Modi’s UK visit
ലണ്ടന്‍: നരേന്ദ്ര മോഡിയുടെ യുകെ സന്ദര്‍ശനത്തിനെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമായി. പാര്‍ലമെന്റ് സ്‌കൊയറില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യന്‍ പതാക പ്രതിഷേധകര്‍ നീക്കം ചെയ്തു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് വക്താവ് അറിയിച്ചു. ഇന്ത്യയില്‍ സത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമണങ്ങളുടെ സാഹചര്യത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് വിവിധ സിഖ് സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ജമ്മു കാശ്മീരിലെ കത്വയില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 8 വയസുകാരിക്ക് നീതി ലഭ്യമാക്കണമെന്നും പ്രതിഷേധകര്‍ ആവശ്യപ്പെട്ടിരുന്നു. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ തലവന്മാരുമായി ഉപയകക്ഷിതല ചര്‍ച്ച നടത്തുന്നതിനായിട്ടാണ് നരേന്ദ്ര മോഡി യുകെയിലെത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായും മോഡി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രതിഷേധകര്‍ ഇന്ത്യന്‍ പതാക നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഗൗരവപൂര്‍ണമായ അന്വേഷണം നടത്തുമെന്ന് ബ്രിട്ടീഷ് അതോറിറ്റി അറിയിച്ചതായി മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേര്‍സ് അറിയിച്ചു. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയ ബ്രിട്ടീഷ് അതോറിറ്റികള്‍ നീക്കം ചെയ്ത പതാക മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഞങ്ങളുടെ ദേശീയ പതാക നീക്കം ചെയ്തത് അങ്ങേയറ്റം മനോവേദനയുണ്ടാക്കുന്ന കാര്യമാണെന്നും എത്രയും പെട്ടന്ന് കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ ഹാജരാക്കുന്നതിന് വേണ്ട നടപടികള്‍ ബ്രിട്ടണ്‍ കൈക്കൊള്ളുമെന്നാണ് കരുതുന്നതെന്നും മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേര്‍സ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട് എന്നാല്‍ പതാക നീക്കം ചെയ്യുന്നത് പോലുള്ള നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും വിഷയം അങ്ങേയറ്റം ഖേദകരമാണെന്നും യുകെ ഫോറിന്‍ ആന്റ് കോമണ്‍വെല്‍ത്ത് ഓഫീസ് വക്താവ് പറഞ്ഞു. ബ്രിട്ടനുമായുള്ള നയതന്ത്ര വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യയിപ്പോള്‍. ബ്രക്‌സിറ്റിന് ശേഷം 1 ബല്യണ്‍ പൗണ്ടിന്റെ വ്യാപാര കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. ഹിന്ദു ദേശീയത ജനാതിപത്യ ദര്‍ശനങ്ങളെ നിരാകരിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതായും ഇന്ത്യന്‍ ജനതയുടെ ഐക്യത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നതായും കാസ്റ്റ് വാച്ച് യുകെയുടെ വക്താവ് പ്രതികരിച്ചു. പ്രോ-കാലിസ്ഥാനി പ്രതിഷേധകരും സിഖ് സംഘടനകളും കൂടാതെ ഇന്ത്യയില്‍ നിന്നുള്ള വിവിധ വനിതാ സംഘടനകളും മോഡിക്കെതിരായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഹിന്ദു തീവ്രവാദികള്‍ കൊലപ്പെടുത്തിയ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് കത്വ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ എന്നിവ ഉയര്‍ത്തിയാണ് പ്രതിഷേധകരെത്തിയത്.
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരേസ മേയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം സംബന്ധിച്ച കരാറിന് ധാരണയായിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോഡി പ്രതികരിച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെട്ട് കഴിഞ്ഞാലുടന്‍ ഇന്ത്യയുമായി 1 ബില്യണ്‍ പൗണ്ടിന്റെ വ്യാപാര ബന്ധം സ്ഥാപിക്കുവാന്‍ ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. ലോകമാര്‍ക്കറ്റുകളെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടന്റെ പങ്ക് വളരെ വലുതാണെന്ന് മോഡി പറഞ്ഞു. ബ്രിട്ടീഷ് മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന ഇന്ത്യന്‍ വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സഹായ-സഹകരണങ്ങളും അവര്‍ പിന്തുടരേണ്ട പോളിസികളിലും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. നിലവിലുള്ള നിയമങ്ങള്‍ 2020 വരെ തുടരുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പോസ്റ്റ് ബ്രക്‌സിറ്റ് കാലഘട്ടത്തിന് ശേഷവും ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തില്‍ അയവ് വരുത്തില്ലെന്ന് മോഡി വ്യക്തമാക്കി. ലോക മാര്‍ക്കറ്റുകളില്‍ ഇന്ത്യ വളരെയധികം പ്രാധ്യാന്യത്തോടെ കാണുന്ന മേഖലയാണ് ബ്രിട്ടന്റേത്, ആ നിലപാട് തുടരുമെന്നും മോഡി പറഞ്ഞു. ആഗോള വ്യാപാര മേഖലയോട് ബ്രിട്ടന് തുടര്‍ന്നുകൊണ്ടിരിക്കുന്ന നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് മേയ് വ്യക്തമാക്കി. കോമണ്‍വെല്‍ത്ത് തലവന്‍മാരുമായി നരേന്ദ്ര മോഡിയുടെ കൂടിക്കാഴ്ച്ച ഇന്ന് ആരംഭിക്കും. അതേസമയം കരീബിയന്‍ നാടുകളില്‍ നിന്ന് ബ്രിട്ടനില്‍ എത്തിച്ചേര്‍ന്നവരുടെ ലാന്‍ഡിംഗ് രേഖകള്‍ ഹോം ഓഫീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് തെരേസ മേയ് സര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. വിന്‍ഡ്രസ്റ്റ് രേഖകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിപക്ഷ പ്രതിഷേധങ്ങള്‍ മോഡിയുമായുള്ള കൂടിക്കാഴ്ച്ചയെ പ്രതികൂലമായി ബാധിച്ചേക്കും. 50ലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുകെയിലെത്തിയ കരീബിയന്‍ നാടുകളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ ലാന്‍ഡിംഗ് രേഖകള്‍ ഹോം ഓഫീസില്‍ നിന്ന് നഷ്ടപ്പെട്ടതോടെ ഒരു വിഭാഗം ആളുകള്‍ നാടുകടത്തല്‍ ഭീഷണിയിലാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബ് പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നു. റസിഡന്‍സി പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനാവശ്യമായി രേഖകളാണ് നശിപ്പിക്കപ്പെട്ടത്. ഈ ചരിത്ര രേഖകള്‍ ഇല്ലാതെ ഇവര്‍ക്ക് യുകെയില്‍ തുടരാന്‍ കഴിയില്ലെന്നും കോര്‍ബ് വ്യക്തമാക്കി. എന്നാല്‍ രേഖകള്‍ നശിപ്പിക്കപ്പെട്ട 2009ല്‍ ലേബര്‍ പാര്‍ട്ടി അംഗമായിരുന്നു ഹോം സെക്രട്ടറിയെന്ന് മേയ് തിരിച്ചടിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബ്രിട്ടണ്‍ സന്ദര്‍ശത്തിനിടെയില്‍ പ്രതിഷേധമുണ്ടാകുമെന്ന് മുന്നറിയിപ്പ്. സിഖ് സംഘടനകളാണ് മോഡിക്കെതിരെ പ്രതിഷേധമുയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നാണ് മോഡിയുടെ ബ്രിട്ടീഷ് സന്ദര്‍ശനം ആരംഭിക്കുന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്ദര്‍ശനത്തോട് അനുബന്ധിച്ച് വെസ്റ്റ്മിന്‍സ്റ്ററിലെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മോഡി യുകെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് കരുതുന്നത്. അതേസമയം യുകെയിലെ ഇന്ത്യന്‍ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ളവര്‍ മോഡിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വരുമെന്നാണ് സൂചനകള്‍. 2015ല്‍ നവംബറില്‍ മോഡി യുകെ സന്ദര്‍ശിച്ച സമയത്ത് പ്രതിഷേധവുമായി നിരവധി പേര്‍ തെരുവിലിറങ്ങിയിരുന്നു. അതിന് സമാന രീതിയിലുള്ള പ്രതിഷേധമായിരിക്കും ഇത്തവണയുമുണ്ടാവുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിഖ് സംഘടനകളെ കൂടാതെ സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വര്‍ണവിവേചനത്തിനും ഇംപീരിലയിസ്റ്റുകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്. എന്നാല്‍ പ്രതിഷേധമുണ്ടാവുകയാണെങ്കില്‍ പ്രതിരോധിക്കുമെന്ന് പ്രോ-ഇന്ത്യന്‍ ഗ്രൂപ്പുകള്‍ അറിയിച്ചിട്ടുണ്ട്. മോഡിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ളവരും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി മോഡി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്നാണ് കരുതുന്നത്. വിവിധ സര്‍ക്കാര്‍ പ്രതിനിധികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും. യുകെയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉതകുന്ന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. അനധികൃതമായി യുകെയില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ കയറ്റി അയക്കുന്നത് സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ചയാകും. ഏതാണ്ട് പതിനായിരത്തിന് അടുത്ത് ഇന്ത്യക്കാര്‍ യുകെയില്‍ വിസ സംബന്ധിച്ച് പ്രശ്‌നങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. യുകെയില്‍ ആയുര്‍വേദ സെന്റര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടക്കും.
RECENT POSTS
Copyright © . All rights reserved