masandhyavalokanam
ജോജി തോമസ് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ളൊരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ലോകം നിശ്ചലമായി, ജീവിതക്രമങ്ങൾ മാറിമറിഞ്ഞും. കോവിഡ് - 19 പ്രവാസജീവിതത്തിൽ തീർത്ത പ്രതിസന്ധികളും പ്രത്യാഘാതങ്ങളും മറ്റുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പ്രവാസ ജീവിതത്തിൽ, പ്രത്യേകിച്ച് പാശ്ചാത്യ നാടുകളിലെ പ്രവാസികളും, അവരുടെ കുട്ടികളും നേരിടുന്ന വലിയ വെല്ലുവിളികളിൽ ഒന്ന് സ്വത്വപ്രതിസന്ധിയാണ് . വീടിനുള്ളിൽ നമ്മൾ കാണുന്നതും, ശീലിക്കുന്നതുമായ കാര്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് പുറംലോകം. ഭക്ഷണം തുടങ്ങി എല്ലാം ജീവിതശൈലികളിലും ഇത് പ്രകടമാണ് .ഇന്ത്യക്കാർ പൊതുവെ മലയാളികൾ പ്രത്യേകിച്ചും സ്വന്തം സ്വത്വം സംരക്ഷിക്കുന്നതിൽ തത്പരാണ്. നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും നല്ല വശങ്ങൾ തലമുറകൾക്ക് കൈമാറപ്പെടട്ടേ എന്ന ചിന്താഗതി ആവാം ഇതിൻറെ പിന്നിൽ. ഈ ലക്ഷ്യത്തോടെ എല്ലാവർഷവും കുട്ടികളുമായി നാട്ടിൽ പോകുന്നവർ വരെയുണ്ട്. ഈയൊരു സ്വത്വസംരക്ഷണ പ്രക്രിയയിൽ വളരെ സുപ്രധാന പങ്കാണ് മലയാളി കൂട്ടായ്മകൾക്ക് ഉള്ളത് . യു.കെ പോലുള്ള രാജ്യങ്ങളിൽ മലയാളികളുടേതായ ഒത്തുചേരലുകൾ നിരവധിയുണ്ട്. ആത്മീയമായ ആവശ്യങ്ങൾക്കായുള്ള കൂടിച്ചേരലുകളും, അസോസിയേഷൻ പരിപാടികൾ മുതലായ ബഹുജന പങ്കാളിത്തമുള്ളവ തുടങ്ങി രണ്ടോ മൂന്നോ കുടുംബങ്ങൾ പങ്കെടുക്കുന്ന പിറന്നാൾ ആഘോഷങ്ങൾക്ക് വരെ സാമൂഹിക ഇടപെടലിലൂടെ ലഭിക്കുന്ന പാഠങ്ങൾക്കും, മാനസിക ഉല്ലാസത്തിനും വളരെ വലിയ സ്ഥാനമാണ് ഉള്ളത്. കുട്ടികൾ പ്രത്യേകിച്ച് കൗമാരക്കാരിൽ ലോക്ക്ഡൗൺ കാലഘട്ടം കാര്യമായ മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെട്ടേക്കാം എന്ന് സൂചിപ്പിക്കുന്ന പഠനങ്ങൾ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. സോഷ്യലൈസേഷന് മാനസിക വളർച്ചയിൽ വളരെ നിർണായകമായ സ്ഥാനമാണ് ഉള്ളത് .സാധാരണ കുട്ടികളെ അപേക്ഷിച്ച് പ്രവാസികളായ മാതാപിതാക്കളുടെ കുട്ടികൾക്ക് സാമൂഹിക ഇടപെടലുകൾക്കുള്ള സാധ്യതകൾ കുറവാണ് . കൊറോണയുടെ വരവോടുകൂടി ഉണ്ടായിരുന്ന പരിമിതമായ സാധ്യതകൾക്കുകൂടിയാണ് മങ്ങലേറ്റിരിക്കുന്നത് . യു.കെ പോലുള്ള രാജ്യങ്ങളിൽ ഭൂരിഭാഗം ക്ലാസ്സുകളും സെപ്റ്റംബറിലേ പുനരാരംഭിക്കുകയുള്ളൂ. ഏതാണ്ട് ആറ് മാസത്തോളം വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കാൻ നിർബന്ധിതരായ കുട്ടികൾ നിരവധിയുണ്ട്. ഭൂരിഭാഗം മലയാളി കുടുംബങ്ങളിലും മാതാപിതാക്കളിൽ ഒരാളെങ്കിലും ആരോഗ്യമേഖലയിൽ ആണ് ജോലി നോക്കുന്നത് . ഇത് കുടുംബങ്ങളിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം കുട്ടികളെയും പ്രതികൂലമായി ബാധിക്കും. കൊറോണനന്തര കാലഘട്ടത്തിൽ പ്രവാസികൾ നേരിടാൻ പോകുന്ന മറ്റൊരു കനത്ത വെല്ലുവിളിയാണ് തൊഴിൽ നഷ്ടങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സാമ്പത്തികനഷ്ടങ്ങളും. യുകെ പോലുള്ള രാജ്യങ്ങളിൽപ്പോലും രാജ്യം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കടക്കുന്നതിന്റെ മുമ്പുതന്നെ നിരവധി മലയാളികൾക്ക് ജോലി നഷ്ടമായിട്ടുണ്ട്. നിലവിൽ ഗവൺമെൻറിൻറെ ഭാഗത്തു നിന്നുള്ള പിന്തുണ ഉള്ളതിനാൽ തൊഴിൽനഷ്ടം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെന്തെന്ന് ജനംമറിഞ്ഞിട്ടില്ല. ലോക്ക് ഡൗണിന് ശേഷം ബിസിനസുകൾ പൂർവസ്ഥിതിയിൽ എത്തുമ്പോൾ മാത്രമേ ഏതൊക്കെ സ്ഥാപനങ്ങൾക്ക് ലോക്ക്ഡൗൺ കാലഘട്ടത്തേയും അതിനെത്തുടർന്ന് വരുന്ന സാമ്പത്തിക പ്രതിസന്ധിയേയും അതിജീവിക്കാൻ സാധിക്കുമെന്ന് വ്യക്തമാകും. കോവിഡാനന്തര പ്രവാസ ജീവിതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് വിശേഷിപ്പിക്കാവുന്നത് ജീവിതത്തിലെ അനിശ്ചിതത്വമാണ്. പ്രവാസികളുടെ ഏറ്റവും വലിയ ഇഷ്ടങ്ങളിലൊന്നായ ജന്മനാട്ടിലേയ്ക്കുള്ള യാത്രയും, ബന്ധുക്കളേയും മിത്രങ്ങളായുമുള്ള സന്ദർശനവുമെല്ലാം അനിശ്ചിതത്വത്തിലാണ്. യു.കെ യിലുള്ള നിരവധി മലയാളികളാണ് ഓഗസ്റ്റിൽ കേരളത്തിൽ പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത് അനിശ്ചിതത്വത്തിൽ കഴിയുന്നത്. സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഭാവിയിൽ തുടരുകയാണെങ്കിൽ ഒരു സാധാരണ മലയാളി കുടുംബത്തിന് കുടുംബാംഗങ്ങളൊന്നിച്ചുള്ള നാട്ടിൽ പോക്ക് തന്നെ സ്വപ്നമായി തീരും. കാരണം ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് അത്രയധികം വർദ്ധിക്കാൻ സാധ്യതയുണ്ട് . കോവിഡാനന്തര പ്രവാസജീവിതം തീർച്ചയായും ഒത്തിരിയേറെ മാറ്റങ്ങൾ നിറഞ്ഞതായിരിക്കും. പല മാറ്റങ്ങളും ദീർഘനാൾ പ്രവാസ ജീവിതത്തെ സ്വാധീനിക്കാൻ പ്രാപ്തി ഉള്ളതായിരിക്കും. എന്തായാലും കൊറോണ വൈറസിനെതിരെ ഒരു വാക്സിൻ കണ്ടെത്തുന്നതുവരെ സോഷ്യലൈസിംഗ് സോഷ്യൽ മീഡിയയിലൂടെ ആകാനാണ് സാധ്യത.      ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.        
ജോജി തോമസ് ആധുനിക കാലഘട്ടം കോവിഡ് - 19ന് മുൻപും ശേഷവും എന്ന് വേർതിരിച്ച് നിരീക്ഷിക്കപ്പെടുമ്പോൾ യുകെ ഉൾപ്പെടെയുള്ള മലയാളികളുടെ പ്രധാന കുടിയേറ്റ മേഖലകളിൽ കനത്ത തൊഴിൽ നഷ്ടത്തിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 25 ലക്ഷത്തോളം മലയാളികൾക്ക് ഉപജീവനമാർഗ്ഗം പ്രദാനം ചെയ്യുന്ന ഗൾഫ് മേഖലയിൽ കനത്ത തൊഴിൽ നഷ്ടവും തുടർന്നുണ്ടാകുന്ന കൂട്ട പലായനവും ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ക്രൂഡോയിലിന്റെ കനത്ത വില തകർച്ചയാണ് ഗൾഫ് മേഖലയെ പ്രതിസന്ധിയിലാക്കിയത്. പക്ഷേ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് പല വികസിത രാജ്യങ്ങളിലെയും പ്രവാസിമലയാളികളുടെ പ്രതിസന്ധി. പല തൊഴിൽ മേഖലകളിൽ നിന്നും അവസരങ്ങളിൽ കാര്യമായ കുറവാണ് വന്നിരിക്കുന്നത്. യുകെയിൽ മലയാളികളുടെ പ്രധാന തൊഴിൽ മേഖലകളിൽ ഒന്നായ നഴ്സിംഗ് ഹോമുകളിൽ നല്ലൊരു ശതമാനവും കോവിഡ് മരണങ്ങൾ മൂലം അടച്ചുപൂട്ടലിന്റെ വക്കിലാണ്. നഴ്സിംഗ് മേഖലയിലെ തൊഴിലവസരങ്ങളിലും സാരമായ കുറവിന് കെയർ ഹോം ബിസിനസിന്റെ തകർച്ച കാരണമാകും. യുകെയിലും മറ്റും തൊഴിലവസരങ്ങൾക്കായി കാത്തിരിക്കുന്ന നൂറുകണക്കിന് മലയാളി നേഴ്സുമാരുടെ പ്രതീക്ഷകൾക്കാണ് കോവിഡ് - 19 മങ്ങലേൽപ്പിച്ചിരിക്കുന്നത്. ഇതിനുപുറമേയാണ് റസ്റ്റോറന്റ്, പെട്രോൾ സ്റ്റേഷൻ തുടങ്ങിയ തൊഴിലിടങ്ങളിൽ സംഭവിക്കുവാൻ പോകുന്ന പ്രതിസന്ധി. ഈ രണ്ട് മേഖലകളും മലയാളികൾക്ക് വളരെയധികം തൊഴിലവസരങ്ങൾ നൽകിയിരുന്നതാണ്. സാമൂഹികാകലം പാലിക്കേണ്ടതിന്റെ ആവശ്യകത തുടരുന്നടത്തോളം കാലം റസ്റ്റോറന്റുകളിൽ വളരെ കുറച്ച് ഉപഭോക്താക്കളെയേ ഉൾക്കൊള്ളാൻ സാധിക്കുകയുള്ളു. ഇത്തരത്തിൽ തൊഴിൽ പ്രതിസന്ധി നേരിടുമ്പോൾ അതിജീവനത്തിനായിട്ട് പ്രവാസികൾക്ക് പലപ്പോഴും തങ്ങളുടെ ഇന്ത്യയിലെ സമ്പാദ്യം വിറ്റഴിക്കുകയാണ് പോംവഴി. യുകെ മലയാളികളിൽ ഭൂരിഭാഗവും തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനം ഇന്ത്യയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. പ്രവാസികളുടെ അധ്വാനത്തിൽ നിന്നുണ്ടായ ഈ നിക്ഷേപങ്ങൾ രാജ്യ പുരോഗതിയെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിസന്ധിഘട്ടങ്ങളിൽ പ്രവാസികളെ സഹായിക്കേണ്ട കടമ മാതൃരാജ്യത്തിനുണ്ട്. പ്രവാസികളുടെ മൂലധന നേട്ട നികുതി കുറച്ചുകാലത്തേയ്ക്കെങ്കിലും ഒഴിവാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവുകയാണെങ്കിൽ അതുകൊണ്ട് ഉണ്ടാകുന്ന ആശ്വാസം ചില്ലറയല്ല.    ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.        
ജോജി തോമസ് അടുത്ത കാലത്തു കേന്ദ്ര ഗവൺമെന്ററിൻെറ ഭാഗത്തുനിന്നുണ്ടായ രണ്ട് നിർണ്ണായ നീക്കങ്ങൾ വളരെ ശ്രദ്ധേയമായി . ആദ്യത്തേത് ജമ്മു കാശ്മീരിൻെറ പ്രത്യേക പദവി എടുത്തുകളഞ്ഞു കൊണ്ട് വിഘടന വാദത്തിനതിരെയുള്ള ശക്തമായ നീക്കമായിരുന്നെങ്കിൽ രണ്ടാമത്തേത് പ്രമുഖ കോൺഗ്രസ് നേതാവും യു .പി .എ ഗവൺമെന്റിൽ നിർണ്ണായ സ്ഥാനങ്ങൾ വഹിച്ചതുമായ പി . ചിദംബരത്തെ അഴിമതികേസിൽ സി .ബി .ഐ അറസ്റ്റ് ചെയ്തതുമാണ് . ഈ രണ്ടു സംഭവങ്ങളിലൂടെ രാജ്യം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളായ അഴിമതിക്കും , വിഘടനാവാദത്തിനുമെതിരെ വളരെ വ്യക്തമായ സന്ദേശമാണ് ഇന്ത്യൻ ഗവൺമെന്ററിൻെറ ഭാഗത്തുനിന്ന് ഉണ്ടായത് . സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഉണങ്ങാത്ത മുറിവാണ് കാശ്മീരിലെ വിദേശ പിന്തുണയോടുള്ള വിഘടനവാദ പ്രസ്ഥാനങ്ങൾ . കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയിൽ കാശ്മീരിലെ വിഘടന വാദപ്രസ്ഥാനങ്ങൾ  ഇന്ത്യൻ ജനതയ്ക്ക് ഉണ്ടാക്കിയ ആൾ , ധന നഷ്ടത്തിൻെറ കണക്ക് അതിഭീകരമാണ് .ജമ്മു കാശ്മീർ നയത്തിൽ കാലാകാലങ്ങളായുള്ള സർക്കാരുകൾ ഇരുട്ടിൽ തപ്പുന്ന പ്രതീതിയാണ് ഉണ്ടായിരുന്നത് .എന്നാൽ അടുത്തയിടെ ഉണ്ടായ കേന്ദ്ര സർക്കാർ നടപടി കാശ്മീർ നയത്തിൽ വ്യക്തമായ ദിശാബോധം നൽകുന്നതും കാശ്മീരിലെ വിഘടനവാദത്തോടുള്ള പ്രീണനനയം അവസാനിപ്പിക്കുന്നതുമാണ് . ഭരണഘടനയുടെ 370 -)o വകുപ്പ് റദ്ദാക്കി ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞതിലൂടെ ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാവ്യവസ്ഥകളും ജമ്മു കശ്‌മീരിനും ബാധകമാകും . ജമ്മു കാശ്മീരിനെ ലഡാക്ക് ,കാശ്മീർ എന്നായി വിഭജിച്ച കേന്ദ്ര സർക്കാർ ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമായി മാറ്റുകയും ചെയ്തു .1950 -ൽ ഭരണഘടന നിലവിൽ വന്നതു മുതൽ ജമ്മു കാശ്മീരിന് പ്രത്യേക പദവി ലഭ്യമായിരുന്നു .ഭരണഘടനാ അസംബ്ലിയുടെ കാലാവധി 6 വർഷം , കാശ്മീരിനു പുറത്തുള്ള ഇന്ത്യക്കാർക്ക് സ്ഥാവര ജംഗമവസ്തുക്കൾ കാശ്മീരിൽ വാങ്ങാൻ സാധിക്കാത്ത സാഹചര്യമെല്ലാം ഭരണഘടനയുടെ 370 -)o വകുപ്പ് റദ്ദാക്കിയതിലൂടെ ഇല്ലാതാകും .ഇന്ത്യൻ പീനൽ കോഡിനു പകരം രൺബീർ സിങ്ങ് രാജാവിൻെറ കാലത്തേ രൺബീർ പീനൽകോഡ്‌ ആയിരുന്നു കാശ്മീരിൽ നിലവിൽ ഉണ്ടായിരുന്നത് . കാശ്മീർ നയത്തിലുള്ളതു പോലെ തന്നെ കേന്ദ്ര സർക്കാരിൻെറ ഭാഗത്തുനിന്ന് ഉണ്ടായ ശ്രദ്ധേയമായ നീക്കമാണ് കടുത്ത അഴിമതി ആരോപണം നേരിടുന്ന പി . ചിദംബരത്തിൻെറ അറസ്റ്റിലൂടെ ഉണ്ടായത് .കേന്ദ്ര ഗവൺമെന്ററിൽ യു . പി . എ ഭരണകാലത്ത് ധനകാര്യ ആഭ്യന്തര വകുപ്പുകൾ കൈയ്യാളിയിരുന്ന ചിദംബരത്തിൻെറ അറസ്റ്റ് അഴിമതിക്കെതിരെയുള്ള പോരാട്ടമായി മാറണമെങ്കിൽ മോദി ഗവൺമെന്റ് വളരെയധികം മുന്നോട്ട്പോകേണ്ടിയിരിക്കുന്നു . സമൂഹത്തിൻെറയും ഭരണത്തിൻെറയും താഴെത്തട്ടിൽ നിന്ന് ഉന്നതങ്ങളിൽ വരെ വ്യാപിച്ചിരിക്കുന്ന അഴിമതി ഇല്ലാതാക്കാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ ഉണ്ടാകണം . കഴിഞ്ഞ കാലഘട്ടങ്ങളിൽ ഉണ്ടായ വിവിധ അഴിമതി ആരോപണങ്ങളുടെ മേൽ ശക്തമായ നടപടികൾ ആവശ്യമാണ് .അല്ലെങ്കിൽ ചിദംബരത്തിനെതിരായ നടപടികൾ രാഷ്ട്രീയ പക പോക്കലിനപ്പുറം മറ്റൊരു സന്ദേശവും സമൂഹത്തിന് നൽകില്ല . അഴിമതിയും , വിഘടനവാദവുമാണ് ദശകങ്ങളായി ഇന്ത്യയുടെ പുരോഗതിയേ പിന്നോട്ടടിക്കുന്ന പ്രധാന ഘടകങ്ങൾ . ജനജീവിതത്തെ സാരമായി ബാധിക്കുന്ന വിധത്തിലാണ് അഴിമതിയുടെയും , വിഘടനവാദത്തിൻെറയും വളർച്ച .കേരളം കണ്ട മഹാപ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് സർക്കാരിൽ നിന്ന് അനുവദിച്ച സഹായധനം കിട്ടുന്നതിനു പോലും ഉദ്യോഗവൃന്ദത്തിന് പടി കൊടുക്കേണ്ട അവസ്ഥയിലേയ്ക്ക് എത്തി നിൽക്കുന്നു അഴിമതിയുടെ ഭീകരത .അതുകൊണ്ടു തന്നെ അഴിമതിയുടെയും വിഘടന വാദത്തിൻെറയും ഭീകരത തിരിച്ചറിഞ്ഞ് ഇന്ത്യൻ ജനത ഒന്നിച്ചു നിൽക്കേണ്ട അവസരമാണിത് .   ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.  
ജോജി തോമസ് അധികാരത്തിലേറി രണ്ടു മാസങ്ങൾ പോലും പൂർത്തിയാകുന്നതിനു മുൻപ് രണ്ടാം മോദി ഗവൺമെന്റ് റ്വിവരവകാശ നിയമത്തിന് പരിധികളും അതിരുകളും നിശ്ചയിക്കുന്നതിൽ വിജയിച്ചതിലൂടെ ഇന്ത്യൻ ജനത കണ്ടതിൽ വച്ച് ഏറ്റവും മഹത്തരമായ പൗരാവകാശനിയമങ്ങളിലൊന്നാണ് അപ്രസക്തമാകുകയോ, ,വിസ്മൃതിയിലേയ്ക്ക് പോകുകയോ ചെയ്യുന്നത് . ലോകസഭയും , രാജ്യസഭയും വിവരാവകാശ ഭേദഗതി ബിൽ പാസാക്കിയതോടെ വെറും പത്തു രൂപ ചിലവിൽ ഇന്ത്യയിലെ ഏതൊരു സാധാരണക്കാരനും ഭരണകൂടങ്ങളുടെ അകത്തളങ്ങളിൽ അരങ്ങേറുന്ന അന്തർ നാടകങ്ങൾ അറിയാൻ സാധിച്ചിരുന്ന ,സ്വതന്ത്രഭാരതം കണ്ടതിൽ വച്ചേറ്റവും മഹത്തായ നിയമങ്ങളിലൊന്നായ പൗരാവകാശനിയമം വെറും നോക്കുകുത്തി മാത്രമായി തീരും . ഭരണകൂടങ്ങൾക്കും ,രാഷ്ട്രീയക്കാർക്കും , ഉദ്യോഗവൃന്ദത്തിനും മറയ്ക്കാൻ വളരെയധികം ഉള്ളതുകൊണ്ടുതന്നെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിൻമേൽ കൈ കടത്താൻ കിട്ടിയ ഏറ്റവും ഉചിതമായ അവസരം തന്നെ ഫലപ്രദമായി വിനിയോഗിക്കുകയാണ് ഉണ്ടായത് . വിവരാവകാശനിയമം ഇന്ത്യയിൽ നിലവിൽ വന്ന 2005 ജൂൺ 15 മുതലുള്ള കണക്കെടുത്താൽ 80 ലധികം വിവരവകാശപ്രവർത്തകർ കൊല്ലപ്പെട്ടു എന്നതുതന്നെ ഭരണകൂടങ്ങളും , രാഷ്ട്രീയ അധോലോകവും ഈ നിയമത്തെ എത്ര മാത്രം ഭയപ്പെട്ടിരിന്നു എന്നതിന് തെളിവാണ് . ജനങ്ങളുടെ അറിയാനുള്ള അവകാശം സംരഷിക്കുന്നതിനായി ആണ് ഇന്ത്യൻ പാർലമെന്റ് വിവരാവകാശനിയമം പാസാക്കിയത് . അഴിമതികുറയ്ക്കുക , സർക്കാരിൻെറ ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുക എന്നിവ ആയിരുന്നു വിവരവകാശത്തിൻെറ പ്രധാന ലക്ഷ്യങ്ങൾ .ഇന്ത്യൻ ജനാധിപത്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായ വിവരാവകാശനിയമപ്രകാരം വെറും പത്തു രൂപ നിരക്കിൽ ഏതു പൗരനും സർക്കാരിനോട് വിവരങ്ങൾ ആരായാൻ സാധിച്ചിരുന്നു .വിവരാവകാശനിയമപ്രകാരം ഒരു ദിവസം ഏതാണ്ട് 4000 മുകളിൽ അപേക്ഷകൾ ഇന്ത്യ ഒട്ടാകെ ലഭിച്ചിരുന്നു എന്നത് ഭരണകൂടങ്ങളെ ഈ നിയമം എത്രമാത്രം അസ്വസ്ഥതപ്പെടുത്തിയിരുന്നു എന്നത് വ്യക്തമാക്കുന്നു . അടിയന്തരാവസ്ഥയ്ക്കു ശേഷം പൗരസ്വാതന്ത്ര്യം ഏറ്റവും അധികം അപകടത്തിലായ ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യൻ ജനാധിപത്യം കടന്നു പോകുന്നത് . സർക്കാരിനെതിരെ വിരൽ ചൂണ്ടുന്നവർക്ക് ജയിലോ ,ഭരണകൂട ഗൂഡാലോചനയുടെ ഫലമായ മരണമോ ആണ് ശിക്ഷ . ഉത്തർപ്രദേശിൽ ബിജെ പി എം എൽ എ യ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെൺകുട്ടിക്കും കുടുംബത്തിനും സoഭവിച്ചത് ഈ സാഹചര്യത്തിൽ കൂട്ടിവായിക്കേണ്ടതാണ് . ഭരണകൂടത്തിനും , നേതൃത്വത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചാൽ പോലും രാജ്യദ്രോഹികളായി ചിത്രീകരിച്ച് ജയിലിൽ പോകുന്ന അവസ്ഥ എന്തുകൊണ്ടും അപകടകരമാണ് . ഇന്ത്യൻ പാർലമെന്റിൽ കഴിഞ്ഞ ദിവസം പാസാക്കിയ വിവരാവകാശ ഭേദഗതി നിയമം ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുന്നതും , വിവരവകാശകമ്മീഷൻെറ സ്വതന്ത്രമായ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നതുമാണ് . പുതിയ ഭേദഗതി പ്രകാരം കേന്ദ്രത്തിലേയും , വിവിധ സംസ്ഥാനങ്ങളിലേയും വിവരവകാശകമ്മീഷനുകൾ കേന്ദ്ര സർക്കാരിൻെറ നോക്കുകുത്തികൾ മാത്രമായി തീരും . തെരഞ്ഞെടുപ്പുകമ്മീഷനു സമാനമായ അധികാരങ്ങളുണ്ടയിരുന്ന വിവരവകാശകമ്മീഷനെ കേന്ദ്ര ഗവൺമെന്റിൻെറ പാവയാക്കാനുള്ള നിയമഭേതഗതി പ്രതിപക്ഷത്തിൻെറ കടുത്ത എതിർപ്പ് മറി കടന്നാണ് കേന്ദ്ര ഗവൺമെൻെറ പാസാക്കിയത് . 2005 ഒക്ടോബർ 15 മുതൽ ഇന്ത്യയിൽ നിലവിലിരുന്ന വിവരാവകാശനിയമം ഭേതഗതി ചെയ്തതിലൂടെ നരേന്ദ്രമോദി ഗവൺമെൻറ് പൗരാവകാശങ്ങളുടെ കാര്യത്തിൽ രാജ്യത്തെ ദശകങ്ങൾ പിന്നിലായ്ക്കാണ് നയിച്ചത് .     ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.      
RECENT POSTS
Copyright © . All rights reserved