത്. ബ്രിട്ടീഷ് കമ്പനിയായ ഹാരിസണ്‍ മലയാളത്തിന്റെ ഭൂസ്വത്തുക്കളാണ് ബ്രിട്ടീഷ് രാജ്ഞിക്ക് സ്വന്തമായിരിക്കുന്നത്. ഹാരിസണ്‍ മലയാളത്തെ കമ്പനീസ് ആക്ട് പ്രകാരം ബ്രിട്ടീഷ് സര്‍ക്കാര്‍ പിരിച്ചു വിട്ടതിനെ തുടര്‍ന്ന് സ്ഥാവര ജംഗമ വസ്തുക്കള്‍ ബ്രിട്ടന്റെ രാഷ്ട്രത്തലവയായ എലിസബത്ത് രാജ്ഞിക്ക് സ്വന്തമാകുകയായിരുന്നു. കമ്പനിയുടെ സ്വത്തുവകകള്‍ ബ്രിട്ടീഷ് രാജ്ഞിയുടെ പേരിലാക്കി കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്ഞിയുടെ പേരിലാണ് കരം അടയ്ക്കുന്നത്. കേരളത്തിലെ ആദ്യ ഇടതുപക്ഷ മന്ത്രിസഭ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയപ്പോള്‍ മധ്യവര്‍ഗത്തില്‍പ്പെട്ട ഭൂവുടമകള്‍ നിയമത്തിന്റെ പരിധിയില്‍ വന്നെങ്കിലും കമ്പനി രൂപീകരിച്ച് പ്ലാന്റേഷന്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്ന വന്‍ തോക്കുകള്‍ക്ക് ഒരു പരുക്കു പറ്റാതെ രക്ഷപ്പെടും. ഭൂരഹിതരായ ആയിരങ്ങള്‍ ഉണ്ടെങ്കിലും ഇത്രയധികം ഭൂമി ബ്രിട്ടീഷ് രാജ്ഞിയുടെ പേരില്‍ കിടക്കുന്നതിനെ ഭരണപ്രതിപക്ഷ കക്ഷികളോ കേന്ദ്ര സര്‍ക്കാരോ കണ്ട ഭാവമില്ല. ബ്രിട്ടീഷ് രാജ്ഞിയുടെ പേരിലുള്ള സ്ഥലം തിരിച്ചുപിടിക്കാന്‍ ഉതകുന്ന രാജമാണിക്യം റിപ്പോര്‍ട്ട് ചില തത്പര കക്ഷികള്‍ പൂഴ്ത്തി വച്ചിരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ഇതിനു പുറമെ ഹാരിസണ്‍ മലയാളത്തിന്റെ പേരില്‍ വിവിധ ബാങ്കുകളില്‍ നിന്ന് അനുവദിച്ച നൂറുകോടിയിലധികം വരുന്ന വായ്പാത്തുക കമ്പനി പിരിച്ചുവിട്ട സ്ഥിതിക്ക് ഇനിയും ആര് തിരിച്ചടയ്ക്കും എന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. നിയമപ്രകാരം ബ്രിട്ടീഷ് രാജ്ഞിയാണ് വായ്പ തിരിച്ചടയ്ക്കേണ്ടത്. കൃത്യമായ രേഖകളോ കരം കെട്ടിയ രസീതോ ഇല്ലാതെയാണ് ബാങ്കുകള്‍ വായ്പകള്‍ അനുവദിച്ചതിനാല്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോകുക ദുഷ്‌കരമാണ്.
RECENT POSTS
Copyright © . All rights reserved