law
യുകെയില്‍ അവയവ മാറ്റങ്ങള്‍ക്കായി തയ്യാറാക്കിയ ഓര്‍ഗന്‍ ഡോണര്‍ ബില്‍ നിയമമാകുന്നു. അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്കായി കാത്തിരിക്കുന്ന രോഗികള്‍ക്കു വേണ്ടി തയ്യാറാക്കിയ ബില്‍ കുറച്ചു ദിവസങ്ങള്‍ക്കുളളില്‍ നിയമമായി മാറുമെന്ന് ക്യാംപെയിനര്‍മാര്‍ അറിയിച്ചു. ബില്‍ രാജ്ഞിയുടെ അനുമതി ലഭിക്കുന്നതിനു മുമ്പായുള്ള അവസാന ഘട്ടത്തിലാണ്. ഇന്നത്തെ പാര്‍ലമെന്റ് നടപടി കൂടി കഴിഞ്ഞാല്‍ അവസാന കടമ്പയും പൂര്‍ത്തിയാകും. മിറര്‍ ദിനപ്പത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്യാംപെയിനാണ് ബില്‍ നിയമമാകുന്നതിനു പിന്നില്‍. ഈ ചരിത്ര നേട്ടത്തെ അഭിനന്ദിച്ച ക്യാംപെയിനര്‍മാര്‍ എന്നാല്‍ ഏറ്റവും അധ്വാനം വേണ്ടിവരുന്ന ജോലി ഇനി തുടങ്ങാനിരിക്കുന്നതേയുള്ളു എന്നും അറിയിക്കുന്നു. അവയവദാനത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ 18 മില്യന്‍ പൗണ്ടിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ക്യാംപെയിനും ഇതിന്റെ ഭാഗമായി നടക്കും. 11 കാരനായ ഹൃദയ സ്വീകര്‍ത്താവ് മാക്‌സ് ജോണ്‍സണ്‍, ഹൃദയം ദാനം ചെയ്ത 9 വയസുകാരിയായ കെയ്‌റ ബോള്‍ എന്നിവരുടെ പേരിലാണ് നിയമം നിലവില്‍ വരിക. മാക്‌സ് ആന്‍ഡ് കെയ്‌റാസ് ലോ എന്നാണ് ഇതിന്റെ പേര്. അവയവ ദാനത്തിലൂടെ ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ ഈ നിയമം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 2017 ജൂലൈയിലുണ്ടായ കാറപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കെയ്‌റയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. അവയവദാനത്തിനായുള്ള നിയമത്തെ അതിശയകരം എന്നായിരുന്ന കെയ്‌റയുടെ പിതാവ് ജോ വിശേഷിപ്പിച്ചത്. ഇത്തരത്തിലുള്ള മഹത്തായ ഒരു ദൗത്യത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് അനുഗ്രഹമായി കാണുന്നുവെന്ന് മാക്‌സിന്റെ പിതാവ് വിന്‍സ്‌ഫോര്‍ഡ് പറഞ്ഞു. നിയമം നിലവില്‍ വരുന്നതോടെ 280ഓളം പേരെ അധികമായി അവയവ ദാതാക്കളായി ലഭിക്കുകയും 700ഓളം അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്താന്‍ സാധിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.
പള്ളികളിലെ ഞായറാഴ്ച സര്‍വീസുകള്‍ നിര്‍ബന്ധമായി നടത്തേണ്ടതില്ലെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ജനറല്‍ സിനോഡിന്റെ തീരുമാനം. 17-ാം നൂറ്റാണ്ടില്‍ രൂപീകരിച്ച നിയമം എടുത്തു കളഞ്ഞുകൊണ്ടാണ് ഈ നിര്‍ദേശം സിനോഡ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ പള്ളികളിലും ഞായറാഴ്ച സര്‍വീസുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ട് 1603ലാണ് കാനോന്‍ നിയമം കൊണ്ടുവന്നത്. 1964ല്‍ ഇത് പുനര്‍നിര്‍വചിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഗ്രാമീണ മേഖലയിലെ പള്ളിവികാരിമാരുടെ ആവശ്യ പ്രകാരമാണ് ഇതില്‍ മാറ്റം വരുത്താന്‍ തീരുമാനമായിരിക്കുന്നത്. 20ഓളം പള്ളികളുടെ ചുമതലയുള്ള വികാരിമാരാണ് തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സിനോഡിനു മുന്നില്‍ അവതരിപ്പിച്ചത്. പുരോഹിതരുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടാകുന്നതിനാല്‍ എല്ലാ പള്ളികളിലും സര്‍വീസ് നടത്തുക എന്നത് അപ്രായോഗികമാണെന്നും നിയമം പാലിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ അത് ലംഘിക്കേണ്ടി വരികയാണെന്നും അവര്‍ അറിയിച്ചു. നേരത്തേ ഓരോ പള്ളികളിലും സ്വതന്ത്രമായി കുര്‍ബാനകള്‍ നടത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി ചില ഇടവകകള്‍ ഒരുമിച്ചു ചേര്‍ന്നാണ് ഞായറാഴ്ച കുര്‍ബാനകള്‍ നടത്തി വരുന്നത്. ഈ പ്രവണത വര്‍ദ്ധിച്ചു വരികയാണെന്നും വ്യക്തമായി. എന്നാല്‍ കാനോനിക നിയമം തെറ്റിച്ചതില്‍ ഇതുവരെ ഒരു വികാരിയും ശിക്ഷിക്കപ്പെട്ടിട്ടില്ല. വ്യാഴാഴ്ച പുറത്തുവന്ന പുതിയ നിര്‍ദേശം അനുസരിച്ച് വിവിധ കോണ്‍ഗ്രിഗേഷനുകള്‍ക്ക് രേഖാമൂലമുള്ള അനുമതിയില്ലാതെ തന്നെ ഒരുമിച്ചു ചേര്‍ന്ന് ഞായറാഴ്ച കുര്‍ബാന നടത്താന്‍ സാധിക്കും. ഈ മാറ്റം നടപ്പില്‍ വരുത്തണമെന്ന് മൂന്നു വര്‍ഷം മുമ്പ് വില്ലെസ്‌ഡെന്‍ ബിഷപ്പ് റൈറ്റ് റവ. പീറ്റ് ബ്രോഡ്‌ബെന്റ് ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ സത്യസന്ധരായിരിക്കാന്‍ ഇത്തരം മാറ്റങ്ങള്‍ ആവശ്യമാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
തീവ്രവാദ സംഘങ്ങളെ പിന്തുണച്ചുകൊണ്ടുള്ള അതിരുകടന്ന പ്രസ്താവനകള്‍ക്കും തീവ്രവാദ ഉള്ളടക്കമുള്ളവ മൂന്ന് തവണയില്‍ കൂടുതല്‍ നോക്കുന്നതും ശിക്ഷാര്‍ഹമാക്കുന്ന പുതിയ നിയമം പരിഗണനയില്‍. കൗണ്ടര്‍ ടെററിസം ആന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റി ബില്‍ ആണ് കടുത്ത നിയന്ത്രണങ്ങളുമായി എത്തുന്നത്. എന്നാല്‍ ഈ നിയമം മനുഷ്യാവകാശ ലംഘനമാകുമെന്ന് എംപിമാരും ലോര്‍ഡ്‌സ് അംഗങ്ങളും അഭിപ്രായപ്പെട്ടു. സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമിടയില്‍ തെറ്റായ സന്തുലനമാണ് ഈ ബില്‍ നല്‍കുന്നതെന്നും ജോയിന്റ് കമ്മിറ്റി ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി. എന്നാല്‍ ഈ വിലയിരുത്തലുകള്‍ തെറ്റാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഗവണ്‍മെന്റിന്റെ പൂര്‍ണ്ണപിന്തുണയോടെ പാര്‍ലമെന്റിലെ നടപടികള്‍ ബില്‍ വേഗം പൂര്‍ത്തിയാക്കുകയാണ്. ഈ നിയമം നടപ്പായാല്‍ അത് പൗരന്‍മാരുടെ അവകാശങ്ങളായ സ്വകാര്യത, വിശ്വസിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയ്ക്കു മേലുള്ള കടന്നുകയറ്റമായിരിക്കുമെന്നും ജോയിന്റ് കമ്മിറ്റി ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് വിലയിരുത്തുന്നു. തീവ്രവാദത്തില്‍ നിന്ന് സുരക്ഷ നല്‍കുക എന്നത് ഗവണ്‍മെന്റിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. അതേസമയം മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് കമ്മിറ്റി ചെയര്‍മാന്‍ ഹാരിയറ്റ് ഹാര്‍മാന്‍ പറഞ്ഞു. തീവ്രവാദ ഉള്ളടക്കമുള്ളവ മൂന്ന് പ്രാവശ്യം വായിക്കുന്നത് പോലും കുറ്റകരമാക്കുന്നത് വിവരാവകാശത്തിന്റെ ലംഘനമാണെന്ന് കോമണ്‍സ്, ലോര്‍ഡ്‌സ് അംഗങ്ങള്‍ പറയുന്നു. ജേര്‍ണലിസ്റ്റുകള്‍, അക്കാഡമിക്കുകള്‍ തുടങ്ങിയവര്‍ക്ക് ഈ നിബന്ധനയില്‍ ഇളവുകള്‍ വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നിലവിലുള്ള നിയമങ്ങള്‍ തീവ്രവാദത്തെ ചെറുക്കാന്‍ പര്യാപ്തമാണെന്നിരിക്കെ ഒരു വെബ്‌സൈറ്റില്‍ നോക്കുന്നത് പോലും കുറ്റകരമാക്കുന്ന പുതിയ നിയമത്തിന്റെ ആവശ്യകത എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്.
സ്വന്തം വീടിനു പരിസരത്ത് നിങ്ങള്‍ക്ക് എന്തും ചെയ്യാമെന്നാണ് കരുതുന്നത്? പല കാര്യങ്ങളും നിയമവിരുദ്ധമായേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സ്വന്തം ഗാര്‍ഡനില്‍ ചെയ്യുന്ന പല കാര്യങ്ങളും നിയമലംഘനമാണെന്നത് പലര്‍ക്കും അറിയില്ലെന്നാണ് പ്രോപ്പര്‍ട്ടി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ട്രംപോളിന്‍ സ്ഥാപിക്കുന്നതില്‍ തുടങ്ങി മരങ്ങളുടെ കൊമ്പ് മുറിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം ചെയ്യാനെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. ഈ എട്ട് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം. 1. മരക്കൊമ്പുകള്‍ മുറിക്കുമ്പോള്‍ അയല്‍ക്കാരുടെ ഗാര്‍ഡനില്‍ നിന്നുള്ള മരങ്ങളുടെ കൊമ്പുകള്‍ നമ്മുടെ ഗാര്‍ഡനിലേക്ക് നീളുന്നത് സ്വാഭാവികമാണ്. അവ മുറിച്ചു മാറ്റാന്‍ നമുക്ക് അവകാശവുമുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ വളരെ സൂക്ഷിച്ചു വേണമെന്നാണ് നിര്‍ദേശിക്കപ്പെടുന്നത്. പ്രോപ്പര്‍ട്ടി ലൈനില്‍ വരെ മാത്രമേ കൊമ്പുകള്‍ മുറിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുള്ളു. അതിനപ്പുറം കടന്നാല്‍ കടന്നുകയറ്റത്തിന് നിങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്. 2. മരത്തില്‍ നിന്ന് പൊഴിയുന്ന പഴങ്ങള്‍ എടുത്താല്‍ അയല്‍ക്കാരന്റെ മരത്തില്‍ നിന്ന് പഴങ്ങള്‍ നമ്മുടെ പറമ്പില്‍ വീണാല്‍ അത് നമ്മുടെയാണെന്ന് കരുതുന്ന മനോഭാവം യുകെയില്‍ നടപ്പാകില്ല. അയല്‍ക്കാരന്റെ മരത്തിലെ പഴത്തിന് അയാള്‍ക്ക് തന്നെയാണ് അവകാശമുള്ളത്. അവരുടെ അനുവാദമില്ലാതെ നമ്മുടെ ഗാര്‍ഡനില്‍ വീണ പഴമെടുത്താല്‍ ചിലപ്പോള്‍ നടപടി നേരിടേണ്ടതായി വന്നേക്കും. 3. മുറിച്ച മരക്കൊമ്പുകള്‍ സൂക്ഷിച്ചാല്‍ അയല്‍ക്കാരന്റെ ഗാര്‍ഡനിലെ മരങ്ങളിലെ കൊമ്പുകള്‍ മുറിക്കുന്നത് നിയമപരമാണ്. എന്നാല്‍ അവ നിങ്ങളുടെ ഗാര്‍ഡനില്‍ത്തന്നെ സൂക്ഷിച്ചാല്‍ അത് നിയമവിരുദ്ധമാകും. കാരണം അത്തരം വസ്തുക്കളുടെ ഉടമസ്ഥാവകാശം അയല്‍ക്കാരനു തന്നെയാണ്. അതേ സമയം ഈ മരക്കൊമ്പുകള്‍ അയല്‍ ഗാര്‍ഡനിലേക്ക് എറിയാനും കഴിയില്ല. അത്തരം സാഹചര്യങ്ങളില്‍ അനുവാദത്തോടെ മാത്രം കാര്യങ്ങള്‍ ചെയ്യുക. 4. സ്വാഭാവിക പ്രകാശം തടഞ്ഞാല്‍ ഗാര്‍ഡനില്‍ മരങ്ങള്‍ വെക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനും നിബന്ധനകളുണ്ട്. അടുത്ത വീട്ടുകാര്‍ക്ക് ശല്യമുണ്ടാകാത്ത വിധത്തിലാകണം മരങ്ങള്‍ വെക്കാന്‍. സ്വാഭാവിക സൂര്യപ്രകാശം 20 വര്‍ഷത്തേക്കെങ്കിലും തടയാത്ത വിധത്തിലായിരിക്കണം മരങ്ങള്‍ നടാനെന്നാണ് വ്യവസ്ഥ. 5. ബാര്‍ബിക്യൂ നടത്തിയാല്‍ സമ്മറില്‍ എല്ലാവരും ഗാര്‍ഡനില്‍ ബാര്‍ബിക്യൂ നടത്താറുണ്ട്. എന്നാല്‍ ഇത് അയല്‍ക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ നടത്തണം. അവര്‍ക്ക് ശല്യമായി മാറിയാല്‍ പരാതിപ്പെടാനുള്ള സാധ്യതയേറെയാണ്. അതുകൂടാതെ ഫയര്‍ ഹസാര്‍ഡായി ബാര്‍ബിക്യൂ റിപ്പോര്‍ട്ട് ചെയ്യപ്പെടാനും സാധ്യതയുണ്ട്. 6. ഫെന്‍സ് മെയിന്റനന്‍സ് അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് എന്നും കാരണക്കാരാകുന്നത് വേലികളാണല്ലോ. വീടുകളുടെ രണ്ട് വശത്തും ഫെന്‍സുകളുണ്ടെങ്കില്‍ പ്രോപ്പര്‍ട്ടിയുടെ വലതുവശത്തുള്ള ഫെന്‍സിന് മാത്രം നിങ്ങള്‍ ഉത്തരവാദികളായാല്‍ മതിയാകും. എന്നാല്‍ നിങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ വരുന്ന ഫെന്‍സിനേക്കുറിച്ച് വ്യക്തതയില്ലെങ്കില്‍ അതിനേക്കുറിച്ച് അറിയാന്‍ എച്ച്എം ലാന്‍ഡ് രജിസ്ട്രിയെ സമീപിക്കാവുന്നതാണ്. 7. ട്രംപോളിന്‍ സ്ഥാപിക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ താല്‍പര്യമുള്ള ഒന്നാണ് ട്രംപോളിന്‍. എന്നാല്‍ ഇത് ശല്യമായി അയല്‍ക്കാരന് തോന്നാനുള്ള സാധ്യതകളും ഏറെയാണ്. ഫെന്‍സുകള്‍ക്കും ഹെഡ്ജുകള്‍ക്കും മുകളിലൂടെ ഒളിഞ്ഞുനോട്ടം നടക്കുകയാണെന്ന് അയല്‍ക്കാരന് തോന്നാനും പാടില്ല. അതുകൊണ്ട് അതിര്‍ത്തിയോട് ചേര്‍ന്ന് ഇവ സ്ഥാപിക്കാതിരിക്കുകയും ഉപയോഗിക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും വേണം. 8. ഹോട്ട് ടബ് ഉപയോഗം ഹോട്ട് ടബ്ബുകള്‍ നിങ്ങള്‍ക്ക് നല്ലൊരു അനുഭവമായിരിക്കും നല്‍കുക. എന്നാല്‍ പാര്‍ട്ടികളില്‍ ഇവ ഉപയോഗിക്കുമ്പോള്‍ ശബ്ദകോലാഹലങ്ങള്‍ ഉണ്ടായാല്‍ അത് അയല്‍ക്കാര്‍ക്ക് ശല്യമായി തോന്നിയേക്കാം. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശിക്കപ്പെടുന്നത്.
എലിസബത്ത് മാത്യു റോം :ഐ എസ് ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ഇറ്റലിയിലെ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി രാജ്യത്ത് അനധികൃതമായി താമസിക്കുന്ന എല്ലാവരെയും പുറത്താക്കുന്നതിനുള്ള പരിശോധന ശക്തമാക്കാന്‍ സര്‍ക്കാര്‍ പോലീസിനും, ഇമിഗ്രേഷനും നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം കൂടിയ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രി മത്തെയോ റെന്‍സി രാജ്യത്തെ നിയമങ്ങള്‍ കര്‍ശനമാക്കിയപ്പോള്‍ അത് കൂടുതല്‍ വിഷമത്തിലാക്കുന്നത് ഇറ്റലിയിലുള്ള മലയാളികളെയാണ്. നാട്ടില്‍ നിന്നും ലഷങ്ങള്‍ കോഴ കൊടുത്ത് ജീവിത മാര്‍ഗ്ഗം തേടിയെത്തിയവര്‍ വെറും കൈയ്യോടെ നാട്ടിലേയ്ക്ക് തിരിച്ച് പോകേണ്ടിവരുമോ എന്ന വിഷമത്തിലാണിപ്പോള്‍. എന്നാല്‍ സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരഷിക്കാന്‍ സര്‍ക്കാരിന് ഇങ്ങനൊരു തീരുമാനത്തിലെത്തുക എന്നത് നിര്‍ബന്ധമായതിനാല്‍ ഈ തീരുമാനത്തില്‍ മാറ്റം ഉണ്ടാവില്ലെന്ന സൂചനയാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ നല്‍കുന്നത്. നിയമപരമായി ഇറ്റലിയില്‍ താമസിക്കുന്ന ആര്‍ക്കും പ്രതിസന്ധികള്‍ നേരിടണ്ട ആവശ്യം ഇല്ലെന്നും, നിയമ വിരുദ്ധമായ ഏതെങ്കിലും രീതിയില്‍ പിടിക്കപ്പെട്ടാല്‍ നിയമ നടപടികള്‍ ഉടന്‍ എടുക്കുമെന്നും പ്രധാനമന്ത്രി മത്തെയോ റെന്‍സി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞു. ഇറ്റലിക്ക് അതിന്റേതായ ചട്ടങ്ങളുണ്ടെന്നും അതിനെ ദുരുപയോഗം ചെയ്യാന്‍ ഗവണ്‍മെന്റ് അനുവദിക്കുകയില്ലെന്നും രാജ്യത്തെ രക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം ഇറ്റാലിയന്‍ പൗരത്വം ഉള്ളവര്‍ക്ക് മാത്രം ബാധകമല്ല എന്നും ഇത് ഇവിടെ താമസിക്കുന്ന എല്ലാവരുടെയും സംരക്ഷയ്ക്ക് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമവിരുദ്ധമായി ഇറ്റലിയില്‍ നില്‍ക്കുന്നവര്‍ക്ക് മറ്റ് മാര്‍ഗ്ഗം കണ്ടെത്താന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും, നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുവാന്‍ ആരേയും അനുവദിക്കില്ലന്നും മത്തെയോ റെന്‍സി പറഞ്ഞു.
RECENT POSTS
Copyright © . All rights reserved