Lena
പൊലീസ് ഓഫീസറായി, വില്ലത്തിയായി, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പോലുള്ള ചിത്രങ്ങളിലെ ശക്തയായ സ്ത്രീ പ്രതിനിധിയായി ലെന തന്നേക്കാള്‍ മുതിര്‍ന്ന നടന്മാരുടെ അമ്മയായി, കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കത്തിക്കയറുകയാണ്. ഇപ്പോള്‍ മുടി വെട്ടി ചെറുതാക്കി കൂടുതല്‍ മെലിഞ്ഞ് ഞെട്ടിക്കുന്ന മെയ്‌ക്കോവറുമായാണ് ലെന പ്രത്യക്ഷപ്പെടുന്നത്. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന ലേബല്‍ ഈ നടിക്ക് ചേരുമെന്നതിന് തര്‍ക്കമില്ല. മലയാളവും കടന്ന് ബോളിവുഡിലും എത്തിനില്‍ക്കുന്ന നടി തന്റെ പുതിയ മെയ്‌ക്കോവറിനെക്കുറിച്ച് മനസ്സ് തുറന്നു. കുറച്ച് കാലങ്ങളായുള്ള വലിയ ആഗ്രഹമായിരുന്നു ഭാരം കുറയ്ക്കണമെന്നുള്ളത്. പക്ഷേ നേരത്തേ ആസൂത്രണം ചെയ്തതല്ല. കൊച്ചിയില്‍ ആകൃതി തുടങ്ങിയപ്പോള്‍ കുറച്ച് കൂടി കാര്യങ്ങള്‍ എളുപ്പമായി. മെലിഞ്ഞപ്പോള്‍ എല്ലാ വേഷവും ചേരും. പണ്ടെനിക്ക് ചുരിദാറും സല്‍വാര്‍ കമ്മീസും മാത്രമേ ചേരൂ. ഭാരം കുറച്ചപ്പോള്‍ മുടി വെട്ടണമെന്ന് തോന്നി. പി.ജി.ക്കൊക്കെ പടിക്കുമ്പോള്‍ എനിക്ക് ഷോര്‍ട് ഹെയര്‍ ആയിരുന്നു. ഭയങ്കര സ്വാതന്ത്രമാണ് ഇത് നല്‍കുന്നത്. പല ചിത്രങ്ങള്‍ക്കും വേണ്ടി മുടിയില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. കെമികല്‍സിന്റെ ഉപയോഗം മുടിയെ ശരിക്കും നശിപ്പിച്ചു. അപ്പൊ തോന്നി ഇനി ഫ്രഷ് ആയി വളര്‍ത്തി തുടങ്ങാമെന്ന്. ഇപ്പോള്‍ കുളിയ്ക്കാനൊക്കെ എളുപ്പമാണ്.നല്ല സ്വാതന്ത്ര്യം തോന്നുന്നുണ്ട് ഇപ്പോള്‍. ഗെറ്റപ്പിലെ മാറ്റങ്ങള്‍ ദേഹത്തെ ടാറ്റൂസ് ഇതൊന്നും ഇപ്പോള്‍ സജീവമായിക്കൊണ്ടിരിക്കുന്ന ഫ്രീഡം മൂവ്‌മെന്റുകളുമായി ഒരു ബന്ധവുമില്ല. അങ്ങനൊരു സംഭവം എന്താണെന്ന് എനിക്കറിയില്ല. ഇടത് കയ്യിലെ മുകളിലെ ടാറ്റു ഇരുപത് കൊല്ലം മുന്‍പ് ചെയ്തതാണ്. ഞാന്‍ ‘നന്നായി ഭക്ഷണം കഴിക്കില്ല’ എന്നാല്‍ ‘ഭക്ഷണം നന്നായി കഴിക്കും’. അതായത് അളവില്‍ അല്ല കഴിക്കുന്ന ഭക്ഷണത്തിന്റെ ക്വാളിറ്റിയില്‍ ആണ് കാര്യമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമയ്ക്കായി ഒരുപാടു യാത്രകള്‍ ചെയ്തിട്ടുണ്ട്. എവിടെ പോയാലും കാര്യമാണ് അവിടുത്തെ ഭക്ഷണം ട്രൈ ചെയ്യുക എന്നത് എന്റെ അജണ്ടയിലുള്ള കാര്യമാണ്. ആദം ജോണിന്റെ ഭാഗമായി സ്‌കോട്‌ലന്‍ഡില്‍ പോയപ്പോള്‍ അവിടുത്തെ ലോക്കല്‍ ഭക്ഷണങ്ങള്‍ തേടിപ്പിടിച്ച് രുചിച്ച് നോക്കിയിരുന്നു. എനിക്ക് കുക്കിങില്‍ വലിയ താല്പര്യമില്ല. അതുകൊണ്ട് തന്നെ പാളിപ്പോയ പരീക്ഷണങ്ങളും അധികമില്ല. ഓമനത്തിങ്കല്‍ പക്ഷിയില്‍ ഒരു കൊച്ചു കുഞ്ഞിന്റെ അമ്മയായിരുന്നു. ഇപ്പോള്‍ എനിക്ക് വലിയ മക്കളാണ്. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ ഇനി ഒരു പുതിയ മകന്‍ വരുന്നുണ്ട് ജനുവരിയില്‍. പ്രണവ് മോഹന്‍ലാല്‍. അമ്മ വേഷം ചെയ്യുന്നതില്‍ എനിക്ക് ദു:ഖമൊന്നുമില്ല. ഞാന്‍ കഥാപാത്രത്തെ മാത്രമേ നോക്കാറുള്ളൂ. വ്യത്യസ്ത വേഷങ്ങളാണ് ഇഷ്ടം.
കൊച്ചി: പ്രേതബാധയുളള വീട്ടിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് പ്രമുഖ നടി ലെന. പൃഥ്വിരാജ് ചിത്രം ആദം ജോണിലെ ഷൂട്ടിംഗിനായി തെരെഞ്ഞടുത്ത ബംഗ്ലാവ് യഥാര്‍ഥത്തില്‍ പ്രേതബാധയുള്ള വീടായി തോന്നിയെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്. സ്‌കോട്ട്‌ലന്‍ഡിലെ ബംഗ്ലാവായിരുന്നു ആദം ജോണിന്റെ ഷൂട്ടിംഗിനായി തെരെഞ്ഞെടുത്തത്. പലപ്പോഴും അവിടെ പലരും നടക്കുന്നതായിട്ടും ലൈറ്റുകള്‍ തനിയെ കത്തുന്നതായിട്ടും കണ്ടിട്ടുണ്ടെന്ന് ബംഗ്ലാവിന്റെ ഉടമസ്ഥന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നതായി ലെന പറയുന്നു. നിലവറയ്ക്കുള്ളില്‍ ഒറ്റയ്ക്കിരിക്കുന്ന സീനുകളിലൊക്കെ കുറച്ച് നേരം ഒരു പേടി എന്നെ പിടികൂടിയിരുന്നു. ഒരു തണുപ്പൊക്കെ അനുഭവപ്പെടുന്ന പോലെ തോന്നിയിരുന്നതായും ലെന പറയുന്നു. ഒരുപക്ഷേ ഒറ്റയ്ക്ക് ആ നിലവറയ്ക്കുള്ളിലിരിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല. അഭിനയിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ് ഒരു ധൈര്യമൊക്കെ തോന്നും ലെന പറയുന്നു. ഞാന്‍ ഒരു റിസ്‌ക് ടേക്കര്‍ അല്ല. യാത്ര ചെയ്യുമ്പോഴൊക്കെ നമ്മളെ കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ അക്കാര്യത്തില്‍ ഞാന്‍ വളരെ കോണ്‍ഷ്യസ് ആണ്. അറിയാത്ത സ്ഥലത്ത് പോയി കറങ്ങി നടന്ന് അപകടം ക്ഷണിച്ച് വരുത്തില്ലെന്നും അഭിമുഖത്തില്‍ ലെന കൂട്ടിച്ചേര്‍ത്തു.
RECENT POSTS
Copyright © . All rights reserved