Maoist attack
ഛത്തീസ്ഗഢ്: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോവാദി ആക്രമണത്തില്‍ 9 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണത്തില്‍ 5 ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 3 പേരുടെ നില അതീവ ഗുരുതരമാണ്. സിആര്‍പിഎഫ് 212 ബറ്റാലിയനിലെ ജവാന്മാരെയാണ് മാവോയിസ്റ്റുകള്‍ ആക്രമിച്ചത്. സുക്മ ജില്ലയിലെ കിസ്തരാം പ്രദേശത്ത് പട്രോളിംഗിന് പോകുകയായിരുന്ന സൈനിക വാഹനം ബോംബെറിഞ്ഞ് തകര്‍ക്കുകയും സൈനികര്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 9 ജവന്മാര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. ആക്രമണത്തിന് ശേഷം മാവോയിസ്റ്റുകള്‍ കാടിനുള്ളിലേക്ക് രക്ഷപ്പെട്ടു. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ സൈനികരെത്തുന്നതിന് മുന്‍പ് തന്നെ മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടിരുന്നു. മാവോവാദികളുടെ ശക്തി പ്രദേശങ്ങളിലൊന്നായ സുക്മയില്‍ സൈനികര്‍ ആക്രമിക്കപ്പെടുന്നത് സ്ഥിരം വാര്‍ത്തയാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ഇവിടെ 36 ജവാന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തെലങ്കാന-ഛത്തീസ്ഗഢ് അതിര്‍ത്തിപ്രദേശമായ സുക്മയില്‍ കൂടുതല്‍ സൈനിക ക്യാമ്പുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി വാര്‍ത്തകളുണ്ട്.
RECENT POSTS
Copyright © . All rights reserved