marunadan malayali
ന്യൂസ് ഡെസ്ക് കുഞ്ഞനുജൻറെ ജീവൻ നിലനിർത്താനുള്ള ഓപ്പറേഷനായി ജ്യേഷ്ഠൻ തയ്യാറെടുക്കുന്നു. ഓപ്പറേഷൻ നടത്തുന്നത് ബോൺരോ സ്വന്തം അനുജന് നല്കുന്നതിനായിട്ടാണ്. അനുജൻറെ പ്രായം മൂന്നു വയസ്. ഈ മഹത്തായ ദാന കർമ്മത്തിൽ പങ്കാളിയാകുന്ന ജ്യേഷ്ഠന് പ്രായം വെറും അഞ്ച് വയസ്. ഈ ധീരനായ മിടുക്കൻറെ പേര് ഫിൻലി. അനുജൻ ഒലി ക്രിപ്പ്സിന് ബാധിച്ചിരിക്കുന്നത് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണ്. ബോൺമാരോ ട്രാൻസ്പ്ലാന്റിന് വിധേയമാകുന്നതിനു മുമ്പ് രണ്ട് റൗണ്ട് കീമോതെറാപ്പിയ്ക്കു കൂടി ഒലി വിധേയമാകും. കഴിഞ്ഞ വർഷം ജൂൺ 19 നാണ് ഒലിക്ക് ക്യാൻസറാണ് എന്ന് കണ്ടെത്തിയത്. അതിനു ശേഷം ആറുമാസത്തിനുള്ളിൽ ഒലി നാല് റൗണ്ട് കീമോയ്ക്ക് വിധേയനായി. ബ്ലഡ് ടെസ്റ്റിൽ ക്യാൻസറാണെന്ന് സംശയം തോന്നിയതിനെ തുടർന്ന് സട്ടണിലെ റോയൽ മാർസ്ഡൻ ഹോസ്പിറ്റലിലേയ്ക്ക് ഒലിയെ മാറ്റുകയും അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഫിൻലിയുടെ ബോൺമാരോ ഒലിയ്ക്ക്  ചേരുമെന്നറിഞ്ഞതു മുതൽ കുടുംബത്തിന് ആശ്വാസം ലഭിച്ചതായി അമ്മ ഫിയോണ പറഞ്ഞു. കെന്റിലെ സിറ്റിംഗ് ബോണിലാണ് ഇവർ താമസിക്കുന്നത്. തന്റെ സഹോദരനെ ബോൺമാരോ നല്കി പുതുജീവൻ നല്കുന്നതിന് ഫിൻലി കാത്തിരിക്കുകയാണെന്ന് അമ്മ ഫിയോണ പറഞ്ഞു. കീമോ തെറാപ്പിയും മരുന്നുകളുടെ ആധിക്യവും മൂലം ഒലിയ്ക്ക് മുടി മുഴുവൻ നഷ്ടപ്പെട്ടു. അതിൽ തീർത്തും ദുഃഖിതനായിരുന്നു ഫിൻലി. തന്റെ സഹോദരനെപ്പോലെയിരിക്കാൻ ഫിൻലി തൻറെ മുടി ഷേവ് ചെയ്ത് റോയൽ മാഴ്സഡൻ ചാരിറ്റിക്കായി 800 പൗണ്ട് സമാഹരിച്ചു. ഫെബ്രുവരി മാസത്തിലാണ് ഒലിക്ക് ബോൺമാരോ ട്രാൻസ് പ്ലാന്റ് നടത്തുന്നത്.
ന്യൂസ് ഡെസ്ക് ആണവായുധങ്ങൾ വഹിക്കാൻ കഴിയുന്ന ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയിൽതന്നെ പൂർണ്ണമായി വികസിപ്പിച്ചെടുത്ത 55 അടി നീളമുള്ള അഗ്നി 5 എന്ന ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്. 5,000 കിലോമീറ്ററുകൾ ഇതിന് ആക്രമണ പരിധിയുണ്ട്. ചൈനയും ഏഷ്യ മുഴുവനും  യൂറോപ്പിന്റെ ഭാഗങ്ങളും ആഫ്രിക്കയും  മിസൈലിന്റെ പരിധിയിൽ വരും. ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത് ഒറീസയിലെ അബ്ദുൾ കലാം ഐലൻഡിൽ നിന്നാണ്. ഇന്നലെ രാവിലെ 9.53 നായിരുന്നു വിക്ഷേപണം നടന്നത്. 1500 കിലോഗ്രാം ഭാരം മിസൈലിന് വഹിക്കാനാകും. പ്രകോപനമുണ്ടായാൽ ചൈനയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ ഉടൻ തന്നെ പ്രഹരിക്കാൻ ശേഷി ഉള്ള പോർമുനയാണ് ഇന്ത്യ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായിരിക്കുന്ന അവസരത്തിൽ നടന്ന പരീക്ഷണം ചൈന ഗൗരവമായാണ് കാണുന്നത്. പരീക്ഷണ വിക്ഷേപണം വിജയകരമായിരുന്നുവെന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ മാധ്യമങ്ങളെ അറിയിച്ചു. ഇന്ത്യയുടെ സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിലേക്ക് ഈ വർഷം തന്നെ ഈ മിസൈൽ ചേർക്കാനുള്ള തയ്യാറെടുപ്പുകളാണ് നടന്നു വരുന്നത്. അതോടെ ഇന്റർ കോണ്ടിനെന്റെൽ ബാലിസ്റ്റിക് മിസൈലുകൾ ഉള്ള രാജ്യങ്ങളുടെ എലൈറ്റ് ക്ലബിൽ ഇന്ത്യയും അംഗമാകും. അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങൾ നിലവിൽ ഈ ക്ലബിൽ ഉണ്ട്.
ന്യൂസ് ഡെസ്ക് എൻഎച്ച്എസിലെ ജോലി ഉപേക്ഷിക്കുന്ന നഴ്സുമാരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്നു. 2016-17 ൽ രാജി വച്ചത് 33,000 നഴ്സുമാരാണ്. വിന്റർ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഹോസ്പിറ്റലുകൾ ആവശ്യത്തിനു സ്റ്റാഫ് നഴ്സുമാരില്ലാതെ ബുദ്ധിമുട്ടുകയാണ്. പത്തിൽ ഓരോ നഴ്സുവീതം ഓരോ വർഷവും 1 എൻഎച്ച്എസ് വിടുകയാണ്. ബ്രിട്ടണിലെ ഹോസ്പിറ്റലുകളിലെ സ്റ്റാഫ് ഷോർട്ടേജ് ദിനം പ്രതി മൂർച്ഛിക്കുകയാണ്. 2016-17ൽ പുതിയതായി എൻഎച്ച്എസിൽ ചേർന്ന നഴ്സുമാരെക്കാൾ 3000 ൽ ഏറെ നഴ്സുമാരാണ് വിട്ടു പോയത്. 2012-13 ലെ കൊഴിഞ്ഞുപോകലുമായി താരതമ്യപ്പെടുത്തുമ്പോൾ 20 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. എൻഎച്ച്എസ് ഇംഗ്ലണ്ടിൽ കഴിഞ്ഞ മൂന്നു വർഷമായി ജോലി ഉപേക്ഷിക്കുന്ന നഴ്സുമാരുടെ എണ്ണം പുതിയ സ്റ്റാഫുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. ഇത് വളരെ അപകടകരമായ അവസ്ഥയാണെന്ന് ഹെഡ് ഓഫ് റോയൽ കോളജ് ഓഫ് നഴ്സിംങ്ങ് ജാനറ്റ് ഡേവിസ് . പറഞ്ഞു. പുതിയ തലമുറ നഴ്സുമാർ മുന്നോട്ടുവരുന്നില്ല എന്നതും നിലവിലുള്ള അനുഭവ സമ്പത്തുള്ള നഴ്സുമാർ മനം മടുത്ത് മറ്റു ജോലി തേടി പോകുന്നതും ഗവൺമെന്റ് ഗൗരവത്തോടെ കാണണമെന്ന് അവർ പറഞ്ഞു. സെപ്റ്റംബർ 2017 ലെ കണക്കനുസരിച്ച് ജോലി രാജി വച്ച നഴ്സുമാരിൽ 6976 പേർ (21%) എൻഎച്ച്എസിലെ റിട്ടയർമെന്റ് പരിധിയായ 55 വയസിനു മുകളിൽ പ്രായമുള്ളവരായിരുന്നു. എന്നാൽ 17,207 പേർ 40 വയസിനു താഴെയുള്ളവരാണ്. ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നത് നഴ്സുമാരുടെ കൊഴിഞ്ഞു പോകലിന് ഒരു പ്രധാന കാരണമാണ്. വർഷങ്ങളായി എൻഎച്ച്എസ് സ്റ്റാഫിന്റെ ശമ്പള വർദ്ധനയ്ക്ക് ക്യാപ് ഏർപ്പെടുത്തിയിരിക്കുന്നതും പ്രതിസന്ധി വഷളാക്കി. വിന്റർ ക്രൈസിസിൽ നട്ടം തിരിയുന്ന ഹോസ്പിറ്റലുകളിൽ സ്റ്റാഫ് ഷോർട്ടേജ് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.
ന്യൂസ് ഡെസ്ക് ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള കാറ്റഗറിയിൽ വരുന്ന ഇന്ത്യാക്കാരുടെ പാസ്പോർട്ടിന് ഓറഞ്ച് നിറം നല്കാനുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നോട്ടു വച്ച നിർദ്ദേശത്തിനെതിരെ കനത്ത വിമർശനമുയരുന്നു. ഇമിഗ്രേഷൻ ക്ലിയറൻസ് വേണ്ടാത്തവർക്ക് നിലവിലുള്ള നീല പാസ്പോർട്ട് തന്നെ തുടരും. വിദേശ രാജ്യങ്ങളിൽ ജോലിക്കായി പോകുന്നവരെ തൊഴിൽ ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇവർക്ക് പ്രത്യേക നിറമുള്ള പാസ്പോർട്ട് നല്കുന്നതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുമെന്ന് പ്രവാസികളടക്കമുള്ളവർ പറയുന്നു. ഓറഞ്ച് പാസ്പോർട്ട് ഉള്ളവർ അടിസ്ഥാന വിദ്യാഭ്യാസമില്ലാത്തവർ, ആണെന്നതിന്റെ പരസ്യപ്പെടുത്തലാണെന്നും അതിനാൽ തന്നെ അങ്ങനെയുള്ളവർ വിദേശ രാജ്യങ്ങളിൽ കൂടുതൽ വിവേചനത്തിന് ഇരയാകുമെന്നും വിമർശനം ഉയർന്നിട്ടുണ്ട്. ഓറഞ്ച് പാസ്പോർട്ടിൽ അവസാന പേജിൽ യാതൊരു വിവരങ്ങളും രേഖപ്പെടുത്തില്ല എന്ന് പുതിയ നിർദ്ദേശത്തിൽ പറയുന്നു. ഓറഞ്ച് പാസ്പോർട്ടിൽ അഡ്രസും ഇമിഗ്രേഷൻ സ്റ്റാറ്റസും ഉണ്ടാവില്ല. 18 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളത്. ഇനി മുതൽ ഇമിഗ്രേഷൻ ക്ലിയറൻസ് സ്റ്റാമ്പ് ചെയ്യുന്നതിനു പകരം ആ കാറ്റഗറിയിൽ വരുന്നവർക്ക് ഓറഞ്ച് പാസ്പോർട്ടായിരിക്കും നല്കുക. നിലവിൽ ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള ബ്ളു പാസ്പോർട്ട് ഹോൾഡേഴ്സിന് അത് കാലാവധി കഴിഞ്ഞ് പുതുക്കുന്ന സമയത്ത് ഓറഞ്ച് പാസ്പോർട്ടായിരിക്കും നല്കുക. ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ വിദേശങ്ങളിൽ ജോലി ചെയ്യുന്നത്. 69 ബില്യൺ ഡോളറാണ് 2015ലെ കണക്കനുസരിച്ച് വിദേശ ഇന്ത്യൻ തൊഴിലാളികൾ മാതൃരാജ്യത്തേയ്ക്ക് അയച്ചത്. മൈഗ്രൻറ് വർക്കേഴ്സിൽ 20 ൽ ഒരാൾ ഇന്ത്യാക്കാരനാണ്. വിദേശത്ത് നടക്കുന്നതിനേക്കാൾ ഏറെ തൊഴിൽ ചൂഷണം രാജ്യത്ത് തൊഴിലാളികൾക്ക് നേരിടേണ്ടി വരുന്നുണ്ട്. ഇന്ത്യയിൽ വേണ്ടത്ര തൊഴിലവസരങ്ങളും ശമ്പളവും ലഭിക്കാതെ വരുമ്പോൾ, ഒരു പാസ്പോർട്ട് സംഘടിപ്പിച്ച് വിദേശ രാജ്യങ്ങളിൽ ചേക്കേറാൻ ശ്രമിക്കുന്ന അവിദഗ്ദ തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി മുദ്രകുത്തുന്ന നടപടിയാണ് വിദേശ മന്ത്രാലയത്തിന്റേത് എന്നാണ് കടുത്ത വിമർശനം ഉയരുന്നത്. പ്രവാസി സംഘടകളും തൊഴിലാളി യൂണിയനുകളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും അതിശക്തമായ ഭാഷയിലാണ് പുതിയ പാസ്പോർട്ട് പരിഷ്കാരത്തിനെതിരെ പ്രതികരിച്ചത്. ഈ പരിഷ്കാരം പിൻവലിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. 57 ശതകോടീശ്വരന്മാരാണ് ഇന്ത്യയിലെ സമ്പത്തിന്റെ 70 ശതമാനം കൈകാര്യം ചെയ്യുന്നതെന്ന് ഓക്സ്ഫാം ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഈയിടെ പ്രസ്താവിച്ചിരുന്നു. പുതിയ പാസ്പോർട്ട് പരിഷ്കാര നിർദ്ദേശം സമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂട്ടാനും വിവേചനം വർദ്ധിപ്പിക്കാനും മാത്രമേ ഉപകരിക്കൂ എന്ന് രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പറയുന്നു. ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പറ്റാത്ത ഭരണകൂടം വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന ഇന്ത്യാക്കാരനിൽ ഓറഞ്ച് പാസ്പോർട്ട് അടിച്ചേൽപ്പിക്കുന്നതിന്റെ ധാർമ്മികത മനസിലാകുന്നില്ലെന്ന് ഇവർ പറയുന്നു. രാജ്യത്തെ ജനങ്ങൾക്കാവശ്യമായ വിദ്യാഭ്യാസവും ആരോഗ്യ പരിപാലന സൗകര്യങ്ങളും ഭക്ഷണവും താമസ സൗകര്യങ്ങും നല്കാനാവാത്ത ഗവൺമെന്റിന് പൗരന്മാരെ അതിന്റെ പേരിൽ തന്നെ വേർതിരിക്കാൻ എന്തവകാശമാണ് ഉള്ളതെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയം ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിമരുന്നിടുമെന്ന് ഉറപ്പാണ്.  നാസിക്കിലെ സെക്യൂരിറ്റി പ്രസിലാണ് പുതിയ പാസ്പോർട്ട് പ്രിൻറ് തയ്യാറാക്കുന്നത്.
ന്യൂസ് ഡെസ്ക് ഗൾഫ് മേഖലയിൽ നിലനില്ക്കുന്ന സംഘർഷം വർദ്ധിപ്പിച്ചു കൊണ്ട് ഖത്തറും യുഎഇയും വീണ്ടും ഇടയുന്നു. ഖത്തറിന്റെ ഫൈറ്റർ ജെറ്റുകൾ യുഎഇ ഫ്ളൈറ്റുകളെ തടഞ്ഞു എന്നതാണ് പുതിയ സംഭവ വികാസം. തടഞ്ഞത് പാസഞ്ചർ ഫ്ളൈറ്റുകളെയാണെന്ന് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. തടയപ്പെട്ടതിൽ ഒന്ന് എമിറേറ്റ്സ് ഫ്ളൈറ്റ് ആണ് എന്ന് അധികൃതർ വെളിപ്പെടുത്തി. ഖത്തർ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതായി യുഎഇ ആരോപിച്ചു. ബഹ്റിനു പറക്കുകയായിരുന്ന ഫ്ളൈറ്റുകളാണ് തടയപ്പെട്ടതായി പറയുന്നത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തത് ആണെന്നും തികച്ചും തെറ്റാണെന്നും ഖത്തർ പ്രതികരിച്ചു. വ്യോമ സുരക്ഷയെ ബാധിക്കുന്ന നടപടിയാണ് ഖത്തറിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് യുഎഇ പ്രതികരിച്ചു. യുഎഇ മിലിട്ടറി ജെറ്റുകൾ ഖത്തറിന്റെ വ്യോമാതിർത്തിക്കുള്ളിൽ പരിധി ലംഘിച്ച് കയറുന്നതായി ഖത്തർ യുഎൻ സെക്യൂരിറ്റി കൗൺസിലിനോട് ഈയിടെ പരാതി ഉന്നയിച്ചിരുന്നു. ഖത്തറിന്റെ മുൻ ഭരണാധികാരിയുടെ സഹോദരൻ അബ്ദുള്ള ബിൻ അലി അൽ താനി, തന്നെ അബുദാബിയിൽ തടഞ്ഞു വച്ചിരിക്കുകയാണെന്ന് അറിയിക്കുന്ന ഒരു വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് യു എ ഇ യും ഖത്തറും തമ്മിൽ വ്യോമമേഖലയിൽ സംഘർഷം ഉടലെടുത്തത്. യുഎഇ, സൗദി അറേബ്യ, ബഹ്റിൻ എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം കഴിഞ്ഞ വർഷം നിർത്തി വച്ചിരുന്നു. ഭീകരപ്രവർത്തനത്തിന് ഖത്തർ സാമ്പത്തിക സഹായം നല്കുന്നു എന്ന് ആരോപിച്ചായിരുന്നു അത്. ഇറാനുമായി ഖത്തർ അടുക്കുന്നതിലും ഈ രാജ്യങ്ങൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
RECENT POSTS
Copyright © . All rights reserved