ksrtc
ഒരു മാസത്തെ മാത്രം ആയുസ്സ് ... തന്റെ ജീവിത സഖിയായി മിന്നുകെട്ടി കൂടെ കൂടിയ പ്രിയതമയുടെ ചേതനയറ്റ ശരീരം കണ്ടപ്പോൾ സ്‌നിജോ പൊട്ടിക്കരഞ്ഞില്ല... പക്ഷേ, വേദന കടിച്ചമർത്തി  നിർവികാരതയോടെയും മ്ലാനമായ മുഖത്തോടെയും നിറ കണ്ണുകളോടും അനുവിന്റെ സമീപത്തിരുന്നു. കാണുന്ന ഓരോരുത്തരുടെയും മനസ് തകരുന്ന കാഴ്ച്ച. ഒരുമിച്ചുള്ള ഒരുമാസത്തെ ജീവിതത്തിന്റെ ഓര്‍മകള്‍ മിന്നിമറയുന്ന മനസ്സുമായി. പറക്കാൻ തുടങ്ങും മുൻപേ പറന്നകന്ന തന്റെ പാതി.. വ്യാഴാഴ്ച പുലര്‍ച്ചെ അവിനാശിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച എയ്യാല്‍ സ്വദേശിനി അനുവിനു വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നാട് കണ്ണീരോടെ വിട നല്‍കി. ഞായറാഴ്ച ഖത്തറിലെ ജോലി സ്ഥലത്തേക്ക് മടങ്ങുന്ന സ്‌നിജോയെ കാണാനായിരുന്നു അനു ലീവെടുത്ത് ബുധനാഴ്ച രാത്രി ബെംഗളൂരുവില്‍ നിന്നു ബസില്‍ നാട്ടിലേക്ക് പുറപ്പെട്ടത്.പ്രിയതമനെ ഒരു നോക്ക് കാണാന്‍ പുറപ്പെട്ട ആ യാത്ര ഇനി ഒരിക്കലും കാണാന്‍ കഴിയാത്ത അന്ത്യയാത്രയായി മാറി. അവിനാശിയില്‍ നിന്ന് അനുവിന്റെ മൃതദേഹം വ്യാഴാഴ്ച സന്ധ്യയോടെ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനു സമീപം ഭര്‍ത്താവ് വാഴപ്പിള്ളി വീട്ടില്‍ സ്‌നിജോയുടെ വീട്ടിലാണ് ആദ്യമെത്തിച്ചത്. തുടര്‍ന്ന് ഇവിടെ നിന്ന് ഇടവക പള്ളിയായ എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിലേക്കും രാത്രി എയ്യാലിലെ അനുവിന്റെ സ്വന്തം വീട്ടിലും എത്തിച്ചു. ശ്രൂശ്രൂഷകളില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ടോണി നീലങ്കാവില്‍, എരുമപ്പെട്ടി ഫൊറോന വികാരി ഫാ. ജോയ് അടമ്പുകുളം, എയ്യാല്‍ പളളി വികാരി ഫാ. ആന്റണി അമ്മുത്തന്‍ എന്നിവര്‍ കാര്‍മികരായി. മന്ത്രി എ.സി. മൊയ്തീന്‍, രമ്യ ഹരിദാസ് എംപി തുടങ്ങി ഒട്ടേറെ ജനപ്രതിനിധികളും അന്ത്യോപാചാരമര്‍പ്പിക്കാന്‍ വീട്ടിലെത്തി. എയ്യാല്‍ സെന്റ് ഫ്രാന്‍സിസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ഒരു പിടി മണ്ണും ഇട്ട് ഉടയവർ പിരിയുമ്പോൾ ഇനിയാർക്കും ഇത്തരം അനുഭവം നൽകല്ലേ എന്ന് ഉള്ളുരുകി ഒരുമനസ്സോടെ പ്രാർത്ഥിക്കുന്ന ഒരു സമൂഹത്തെ കാണുമാറായി..
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ സമരത്തില്‍.തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, ജില്ലകളിലാണ് ജീവനക്കാര്‍ മിന്നല്‍ സമരം പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. തിരുവനന്തപുരത്ത് ജീവനക്കാരുടെ മിന്നല്‍ സമരം നടന്നതിന് പുറകെയാണ് മറ്റു ജില്ലകളിലേക്ക് കൂടി സമരം വ്യാപിച്ചത്. റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം. വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന ഉപരോധ സമരത്തില്‍ നേരിയതോതില്‍ സംഘര്‍ഷമുണ്ടായി. കുടുംബശ്രീ ജീവനക്കാര്‍ കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയാനായി കൗണ്ടറുകള്‍ക്ക് മുന്നിലാണ് ഇവര്‍ സമരം നടത്തിയത്. ഇതേത്തുടര്‍ന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോളാണ് സംഘര്‍ഷമുണ്ടായത്.
കണ്ണൂര്‍: കെഎസ്ആര്‍ടിസിയില്‍ മുപ്പത് ശതമാനത്തോളം പേര്‍ പണിക്ക് കൊള്ളാത്തവരെന്ന് എംഡി ടോമിന്‍ തച്ചങ്കരി. കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് തച്ചങ്കരിയുടെ പ്രസ്താവന. കെഎസ്ആര്‍ടിസിയെ കരകയറ്റുകയെന്ന ദൗത്യം പൂര്‍ത്തിയാക്കുമെന്നും പുതുതായി ചുമതലയേറ്റ എംഡി വ്യക്തമാക്കി. ദീര്‍ഘകാല അവധിയിലുള്ള ജീവനക്കാരെ പിരിച്ചു വിടുമെന്നും തൊഴിലെടുക്കാതെയുള്ള അഭ്യാസം ഇനി കെ എസ് ആര്‍ ടി സിയില്‍ നടക്കില്ലെന്നും തച്ചങ്കരി പറഞ്ഞു. സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നുപോയികൊണ്ടിരിക്കുന്നത്. ഇത് മറികടക്കുമെന്നും എംഡി പറഞ്ഞു. താന്‍ ഒരുദൗത്യം ഏറ്റെടുത്താല്‍ വിജയിപ്പിക്കും. കൂട്ട ഭരണം അനുവദിക്കില്ല. നമ്മള്‍ സഹപ്രവര്‍ത്തകരാണ്. എന്നാല്‍, ഉമ്മാക്കി കാട്ടി വിരട്ടാന്‍ നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയ അതിവേഗ ബസുകളില്‍ യാത്രക്കാര്‍ നിന്ന് യാത്ര ചെയ്യുന്നത് ഹൈക്കോടതി വിലക്കി. എക്സ്പ്രസ്, ഡീലക്സ്, സൂപ്പര്‍ ഡീലക്സ് ബസുകള്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഉയര്‍ന്ന നിരക്ക് നല്‍കുമ്പോള്‍ യാത്രക്കാരന് ഇരുന്ന് യാത്രചെയ്യാന്‍ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ബസ്ചാര്‍ജ് വര്‍ധന മരവിപ്പിക്കുക, മോട്ടോര്‍ വാഹന ചട്ടം കൃത്യമായി പാലിക്കാന്‍ നിര്‍ദ്ദേശിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ ഹര്‍ജിയിലാണ് നടപടി. എന്നാല്‍ ബസ് ചാര്‍ജ് വര്‍ധനവ് മരവിപ്പിക്കാനുള്ള ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല. മോട്ടോര്‍ വാഹന ചട്ടം കൃത്യമായി പാലിക്കണം എന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ചെറിയ ദൂരത്തില്‍ യാത്ര ചെയ്യുന്നവരാണ് നിന്ന് യാത്ര ചെയ്യുന്നതെന്ന് കെഎസ്ആര്‍ടിസി വാദിച്ചെങ്കിലും അത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഇന്ന് യോഗം ചേരും. മന്ത്രി എ.കെ.ശശീന്ദ്രന്‍, ഗതാഗത വകുപ്പിലെയും കെഎസ്ആര്‍ടിസിയിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. അതേസമയം പെന്‍ഷന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് രണ്ടു പേര്‍ ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ് ബാബു, നേമം സ്വദേശി കരുണാകരന്‍ എന്നിവരാണ് ജീവനൊടുക്കിയത്. ഇവരുടെ പെന്‍ഷന്‍ മാസങ്ങളായി മുടങ്ങി കിടക്കുകയായിരുന്നു. നടേശ് ബാബുവിനെ ബത്തേരിയിലെ ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ചനിലയില്‍ മെഡിക്കല്‍ കോളജിലെത്തിച്ച കരുണാകരന്‍ നായര്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണു മരിച്ചത്. അതേസമയം ഫെബ്രുവരി വരെയുള്ള ആറുമാസത്തെ പെന്‍ഷന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തില്‍ തീരുമാനം എടുത്തിരിന്നു. സഹകരണ വകുപ്പിന്റെ സഹായത്തോടെ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ കുടിശ്ശിക നല്‍കാനാണ് യോഗത്തില്‍ തീരുമാനിച്ചിരുന്നത്. ഇതു പ്രകാരം ഏതാണ്ട് 284 കോടി രൂപയോളം സഹകരണ വകുപ്പില്‍ നിന്ന് പെന്‍ഷന്‍ നല്‍കാനായി അനുവദിക്കും. ഏതാണ്ട് 15 ഓളം പേരാണ് പെന്‍ഷന്‍ മുടങ്ങിയതു കാരണം ആത്മഹത്യ ചെയ്തതെന്നാണ് കെസ്ആര്‍ടിസി യൂണിയനുകളുടെ കണക്ക്.
Copyright © . All rights reserved