Melania
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനത്തില്‍ പ്രതിഷേധം കനക്കുന്നു. എന്നാല്‍ ട്രംപിനെ പ്രതിഷേധക്കാര്‍ക്ക് കാണാന്‍ കഴിയില്ലെന്നാണ് പുതിയ വിവരം. ട്രംപിന്റെ ഭാര്യ മെലാനിയ പക്ഷേ പ്രതിഷേധത്തിന്റെ ചൂട് നേരിട്ട് അറിയുകയും ചെയ്യും. ലണ്ടനില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥരെയും സ്‌കൂള്‍ കുട്ടികളെയും മെലാനിയ സന്ദര്‍ശിക്കും. ഇവിടെയൊക്കെ ആയിരക്കണക്കിന് ട്രംപ് വിരുദ്ധര്‍ പ്രകടനമായെത്തുമെന്നാണ് കരുതുന്നത്. അതേസമയം ഇംഗ്ലീഷ് കണ്‍ട്രിസൈഡിലുള്ള രഹസ്യ കേന്ദ്രത്തില്‍ വെച്ചായിരിക്കും ട്രംപിന് സ്വീകരണം ഒരുക്കുകയെന്ന് സൂചനയുണ്ട്. ട്രംപിനെ ലണ്ടനില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന വിധത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിഷേധങ്ങള്‍ ട്രംപ് കാണാതിരിക്കുകയാണ് ഉദ്ദേശ്യം. നാളെ ലണ്ടനില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ മെലാനിയ തെരേസ മേയുടെ ഭര്‍ത്താവിനൊപ്പം ചെലവഴിക്കും. ട്രംപ് ഈ സമയത്ത് ബ്രിട്ടീഷ്-അമേരിക്കന്‍ സേനകളുടെ സംയുക്ത അഭ്യാസം നിരീക്ഷിക്കുകയായിരിക്കും. സൈനിക കേന്ദ്രത്തില്‍ ട്രംപ് സന്ദര്‍ശനം നടത്തുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. എന്നാല്‍ എവിടെയാണ് പ്രധാനമന്ത്രിക്കൊപ്പം ട്രംപ് എത്തുകയെന്ന വിവരം സുരക്ഷാകാരണങ്ങളാല്‍ പുറത്തു വിട്ടിട്ടില്ല. ട്രംപിന്റെ പരിപാടികള്‍ ഭൂരിപക്ഷവും ലണ്ടന് പുറത്താണ് നിശ്ചയിച്ചിരിക്കുന്നതെന്നതിനാല്‍ വെസ്റ്റ്മിന്‍സ്റ്ററില്‍ അദ്ദേഹം എത്താനുള്ള സാധ്യതകള്‍ വിരളമാണ്. പ്രതിഷേധക്കാര്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കേന്ദ്രീകരിച്ചാണ് എത്താന്‍ ഏറെ സാധ്യതയുള്ളത്. ലണ്ടന് പുറത്തുള്ള യുകെ അനുഭവവേദ്യമാക്കുക എന്നത് ലക്ഷ്യമിട്ടാണ് പ്രസിഡന്റിന്റെ സന്ദര്‍ശന ഷെഡ്യൂള്‍ തലസ്ഥാനത്തിനു പുറത്താക്കിയതെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ വിശദീകരണം.
RECENT POSTS
Copyright © . All rights reserved