leicester
ആത്മരതിയില്‍ മുഴുകുന്നയാളുകള്‍ ഏറെ നമുക്കു ചുറ്റുമുണ്ട്. പൊതുവിടങ്ങളില്‍ സ്വയം ഉയര്‍ത്തിപ്പിടിക്കാന്‍ ഇവര്‍ കാട്ടുന്ന താല്പര്യം കൂടെ നില്‍ക്കുന്നവരെ നാണിപ്പിക്കുന്ന വിധത്തിലായിരിക്കുകയും ചെയ്യും. അത്തരമൊരാളാണ് ഡൊമിനിക് മാര്‍ക്കസ് ഷെല്ലാര്‍ഡ്. ലെസ്റ്ററിലെ ഡി മോണ്ട്‌ഫോര്‍ട്ട് യൂണിവേഴ്‌സിറ്റിയുടെ അടുത്തിടെ സ്ഥാനമൊഴിഞ്ഞ വൈസ് ചാന്‍സലറാണ് ഇദ്ദേഹം. ഒരു ഫോട്ടോയില്‍ നിന്നോ യൂട്യൂബ് അപ്പിയറന്‍സില്‍ നിന്നോ ഒഴിയാന്‍ ഇദ്ദേഹം ഒരിക്കലും തയ്യാറായിട്ടില്ല. ഒരു സെല്‍ഫിയോ സ്വയം അഭിനന്ദിക്കുന്ന ട്വീറ്റോ അദ്ദേഹത്തില്‍ നിന്ന് മിക്കവാറും ഉണ്ടാകുകയും ചെയ്യും. ക്യാമ്പസില്‍ ഒരു സെല്‍ഫി സ്റ്റിക്കുമായി ഇദ്ദേഹം കറങ്ങുന്നത് കണ്ടതായുള്ള റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. എന്നാല്‍ ഇതൊന്നുമല്ല ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ വാര്‍ഷിക കണക്കുകള്‍ അദ്ദേഹത്തെ ഒന്നു കൂടി വെളിവാക്കും. യൂണിവേഴ്‌സിറ്റി ഫണ്ടുകള്‍ അനാവശ്യമായി ഇദ്ദേഹം ചെലവഴിച്ചിട്ടുണ്ടോ എന്ന സംശയമാണ് പ്രധാനമായും ഉയരുന്നത്. 53 കാരനായ ഇദ്ദേഹമായിരുന്നു ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാന്‍സലര്‍. ഈ വര്‍ഷം ആദ്യം ഷെല്ലാര്‍ഡ് അപ്രതീക്ഷിതമായി രാജി സമര്‍പ്പിച്ചു. വിദേശ യാത്രകള്‍ ഉള്‍പ്പെടെ ആഡംബര പൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ യൂണിവേഴ്‌സിറ്റി ഫണ്ടുകള്‍ ഇദ്ദേഹം ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസില്‍ നിന്നുള്‍പ്പെടെയാണ് യൂണിവേഴ്‌സിറ്റികള്‍ ഫണ്ട് സ്വരൂപിക്കുന്നത്.  350,000 പൗണ്ട് ശമ്പളവും സൗജന്യ താമസവുംന്‍തുക യാത്രാച്ചെലവിനത്തില്‍ 57,000 പൗണ്ടുമൊക്കെയാണ് ഇയാള്‍ക്കു വേണ്ടി യൂണിവേഴ്‌സിറ്റി നല്‍കിയത്. ഷെല്ലാര്‍ഡ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും തന്റെ കീഴ് ജീവനക്കാരെ നിയമിക്കുന്നതില്‍ പക്ഷപാതിത്വം കാട്ടിയെന്നും ആരോപണമുണ്ട്. ഇയാള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ഹയര്‍ എജ്യുക്കേഷനിലെ പുതിയ റെഗുലേറ്ററായ ദി ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വന്‍ തുക ശമ്പളമായി വാങ്ങിയിട്ടുണ്ടോ എന്നുള്ള വിവരമുള്‍പ്പെടെ അന്വേഷണ വിധേയമാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ലെസ്റ്ററിലെ സബ്കാ പോളിഷ് സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനം ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ നടത്തിയ നാടകം. സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നു ലക്ഷം പൗണ്ടോളം വരുന്ന ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായിരുന്നു ഈ സ്‌ഫോടനം നടത്തിയതെന്ന് പിന്നീട് കണ്ടെത്തി. സ്‌ഫോടനത്തില്‍ നിന്ന് താന്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നായിരുന്നു ഉടമയായ അരാം കുര്‍ദ് പറഞ്ഞത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കു ശേഷം ഇയാള്‍ ടിവി ക്യാമറകള്‍ക്കു മുന്നില്‍ അഭിനയിക്കുകയായിരുന്നു. തനിക്ക് ശ്വാസം കിട്ടുന്നില്ലായിരുന്നുവെന്നും നരകത്തില്‍ അകപ്പെട്ടതുപോലെ തോന്നിയെന്നുമാണ് ഇയാള്‍ പറഞ്ഞത്. വലിയൊരു ശബ്ദം കേള്‍ക്കുകയും താന്‍ മുകളിലേക്ക് എടുത്ത് എറിയപ്പെടുകയും ചെയ്തു. മൂന്നു മിനിറ്റോളം എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല. പക്ഷേ താന്‍ ഭാഗ്യവാനാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. പിന്നീട് പിടിക്കപ്പെട്ട അരാം കുര്‍ദിനും ഗൂഢാലോചന നടത്തിയ അര്‍കാന്‍ അലി, ഹാവ്കാര്‍ ഹസ്സന്‍ എന്നിവര്‍ക്കും ജീവപര്യന്തം തടവ് ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. കെയര്‍ വര്‍ക്കറായ മേരി രഗുബീര്‍ (46), മക്കളായ ഷെയ്ന്‍ (18), സീന്‍ (17), ഷെയ്‌നിന്റെ ഗേള്‍ഫ്രണ്ടായ ലിയാ റീക്ക് (18), സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി വിക്ടോറിയ യവ്‌ലേവ (22) എന്നിവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ജീവനക്കാരിയായ വിക്ടോറിയയും അരാം കുര്‍ദിനൊപ്പം ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു. എന്നാല്‍ സ്‌ഫോടനത്തില്‍ ഇവരെയും ഇരയാക്കുകയായിരുന്നു കുര്‍ദ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ലിറ്റര്‍ കണക്കിന് പെട്രോളാണ് ഇതിനായി ഉപയോഗിച്ചതെന്ന് കോടതിയില്‍ വെളിവാക്കപ്പെട്ടു. സ്റ്റോറിനു മുകളിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നവരാണ് മേരി രഗുബീറും കുടുംബവും. കേസില്‍ പ്രതികളെല്ലാവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മൂന്നു പേര്‍ക്കുമെതിരെ കൊലപാതകം, ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയവയ്ക്ക് അഞ്ച് കൗണ്ട് വീതമാണ് ചുമത്തിയിരിക്കുന്നത്. 11 മണിക്കൂറും 20 മിനിറ്റും നീണ്ട സൂക്ഷ്മമായ വിചാരണയ്ക്കു ശേഷമാണ് കോടതി ഇവരെ കുറ്റവാളികളായി പ്രഖ്യാപിച്ചത്. ഇന്‍ഷുറന്‍സ് ഇനത്തില്‍ ലഭിക്കാവുന്ന വന്‍ തുക തട്ടിയെടുക്കുന്നതിനായാണ് പ്രതികള്‍ കുറ്റകൃത്യം നടത്തിയതെന്ന് കോടതി കണ്ടെത്തി. വിക്ടോറിയ സ്‌ഫോടനത്തില്‍ പെടുമെന്ന് ഇവര്‍ക്ക് അറിയാമായിരുന്നു. ഗൂഢാലോചനയില്‍ പങ്കുള്ളതിനാല്‍ വിക്ടോറിയയെ പ്രതികള്‍ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
രാജേഷ് ജോസഫ് ആലാഹനായനും അൻപൻ മിശിഹായും കാരണവന്മാരും തുണയ്ക്കണേ എന്ന പ്രാർത്ഥനയിൽ ഫാ. സജി മലയിൽ പുത്തൻപുരയിലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധകുർബാനയോടെ ലെസ്റ്ററിലെ ക്നാനായ ഈസ്റ്റർ ആഘോഷങ്ങൾക്കു തുടക്കമായി. സമാധാന ദൂതനായ ഈശോയുടെ സമാധാനം നമ്മുടെ ജീവിതത്തിനു മാതൃക ആകണം എന്ന തിരുവചന സന്ദേശവും ഭക്തി നിർഭരമായ ഗാനങ്ങളും ദിവ്യബലി പ്രാർത്ഥന പൂരിതമാക്കി. 5 മണിയോടെ ആരംഭിച്ച സമ്മേളനവും കലാപരിപാടികളുടെ  രാഗതാളലയ വർണ സമന്വയം ആയിരുന്നു. ലെസ്റ്റര്‍ ക്നാനായ കമ്മ്യുണിറ്റിയുടെ  2018-20 ഭാരവാഹികളെ ചടങ്ങില്‍ പരിചയപ്പെടുത്തി.  ശ്രീ തോമസ് ചേത്തലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  സെകട്ടറി  ശ്രി  റോബിൻസ് എല്ലാവരെയും സ്വാഗതം ചെയ്തു. ഫാ. സജി മലയിൽ പുത്തൻപുരയിൽ സമ്മേളനത്തിന് തിരികൊളുത്തിയതോടെ കലാപരിപാടികൾ ആരംഭിച്ചു . KCYL കുട്ടികളുടെ നടവിളികളുടെ ആർപ്പു ആരവങ്ങൾ എല്ലാവരിലും ആവേശം ഉണർത്തി. ചടങ്ങിൽ UKKCA  ട്രഷറർ ആയി  തിരഞ്ഞെടുത്ത ശ്രീ വിജി ജോസഫിനെ ആദരിക്കുകയുണ്ടായി. കുട്ടികളുടെ കലാപരിപാടികൾ നാട്യ നടന വർണ വിസ്മയ കാഴ്ചകൾ ഏവർക്കും സമ്മാനിച്ചു. കലാ പരിപാടികൾക്ക്  ശ്രീ ടോമി കുമ്പുക്കൽ ശ്രി മിനി ജെയിംസ് എന്നിവർ നേതൃത്വം നൽകി. ചിത്രങ്ങളിലേക്ക്...  
ലെസ്റ്റര്‍: പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയുടെ ശരീരഭാരം അപകടകരമായ നിലയിലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അമ്മയില്‍ നിന്ന് സംരക്ഷച്ചുമതല മാറ്റി. ലെസ്റ്ററിലെ ഫാമിലി കോര്‍ട്ട് ജഡ്ജിയുടേതാണ് നടപടി. ഇപ്പോള്‍ ഫോസ്റ്റര്‍ കെയറില്‍ സംരക്ഷിച്ചിരിക്കുന്ന കുട്ടിയുടെ സംരക്ഷണച്ചുമതല അമ്മയില്‍ നിന്ന് പൂര്‍ണ്ണമായും നീക്കം ചെയ്‌തേക്കുമെന്നാണ് കരുതുന്നത്. കുട്ടിയുടെ ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പാലിക്കണമെന്ന് സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അമ്മയ്‌ക്കെതിരെ ലോക്കല്‍ കൗണ്‍സില്‍ നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. പെണ്‍കുട്ടിയുടെ ബോഡി മാസ് ഇന്‍ഡെക്‌സ് അപകടകരമായ നിലയിലാണെന്ന് കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് ഫാമിലി കോര്‍ട്ട് ജഡ്ജിയായ ക്ലിഫോര്‍ഡ് ബെല്ലാമി നടത്തിയ പ്രൈവറ്റ് ഹിയറിംഗില്‍ ആരോഗ്യ വിദഗ്ദ്ധര്‍ ആശങ്ക അറിയിക്കുകയും ചെയ്തു. ഇതോടെയാണ് കുട്ടിയെ അമ്മയില്‍ നിന്ന് മാറ്റി ഫോസ്റ്റര്‍ കെയറില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവായത്. കുട്ടിയേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വരുന്ന ദിവസങ്ങളില്‍ കുട്ടിയുടെ അമിതവണ്ണവും ആരോഗ്യ നിലയും സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കോടതി കേള്‍ക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും അമ്മയ്ക്ക് കുട്ടിയെ വിട്ടു നല്‍കണോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക. പുതിയ കണക്കുകള്‍ അനുസരിച്ച് പ്രൈമറി സ്‌കൂളുകളില്‍ നിന്ന് പുറത്തിറങ്ങുന്ന കുട്ടികളില്‍ മൂന്നിലൊന്ന് പേരും അമിതവണ്ണവും അമിതഭാരമുള്ളവരുമാണ്. സ്‌കൂളുകളില്‍ എത്തുന്നതിനു മുമ്പ് തന്നെ പത്തിലൊന്ന് കുട്ടികളും അമിതഭാരമുള്ളവരാകുന്നുവെന്നാണ് കണക്ക്. യുകെയില്‍ കഴിഞ്ഞ വര്‍ഷം 600ലേറെ കുട്ടികള്‍ക്കാണ് ടൈപ്പ് 2 പ്രമേഹം സ്ഥിരീകരിച്ചത്. 40 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കാണാറുള്ള രോഗമാണ് ഇത്. പഞ്ചസാരയുടെ അമിത ഉപയോഗമാണ് അമിത വണ്ണത്തിന് കാരണമാകുന്നത്.
ലെസ്റ്റര്‍: ചികിത്സാമുറിയില്‍ വെച്ച് പുരുഷ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവാവിന്റെ പരാതി. ലെസ്റ്ററില്‍ ജിപിയായ ഫറൂഖ് പട്ടേലിനെതിരാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. അതേസമയം ഡോക്ടര്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. പരിശോധനാ സമയത്ത് രോഗിയുടെ അരയ്ക്ക് താഴേക്കുള്ള വസ്ത്രങ്ങള്‍ ഉരിയുകയും ലൈംഗിക തൃഷ്ണയോടെ തന്നെ പിന്‍ഭാഗത്ത് സ്പര്‍ശിക്കുകയും തഴുകുകയും ചെയ്തതായി യുവാവിന്റെ പരാതിയില്‍ പറയുന്നു. ലെസ്റ്റര്‍ ബെല്‍ഗ്രേവ്‌ റോഡ്‌ സര്‍ജറിയില്‍ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു ഡോ. ഫാറൂഖ് പട്ടേല്‍. 2016 ജൂലൈയില്‍ ലൈംഗിക അതിക്രമത്തിന്റെ പേരില്‍ പട്ടേലിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരെ ചുമത്തപ്പെട്ട രണ്ട് കുറ്റങ്ങളും പട്ടേല്‍ കോടതിയില്‍ നിഷേധിച്ചു. പൊലീസിന്റെ ചോദ്യംചെയ്യലില്‍ സന്തോഷപൂര്‍ണ്ണമായ കുടുംബ ജീവിതം നയിക്കുന്ന ആളായിട്ടാണ് ഡോക്ടര്‍ പട്ടേല്‍ പ്രതികരിച്ചത്. അതേസമയം ഇയാള്‍ ജോലി ചെയ്ത രണ്ട് സര്‍ജറികളില്‍ നടത്തിയ ശാസ്ത്രീയ പരിശോധനകളില്‍ സ്വവര്‍ഗ്ഗ ലൈംഗികതയില്‍ ഏര്‍പ്പെട്ടതിന് തെളിവുകള്‍ ലഭിച്ചിരുന്നു. പട്ടേലിന്റെയും അജ്ഞാതരായ നാല് പുരുഷന്‍മാരുടെയും ഡിഎന്‍എ തെളിവുകളാണ് ലഭിച്ചത്. ഇവരുമായി ഡോക്ടര്‍ പട്ടേല്‍ ചികിത്സാ മുറിയില്‍ വെച്ച് 'അപകടകരമായ' സ്വവര്‍ഗസംഭോഗം നടത്തിയതായാണ് വ്യക്തമായത്. അഞ്ച് മിനിറ്റ് മാത്രമെടുക്കേണ്ട ചികിത്സയ്ക്ക് ഡോക്ടര്‍ പട്ടേല്‍ മുപ്പത് മിനിറ്റിലധികം സമയമെടുത്തായി യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ലൈംഗികാതിക്രമം നടന്നയുടന്‍ യുവാവ് റിസപ്ഷനിലെത്തി വിവരമറിയിക്കുകയും തുടര്‍ന്ന് മാന്‍സ്ഫീല്‍ഡ് ഹൗസ് പൊലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതിയറിയിക്കുകയുമായിരുന്നു.
Copyright © . All rights reserved