Measles
മീസില്‍സ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തില്‍ വിലക്കു വന്നേക്കുമെന്ന് സൂചന. ഫ്രാന്‍സ്, ഇറ്റലി, ചില അമേരിക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നടപ്പാക്കിയിരിക്കുന്ന ഈ പദ്ധതി ബ്രിട്ടനിലേര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. ഇതിനുള്ള സാധ്യത തള്ളാന്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വിസമ്മതിച്ചു. കുട്ടികള്‍ക്ക് ആവശ്യമായ പ്രതിരോധ മരുന്നുകള്‍ നല്‍കാന്‍ നിരവധി മാതാപിതാക്കള്‍ വൈമുഖ്യം കാണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. 2010നും 2017നുമിടയില്‍ പത്തു വയസിനു താഴെ പ്രായമുള്ള അഞ്ചു ലക്ഷത്തോളം കുട്ടികള്‍ മീസില്‍സ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്നാണ് യുണിസെഫ് കണക്കാക്കുന്നത്. ടോക്ക് റേഡിയോയില്‍ സംസാരിക്കുമ്പോളാണ് വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്ക് പ്രവേശന വിലക്കുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ഹാന്‍കോക്ക് സൂചന നല്‍കിയത്. മറ്റു രാജ്യങ്ങളുടെ പാത പിന്തുടരുമോ എന്ന ചോദ്യത്തിന് ബ്രിട്ടന്‍ ഇതുവരെ അവിടെയെത്തിയിട്ടില്ലെന്നായിരുന്നു മറുപടി. എന്നാല്‍ അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വാക്‌സിന്‍ നല്‍കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഹാന്‍കോക്ക് വ്യക്തമാക്കി. ഓണ്‍ലൈനില്‍ പടരുന്ന വാക്‌സിന്‍ വിരുദ്ധ സന്ദേശങ്ങളില്‍ ആശങ്കയുണ്ടെന്ന് നേരത്തേ ഹാന്‍കോക്ക് അഭിപ്രായപ്പെട്ടിരുന്നു. വാക്‌സിനേഷന്‍ സംബന്ധിച്ച് പ്രചരിക്കുന്ന നുണപ്രചാരണങ്ങളില്‍ ഇടപെടാന്‍ സോഷ്യല്‍ മീഡിയ കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മീസില്‍സില്‍ നിന്ന് പൂര്‍ണ്ണ സംരക്ഷണം ലഭിക്കണമെങ്കില്‍ എംഎംആര്‍ വാക്‌സിന്റെ രണ്ടു ഡോസ് കുട്ടികള്‍ക്ക് ലഭിക്കണം. വിവാദമായ ഈ വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ച കുട്ടികളുടെ എണ്ണം 2016-17ല്‍ 95 ശതമാനമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ഡോസിനായി എത്തിയവര്‍ 88 ശതമാനമായി കുറഞ്ഞു. ലോകാരോഗ്യ സംഘടന നിശ്ചയിച്ചിരുന്നത് 95 ശതമാനത്തിന്റെ ലക്ഷ്യമായിരുന്നു. 2017ല്‍ ഇംഗ്ലണ്ടില്‍ മാത്രം 259 പേര്‍ക്ക് മീസില്‍സ് ബാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 966 ആയി കുതിച്ചുയര്‍ന്നത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
മാഞ്ചസ്റ്റര്‍: ബ്രിട്ടനില്‍ മീസില്‍സ് പടരുന്നു. പ്രധാന നഗരങ്ങളായ വെസ്റ്റ് യോര്‍ക്ക്ഷയര്‍, ചെഷയര്‍ ആന്റ് ലിവര്‍പൂള്‍, വെസ്റ്റ് മിഡ്ലാന്‍ഡ്സ്, സറേ, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്നാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പകര്‍ച്ചവ്യാധി മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കാന്‍ സാധ്യത കുറവാണെങ്കിലും സമീപ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. മീസില്‍സ് ബാധയാണെന്ന് സംശയം തോന്നിയാല്‍ ജി.പിമാരെ കാണുകയോ എന്‍.എച്ച്.എസ് 111ല്‍ വിളിക്കുകയോ ചെയ്യണമെന്നും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കണമെന്നുമാണ് നിര്‍ദേശം. ജനുവരി 9വരെ വെസ്റ്റ് യോര്‍ക്ക്‌ഷെയറില്‍ 34ഉം ചെഷയര്‍ ആന്റ് ലിവര്‍പൂളില്‍ 29ഉം വെസ്റ്റ് മിഡ്ലാന്‍ഡില്‍ 32ഉം സറെയില്‍ 20ഉം ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ 7ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാക്സിനേഷന്‍ എടുക്കാത്തവര്‍ മീസില്‍സ് പടര്‍ന്നു പിടിച്ചിരിക്കുന്ന രാജ്യങ്ങളായ റുമേനിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് അപകട സാധ്യതയുണ്ടാക്കുമെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. രണ്ട് ഡോസ് വാക്‌സിനുകള്‍ നിങ്ങള്‍ എടുത്തിട്ടില്ലെങ്കില്‍ ജിപിമാരെ സമീപിക്കാനും നിര്‍ദേശമുണ്ട്. വാക്‌സിന്‍ എടുക്കാത്തവരിലും മുമ്പ് ഈ രോഗം ബാധിക്കാത്തവരിലും മീസില്‍സ് വരാനുള്ള സാധ്യത ഏറെയാണ്. കുട്ടികള്‍ക്ക് ഇത് അപകടകരമായേക്കാം. ഏഴ് മുതല്‍ 10 ദിവസം വരെ രോഗം നീണ്ടുനിന്നേക്കാം. കുട്ടികള്‍ക്ക് നല്‍കുന്ന രണ്ട് ഡോസ് എംഎംആര്‍ വാക്‌സിനുകള്‍ എടുക്കാത്തവര്‍ എത്രയും പെട്ടന്ന് വാക്‌സിനുകളെടുത്ത് കുട്ടികളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കണമെന്ന് ഇമ്യുണൈസേഷന്‍ മേധാവി ഡോ. മേരി റാംസേ അറിയിച്ചു. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ജി.പിയുമായി ബന്ധപ്പെടണമെന്നും റാംസേ കൂട്ടിച്ചേര്‍ത്തു. സാധാരണ പനിയുടെ ലക്ഷണങ്ങളായ മൂക്കടപ്പ്, തുമ്മല്‍, കണ്ണുകള്‍ നിറയുക തുടങ്ങിയ ലക്ഷണങ്ങളുമായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്. കണ്‍പോളകളിലെ വീക്കം, കണ്ണുകള്‍ ചുവന്ന് തുടുക്കുകയും പ്രകാശത്തിലേക്ക് നോക്കുന്നത് ബുദ്ധിമുട്ടാകുകയും ചെയ്യുക, 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന പനി, വായില്‍ വെള്ളയും ചാര നിറത്തിലുമുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുക, ശരീര വേദന, ചുമ, ഭക്ഷണത്തോട് വിരക്തി, ശരീരത്തില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാവരിലും എല്ലാ ലക്ഷണങ്ങളും കാണണമെന്നില്ല. ലക്ഷണങ്ങള്‍ കണ്ടാല്‍ ജിപിമാരുടെ സഹായം തേടണമെന്നാണ് നിര്‍ദേശം.
RECENT POSTS
Copyright © . All rights reserved