May
താന്‍ അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഡീലിനെ പിന്തുണച്ചാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി തെരേസ മേയ്. നമ്മുടെ രാജ്യത്തിനും പാര്‍ട്ടിക്കും ഹിതകരമായ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞാല്‍ നേരത്തേ തീരുമാനിച്ചതിലും മുമ്പ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയാന്‍ തയ്യാറാണെന്നാണ് മേയ് ബാക്ക്‌ബെഞ്ച് എംപിമാരെ അറിയിച്ചത്. അടുത്ത ഘട്ടം ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ താന്‍ നയിക്കേണ്ടെന്നാണ് ടോറി ബാക്ക്‌ബെഞ്ച് എംപിമാരുടെ അഭിപ്രായമെന്ന് തനിക്ക് അറിയാമെന്നും ഒരിക്കലും ഈ അഭിപ്രായത്തിന് എതിരായി താന്‍ പ്രവര്‍ത്തിക്കില്ലെന്നും അവര്‍ എംപിമാരുടെ യോഗത്തില്‍ പറഞ്ഞു. അതേസമയം ഡീലിനെ പിന്തുണക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ടോറി സഖ്യകക്ഷിയായ ഡിയുപി പ്രതികരിച്ചത്. മേയുടെ പ്രഖ്യാപനം റിബല്‍ എംപിമാരുടെ നിലപാടിനെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഡിയുപിയുടെ നിലപാട് നമ്പര്‍ 10ന് വന്‍ തിരിച്ചടിയാണെന്ന് ബിബിസിയിലെ ലോറ ക്വേന്‍സ്‌ബെര്‍ഗ് പറയുന്നു. ഡിയുപി കടുത്ത നിലപാടില്‍ നിന്ന് പിന്മാറുമോ എന്നാണ് യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ ജേക്കബ് റീസ് മോഗ് അടക്കമുള്ള ബ്രെക്‌സിറ്റ് അനുകൂലികളായ ടോറികള്‍ ഉറ്റുനോക്കുന്നത്. അറ്റകൈ പ്രയോഗമെന്ന നിലയില്‍ രാജി സന്നദ്ധത പ്രധാനമന്ത്രി അറിയിച്ചെങ്കിലും ബാക്ക്‌സ്റ്റോപ്പ് വിഷയത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താതെയുള്ള ഡീലിന് പിന്തുണ നല്‍കാനാണ് മേയ് ആവശ്യപ്പെടുന്നതെന്ന് ഡിയുപി നേതാവ് ആര്‍ലീന്‍ ഫോസ്റ്റര്‍ പറഞ്ഞു. യുകെയുടെ അഖണ്ഡതയ്ക്ക് ഭീഷണിയാകുന്ന ഒന്നാണ് ബാക്ക്‌സ്റ്റോപ്പ് എന്നാണ് ഫോസ്റ്റര്‍ അഭിപ്രായപ്പെട്ടത്. ഐക്യം ഇല്ലാതാക്കുന്ന ഒരു നടപടിക്കും ഡിയുപി പിന്തുണ നല്‍കില്ലെന്നും അവര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഡീലിന് പാര്‍ലമെന്റ് പിന്തുണ നല്‍കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോക്ക് പറഞ്ഞു. അതിനുള്ള ലക്ഷണങ്ങള്‍ കാണാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഡീല്‍ പാസായാല്‍ പുതിയ ബ്രെക്‌സിറ്റ് തിയതിയായ മെയ് 22നു ശേഷം രാജി സമര്‍പ്പിക്കാമെന്നും പുതിയ പ്രധാനമന്ത്രി ചുമതലയേല്‍ക്കുന്നതു വരെ തുടരുമെന്നുമാണ് മേയ് 1922 കമ്മിറ്റി യോഗത്തില്‍ പറഞ്ഞത്.
നോ ഡീല്‍ രഹസ്യ താരിഫുകളും ഐറിഷ് ബോര്‍ഡറിലെ പദ്ധതികളും ഇന്ന് രാവിലെ പുറത്തു വിടും. രാവിലെ ഏഴു മണിയോടെ മന്ത്രിമാര്‍ ഇവ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ നടപ്പാക്കുന്ന പദ്ധതികളായിരിക്കും ഇവ. തെരേസ മേയുടെ ബ്രെക്‌സിറ്റ് ഉടമ്പടിക്കെതിരെ എംപിമാര്‍ തിരിയാന്‍ കാരണമായ ഐറിഷ് ബാക്ക്‌സ്റ്റോപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ എന്തു നിലപാടായിരിക്കും സ്വീകരിക്കുകയെന്നും രാവിലെ അറിയാം. നോ ഡീല്‍ ബ്രെക്‌സിറ്റിനെതിരായ കോമണ്‍സ് വോട്ട് ഇന്ന് നടക്കാനിരിക്കെയാണ് ഇവ മന്ത്രിമാര്‍ അവതരിപ്പിക്കുക. മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് നടപ്പാകുന്നതിനു ശേഷം ഏതൊക്കെ വസ്തുക്കളുടെ ഇറക്കുമതിയില്‍ നികുതി വര്‍ദ്ധിക്കുമെന്ന കാര്യവും താരിഫുകളില്‍ അറിയാം. ആര്‍ട്ടിക്കിള്‍ 50 കാലാവധി ദീര്‍ഘിപ്പിക്കണമെന്ന വിഷയത്തിലും കോമണ്‍സില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. നോ ഡീല്‍ താരിഫുകള്‍ നടപ്പാകുന്നത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഈ താരിഫുകളും ഐറിഷ് ബോര്‍ഡര്‍ പദ്ധതികളും ഇപ്പോള്‍ പുറത്തു വിടുന്നത് മുന്നോട്ടുള്ള ചര്‍ച്ചകളില് ബ്രിട്ടന്റെ സ്ഥാനം ദുര്‍ബലപ്പെടുത്തുമെന്നും വിമര്‍ശനമുണ്ട്. തന്റെ ഡീല്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ നോ ഡില്‍ ബ്രെക്‌സിറ്റ് വോട്ടില്‍ സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താന്‍ ടോറി എംപിമാര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ് തെരേസ മേയ്. ബ്രെക്‌സിറ്റിന് വെറും 16 ദിവസങ്ങള്‍ മാത്രം ശേഷിക്കേ മേയുടെ ഉടമ്പടി പാര്‍ലമെന്റ് 149 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തള്ളിയത് നോ ഡീല്‍ ഭീഷണിയിലേക്ക് രാജ്യത്തെ എത്തിച്ചിരിക്കുകയാണ്. വോട്ടെടുപ്പിന് ശേഷം ബ്രെക്‌സിറ്റിന്റെ നിയന്ത്രണം പ്രധാനമന്ത്രി പാര്‍ലമെന്റിന് കൈമാറി. ഇന്ന് നടക്കുന്ന വോട്ടെടുപ്പിലും സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ അത് ബ്രെക്‌സിറ്റ് കൂടുതല്‍ വൈകിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
ലേബര്‍ പാര്‍ട്ടിയില്‍ രൂപപ്പെട്ടിരിക്കുന്ന പിളര്‍പ്പ് മുതലാക്കി തെരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി തെരേസ മേയ് ശ്രമിച്ചേക്കുമെന്ന സംശയം പ്രകടിപ്പിച്ച് എംപിമാര്‍. ലൂസിയാന ബര്‍ഗര്‍, ചുക ഉമുന്ന എന്നിവരുടെ നേതൃ്വത്തില്‍ ഏഴ് ലേബര്‍ എംപിമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പാര്‍ലമെന്റില്‍ സ്വതന്ത്ര ഗ്രൂപ്പ് ഉണ്ടാക്കിയ പശ്ചാത്തലം രാഷ്ട്രീയ നേട്ടത്തിനായി പ്രധാനമന്ത്രി പരമാവധി ഉപയോഗിച്ചേക്കുമെന്നാണ് കണ്‍സര്‍വേറ്റീവ്, ലേബര്‍ എംപിമാര്‍ കരുതുന്നത്. പുതിയ ഗ്രൂപ്പിലേക്ക് കൂടുതലാളുകള്‍ എത്തുകയാണെങ്കില്‍ മേയ് ഇത്തരമൊരു നീക്കം നടത്തിയേക്കുമെന്ന് ലേബര്‍ എംപിമാരും ലോര്‍ഡ്‌സ് അംഗങ്ങളും ആശങ്കയറിയിച്ചു. ലേബറിലുണ്ടായിരിക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് ലേബര്‍ പിയറും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ വിദഗ്ദ്ധനുമായ സ്റ്റ്യുവര്‍ട്ട് വുഡ് പറയുന്നു. ജെറമി കോര്‍ബിന്‍ മുന്നോട്ടു വെക്കുന്ന നയങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടിലേക്ക് 20 മുതല്‍ 50 വരെ ലേബര്‍ എംപിമാര്‍ ചിന്തിക്കുന്നുണ്ടെന്നാണ് എഡ് മിലിബാന്‍ഡിന്റെ മുന്‍ ഉപദേശകന്‍ കൂടിയായ വുഡ് പറയുന്നത്. ലേബര്‍ എംപിമാര്‍ക്കൊപ്പം ചില കണ്‍സര്‍വേറ്റീവ് എംപിമാരും ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന അഭിപ്രായം പങ്കുവെക്കുന്നുണ്ട്. നിലവില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രധാനമന്ത്രിക്ക് പിന്തുണ വളരെ കുറവാണ്. ഇതിനിടയില്‍ ലേബറില്‍ നിന്ന് പുറത്തു വന്നവരുടെ സംഘത്തിലേക്ക് കണ്‍സര്‍വേറ്റീവ് അംഗങ്ങളും എത്തിയാല്‍ നിലവിലുള്ള പിന്തുണ കൂടി കുറയുമെന്ന ആശങ്ക മേയ്ക്ക് ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. അത്തരമൊരു സാഹചര്യം ഒഴിവാക്കുക കൂടിയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലൂടെ മേയ് ലക്ഷ്യമിടുക. 2022ല്‍ തെരഞ്ഞെടുപ്പ് നടത്താനാണ് കണ്‍സര്‍വേറ്റീവുകള്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ റിസര്‍ച്ച് ഡയറക്ടറായ ആഡം മേമന്‍ നടത്തുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതോടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമായെന്നാണ് കരുതുന്നതെന്ന് രണ്ട് ടോറി വൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെസ്റ്റ്മിന്‍സ്റ്ററില്‍ നിന്ന് അകലെ സെന്‍ട്രല്‍ ലണ്ടനില്‍ നടക്കുന്ന പാര്‍ട്ടിയില്‍ സ്‌പെഷ്യല്‍ അഡൈ്വസര്‍മാരും നമ്പര്‍ 10 പോളിസി ഒഫീഷ്യലുകളും തിങ്ക്ടാങ്ക് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഇവരുടെ അഭിപ്രായ സമാഹരണമാണ് കണ്‍സര്‍വേറ്റീവ് വിരുന്നിലൂടെ ലക്ഷ്യമിടുന്നത്.
നോ ഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കാന്‍ നീക്കവുമായി എംപിമാര്‍. രാഷ്ട്രീയ ഭേദമില്ലാതെയുള്ള നീക്കമാണ് നടക്കുന്നത്. മാര്‍ച്ചിനുള്ളില്‍ സര്‍വസമ്മതമായ ഉടമ്പടി രൂപീകരിക്കാന്‍ സാധിക്കില്ലെങ്കില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു ഭേദഗതിക്ക് ശ്രമിക്കാനാണ് എംപിമാരുടെ സംഘം ശ്രമിക്കുന്നത്. ലേബര്‍ എംപി യിവെറ്റ് കൂപ്പര്‍, ടോറി മുന്‍ മന്ത്രിയായ സര്‍ ഒലിവര്‍ ലെറ്റ്‌വിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ ശ്രമവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ മന്ത്രിമാര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ഒരു നീക്കത്തിനാണ് ഇവര്‍ തയ്യാറെടുക്കുന്നത്. ഈ മുന്നേറ്റത്തിന് പിന്തുണ നല്‍കിക്കൊണ്ട് നോ ഡീലിനെ എതിര്‍ക്കുന്ന മന്ത്രിമാര്‍ രാജി വെച്ചേക്കുമെന്നും വെസ്റ്റ്മിന്‍സ്റ്ററില്‍ ചിലര്‍ കരുതുന്നു. മേയ് അവതരിപ്പിച്ച ഉടമ്പടിയെ പിന്തുണച്ചില്ലെങ്കില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കുമെന്ന് പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ യൂണിയന്‍ മുഖ്യ നെഗോഷ്യേറ്റര്‍ പറഞ്ഞത് ബ്രെക്‌സിറ്റ് അനുകൂലികളുടെ രോഷം വിളിച്ചു വരുത്തിയതിനു പിന്നാലെയാണ് പുതിയ നീക്കം. ആര്‍ട്ടിക്കിള്‍ 50 നടപടികള്‍ക്ക് കൂടുതല്‍ സമയം നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറായേക്കുമെന്ന് ചീഫ് നെഗോഷ്യേറ്ററായ ഓലി റോബിന്‍സ് ബ്രസല്‍സിലെ ഒരു ഹോട്ടല്‍ ബാറില്‍ വെച്ച് തന്റെ സഹപ്രവര്‍ത്തകരോട് പറയുന്നത് കേട്ടുവെന്ന് ഐടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉടമ്പടിയെ എംപിമാര്‍ പിന്തുണച്ചില്ലെങ്കില്‍ ബ്രെക്‌സിറ്റ് ഒരു ദൈര്‍ഘ്യമേറിയ പ്രവൃത്തിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ ദീര്‍ഘിപ്പിക്കലിന്റെ കാര്യത്തില്‍ ബ്രസല്‍സിന് വ്യക്തതയുണ്ടോ എന്ന കാര്യത്തില്‍ മാത്രമാണ് വ്യക്തത വരേണ്ടത്. എന്തായാലും ഒടുവില്‍ ബ്രസല്‍സ് യുകെയ്ക്ക് കൂടുതല്‍ സമയം അനുവദിക്കാനുള്ള സാധ്യതയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ക്രിസ് ഫിലിപ്പ് ഈ റിപ്പോര്‍ട്ടിനെ തള്ളി. ഒരു ഉദ്യോഗസ്ഥന്‍ ബാറിലിരുന്ന് കുറച്ചു ഡ്രിങ്കുകള്‍ക്ക് ശേഷം പറയുന്നതും ഊഹിക്കുന്നതുമായ കാര്യങ്ങള്‍ക്ക് അത്ര പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പ്രധാനമന്ത്രി തന്റെ ആദ്യ കരാറിന് അംഗീകാരം വാങ്ങാന്‍ എംപിമാരില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കം നടത്തുകയാണോ എന്ന സംശയം പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ റോബിന്‍സിന്റെ കമന്റിന് കഴിഞ്ഞിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏതെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നേരിട്ടിട്ടുള്ള ഏറ്റവും വലിയ തോല്‍വിയായിരിക്കും കോമണ്‍സില്‍ ഇന്ന് തെരേസ മേയ് നേരിടുകയെന്ന് റിപ്പോര്‍ട്ട്. 100 കണ്‍സര്‍വേറ്റീവ് എംപിമാരും പ്രധാനമന്ത്രിയുടെ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്നാണ് അവസാന വിവരം. ബില്ലിന്റെ പരാജയം സര്‍ക്കാരിനെയും രാജ്യത്തെയും അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടേക്കും. ബില്‍ പരാജയപ്പെട്ടാല്‍ തെരേസ മേയ് തന്റെ പ്ലാന്‍-ബി പുറത്തെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബ്രസല്‍സില്‍ എത്തി ഉടമ്പടിയില്‍ ഇളവുകള്‍ക്കായി യാചിക്കുക എന്നതു മാത്രമാണ് മേയ്ക്കു മുന്നിലുള്ള അടുത്ത വഴി. ഇതിനായി ഒരു റോയല്‍ എയര്‍ഫോഴ്‌സ് വിമാനം തയ്യാറാക്കി നിര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാല്‍ ഇത്തരം സാവകാശങ്ങള്‍ തേടാന്‍ ഇവര്‍ക്ക് അവസരം കിട്ടുമോ എന്ന സംശയവും ഉയരുന്നുണ്ട്. എല്ലാ കണ്ണുകളും ലേബറിലേക്കും നേതാവ് ജെറമി കോര്‍ബിനിലേക്കുമാണ് നീളുന്നത്. ബില്‍ പരാജയപ്പെട്ടാല്‍ ലേബര്‍ അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ബില്‍ പരാജയപ്പെട്ടാല്‍ മേയ് രാജിവെക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ബില്‍ പരാജയപ്പെട്ടാല്‍ ബ്രെക്‌സിറ്റ് തന്നെ ഉണ്ടാകില്ലെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ ക്യാമ്പില്‍ നിന്ന് ലഭിക്കുന്നത്. ഇടഞ്ഞു നില്‍ക്കുന്ന ബ്രെക്‌സിറ്റ് അനുകൂലികളെ ഒപ്പം നിര്‍ത്താനുള്ള അവസാന ശ്രമമെന്ന നിലയില്‍ ബില്‍ പരാജയപ്പെടുന്നത് രാജ്യത്തെ തകര്‍ക്കുമെന്ന പ്രസ്താവനയും മേയ് നടത്തി. പാര്‍ലമെന്റില്‍ നേരിട്ടേക്കാവുന്ന പരാജയത്തിനു പുറമേ, ബില്ലില്‍ ഇളവുകള്‍ വേണമെന്ന ആവശ്യം ബ്രസല്‍സ് തള്ളിയേക്കുമെന്നും സൂചനയുണ്ട്. എംപിമാരെ തണുപ്പിക്കാനുള്ള നീക്കമാണ് ബ്രസല്‍സിനെ വീണ്ടും സമീപിച്ചു കൊണ്ട് മേയ് നടത്തുക. എന്നാല്‍ ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് പോലെയുള്ള വിഷയങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍.
RECENT POSTS
Copyright © . All rights reserved