manchester
ന്യൂഇയര്‍ ഈവില്‍ മാഞ്ചസ്റ്ററിര്‍ കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയയാള്‍ അള്ളാ എന്ന് ഉറക്കെ ഉച്ചരിച്ചുവെന്ന് ദൃക്‌സാക്ഷി. മാഞ്ചസ്റ്റര്‍ വിക്ടോറിയ സ്‌റ്റേഷനിലാണ് ആക്രമണം ഉണ്ടായത്. ഒരു സ്ത്രീക്കും പുരുഷനും ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഓഫീസര്‍ക്കും ആക്രമണത്തില്‍ കുത്തേറ്റു. രാത്രി 9 മണിക്കു മുമ്പായി പ്ലാറ്റ്‌ഫോമില്‍ വെച്ചായിരുന്നു ആക്രമണം. ഇതേത്തുടര്‍ന്ന് സ്‌റ്റേഷന്‍ അടച്ചിടുകയും അക്രമിയെ നീളമേറിയ കത്തിയുമായി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പ്രതി താമസിച്ചിരുന്നതായി കരുതുന്ന ചീറ്റ്ഹാം ഹില്‍ റെസിഡന്‍സില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് തെരച്ചില്‍ നടത്തി. ഇത് ഭീകരാക്രമണത്തിന്റെ ഗണത്തില്‍ പെടുത്തിയാണ് തങ്ങള്‍ അന്വേഷിക്കുന്നതെന്ന് ചീഫ് കോണ്‍സ്റ്റബിള്‍ ഇയാന്‍ ഹോപ്കിന്‍സ് പറഞ്ഞു. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിന്റെ സഹായത്തോടെ കൗണ്ടര്‍ ടെററിസം ഓഫീസര്‍മാരാണ് അന്വേഷണം നടത്തുന്നത്. അറസ്റ്റിലായ അക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. മാഞ്ചസ്റ്ററില്‍ നടന്ന ഭീകരാക്രമണമെന്ന് സംശയിക്കുന്ന സംഭവത്തില്‍ പരിക്കേറ്റവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. കുത്തേറ്റ മൂന്നു പേരുടെയും നില അതീവ ഗുരുതരമാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഓഫീസര്‍ ചികിത്സക്കു ശേഷം ആശുപത്രി വിട്ടു. ഇയാളുടെ തോളിനാണ് കുത്തേറ്റത്. ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് തന്നെയാണ് അക്രമിയെ കീഴടക്കിയത്. ഇതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റത്.
ന്യൂസ് ഡെസ്ക് മാഞ്ചസ്റ്ററിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. സിറ്റി സെൻററിൽ പുകപടലങ്ങൾ നിറഞ്ഞു. എമർജൻസി സർവീസുകൾ രംഗത്ത് എത്തി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. സിറ്റി സെന്ററിനടുത്തുള്ള ആർഡ്വിക്കിലെ ഇംപീരിയൽ നിറ്റ് വെയറിൽ ആണ് തീപിടുത്തം ഉണ്ടായത്. ഇന്ന് വൈകുന്നേരം എഴുമണിയോടെയാണ് സംഭവം. മാഞ്ചസ്റ്റർ ഫയർ ആൻഡ് റെസ്ക്യുവിന്റെ എട്ട് യൂണിറ്റുകൾ സ്ഥലത്ത് ഉണ്ട്. മാഞ്ചസ്റ്ററിനു പുറമേ സ്റ്റോക്ക് പോർട്ട്, ട്രാഫോർഡ് എന്നിവിടങ്ങളിൽ നിന്നും യൂണിറ്റുകൾ എത്തിയിട്ടുണ്ട്. അഗ്നിബാധ ഉണ്ടായിരിക്കുന്നത് ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ്. ഗോർട്ടണും അപ്പോളോ റൗണ്ട് എബൗട്ടിനും ഇടയിലുള്ള ഹൈഡ് റോഡ് പോലീസ് അടച്ചു. ആർക്കും പരിക്കുപറ്റിയതായി റിപ്പോർട്ട് ഇല്ല.  
നൂറുകണക്കിന് കുട്ടികള്‍ക്ക് മദ്യവും ലാഫിംഗ് ഗ്യാസും വിതരണം ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബര്‍മിംഗ്ഹാമിലെ ഷീഷ ബാര്‍ അടച്ചുപൂട്ടി. ഗൂച്ച് സ്ട്രീറ്റ് നോര്‍ത്തിലെ ക്ലൗഡ് നയന്‍ എന്ന ബാറിന്റെ ലൈസന്‍സാണ് ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ റദ്ദാക്കിയത്. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ലൈസന്‍സ് നിബന്ധനകള്‍ ബാര്‍ ലംഘിച്ചുവെന്നും ഉത്തരവാദിത്തത്തോടെ ബാര്‍ നടത്തുമെന്നതില്‍ ഉടമ മുഹമ്മദ് മാലിക്കിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ലൈസന്‍സിംഗ് സബ് കമ്മിറ്റി വിലയിരുത്തി. കുട്ടികള്‍ക്ക് പ്രവേശനം പൂര്‍ണ്ണമായി നിഷേധിക്കാമെന്ന് ബാറുടമ അറിയിച്ചെങ്കിലും കൗണ്‍സില്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. യുവാക്കളായ സഞ്ചാരികള്‍ക്കായി പകല്‍ സമയ പാര്‍ട്ടികള്‍ നടത്തിയതിന് 2017 ഏപ്രില്‍ മുതല്‍ നിരവധി കേസുകള്‍ ഈ ബാറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ 90 ദിവസത്തിനുള്ളില്‍ ബാര്‍ അടച്ചുപൂട്ടണമെന്ന് കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. 9 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ലാഫിംഗ് ഗ്യാസ് നല്‍കിയെന്നാണ് കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യവും ഈ ബാറില്‍ നിന്ന് വിതരണം ചെയ്തിരുന്നു. ഫയര്‍ സേഫ്റ്റി സംബന്ധിച്ചും ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ബാറിന്റെ ലൈസന്‍സ് പിന്‍വലിക്കണമെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസും കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ് 14 മാസങ്ങളായി ബാര്‍ ലൈസന്‍സ് നിബന്ധനകള്‍ തുടര്‍ച്ചയായി ലംഘിച്ചു വരികയായിരുന്നുവെന്നും കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലായിരുന്നു പ്രവര്‍ത്തനമെന്നും പോലീസിന്റെ ലീഗല്‍ പ്രതിനിധി മോളി ജോയ്‌സ് പറഞ്ഞു. ബാറുടമയാണ് ഇവയ്ക്ക് ഉത്തരവാദിയെന്നും പോലീസ് വ്യക്തമാക്കി.
മാഞ്ചസ്റ്ററില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. ട്രാഫോര്‍ഡ് പാര്‍ക്ക് ഏരിയയിലെ യൂറോപ്പ വേയിലാണ് സംഭവമുണ്ടായത്. വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് സംഭവം. അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ കാര്‍ പിന്നീട് പോലീസ് കണ്ടെത്തി. കാര്‍ ഓടിച്ചിരുന്ന 21കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റ അഞ്ചു പേരുടെയും നില ഗുരുതരമാണെന്ന് നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. സംഭവം ഭീകരാക്രമണമല്ലെന്നും പോലീസ് സ്ഥിരീകരിച്ചു. ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിനു ശേഷം പരിക്കേവര്‍ ചിതറിക്കിടക്കുന്നതാണ് കണ്ടതെന്നും സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. അന്വേഷണത്തിനായി ഉടന്‍ തന്നെ പോലീസ് റോഡ് അടച്ചു. ഒരു ബിഎംഡബ്ല്യു 330 ഡി കാറാണ് അപകടമുണ്ടാക്കിയത്. അമിത വേഗത്തിലായിരുന്നു കാര്‍ എത്തിയത്. ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറുന്നതും മൂന്നോളം പേരും ഒരു നായയും അന്തരീക്ഷത്തിലേക്ക് തെറിച്ചു പോകുന്നതും കണ്ടതായി ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. കാര്‍ ഇവര്‍ക്കിടയിലൂടെ നിര്‍ത്താതെ പോകുകയായിരുന്നു. സംഭവം അപകടമാണെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ അറീനയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഭീകരാക്രമണത്തില്‍ ഫയര്‍ഫൈറ്റര്‍മാര്‍ക്ക് ആദ്യ മണിക്കൂറുകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്. ബോംബാക്രമണം നടന്ന് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഫയര്‍ഫൈറ്റര്‍മാര്‍ക്ക് സമീപം നിലയുറപ്പിച്ചിട്ടും രക്ഷാപ്രവര്‍ത്തനത്തിന് സാധിച്ചില്ല. ഒരു ഭീകരന്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നും തോക്ക് കൈവശമുള്ള ഇയാള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നുമുള്ള വ്യാജവിവരമാണ് നിര്‍ണ്ണായകമായ മണിക്കൂറുകളിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വരാന്‍ കാരണം. അഗ്നിശമന സേനാംഗങ്ങള്‍ സമീപത്തായി നിലയുറപ്പിച്ചിരുന്നു. വ്യാജ വിവരം സൃഷ്ടിച്ച ആശങ്ക മൂലം ഫസ്റ്റ് എയ്ഡിലും തീവ്രവാദാക്രമണങ്ങളില്‍ പ്രതികരിക്കേണ്ടത് എങ്ങനെയെന്നും പരിശീലനം ലഭിച്ച ഫയര്‍ഫൈറ്റര്‍മാരുടെ സേവനം മാഞ്ചസ്റ്റര്‍ അറീനയില്‍ ലഭ്യമായില്ല. പരിക്കേറ്റവരെ പുറത്തെത്തിക്കാനും മറ്റും സ്‌ട്രെച്ചറുകളുടെ അഭാവം മൂലം ബുദ്ധിമുട്ടുണ്ടായി. കമ്യൂണിക്കേഷന്‍ തകരാറുകളാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തുന്നത്. സിവില്‍ സര്‍വീസ് മുന്‍ തലവന്‍ ലോര്‍ഡ് കെര്‍സ്ലേക്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് മാഞ്ചസ്റ്റര്‍ ആക്രമണത്തിനു ശേഷം എമര്‍ജന്‍സി സര്‍വീസുകള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ വിലയിരുത്തുന്നത്. എമര്‍ജന്‍സി സര്‍വീസുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഫയര്‍ഫൈറ്റര്‍മാര്‍ക്ക് മുന്നോട്ട് നീങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നിട്ടും നിയന്ത്രിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പറയുന്നു.
RECENT POSTS
Copyright © . All rights reserved