Motorway
ആഴ്ചയിലെ ദിവസങ്ങള്‍ക്കനുസരിച്ച് മോട്ടോര്‍വേകളില്‍ കാറുകളുടെ സ്പീഡ് ലിമിറ്റ് ക്രമീകരിക്കുമെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട്. റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ കുറയുന്നതനുസരിച്ച് 50മൈല്‍ പരിധിയില്‍ നിന്ന് 60 മൈല്‍ വരെയായി സ്പീഡ് ലിമിറ്റ് ഉയര്‍ത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതനുസരിച്ച് ഞായറാഴ്ചകളിലായിരിക്കും പരമാവധി സ്പീഡ് ലിമിറ്റ് ലഭിക്കുക. റോഡ് പണികള്‍ മൂലം ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിക്കുന്നതെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട് അറിയിച്ചു. റോഡ് വര്‍ക്കുകള്‍ നടക്കുന്നയിടങ്ങളില്‍ വേഗപരിധികളില്‍ മാറ്റം വരുത്തും. റോഡ് പണികള്‍ നടക്കുന്ന പ്രദേശങ്ങളില്‍ വേഗം കുറയ്ക്കാനും പണികള്‍ നടക്കാത്തയിടങ്ങളില്‍ പരമാവധി വേഗപരിധി അനുവദിക്കാനുമാണ് നീക്കം. റോഡ് പണികള്‍ നടക്കുന്ന അവസരങ്ങളില്‍ നാരോ ലെയിനുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ 50 മൈല്‍ വേഗതയാണ് സാധാരണയായി അനുവദിക്കാറുള്ളത്. ഇപ്രകാരം വേഗ പരിധികളില്‍ മാറ്റം വരുത്തുന്നത് പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കോ ഡ്രൈവര്‍മാര്‍ക്കോ എന്തെങ്കിലും ദോഷം വരുത്തുമോ എന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. റോഡ് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് അറിയാമെങ്കിലും ജനങ്ങള്‍ ഇവയില്‍ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജിം ഒ' സള്ളിവന്‍ പറയുന്നു. അതുകൊണ്ടാണ് എല്ലാവര്‍ക്കും സൗകര്യപ്രദമായ വിധത്തില്‍ രീതികളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തോളം പഠനങ്ങള്‍ നടത്തിയ ശേഷമായിരിക്കും ഇത് നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി വിവിധ മോട്ടോര്‍വേകളിലെ സ്പീഡ് ലിമിറ്റ് കുറച്ചു. മോട്ടോര്‍വേകളിലെ ചില സ്‌ട്രെച്ചുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വേഗപരിധി കുറച്ചത്. ഈ പ്രദേശങ്ങളില്‍ ഇനി മുതല്‍ 50 മൈല്‍ വേഗതയില്‍ മാത്രമേ വാഹനങ്ങള്‍ ഓടിക്കാനാകൂ. എം4ല്‍ ന്യൂപോര്‍ട്ടിലെ ജംഗ്ഷന്‍ 25, ജംഗ്ഷന്‍ 26 എന്നിവയ്ക്കിടയിലും പോര്‍ട്ട് ടാല്‍ബോട്ടില്‍ ജംഗ്ഷന്‍ 41നും 42നുമിടയിലും വേഗപരിധി 50 മൈല്‍ ആക്കിയത് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ച് ലൊക്കേഷനുകളില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ വായു മലിനീകരണം 18 ശതമാനത്തോളം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എ470യില്‍ അപ്പര്‍ ബോട്ടിനും പോണ്ടിപ്രിഡ്ഡിനുമിടയിലും എ483ല്‍ റെക്‌സ്ഹാമിലും എ494ല്‍ ഡീസൈഡിലുമാണ് വേഗ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വായു മലിനീകരണം കുറച്ച് സമൂഹത്തിനും പരിസ്ഥിതിക്കും ആരോഗ്യകരമായ ഭാവി പ്രദാനം ചെയ്യുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് വെല്‍ഷ് ഗവണ്‍മെന്റ് പരിസ്ഥിതി മന്ത്രി ഹന്ന ബ്ലിഥിന്‍ പറഞ്ഞു. അഞ്ച് പ്രദേശങ്ങളില്‍ നൈട്രജന്‍ ഡയോക്‌സൈഡിന്റെ അളവ് അനുവദനീയമായതിലും മേലെയാണ്. അതുകൊണ്ടുതന്നെ അടിയന്തര നടപടികളാണ് ആവശ്യമെന്നും അവര്‍ പറഞ്ഞു. ഇത് കുറയ്ക്കുന്നതിനായി എന്തൊക്കെ ചെയ്യാനാകുമെന്ന പഠനങ്ങള്‍ നടത്തി. ഇതിലാണ് വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നത് സാരമായ മാറ്റം കൊണ്ടുവരുമെന്നത് വ്യക്തമായത്. മലിനീകരണ നിയന്ത്രണത്തിന് ശക്തമായ നടപടികള്‍ യുകെ ഗവണ്‍മെന്റ് സ്വീകരിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് വെല്‍ഷ് ഗവണ്‍മെന്റ് ഇക്കോണമി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെന്‍ സ്‌കെയിറ്റ്‌സും വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved