Museum
വിദേശരാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്നു പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചരിത്ര വസ്തുക്കള്‍ തിരികെ നല്‍കാന്‍ ബ്രിട്ടീഷ് മ്യൂസിയങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദമേറുന്നു. അമൂല്യ വസ്തുക്കള്‍ എന്ന ഗണത്തില്‍പ്പെടുത്തി ബ്രിട്ടീഷ് മ്യൂസിയങ്ങള്‍ സംരക്ഷിക്കുന്ന വസ്തുക്കളാണ് അവയുടെ യഥാര്‍ത്ഥ ഉടമകളായ രാജ്യങ്ങള്‍ക്ക് തിരികെ നല്‍കണമെന്ന ആവശ്യം ശക്തമാകുന്നത്. ഗാര്‍ഡിയന്‍ പുറത്തുവിട്ട വിവരാവകാശ രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് മ്യൂസിയം, നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം എന്നിവയിലേക്ക് നിരവധി ചരിത്രമൂല്യമുള്ള വസ്തുക്കള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ മറ്റു രാഷ്ട്രങ്ങളില്‍ നിന്നുള്‍പ്പെടെ കത്തുകള്‍ ലഭിച്ചിട്ടുണ്ട്. നിയാന്‍ഡര്‍താല്‍ മനുഷ്യന്റെ തലയോട്ടികള്‍ തിരികെ നല്‍കണമെന്ന് ജിബ്രാള്‍ട്ടര്‍ ഗവണ്‍മെന്റ് ആവശ്യപ്പെട്ടു. ശാസ്ത്രജ്ഞര്‍ വീണ്ടെടുത്ത ആദ്യത്തെ മുതിര്‍ന്ന നിയാന്‍ഡര്‍താല്‍ മനുഷ്യന്റെ തലയോട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു. വംശനാശം സംഭവിച്ച ഭീമന്‍ സ്ലോത്തുകളുടെ ശേഷിപ്പുകള്‍ തിരികെ ആവശ്യപ്പെട്ട് ചിലിയും രംഗത്തെത്തിയിട്ടുണ്ട്. അവകാശവാദമുന്നയിച്ചുകൊണ്ടുള്ള കത്തുകള്‍ നിരസിക്കപ്പെട്ടവയുടെ ഗണത്തിലുള്ളവയാണ്. എന്നാല്‍ പാര്‍ത്തെനോണ്‍ മാര്‍ബിളുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കായുള്ള അവയുടെ ഉറവിടങ്ങളായ രാജ്യങ്ങളുടെ നിരന്തരമായുള്ള ആവശ്യം ചെറുതല്ലെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. ഇത്തരം വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനുള്ള ബ്രിട്ടീഷ് മ്യൂസിയങ്ങളുടെ അവകാശം സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമായി നടന്നു വരികയാണ്. ഗിസ പിരമിഡിന്റെ പുറം കവചമായിരുന്ന കല്ലുകളിലൊന്ന് പ്രദര്‍ശിപ്പിക്കാന്‍ നാഷണല്‍ മ്യൂസിയം ഓഫ് സ്‌കോട്ട്‌ലന്‍ഡ് തീരുമാനിച്ചതിനു പിന്നാലെ തങ്ങളുടെ രാജ്യത്തു നിന്നുള്ള ചരിത്ര വസ്തുക്കളുടെ രേഖകള്‍ നല്‍കണമെന്ന് ഈജിപ്റ്റ് ആവശ്യമുന്നയിച്ചത് കഴിഞ്ഞ മാസമാണ്. ഇത് വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. ഈസ്റ്റര്‍ ഐലന്‍ഡില്‍ നിന്ന് 1868ല്‍ കടത്തിക്കൊണ്ടു വരികയും അതിന് അടുത്ത വര്‍ഷം വിക്ടോറിയ രാജ്ഞി ബ്രിട്ടീഷ് മ്യൂസിയത്തിന് നല്‍കുകയും ചെയ്ത ഹോവ ഹകാനാനായി'യ എന്ന ബസാള്‍ട്ട് പ്രതിമ തിരികെ വേണമെന്ന ആവശ്യം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉയര്‍ന്നിരുന്നു. ഇറ്റലിയുടെ കള്‍ച്ചറല്‍ ഹെറിറ്റേജ് മന്ത്രാലയം തങ്ങളുടെ ചരിത്ര ശേഷിപ്പുകള്‍ തിരികെ വേണമെന്ന ആവശ്യം ഏപ്രിലില്‍ ഉന്നയിച്ചിരുന്നു. നിയാന്‍ഡര്‍താല്‍ മനുഷ്യരുടെ ശേഷിപ്പുകള്‍ക്കായുള്ള ആവശ്യമാണ് ഇവയില്‍ ഏറ്റവും ശക്തമായി ഇപ്പോള്‍ ഉയരുന്നതെന്നാണ്.
ദശാബ്ദങ്ങള്‍ക്ക് ശേഷം ലോകകപ്പ് സെമിയിലെത്തിയ ഇംഗ്ലണ്ട് ടീമിന്റെ മാനേജരായ ഗാരെത്ത് സൗത്ത്‌ഗേറ്റിന്റെ വെയിസ്റ്റ്‌കോട്ടാണ് യുകെയില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അതിശയിക്കേണ്ട, സൗത്ത്‌ഗേറ്റിന്റെ വെയിസ്റ്റ്‌കോട്ട് ടീമിന്റെ ഭാഗ്യചിഹ്നമാണെന്ന് ആരാധകര്‍ വിധിയെഴുതിക്കഴിഞ്ഞു. റഷ്യയില്‍ നിന്ന് ടീം തിരിച്ചെത്തിയാല്‍ ഈ വെയിസ്റ്റ്‌കോട്ടിന് വന്‍ വിലയായിരിക്കും ലഭിക്കുക. ഇത് ലഭിക്കുന്നതിനായി മ്യൂസിയങ്ങള്‍ മത്സരമാരംഭിച്ചു കഴിഞ്ഞു. ഇന്നാണ് ക്രൊയേഷ്യക്കെതിരായ ഇംഗ്ലണ്ടിന്റെ സെമിഫൈനല്‍ മത്സരം നടക്കുന്നത്. ഈ മത്സരത്തില്‍ സൗത്ത്‌ഗേറ്റ് ധരിക്കുന്ന വെയിസ്റ്റ്‌കോട്ടിന് വലിയ സാസ്‌കാരിക പ്രാധാന്യമാണ് ചരിത്രകാരന്‍മാര്‍ കല്‍പിക്കുന്നത്. രാജ്യത്തെ രണ്ട് പ്രമുഖ മ്യൂസിയങ്ങളാണ് ഇത് ലഭിക്കുന്നതിനായുള്ള പോരാട്ടം ആരംഭിച്ചിരിക്കുന്നത്. മ്യൂസിയം ഓഫ് ലണ്ടനാണ് സൗത്ത്‌ഗേറ്റിന്റെ നേവി ബ്ലൂ വെയിസ്റ്റ്‌കോട്ടിനായി ആദ്യം അവകാശവാദമുന്നയിച്ചത്. തങ്ങളുടെ ചരിത്രവസ്തുക്കളില്‍ ഒന്നായി ഇത് ലഭിക്കണമെന്ന് മ്യൂസിയം താല്‍പര്യപ്പെട്ടു. തൊട്ടുപിന്നാലെ മാഞ്ചസ്റ്ററിലെ നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയം ഇതേ ആവശ്യവുമായി രംഗത്തെത്തി. 65 പൗണ്ട് വിലയുള്ള ഈ കോട്ട് തങ്ങള്‍ക്കാണ് കൂടുതല്‍ അവകാശപ്പെട്ടതെന്നും സ്‌പോര്‍ട്‌സ് സ്മാരകങ്ങളില്‍ ഇത് വിലപ്പെട്ട ഒന്നായിരിക്കുമെന്നും അവര്‍ അവകാശപ്പെടുന്നു. 1666ലാണ് ബ്രിട്ടനില്‍ വെയിസ്റ്റ് കോട്ടുകള്‍ പിറവിയെടുക്കുന്നത്. ചാള്‍സ് രണ്ടാമന്‍ രാജാവാണ് ഇതിന് പ്രചാരണം നല്‍കിയത്. അത്തരം ചരിത്രപ്രാധാന്യമുള്ള വെയിസ്റ്റ്‌കോട്ടുകള്‍ക്കൊപ്പം ഇത് പ്രദര്‍ശിപ്പിക്കാനാണ് പദ്ധതിയെന്ന് മ്യൂസിയം ഓഫ് ലണ്ടന്റെ സീനിയര്‍ ഫാഷന്‍ ക്യൂറേറ്റര്‍ ബിയാട്രിസ് ബെഹ്ലെന്‍ പറഞ്ഞു. എന്നാല്‍ സ്‌പോര്‍ട്‌സ് മ്യൂസിയം എന്ന നിലയില്‍ തങ്ങളുടെ ഡിസ്‌പ്ലേയിലായിരിക്കും ഈ വെയിസ്റ്റ്‌കോട്ട് കൂടുതല്‍ ചേരുകയെന്നാണ് നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയം പറയുന്നത്. ഇത് ലഭിക്കാനായി ഒരു ഷൂട്ടൗട്ടിന് തയ്യാറുണ്ടോ എന്ന വെല്ലുവിളിയും ട്വിറ്ററില്‍ ലണ്ടന്‍ മ്യൂസിയത്തോട് നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയം നടത്തിയിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved