London
ലണ്ടനില്‍ 180ഓളം ക്രിമിനല്‍ സംഘങ്ങളുണ്ടെന്ന് മെറ്റ് പോലീസ്. കമ്മീഷണര്‍ ക്രെസിഡ ഡിക്ക് ആണ് ഇക്കാര്യം അറിയിച്ചത്. വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിച്ച് കൈവശം വെച്ചിരിക്കുന്ന ഈ ഗ്യാംഗുകള്‍ പ്രൈമറി സ്‌കൂള്‍ കുട്ടികളെപ്പോലും തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കുകയാണ്. ലണ്ടനില്‍ അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് മെറ്റ് പോലീസ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. കൊലപാതകങ്ങളുടെ എണ്ണത്തില്‍ സാരമായ വര്‍ദ്ധന നേരിട്ടിരുന്നു. ഇതുവരെ 127 കൊലപാതകങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഗ്യാംഗുകള്‍ തമ്മിലുള്ള പോര് വെടിവെയ്പ്പുകളിലേക്കും കത്തിക്കുത്തിലേക്കുമൊക്കെ നീളുകയാണ്. അക്രമ സംഭവങ്ങള്‍ തടയാന്‍ കൂടുതല്‍ സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് പരിശോധനകളും ആയുധങ്ങളുമായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും ആവശ്യമായി വരികയാണെന്ന് ക്രെസിഡ ഡിക്ക് പറഞ്ഞു. അതേ സമയം തലസ്ഥാനത്തെ ക്രിമിനല്‍ സംഘങ്ങളെ കണ്ടെത്തി തുടച്ചു നീക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരുമെന്നും അവര്‍ പറഞ്ഞു. പോലീസിന് മാത്രം ഇത് സാധിക്കില്ല. അഞ്ച് വയസ് മുതല്‍ പ്രായമുള്ള കുട്ടികളെ ഗ്യാംഗുകള്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഇവര്‍ വളര്‍ന്നു വരുമ്പോള്‍ വലിയ ക്രിമിനലുകള്‍ ആയി മാറുന്നു. ഇവരെ പിന്തിരിപ്പിക്കുകയെന്നത് വലിയ ജോലിയാണ്. ലണ്ടനില്‍ മാത്രം 180 ഗ്യാംഗുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ കുട്ടികളെ സംഘത്തില്‍ ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. ഈ സംഘങ്ങള്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടിച്ചു കഴിഞ്ഞിരിക്കുന്നതായും ക്രെസിഡ ഡിക്ക് വെളിപ്പെടുത്തി. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകള്‍ വര്‍ദ്ധിപ്പിച്ചതോടെ അക്രമ സംഭവങ്ങളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 25 വയസില്‍ താഴെ പ്രായമുള്ളവരില്‍ കത്തിക്കുത്തേല്‍ക്കുന്നതില്‍ കുറവുണ്ടായിട്ടുണ്ട്. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചിനു പുറമേ പ്രശ്‌നബാധിതമെന്ന് കരുതുന്ന പ്രദേശങ്ങളില്‍ പോലീസ് സാന്നിധ്യം വര്‍ദ്ധിപ്പിച്ചു. തെരുവില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കുന്നതോടെ അക്രമ സംഭവങ്ങള്‍ കുറയുമെന്നാണ് കരുതുന്നത്. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകളില്‍ തോക്കുകളും കത്തികളും പിടിച്ചെടുക്കപ്പെടുന്നുണ്ട്. ഇവ കൈവശം വെക്കുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. മൂന്നു വര്‍ഷമായി വര്‍ദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങള്‍ക്ക് ഇതോടെ കുറവു വന്നിട്ടുണ്ടെന്നും ക്രെസിഡ ഡിക്ക് അവകാശപ്പെട്ടു.
സമുദ്ര നിരപ്പ് ഉയര്‍ന്നാല്‍ മുങ്ങിപ്പോകാന്‍ സാധ്യതയുള്ള വന്‍ നഗരങ്ങളില്‍ ലണ്ടനും. ഹൂസ്റ്റണ്‍, ബാങ്കോക്ക്, ഷാങ്ഹായി തുടങ്ങിയ നഗരങ്ങലും കടലെടുക്കാന്‍ സാധ്യതയുള്ള വന്‍നഗരങ്ങളുടെ പട്ടികയിലുണ്ടെന്ന് ക്രിസ്റ്റ്യന്‍ എയിഡ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പറയുന്നു. ആഗോളതാപനമാണ് കടലിലെ ജലനിരപ്പ് ഉയരാന്‍ കാരണമായി പറയുന്നത്. താപനിലയില്‍ 1.5 ഡിഗ്രി വര്‍ദ്ധനയുണ്ടായാല്‍ 40 സെന്റീമീറ്ററിനു മേല്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. ഇത് തീരദേശത്ത് സ്ഥിതി ചെയ്യുന്ന വന്‍നഗരങ്ങളെ മുക്കാന്‍ പര്യാപ്തമാണ്. ഇത്തരത്തില്‍ മുങ്ങാന്‍ സാധ്യതയുള്ള നഗരങ്ങളുടെ പട്ടികയും പുതിയ റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. ആഗോള താപനിലയില്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനയുണ്ടായാല്‍ നേരിടാനിടയുള്ള പ്രത്യാഘാതങ്ങളാണ് വ്യാഴാഴ്ച പുറത്തു വന്ന റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. താപനില ഇനിയും വര്‍ദ്ധിക്കുന്നത് തടയാന്‍ എന്തൊക്കെ ചെയ്യാനാകുമെന്ന ചോദ്യവും ഈ റിപ്പോര്‍ട്ട് ഉയര്‍ത്തുന്നുണ്ട്. ആഗോള താപനം നാം നേരിടുന്ന ഭൂമി ഇടിഞ്ഞുതാഴല്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ഇരട്ടിപ്പിക്കുമെന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവെക്കുന്നു. ജലചൂഷണവും മോശം ആസൂത്രണവും ഇതിന്റെ പ്രത്യാഘാതം വര്‍ദ്ധിപ്പിക്കും. അവസാനം ഉണ്ടായ ശീതയുഗത്തിന് സമാനമായ അനുഭവമായിരിക്കും ലണ്ടന്‍ നഗരം മുങ്ങുമ്പോള്‍ നേരിടുകയെന്നും പഠനം പറയുന്നു. ശീതയുഗത്തില്‍ മഞ്ഞുപാളികളുടെ ഭാരം നിമിത്തം സ്‌കോട്ട്‌ലന്‍ഡിലെ ഭൂമി താഴുകയും ഒരു സീസോയിലെന്നതുപോലെ സൗത്ത് ഉയരുകയും ചെയ്തിരുന്നു. മഞ്ഞ് ഉരുകിയപ്പോള്‍ ഭൂമി പൂര്‍വ്വാവസ്ഥയിലേക്ക് തിരിച്ചെത്തി. സമുദ്രനിരപ്പ് ഉയര്‍ന്നാല്‍ ലണ്ടന്‍ നഗരം മുങ്ങുമെന്ന കാര്യം ഉറപ്പാണെന്നാണ് പഠനം പറയുന്നത്. തെംസ് ബാരിയര്‍ എന്ന പ്രളയ നിയന്ത്രണ സംവിധാനം ലണ്ടന്‍ ഉപയോഗിക്കണമെന്നാണ് പഠനം നിര്‍ദേശിക്കുന്നത്. 1984ല്‍ സ്ഥാപിക്കുമ്പോള്‍ വര്‍ഷത്തില്‍ മൂന്നു തവണയെങ്കിലും ഇത് പ്രവര്‍ത്തിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ ഈ സംവിധാനം വര്‍ഷത്തില്‍ ആറു മുതല്‍ ഏഴു തവണ വരെ ഉപയോഗിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് ലണ്ടനിൽ മലയാളി നഴ്സ് മരണമടഞ്ഞു. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി ബീന(51) ആണ് ന്യൂഹാം ഹോസ്പിറ്റലിൽ വച്ച് ഇന്നലെ രാവിലെ മരിച്ചത്. ലണ്ടനിലെ ചെൽസി ആൻഡ് വെസ്റ്റ് മിനിസ്റ്റർ ഹോസ്പിറ്റലിലെ നഴ്സായിരുന്നു മലയാറ്റൂർ സ്വദേശിയായ ഫ്രാൻസിസ് പാലാട്ടിയുടെ ഭാര്യയായ ബീന. മക്കൾ - റോൺ, ഫെബ, നിക്ക്. ലണ്ടൻ അപ്റ്റൺ പാർക്കിലാണ് ഇവർ താമസിക്കുന്നത്. മൃതദേഹം ഉടൻ നാട്ടിലെത്തിച്ച് കൂത്താട്ടുകുളം സെന്റ് ജൂഡ് ചർച്ചിൽ സംസ്കരിക്കും. ഫാ.ജോസ് അന്ത്യാം കളത്തിന്റെ നേതൃത്വത്തിൽ പരേതയുടെ ഭവനത്തിൽ ഇന്നലെ പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി.
ന്യൂസ് ഡെസ്ക്. ലണ്ടനിൽ ഫ്ളാറ്റ് സമുച്ചയത്തിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. വെല്ലിംഗ്ടൺ വേയിലെ മിൽ എൻഡിലുള്ള ടവർ ബ്ളോക്കിലാണ് തീപിടുത്തം. കെട്ടിടത്തിൽ നിന്നും കനത്ത തോതിൽ പുകയുയരുകയാണ്. എട്ട് ഫയർ എഞ്ചിനുകളും അമ്പത് ഫയർ ഫൈറ്റേഴ്സും സ്ഥലത്ത് കുതിച്ചെത്തിയിട്ടുണ്ട്. മറ്റ് എമർജൻസി സർവീസുകളും രംഗത്തുണ്ട്. സമീപത്തെ റോഡുകൾ അടച്ചു. നാല്പതോളം പേർ കെട്ടിടത്തിൽ നിന്ന് എമർജൻസി സർവീസുകൾ എത്തുന്നതിനു മുമ്പ് തന്നെ സുരക്ഷിതമായി പുറത്തെത്തി. രണ്ടു പേരെ ഫയർ സർവീസ് പുറത്തെത്തിച്ചു. ഏരിയൽ പ്ലാറ്റ്ഫോമിൽ നിന്ന് ടവർ ബ്ളോക്കിലേയ്ക്ക് വെള്ളം സ്പ്രേ ചെയ്തു കൊണ്ടിരിക്കുകയാണ്. തീയണയ്ക്കാനുള്ള ഊർജിത ശ്രമങ്ങളുടെ ഭാഗമായി സമീപ സ്ഥലങ്ങളിൽ നിന്നുള്ള ഫയർ യുണിറ്റുകളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ആർക്കും അപകടമുണ്ടായതായി റിപ്പോർട്ടില്ല.  
ലണ്ടന്‍ മേയര്‍ പിയേഴ്‌സ് മോര്‍ഗനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഗുഡ്‌മോര്‍ണിംഗ് ബ്രിട്ടന്‍ അവതാരകന്‍ പിയേഴ്‌സ് മോര്‍ഗന്‍. തന്റെ ടിവി ഷോയില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് ഒളിച്ചുകളി അവസാനിപ്പിക്കാനും മോര്‍ഗന്‍ സാദിഖ് ഖാനോട് ആവശ്യപ്പെട്ടു. നിങ്ങള്‍ ലണ്ടന്‍കാര്‍ക്ക് യാതൊരു സുരക്ഷിതത്വവും നല്‍കുന്നില്ലെന്നും മോര്‍ഗന്‍ സാദിഖ് ഖാനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു. കഴിഞ്ഞ വീക്കെന്‍ഡില്‍ ലണ്ടനിലുണ്ടായ അക്രമ സംഭവങ്ങളിലാണ് മേയര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്. വെടിവെപ്പും കത്തിക്കുത്തും ഉള്‍പ്പെടെയുള്ള ആക്രമണങ്ങളാണ് രാജ്യ തലസ്ഥാനത്ത് അരങ്ങേറിയത്. ഇവയില്‍ ഒരു 17 കാരന്‍ കൊല്ലപ്പെടുകയും ചെയ്തു. സൗത്ത്വാര്‍ക്കില്‍ വെച്ച് വെടിയേറ്റ് മരിച്ച നിലയിലാണ് റെയ്‌ഹെയിം എയിന്‍സ്വര്‍ത്ത് ബാര്‍ട്ടന്‍ എന്ന പതിനേഴുകാരനെ കണ്ടെത്തിയത്. ഹാരോയില്‍ മാതാപിതാക്കളുമൊത്ത് നടക്കുകയായിരുന്ന 13 കാരന്റെ തലക്ക് വെടിയേറ്റിരുന്നു. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഒരു 15 കാരന് നേര്‍ക്കുണ്ടായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ ഈ കുട്ടിക്ക് വെടിയേല്‍ക്കുകയായിരുന്നു. 2018 തുടക്കം മുതല്‍ ലണ്ടനില്‍ അക്രമസംഭവങ്ങള്‍ പെരുകി വരികയാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ 24 മണിക്കൂറോളം നീളുന്ന അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. അക്രമങ്ങള്‍ തടയാന്‍ എല്ലാവിധത്തിലുള്ള നടപടിയും സ്വീകരിക്കുമെന്ന് മേയര്‍ പ്രതികരിച്ചിരുന്നു. അക്രമ സംഭവങ്ങളെ താന്‍ അപലപിക്കുകയാണെന്നും മേയര്‍ പറഞ്ഞു. ലണ്ടന്‍ വാസികളുടെ സുരക്ഷയാണ് തന്റെ പ്രഥമ പരിഗണനയെന്നും മെട്രോപോളിറ്റന്‍ പോലീസുമായി താന്‍ നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും മേയര്‍ വ്യക്തമാക്കി. അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പോലീസ് എല്ലാ പരിശ്രമവും നടത്തി വരികയാണെന്ന് തന്നെ അറിയിച്ചിട്ടുണ്ടെന്നും സാദിഖ് ഖാന്‍ വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved