madhu murder case
അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചയാളുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. കൊലപാതകക്കേസില്‍ ഇയാള്‍ അഞ്ചാം പ്രതിയാണ്. മുക്കാലി തൊടിയില്‍ വീട്ടില്‍ ഉബൈദ് ഉമ്മര്‍(25) എന്നയാളാണ് മര്‍ദ്ദിക്കുന്ന സമയത്ത് മധുവിന്റെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചത്. നേരത്തെ സമരം നടത്തിയ ആദിവാസി സംഘടനകള്‍ പ്രധാനമായും ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്ന് ഉബൈദിനെ പിടികൂടുകയെന്നതായിരുന്നു. സെല്‍ഫിക്കാരനെ അറസ്റ്റ് ചെയ്‌തോ എന്ന ചോദ്യം പോലീസുകാരോട് സമരം നടത്തിയ പ്രവര്‍ത്തകര്‍ നിരന്തരം ചോദിക്കുന്നുണ്ടായിരുന്നു. കൊലപാതകം, പട്ടികവര്‍ഗ പീഡന നിരോധനനിയമം, മധുവിനെ മര്‍ദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിന് വിവിധ ഐ.ടി. വകുപ്പുകള്‍ എന്നിവയാണ് ഉബൈദിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. പ്രതിയെ ഇപ്പോള്‍ റിമാന്റ് ചെയ്തിരിക്കുകയാണ്. ജീവനു വേണ്ടി യാചിക്കുന്ന മധുവിന് അരികില്‍ നിന്ന് സെല്‍ഫിയെടുത്ത ഇയാള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് നവ മാധ്യമങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. എന്‍. ഷംസുദ്ദീന്‍ എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണ് അറസ്റ്റിലായ ഉബൈദെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എന്‍. ഷംസുദ്ദീന്‍ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. തെരെഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ പങ്കെടുക്കുക മാത്രമാണ് ഉബൈദ് ചെയ്തതെന്നും മറ്റൊരു ബന്ധവുമില്ലെന്നും എംഎല്‍എ പറഞ്ഞു. മധുവിനെ ആള്‍ക്കൂട്ടം പിടികൂടിയ സ്ഥലത്ത് നിന്നും കവലയിലുള്ള വെയ്റ്റിങ് ഷെഡ്ഡിലെ തൂണില്‍ കെട്ടിയിട്ടും എടുത്ത സെല്‍ഫി ചിത്രങ്ങളും പ്രചരിപ്പിച്ചതില്‍ പ്രധാനിയാണ് ഉബൈദ്.
അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ മരണത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ്. മധുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ മൂന്നു മുസ്ലീം പേരുകള്‍ എടുത്തു പറഞ്ഞ സെവാഗിന്റെ ട്വീറ്റ് വിവാദമായിരുന്നു. സേവാഗ് മനപ്പൂര്‍വം വര്‍ഗീയത പരത്താന്‍ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. ഇതിനെതിരെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡയയില്‍ വിമര്‍ശനം ഉന്നയിച്ചു. 'ഒരു കിലോ അരിയാണ് മധു മോഷ്ടിച്ചത്, എന്നാല്‍ ഇതിന്റെ പേരില്‍ ഉബൈദ്, ഹുസൈന്‍, അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്വത്തില്‍ പാവപ്പെട്ട ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. സംസ്‌കാര സമ്പന്നമായ സമൂഹത്തിനിത് അപമാനകരമാണ്' എന്നാണ് സേവാഗ് ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതോടെ സെവാഗ് മാപ്പ് പറഞ്ഞ് ട്വീറ്റ് ചെയ്യുകയായിരുന്നു. 13 പ്രതികളുള്ള മധുവിന്റെ കൊലപാതക കേസില്‍ മുസ്ലിം പേരുകള്‍ മാത്രമാണ് സെവാഗ് ട്വീറ്റ് ചെയ്തത്. മധുവിന്റെ മരണത്തില്‍ മനപൂര്‍വ്വം മതം കലര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സെവാഗിന്റെ ട്വീറ്റെന്ന് നവ മാധ്യമങ്ങളില്‍ ആളുകള്‍ പ്രതികരിച്ചു. 'തെറ്റ് അംഗീകരിക്കാതിരിക്കുന്നത് രണ്ടാമത്തെ തെറ്റാണ്, അപൂര്‍ണമായ വിവരമായിരുന്നതിനാല്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ കൂടുതല്‍ പേരുകള്‍ വിട്ടുപോയതില്‍ ഖേദിക്കുന്നു. അതില്‍ ആത്മാര്‍ഥമായ ക്ഷമാപണം നടത്തുന്നു. ആ ട്വീറ്റ് വര്‍ഗീയമായിരുന്നില്ല.. എല്ലാ കൊലയാളികളും മതത്താല്‍ വിഭജിക്കപ്പെട്ടിരിക്കുകയും അക്രമാസക്തമായ മാനസികാവസ്ഥകൊണ്ട് യോജിക്കുകയും ചെയ്തിരിക്കുകയാണ്. അവിടെ സമാധാനമുണ്ടാവട്ടെയെന്ന് സെവാഗ് പിന്നീട് പോസ്റ്റ് ചെയ്തു.
തിരുവനന്തപുരം: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. തുക എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അതിനിടെ അക്രമി സംഘത്തിലുണ്ടായിരുന്ന മുക്കാലി പാക്കുളത്തെ വ്യാപാരി കെ. ഹുസൈന്‍, കരീം എന്നിവരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. മറ്റു അഞ്ച് പേരെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ 15 ഓളം ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. തൃശൂര്‍ ഐജിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. കുറ്റവാളികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി ആദിവാസി സംഘടനകളും മധുവിന്റെ ബന്ധുക്കളും രംഗത്ത് വന്നിരുന്നു. സബ് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയത്. നിരവധി ആദിവാസി സംഘടനകള്‍ മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ അട്ടപ്പാടിയില്‍ പ്രകടനം നടത്തി. അഗളി ആനക്കട്ടി റോഡ് വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ ഉപരോധിച്ചിരുന്നു.
ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കൈകള്‍ കെട്ടി പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊല്ലപ്പെട്ട മധുവിന്റെ ചിത്രങ്ങളിലേതുപോലെ കൈകള്‍ കെട്ടിയാണ് കുമ്മനം പ്രതിഷേധിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രതിഷേധത്തിന് തിരഞ്ഞെടുത്ത മാര്‍ഗ്ഗം മലയാളികള്‍ക്ക് അത്ര രസിച്ചില്ല. അല്‍പം പക്വത കാണിക്കൂ എന്നാണ് ട്വീറ്റിന് ലഭിച്ച കമന്റുകളില്‍ ഒന്ന്. കുമ്മനം ഫാന്‍സിഡ്രസ് നടത്തി മുതലെടുക്കുകയാണെന്നും മനസില്‍ വേദനയുണ്ടാക്കിയ സംഭവം ഇത്തരം കോമാളിത്തരങ്ങള്‍ കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്നും ചിലര്‍ എഴുതി. വേഷം കെട്ടി അപഹാസ്യനാകുകയാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. ട്വീറ്റ് വായിക്കാം https://www.facebook.com/sakeer.vc/posts/1724540487567641   https://www.facebook.com/photo.php?fbid=1733539176713181&set=a.280728498660930.66591.100001713472179&type=3&theater
തിരുവനന്തപുരം: ആദിവാസി യുവാവായ മധു ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഡോ. ജേക്കബ് തോമസ്. അട്ടപ്പാടിയിലെ മധു മോഷ്ടാവെങ്കില്‍ വിശപ്പടക്കാന്‍ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് ആ ചെറുപ്പക്കാരന്‍ എങ്ങനെയെത്തിയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജേക്കബ് തോമസ് ചോദിക്കുന്നു. പട്ടിണിക്കാരന്‍ കൊല്ലപ്പെടേണ്ടവനാണ് എന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യാവബോധം തരംതാണിരിക്കുന്നു. വന്‍കിട മുതലാളിമാര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും വേണ്ടി വാചാലരാവുന്നവര്‍ ഭക്ഷണം വാങ്ങാന്‍ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുന്നു. പോളണ്ടിനെയും നികരാഗ്വയെയും കൊറിയയെയും കുറിച്ച് വാചാലരാവുന്ന ബുദ്ധിജീവികള്‍ക്ക് അട്ടപ്പാടിയെക്കുറിച്ച് എന്ത് പറയാനുണ്ട് എന്നറിയാന്‍ കൗതുകമുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ ചോദ്യമുയര്‍ത്തുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം അഴിമതിയും അസമത്വവും: കേരളമോഡല്‍ 2017 ലെ ആഗോള അഴിമതി സൂചികയും അസമത്വ സൂചികയും സദ്ഭരണ സൂചികയും വിരല്‍ചൂണ്ടുന്നത് അഴിമതിയുടെ ഭയാനക ഫലങ്ങളിലേക്കാണ്. State capture അഥവാ പണമുള്ളവന്‍ ഭരണത്തില്‍ കാര്യക്കാരനാവുന്നതിനെപ്പറ്റിയായിരുന്നു സമീപകാല ഗവേഷണങ്ങള്‍ ഏറെയും. ഒരു ഇന്ത്യന്‍ വ്യവസായിക്കു വേണ്ടി ഭരണ നയങ്ങള്‍ പാകപ്പെടുത്തിയതും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ഇഷ്ടക്കാര്‍ക്ക് കട്ടുമുടിക്കാന്‍ അവസരമൊരുക്കിയതുമെല്ലാം പഠനവിധേയമായി. ധനികന്‍ ഭരണത്തിന്റെ ഗുണഫലങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമേറുന്നു. ഈ അന്തരം ആളോഹരി വരുമാനത്തില്‍ മാത്രമല്ല ജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രതിഫലിക്കും. പട്ടിണി, ആരോഗ്യം, വിദ്യാഭ്യാസം, എന്നു തുടങ്ങി മനുഷ്യന്റെ സാമൂഹ്യാവബോധത്തെ പ്പോലും ബാധിക്കും സ്റ്റേറ്റ് കാപ്ച്ചര്‍. അട്ടപ്പാടിയിലെ മധു മോഷ്ടാവെങ്കില്‍ വിശപ്പടക്കാന്‍ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് ആ ചെറുപ്പക്കാരന്‍ എങ്ങനെ എത്തി ? വന്‍കിട മുതലാളിമാര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും വേണ്ടി വാചാലരാവുന്നവര്‍ ഭക്ഷണം വാങ്ങാന്‍ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുന്നു! പട്ടിണിക്കാരന്‍ കൊല്ലപ്പെടേണ്ടവനാണ് എന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യാവബോധം തരംതാണിരിക്കുന്നു. വിശപ്പടക്കാന്‍ അപ്പക്കഷണം മോഷ്ടിച്ചതിന് ഫ്രഞ്ച് മുതലാളിത്ത സമൂഹം ശിക്ഷിച്ച ജീന്‍ വാല്‍ജീന്റെ കഥ വിക്ടര്‍ ഹ്യൂഗോ എഴുതിയിട്ട് 156 വര്‍ഷമായി. പോളണ്ടിനെയും നികരാഗ്വയെയും കൊറിയയെയും കുറിച്ച് വാചാലരാവുന്ന ബുദ്ധിജീവികള്‍ക്ക് അട്ടപ്പാടിയെക്കുറിച്ച് എന്ത് പറയാനുണ്ട് എന്നറിയാന്‍ കൗതുകം
Copyright © . All rights reserved