Mansoon
ഇടുക്കി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും മഴ 48 മണിക്കൂര്‍ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 25 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. രാക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. ഇടുക്കി, വയനാട് തുടങ്ങിയ മലയോര മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസംഘം വിവിധ ജില്ലകളിലെത്തിയിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ പതിനഞ്ചംഗ സംഘത്തെ ഹെലികോപ്റ്റര്‍ മുഖേന വയനാട്ടില്‍ എത്തിച്ചിട്ടുണ്ട്. 48 പേരടങ്ങുന്ന മറ്റൊരു സംഘം രാവിലെയോടെ കല്‍പ്പറ്റയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഇടുക്കി, പാലക്കാട് ജില്ലകളിലേക്കും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മലപ്പുറത്ത് അതിശക്തമായ മഴ തുടര്‍ന്നതോടെ നിലമ്പൂര്‍, കാളികാവ്, കരുവാരകുണ്ട് ഭാഗങ്ങളിലായി പത്തു ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മലമ്പുഴയില്‍ നിന്ന് ജില്ലയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈന്‍ തകര്‍ന്നതോടെ നഗരങ്ങളില്‍ കുടിവെള്ളമില്ലാതായിരിക്കുകയാണ്. വയനാട്ടിലെ ബാണാസുരാസാഗര്‍ അണക്കെട്ട് തുറന്നതോടെ വെണ്ണിയോട്, പടിഞ്ഞാറത്തറയിലെ ചില പ്രദേശങ്ങള്‍ എന്നിവ വെള്ളത്തിനടിയിലാണ്. കല്‍പ്പറ്റയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. ബാണാസുരയില്‍ നിന്നുള്ള വെള്ളം ഒഴുക്കി വിടാനായി കബനി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് കര്‍ണാടക വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ മൂന്നു ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ആലുവ ഉള്‍പ്പടെയുള്ള നഗരങ്ങള്‍ ഇതോടെ വെള്ളത്തിനടയിലാകുമെന്നാണ് കരുതുന്നത്. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ഇന്ന് രാവിലെ ഏഴിന് ജലനിരപ്പ് 2401 അടി പിന്നിട്ടു. ഡാമിലെ വെള്ളം പോകുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴക്കെടുതികളില്‍പ്പെട്ട് വിവിധ ജില്ലകളിലായി 13 പേര്‍ മരിച്ചു. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും മണ്ണിടിച്ചില്‍ തുടരുകയാണ്. വടക്കന്‍ ജില്ലകളിലും മഴ ശക്തമായതോടെ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലേക്കുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. ഇടുക്കിയിലെ ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അടിമാലി- മൂന്നാര്‍ ദേശീയ പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. വീട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. ഹസന്‍ കോയ എന്നയാളുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇയാളുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ്, ഭാര്യ ഷമീന, മക്കളായ ദിയാ ഫാത്തിമ, ദിയാ സന എന്നിവരാണ് മരിച്ചത്. കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ടു പേര്‍ മരിച്ചു. അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. ഇടുക്കിയില്‍ ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. കോഴിക്കോട് മട്ടിക്കുന്ന് കണ്ണപ്പന്‍കുണ്ടിലുള്ള പുഴയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. കണ്ണപ്പന്‍കുണ്ട് സ്വദേശിയായ രജീഷിനെ കാറടക്കമാണ് കാണാതായിരിക്കുന്നത്. വയാനാട് വൈത്തരിയിലാണ് മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. വയനാട്ടില്‍ 21 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്നലെ തുറന്നിരുന്നു. ഡാമിന് സമീപത്തുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ സാധ്യതയുണ്ട്. ഇവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയേക്കും. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചിലുണ്ട്. താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിട്ടുണ്ട്. മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കേരളം കേന്ദ്ര സഹായത്തിനായി സമീപിക്കുമെന്നാണ് സൂചന. ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്‌സുമാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കേന്ദ്ര സേനയെ സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.
ജോജി തോമസ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനതയില്‍ ഇന്ന് അന്തര്‍ലീനമായി കിടക്കുന്ന പ്രധാന ഭാവം ഭീതിയാണ്. തൊടിയില്‍ വളരുന്ന പേരയുടെയോ ചാമ്പയുടെയോ ഫലങ്ങള്‍ പോലും ഭക്ഷിക്കുവാന്‍ ഭയപ്പെടുകയാണ് ജനങ്ങള്‍. നിപ്പ വൈറസ് ഭീതി വിതച്ചതിന് ശേഷം വിട്ടുമുറ്റത്തെ പഴവര്‍ഗ്ഗങ്ങള്‍ പലവീടുകളിലും പാഴായി പോവുകയാണ്. മണ്‍സൂണ്‍ ആരംഭിക്കുന്നത് മുതലുള്ള നാല് മാസങ്ങള്‍ പനിയുടെയും മറ്റ് പകര്‍ച്ചവ്യാധികളുടെയും താണ്ഡവകാലമാണ്. ഇത്തവണത്തെ കാലവര്‍ഷത്തെ ശക്തമായ തുടര്‍ന്ന് വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വെള്ളമിറങ്ങി കഴിയുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ പതിവിലും വ്യാപകമാവാനുള്ള സാധ്യതകള്‍ ഏറെയാണ്. ഭയത്തോടെയാണ് ജനങ്ങള്‍ റോഡുകള്‍ ഉപയോഗിക്കുന്നത്. ഭക്ഷ്യ സാധനങ്ങളില്‍ മായം ചേര്‍ക്കുമെന്ന ഭയത്താല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട പല ഭക്ഷണ പദാര്‍ത്ഥങ്ങളും ഇന്ന് തിന്‍ മേശയ്ക്ക് അന്യമാണ്. ഇതിനെല്ലാം പുറമെയാണ് കാലവര്‍ഷം ശകുനമാകുമ്പോഴെല്ലാം മുല്ലപ്പെരിയാര്‍ ഡാം എന്ന ഭീതി മുപ്പതുലക്ഷത്തോളം വരുന്ന മലയാളികളുടെ ഉറക്കം കെടുത്തുന്നത്. അടുത്തകാലത്ത് കേരളത്തെ പിടിച്ചുലച്ച നിപ്പാ വൈറസ് കേരളമൊട്ടാകെയും പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ വിതച്ച ഭീതി കുറച്ചൊന്നുമല്ല. നിപ്പാ വൈറസ് വവ്വാലുകളാണ് പരത്തുന്നതെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പേരയ്ക്കാ, ചാമ്പ തുടങ്ങി തൊടിയിലും മുറ്റത്തും സമൃദ്ധമായിരുന്ന പോഷക സമ്പുഷ്ടമായ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ മലയാളികള്‍ക്ക് ഭയമായത്. മണ്‍സൂണ്‍ ആരംഭിക്കുന്നത് മുതലുള്ള മൂന്നുനാലു മാസങ്ങള്‍ മലയാളികള്‍ പനിപ്പേടിയിലാണ് കഴിഞ്ഞുകൂടുന്നത്. ഒരോ വര്‍ഷവും പലരൂപത്തിലും ഭാവത്തിലുമുള്ള പകര്‍ച്ചവ്യാധികള്‍ നമ്മളെ പിടികൂടാറുണ്ട്. പല പകര്‍ച്ചവ്യാധികളുടെയും പേര് ആദ്യമായാണ് മലയാളികളില്‍ ഭൂരിഭാഗവും കേള്‍ക്കുന്നത് പോലും. കഴിഞ്ഞ വര്‍ഷം ആയിരങ്ങളാണ് പകര്‍ച്ചവ്യാധികളും അനുബന്ധ രോഗങ്ങളും മൂലം ചികിത്സ തേടിയത്. നിരവധിപേര്‍ മരണമടയുകയും ചെയ്തു. എല്ലാ വര്‍ഷവും സംവങ്ങള്‍ ഗുരുതരാവസ്ഥയിലാകുമ്പോള്‍ ചാനല്‍ ചര്‍ച്ചയും മന്ത്രിമാരുടെ പ്രസ്താവനകളും മുറയ്ക്ക് നടക്കുമെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ജനങ്ങളുടെ സ്വൈര്യജീവിതം താറുമാറാകാതിരിക്കാനുമുള്ള യാതൊരു മുന്‍കരുതലും ഉണ്ടാകുന്നില്ല. ശൂചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് യാതൊരു പരിഗണനയും ലഭിക്കുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ നിര്‍മാര്‍ജനത്തിനായി ഒരുക്കിയ സൗകര്യങ്ങളെല്ലാം നിര്‍ത്തലാക്കിയിരിക്കുകയാണ്. ഒരോ വ്യക്തികളും അവരുടെ വീടുകളില്‍ മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് സര്‍ക്കാരിന്റെ നയം. രണ്ടോ മൂന്നോ സെന്റ് സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് സ്ഥലപരിമിതി മൂലം ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രായോഗികമായ പല ബുദ്ധിമുട്ടുകളും ഉണ്ട്. ഇതിന്റെ അനന്തരഫലമെന്നു പറയുന്നത് പൊതുസ്ഥലങ്ങളിലെ പല ഒഴിഞ്ഞ കോണുകളും മാലിന്യ കൂമ്പാരങ്ങളുണ്ടാവുകയും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാവുകയും ചെയ്യുന്നു എന്നതാണ്. മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ സിസിടിവി സ്ഥാപിക്കുക തുടങ്ങിയ അപ്രായോഗിക കാര്യങ്ങളിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ. മായം ചേര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍ ഇത്രയധികം കഴിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനത ലോകത്ത് മറ്റൊരിടത്തും ഉണ്ടാവില്ല. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുവാന്‍ മനുഷ്യശരീരത്തിന് വളരെയധികം ഹാനികരമായ ഫോര്‍മാലിന്‍ എന്ന രാസവസ്തു ഉപയോഗിക്കുന്നുവെന്ന് തെളിഞ്ഞതില്‍ പിന്നെ കടല്‍ മത്സ്യം മലയാളികളുടെ തീന്‍ മേശയ്ക്ക് അന്യമാവുകയാണ്. ശവശരീരം അഴുകാതെ സൂക്ഷിക്കുന്ന ഫോര്‍മാലിന്‍ മോര്‍ച്ചറിയിലെ ഉപയോഗത്തിന് ശേഷം മാനലിന്യ പുറന്തള്ളുമ്പോഴാണ് മായം ചേര്‍ക്കലുകാര്‍ ഇത് സംഭരിക്കുന്നതെന്ന കഥകള്‍ കൂടി പ്രചരിച്ചതോടെ തീന്‍മേശയില്‍ മത്സ്യം കാണുന്നത് തന്നെ ആരോഗ്യകാരണങ്ങളാലുള്ള ഭയത്തേക്കാള്‍ ഉപരി അറപ്പും വെറുപ്പുമാണ് ഉണ്ടാകുന്നത്. ഫോര്‍മാലിന്‍ കലര്‍ന്ന ടണ്‍ കണക്കിന് മത്സ്യം പിടിച്ചെടുത്തെങ്കിലും ഉത്തരവാദികള്‍ക്കെതിരെ യാതൊരു നിയമനടപടിയും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ മുതിരുന്നില്ലെന്ന് തന്നെയല്ല് പലപ്പോഴും മായം കലര്‍ന്ന മത്സംയ തിരിച്ചയക്കുകയും ചെയ്യുന്നു. ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം വളരെനാള്‍ കേടാകാതെ ഇരിക്കുന്നതിനാല്‍ വ്യാപാരികള്‍ക്ക് ഇത് മറ്റൊരു സ്ഥലത്ത് വില്‍ക്കാന്‍ സഹായകരമാകുന്നു. കേരളത്തിലെ റോഡുകളാണ് മറ്റൊരു പേടിസ്വപ്നം. കടല്‍ക്ഷോഭ സമയത്ത് മീന്‍ പിടിക്കാന്‍ പോകുന്നത് പോലെ അപകടരമാണ് കേരളത്തിലെ റോഡ് യാത്ര. സുരക്ഷിതമല്ലാത്ത റോഡുകളുടെ അവസ്ഥയും വാഹനപ്പെരുപ്പവും ട്രാഫിക്ക് നിയമങ്ങള്‍ കൂസാത്ത ജനങ്ങള്‍കൂടി ചേരുമ്പോള്‍ കേരളത്തിലെ റോഡുകള്‍ തികച്ചും ഭീതി ജനകമാണ്. ഇതിനെല്ലാം പുറമെയാണ് ഒരോ കാലവര്‍ഷവക്കാലത്തും കേരള ജനതയുടെ ഉറക്കം കെടുത്തുന്ന മുല്ലപ്പെരിയാര്‍. കേന്ദ്ര ഗവണ്‍മെന്റിന്റെയും അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെയും സുപ്രീം കോടതിയുടെയും നിലപാടുകള്‍ മൂലം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് സമീപ ഭാവിയിലെങ്ങും ഒരു ശാശ്വത പരിഹാര കാണാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ഇത്തരത്തില്‍ പലരൂപത്തിലും ഭാവത്തിലുമുള്ള ഭീതിയല്‍പ്പെട്ട് കഴിയേണ്ട ദയനീയാവസ്ഥയാണ് മലയാളികളിന്ന്. ഈ ഭീതികലില്‍ പലതും സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഭാഗത്ത് നിന്ന് കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ ഒഴിവാക്കപ്പെടാവുന്നതേ ഉള്ളു. അതിന് സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് തൊടിയിലെ ഫലവര്‍ഗ്ഗങ്ങളും മാലയാളികളുടെ ഇഷ്ട ഭക്ഷണമായ കടല്‍ മത്സ്യങ്ങളുമെല്ലാം അന്യമാകും.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

കോഴിക്കോട്: കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. മലബാറില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. കോഴിക്കോട്, മലപ്പുറം, വയനാട് പ്രദേശങ്ങളിലാണ് കനത്ത മഴ തുടരുന്നത്. കോഴിക്കോട് കരിഞ്ചോലയില്‍ 9 വയസുകാരി മരിച്ചു. അപകട സമയത്ത് വീടിനുള്ളില്‍ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. സ്വകാര്യ വ്യക്തി മലമുകളില്‍ നിര്‍മ്മിച്ച തടയിണ തകര്‍ന്നാണ് 9 വയസുകാരി ദില്‍ന മരിച്ചത്. കൂടരഞ്ഞി കുളിരാമൂട്ടില്‍ വീണ്ടും ഉരുള്‍ പൊട്ടലുണ്ടായി. പ്രദേശത്ത് നിന്ന് 10 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരെച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ ഇവര്‍ ഒഴുകി പോയതാകാമെന്നാണ് സംശയം. കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ, വേനപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരിലും ആനക്കല്ലിലും ഉരുള്‍പൊട്ടി. ദുരന്ത നിവാരണ സേനയുടെയും റവന്യൂ ഉദ്യേഗസ്ഥരുടെയും അടിയന്തര യോഗം ഇന്ന് കോഴിക്കോട് കളക്ട്രേറ്റില്‍ നടക്കും. രക്ഷപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളായിരിക്കും നടക്കുക. കക്കയം ടൗണിന് സമീപവും ഉരുള്‍പൊട്ടലുണ്ടായി. വെള്ളപ്പൊക്കത്തില്‍ തിരുവമ്പാടി മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. ബാലുശേരി മങ്കയത്തും നിരവധി വീടുകള്‍ തകര്‍ന്നു. വയനാട്ടിലെ വൈത്തിരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പി.എസ്.സി, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ - പാല്‍ച്ചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിന്റെ മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞു വീണു. കൊട്ടിയൂര്‍ - ബോയ്‌സ് ടൗണ്‍ - മാനന്തവാടി ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം/ബംഗുളുരു: കേരളത്തില്‍ ഇന്ന് മുതല്‍ കാലവര്‍ഷം ശക്തിപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കടലില്‍ പോകുന്ന മത്സ്യ തൊഴിലാലികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് മുതല്‍ ജൂണ്‍ 11 വരെ കനത്ത മഴയായിരിക്കും സംസ്ഥാനത്ത് ലഭിക്കുക. കാലാവര്‍ഷം ശക്തിപ്പെടുന്നത് തീരദേശങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കടലില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും അനന്തരഫലമായി സമുദ്രനിരപ്പില്‍നിന്ന് 10 അടി മുതല്‍ 15 അടി വരെ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും തീരദേശത്ത് താമസിക്കുന്നവര്‍ രാത്രി കാലങ്ങളില്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം കനത്ത മഴ തുടരുന്ന കര്‍ണാടകത്തില്‍ വ്യാപക നാശനഷ്ടം. കര്‍ണാടകയുടെ തീരപ്രദേശങ്ങളിലാണ് മഴക്കെടുതി രൂക്ഷം. സംസ്ഥാനത്തെ ഗതാഗത സംവിധാനത്തെയും മഴയും കാറ്റും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പല വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും വൈകിയാണ് ഓടുന്നത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളുടെ പലഭാഗങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യൂത ലൈനുകള്‍ തകര്‍ന്നിരിക്കുകയാണ്. മരം വീണ് മംഗളൂരുവില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
RECENT POSTS
Copyright © . All rights reserved