mobile
വാഹനമോടിക്കുന്നതിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ വന്‍ വര്‍ദ്ധന. രണ്ടു വര്‍ഷം മുമ്പ് ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഉപയോഗത്തിന് പിടിക്കപ്പെട്ടാല്‍ നല്‍കേണ്ട പിഴ വര്‍ദ്ധിപ്പിച്ചിട്ടും ഇതിന്റെ നിരക്ക് കുറയുന്നില്ല. ഡ്രൈവിംഗിനിടയില്‍ ഫോണ്‍ചെയ്യുകയോ വരുന്ന കോളുകള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യാറുണ്ടെന്ന് 25നും 34നുമിടയില്‍ പ്രായമുള്ള 47 ശതമാനം ആളുകള്‍ സമ്മതിച്ചു. ഒരു വര്‍ഷത്തിനിടെ 7 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്ന് ആര്‍എസി വ്യക്തമാക്കുന്നു. 35നും 44നുമിടയില്‍ പ്രായമുള്ള 29 ശതമാനം പേര്‍ ഡ്രൈവിംഗിനിടെ ടെക്സ്റ്റ് മെസേജുകള്‍ അയക്കുകയോ ഇമെയില്‍ പരിശോധിക്കുകയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുകയോ ചെയ്യാറുണ്ട്. 10 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. 2017 മാര്‍ച്ച് മുതല്‍ ഫോണ്‍ ഡ്രൈവിംഗിന് പിടിക്കപ്പെടുന്നവര്‍ക്ക് ആറ് പെനാല്‍റ്റി പോയിന്റുകളും 200 പൗണ്ട് പിഴയുമാണ് നല്‍കി വരുന്നത്. നേരത്തേ ഇത് 100 പൗണ്ടും മൂന്ന് പോയിന്റുകളുമായിരുന്നു. പിഴ ഉയര്‍ത്തിയതോടെ കുറേയാളുകള്‍ തങ്ങളുടെ ദുശ്ശീലത്തില്‍ നിന്ന് പിന്തിരിഞ്ഞിരുന്നുവെന്ന് ആര്‍എസി വക്താവ് പീറ്റ് വില്യംസ് പറഞ്ഞു. എന്നാല്‍ അത് ഏറെക്കാലം നീണ്ടില്ല. വീണ്ടും ഡ്രൈവര്‍മാര്‍ പഴയ ശീലത്തിലേക്ക് മടങ്ങിക്കൊണ്ട് സ്വയം അപകടം വിളിച്ചു വരുത്തുകയും മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കുകയുമാണെന്ന് വില്യംസ് വ്യക്തമാക്കി. 1800 ഡ്രൈവര്‍മാരില്‍ നിന്ന് ആര്‍എസി ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചതിന് മുന്‍ ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിന് പിഴശിക്ഷ ലഭിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ കണക്കുകള്‍ പുറത്തു വരുന്നത്. ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം മൂലമുണ്ടായ അപകടങ്ങളില്‍ 2017ല്‍ 43 പേര്‍ കൊല്ലപ്പെടുകയും 135 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പുതിയ കണക്കുകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് ആവോണ്‍ ആന്‍ഡ് സോമര്‍സെറ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഫ്രെയ്‌സര്‍ ഡേവി പ്രതികരിച്ചത്. ഇക്കാര്യത്തിലുള്ള നിയമം കര്‍ശനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലണ്ടന്‍: 'സിം ഓണ്‍ലി' മൊബൈല്‍ ഉപഭോക്താക്കളായ പകുതിയിലേറെ പേര്‍ക്കും വര്‍ഷത്തില്‍ 100 പൗണ്ട് നല്‍കേണ്ടി വരുന്നതായി പുതിയ പഠനം. രാജ്യത്തെ സിം ഓണ്‍ലി മൊബൈല്‍ ഉപഭോക്താക്കള്‍ അതേ സര്‍വീസ് പ്രൊവൈഡര്‍ ഉപയോഗിക്കുന്നവരുമായി നടത്തിയ താരതമ്യ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേര്‍ക്കും ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും പഠനം വ്യക്തമാക്കുന്നു. അധികച്ചെലവ് സംബന്ധിച്ച കണക്കുകളില്‍ വ്യക്തമായ ധാരണയില്ലാത്തതാണ് മിക്കവരും സീം ഓണ്‍ലി ഡീലില്‍ തുടരുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ബില്‍ കംപാരിസണ്‍ വെബ്‌സൈറ്റായ 'ഈസ് മൈ ബില്‍ ഫെയര്‍' എന്ന വെബ്‌സൈറ്റാണ് പഠനം നടത്തിയിരിക്കുന്നത്. 'ഇഇ' ഉപഭോക്താക്കളാണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ അധിക തുക നല്‍കേണ്ടി വരുന്നത്. സാധാരണ 'ഇഇ' ഉപഭോക്താക്കളെ അപേക്ഷിച്ച് ഇഇ സിം ഓണ്‍ലി ഡീല്‍ ഉപഭോക്താക്കള്‍ മാസം 10.54 പൗണ്ട് മാസത്തിലും വര്‍ഷത്തില്‍ 126.48 പൗണ്ട് വര്‍ഷത്തിലും അധികമായി നല്‍കേണ്ടി വരുന്നു. ശരാശരി 20.11 ആണ് അധികച്ചെലവ്. അധികബില്‍ നല്‍കുന്നവരുടെ പട്ടികയില്‍ വോഡാഫോണ്‍ ഉപഭോക്താക്കളാണ് രണ്ടാം സ്ഥാനത്ത്. സാധാരണ 'വോഡാഫോണ്‍' ഉപഭോക്താക്കളെ അപേക്ഷിച്ച് സിം ഓണ്‍ലി ഡീല്‍ ഉപഭോക്താക്കള്‍ മാസം 1..2710.54 പൗണ്ട് മാസത്തിലും വര്‍ഷത്തില്‍ 123.24 പൗണ്ട് വര്‍ഷത്തിലും അധികമായി നല്‍കേണ്ടി വരുന്നു. ശരാശരി 20.22 ആണ് അധികച്ചെലവ്. പട്ടികയില്‍ 'ഒ2' മൂന്നാം സ്ഥാനത്തും 'ബി.ടി മൊബൈല്‍' സ്ഥാനത്തുമാണ്. യഥാക്രമം ഒ2 ഉപഭോക്താക്കള്‍ 111.60 പൗണ്ടും 'ബി.ടി മൊബൈല്‍' ഉപഭോക്താക്കള്‍ 80.64 പൗണ്ടും വര്‍ഷം അധികം നല്‍കേണ്ടി വരുന്നു. ഏതാണ്ട് 5.1 മില്യണ്‍ ഉപഭോക്താക്കളാണ് ഇത്തരത്തില്‍ അധിക ബില്‍ നല്‍കേണ്ടി വരുന്നത്. വര്‍ഷത്തില്‍ ഈ ഗണത്തില്‍ ഉപഭോക്താക്കള്‍ക്ക് ആകെത്തുകയായി നഷ്ടപ്പെടുന്ന തുക ഏതാണ്ട 532 മില്യണ്‍ പൗണ്ടോളം വരുമെന്ന് പഠനം വ്യക്തമാക്കുന്നു. 'ഒ2' ഉപഭോക്താക്കളില്‍ 72 ശതമാനം പേരാണ് അധിക ബില്‍ നല്‍കുന്നത്. 'ഇഇ' ഉപഭോക്താക്കളില്‍ 43 ശതമാനം പേരും വോഡാഫോണ്‍ 50 ശതമാനും പേരും അധികബില്‍ നല്‍കുന്നു. വെര്‍ജിന്‍ മൊബൈലാണ് ഏറ്റവും കുറവ് അധിക ബില്‍ വാങ്ങുന്ന കമ്പനി. വെര്‍ജിന്‍ മൊബൈല്‍ അധികബില്‍ വാങ്ങുന്നത് വര്‍ഷത്തില്‍ 55.20 പൗണ്ട് മാത്രമാണ്.
ക്രിസ്മസിന് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്ന് മുന്നറിയിപ്പ്. സിഗ്നല്‍ ശരായായി കിട്ടുന്ന സ്ഥലത്തു വേണം ട്രാന്‍സാക്ഷനുകള്‍ നടത്താന്‍. ഇടപാടുകളില്‍ കൂടുതല്‍ സുരക്ഷ നല്‍കുന്നതിനായി നിങ്ങളുടെ മൊബൈലിലേക്ക് പാസ്‌വേര്‍ഡുകള്‍ അയക്കുന്ന സമ്പ്രദായം ബാങ്കുകള്‍ ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ ഇല്ലാത്തവര്‍ക്കും ശരിയായ മൊബൈല്‍ സിഗ്നല്‍ ലഭിക്കാത്തവര്‍ക്കും ഇത് ലഭിക്കില്ലെന്നാണ് മുന്നറിയിപ്പ് പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നിയമമാണ് ബാങ്കുകള്‍ നടപ്പാക്കുന്നത്. 27 പൗണ്ടില്‍ അധികം വരുന്ന തുക ചെലവാക്കുകയാണെങ്കില്‍ പേയ്‌മെന്റ് പ്രൊവൈഡര്‍മാര്‍ ഒരു വണ്‍ ടൈം പാസ്‌വേര്‍ഡ് നിങ്ങളുടെ ഫോണിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. യൂറോപ്യന്‍ മാനദണ്ഡമനുസരിച്ച് ഇതിന്റെ പരിധി 30 യൂറോയാണ്. എന്നാല്‍ നിങ്ങളുടെ ട്രാന്‍സാക്ഷന്‍ സുരക്ഷിതമാണെന്ന് റീട്ടെയിലര്‍ക്ക് ബോധ്യപ്പെട്ടാല്‍ ചില ഇളുവുകള്‍ ലഭിക്കാനിടയുണ്ട്. തട്ടിപ്പുകള്‍ നടന്നിട്ടില്ലെന്ന് റെഗുലേറ്ററെ ബോധ്യപ്പെടുത്താന്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ 450 പൗണ്ട് വരെ പരിധി ഉയരും. ഉപഭോക്താക്കളുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിന് ബാങ്കുകള്‍ മറ്റു വഴികള്‍ തേടുകയാണ് ഇപ്പോള്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ബാങ്ക് തട്ടിപ്പുകള്‍ തടയുന്നതിനായി അവതരിപ്പിച്ച പേയ്‌മെന്റ് സര്‍വീസസ് ഡയറക്ടീവ് അനുസരിച്ചാണ് ഈ ചട്ടങ്ങള്‍ നിലവില്‍ വന്നിരിക്കുന്നത്. 2019 സെപ്റ്റംബറില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ ചട്ടങ്ങള്‍ യുകെയില്‍ നടപ്പാക്കിക്കഴിഞ്ഞു. എന്നാല്‍ ഈ രീതികള്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നവയാണെന്ന് വിമര്‍ശകര്‍ പറയുന്നു. മൊബൈല്‍ കവറേജ് ലഭിക്കാത്തവരെയും സാധാരണക്കാരായ ഉപഭോക്താക്കളെയും പരിഗണിക്കാന്‍ ബാങ്കുകള്‍ അലസത കാട്ടുകയാണെന്നാണ് ഫെയറര്‍ ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് ഡേലി പറയുന്നത്. 95 ശതമാനം പേര്‍ക്കു വേണ്ടി മാത്രമാണ് ഈ സംവിധാനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ബാക്കിയുള്ള 5 ശതമാനം ഉപേക്ഷിക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡ്രൈവിംഗിനിടയില്‍ ഡ്രൈവര്‍മാര്‍ നിയമലംഘനങ്ങള്‍ നടത്തുന്നത് പിടികൂടാന്‍ പോലീസ് പ്രത്യേക ക്യാമറ ഉപയോഗിക്കുന്നു. അതിശക്തമായ ഈ ക്യാമറ ഉപയോഗിച്ച് ഒരു മൈല്‍ ദൂരെ നിന്നു തന്നെ കാറിനുള്ളില്‍ ഉള്ളവരുടെ വ്യക്തമായ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും. ലോംഗ് റേഞ്ചര്‍ എന്നാണ് ക്യാമറയുടെ വിളിപ്പേര്. ഓപ്പറേഷന്‍ ഇന്‍ഡെംനിസ് എന്ന പൈലറ്റ് പ്രോജക്ട് അവതരിപ്പിക്കുന്നതിനോടനുബന്ധിച്ച് ഈ ക്യാമറ പ്രദര്‍ശിപ്പിച്ചു. ഗ്ലോസ്റ്റര്‍ പോലീസ് ഇപ്പോള്‍ ഈ ക്യാമറ ഉപയോഗിച്ചു വരുന്നുണ്ട്. അമിത വേഗത, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അമിതവേഗത പിടികൂടാന്‍ സ്പീഡ് ഗണ്ണുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഈ ക്യാമറ കാറിനുള്ളില്‍ ഉള്ളവരുടെ വ്യക്തമായ വീഡിയോ ഫുട്ടേജുകളും നിശ്ചല ചിത്രങ്ങളും നല്‍കുന്നു എന്നതാണ് പ്രധാന പ്രത്യേകത. സാധാരണ ക്യാമറകള്‍ നല്‍കുന്നതിനേക്കാള്‍ വ്യക്തമായ ചിത്രങ്ങള്‍ ഇരട്ടി ദൂരത്തു നിന്ന് എടുക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ഗ്ലോസ്റ്റര്‍ഷയര്‍ പോലീസ് ആന്‍ഡ് ക്രൈം കമ്മീഷണര്‍ മാര്‍ട്ടിന്‍ സേള്‍ പറഞ്ഞു. ഗ്ലോസ്റ്റര്‍ഷയറിനെയും വില്‍റ്റ്ഷയറിനെയും ബന്ധിപ്പിക്കുന്ന എ417, എ419 പാതകളിലും എം4, എം5 പാതകളിലും നിരീക്ഷണത്തിനാണ് പദ്ധതി. പീക്ക് ടൈമില്‍ 35,000 വാഹനങ്ങള്‍ കടന്നു പോകുന്ന ഈ പ്രദേശം ഒരു അപകട മേഖലയായി മാറിയിരിക്കുകയാണ്. ലോംഗ് റേഞ്ചര്‍ ക്യാമറയും ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നീഷന്‍ (ANPR) സംവിധാനവും ഉപയോഗിച്ച് വാഹനങ്ങള്‍ ഈ പ്രദേശത്ത് നിരീക്ഷിക്കാനാണ് ഉദ്ദേശ്യം. അപകടങ്ങള്‍ ഒഴിവാക്കാനും സുരക്ഷിതമായ ഡ്രൈവിംഗിനെക്കുറിച്ചും ആളുകളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ പദ്ധതിയെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ചില ഡ്രൈവര്‍മാര്‍ക്ക് ഉപദേശങ്ങള്‍ നല്‍കി വിട്ടയക്കും. എന്നാല്‍ നിയമലംഘനം നടത്തിയ ഡ്രൈവര്‍മാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഗ്രാനീസ് പമ്പ് എന്ന പേരില്‍ അറിയപ്പെടുന്ന എ417ലെ ലേ ബൈയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചത്. പരീക്ഷണം വിജയകരമായാല്‍ രാജ്യത്തെ മറ്റു റോഡുകളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് നീക്കം.
നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പായാല്‍ ബ്രിട്ടീഷ് മൊബൈല്‍ കമ്പനികളുടെ ഫോണുകള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ റോമിംഗ് നിരക്കുകള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 2017 ജൂണില്‍ എടുത്തു കളഞ്ഞ റോമിംഗ് സമ്പ്രദായം തിരികെ വരുമെന്ന് സ്‌കൈ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോള്‍, ഡേറ്റ എന്നിവയില്‍ റോമിംഗ് ചാര്‍ജുകള്‍ നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ മുന്നറിയിപ്പ് നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് 2017ല്‍ റോമിംഗ് നിരക്കുകള്‍ ഒഴിവാക്കിയത്. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ഫലപ്രദമാകാതെ പോകുകയും ധാരണാ രഹിത ബ്രെക്‌സിറ്റ് നടപ്പാകുകയും ചെയ്താല്‍ ഈ നിരക്കുകള്‍ തിരികെ വരുമെന്നത് ഉറപ്പാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. നോ-ഡീല്‍ സാഹചര്യത്തില്‍ ഉണ്ടാകാനിടയുള്ള സാങ്കേതിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള രണ്ടാമത്തെ വിശദീകരണം സര്‍ക്കാര്‍ ഇന്ന് പുറത്തു വിടും. റോമിംഗ് നിരക്കുകള്‍ സംബന്ധിച്ച വിവരം ഇതില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഈ പേപ്പറിന് ഇനിയും അന്തിമ രൂപമായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. റോമിംഗ് നിരക്കുകള്‍ കുറയ്ക്കാന്‍ നിയമങ്ങള്‍ പാസാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന കാര്യം പേപ്പറില്‍ അടിവരയിടുന്നുണ്ടന്നും വൃത്തങ്ങള്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം എടുത്തു കളയുന്നതിനു മുമ്പായി പ്രതിവര്‍ഷം ശരാശരി 350 പൗണ്ടെങ്കിലും റോമിംഗ് ഇനത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ചെലവാകുമായിരുന്നു. വോഡഫോണ്‍, ഓ2, ത്രീ എന്നീ മൂന്ന് കമ്പനികള്‍ റോമിംഗ് നിരക്കുകള്‍ പുനസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റു കമ്പനികള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ക്യാബിനറ്റിന്റെ പ്രത്യേക യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. യോഗത്തില്‍ മൊബൈല്‍ റോമിംഗ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്.
RECENT POSTS
Copyright © . All rights reserved