NASA
ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ വെച്ച് പകര്‍ത്തിയ ബഹിരാകാശ വസ്തുവിന്റെ ചിത്രം അയച്ച് നാസയുടെ ന്യൂ ഹൊറൈസണ്‍സ് ബഹിരാകാശ ദൗത്യം. അള്‍ട്ടിമ ത്യൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇതിന് സ്‌നോമാന്റെ ആകൃതിയാണ് ഉള്ളത്. രണ്ടു ഗോളങ്ങള്‍ കൂടിച്ചേര്‍ന്ന ആകൃതിയാണ് ഇതിന്. ചെറിയ ഭാഗത്തിന് ത്യൂള്‍ എന്നും വലുതിന് അള്‍ട്ടിമ എന്നുമാണ് ശാസ്ത്രജ്ഞര്‍ പേരു നല്‍കിയിരിക്കുന്നത്. ഇവ രണ്ടും ചേര്‍ത്ത് അള്‍ട്ടിമ ത്യൂള്‍ എന്ന് ഈ വസ്തുവിന് പേരിട്ടു. ഭൂമിയില്‍ നിന്ന് 6.5 ബില്യന്‍ കിലോമീറ്റര്‍ അകലെ നിന്നാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്വന്തം റെക്കോര്‍ഡ് കൂടി തകര്‍ത്തിരിക്കുകയാണ് ന്യൂ ഹൊറൈസണ്‍സ്. സൗരയൂഥത്തില്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ വെച്ച് ചിത്രമെടുത്തതും ന്യൂ ഹൊറൈസണ്‍സ് തന്നെയാണ്. 2015ല്‍ പ്ലൂട്ടോയെ കടന്നു പോകുമ്പോളായിരുന്നു അത്. ഇവിടെ നിന്ന് 1.5 ബില്യന്‍ കിലോമീറ്റര്‍ അകലെയാണ് അള്‍ട്ടിമ ത്യൂളിനെ കണ്ടെത്തിയിരിക്കുന്നത്. സൗരയൂഥത്തിന് അതിരിടുന്ന ക്വിപ്പര്‍ ബെല്‍റ്റ് എന്ന കുള്ളന്‍ ഗ്രഹങ്ങളുടെയും ചുണ്ടന്‍ ഗ്രഹങ്ങളുടെയും കൂട്ടത്തിലാണ് അള്‍ട്ടിമ ത്യൂള്‍ ഉള്ളത്. ക്വിപ്പര്‍ ബെല്‍റ്റില്‍ അള്‍ട്ടിമയെപ്പോലെ പതിനായിരക്കണക്കിന് ചെറിയ വസ്തുക്കളുണ്ട്. 4.6 ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രഹങ്ങള്‍ രൂപപ്പെട്ടത് എങ്ങനെയാണെന്നതിനുള്ള തെളിവുകള്‍ ഈ വസ്തുക്കളില്‍ ഉണ്ടെന്നാണ് കരുതുന്നത്. ജനനത്തില്‍ തന്നെ കൂടിച്ചേര്‍ന്നതായിരിക്കും അള്‍ട്ടിമയും ത്യൂളും എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നത്. ക്വിപ്പര്‍ ബെല്‍റ്റില്‍ സൂര്യനെ ചുറ്റുന്ന ഇത് 2 മുതല്‍ 3 കിലോമീറ്റര്‍ മാത്രം വേഗതയിലാണ് സഞ്ചരിക്കുന്നതെന്ന് ന്യൂ ഹൊറൈസണ്‍സ് ഗവേഷകനായ ജെഫ് മൂര്‍ പറയുന്നു. ഒരു ഇരുണ്ട വസ്തുവാണ് ഇതെന്നും ന്യൂ ഹൊറൈസണ്‍സ് വ്യക്തമാക്കുന്നു. ചിലപ്പോള്‍ ചുവന്ന നിറമായിരിക്കാം ഇതിനെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
'നാസ ഇന്‍സൈറ്റ് മാര്‍സ്' ബഹിരാകാശ പേടകം വിജയകരമായി ചൊവ്വയിലിറങ്ങി. ചൊവ്വയുടെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുകയാണ് പ്രധാനമായും പേടകത്തിന്റെ ലക്ഷ്യം. ഇതിനായിയുള്ള അത്യാധുനിക സജ്ജീകരണങ്ങള്‍ പേടകത്തിലുണ്ട്. ഏതാണ്ട് ആറ് മാസത്തോളം ദൈര്‍ഘ്യമേറിയ യാത്രക്കൊടുവിലാണ് നാസയുടെ 'ഇന്‍സൈറ്റ് മാര്‍സ്' ചൊവ്വയിലെത്തുന്നത്. എലിസിയം പ്ലാനിഷ്യ എന്നറിയപ്പെടുന്ന ചൊവ്വയുടെ പൊടിനിറഞ്ഞ പ്രതലത്തിലാണ് പേടകം ലാന്‍ഡ് ചെയ്തിരിക്കുന്നത്. ചൊവ്വയിലെ ജീവസാന്നിധ്യം അന്വേഷിക്കുന്ന ഗവേഷണങ്ങള്‍ക്കും 'ഇന്‍സൈറ്റ് മാര്‍സ്' സഹായകമാവും. ചൊവ്വയെ ലക്ഷ്യമാക്കി മനുഷ്യന്‍ അയച്ച 40 ശതമാനം ദൗത്യങ്ങള്‍ മാത്രമെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളു. ശാസ്ത്രലോകത്തിന് അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് ഗവേഷകര്‍ പ്രതികരിച്ചു. ഇതുവരെ ഏറ്റവും കൂടുതല്‍ വിജയകരമായ വിക്ഷേപണങ്ങള്‍ ചൊവ്വയില്‍ നടത്തിയിരിക്കുന്നത് അമേരിക്കയാണ്. 4 ദശാബ്ദങ്ങള്‍ക്കിടയില്‍ 7 ബഹിരാകാശ പേടകങ്ങളാണ് അമേരിക്ക വിജയകരമായി ചൊവ്വയിലിറക്കിയിരിക്കുന്നത്. ചൊവ്വയില്‍ പേടകങ്ങളിറക്കുകയെന്നത് ശ്രമകരമായ ജോലിയാണെന്ന് 'ഇന്‍സൈറ്റ് മാര്‍സ്' ദൗത്യത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞന്‍ ബ്രൂസ് ബെനേര്‍ട് പ്രതികരിച്ചു. ചൊവ്വയില്‍ ലാന്‍ഡ് ചെയ്യുകയെന്ന് കഠിനമായ ജോലികളിലൊന്നാണ്. അതീവ സൂക്ഷമ്ത പുലര്‍ത്തണം. അവസാന നിമിഷം വരെ കാര്യങ്ങള്‍ കൈവിട്ടു പോകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും ബ്രൂസ് ബെനേര്‍ട് പറഞ്ഞു. സോളാര്‍ സിസ്റ്റത്തിലെ എല്ലാ ഗ്രഹങ്ങളുടെയും ഉത്ഭവത്തെക്കുറിച്ചായിരിക്കും പ്രധാനമായും ഇന്‍സൈറ്റ് മാര്‍സ് പഠിക്കുക. 'മാര്‍സ്‌ക്വേക്ക്സി'നെക്കുറിച്ച് (Marsquakes) പഠിക്കാനായി സീസ്മൊമീറ്റര്‍ (Seismometer) പേടകത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഏതാണ്ട് യുകെ സ്‌പേസ് ഏജന്‍സി ഇതിന്റെ നിര്‍മാണത്തിന് 4 മില്യണ്‍ പൗണ്ട് നിക്ഷേപിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ ഗവേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ എത്തിച്ചേരുമെന്നും പ്ലാനറ്റിന്റെ ഉത്ഭവത്തെക്കുറിച്ച് നിര്‍ണായ വിവരങ്ങള്‍ അറിയാന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നതെന്നും യു.കെ സ്പേസ് എജന്‍സിയുടെ സ്പേസ് എക്സ്പ്ലോറേഷന്‍ ഹെഡ്, സ്യൂ ഹോണ്‍ വ്യക്തമാക്കി.
സൂര്യനിലെ രഹസ്യങ്ങള്‍ തേടി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചു. ഫ്ളോറിഡയിലെ കേപ് കനാവറല്‍ സ്റ്റേഷനില്‍ നിന്നാണ് വിക്ഷേപണം നടന്നത്. ശനിയാഴ്ച നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് ഞായറാഴിചയിലേക്ക് മാറ്റുകയായിരുന്നു. 1.5 ബില്യന്‍ ഡോളറാണ് പദ്ധതിയുടെ ചെലവ്. 7 വര്‍ഷം കൊണ്ട് സൂര്യനെ 24 തവണ ചുറ്റാന്‍ ഇതിന് സാധിക്കും. സെക്കന്റില്‍ 190 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. മനുഷ്യന്‍ ഇന്നേവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ ഏറ്റവും വേഗമേറിയ വസ്തുവെന്ന നേട്ടവും ഇതോടെ പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ പേരിലായി. കോറോണയെന്ന പേരില്‍ അറിയപ്പെടുന്ന സൗരാന്തരീക്ഷത്തെക്കുറിച്ചായിരിക്കും പാര്‍ക്കര്‍ സോളാര്‍ പഠിക്കുക. അതിശക്തമായ ചൂടിനെ പ്രതിരോധിക്കാനുള്ള പ്രത്യേക കവചവും പേടകത്തിനുണ്ടാവും. 4.5 ഇഞ്ച് കനത്തിലുള്ള താപ കവചമാണ് പേടകത്തിന് നല്‍കിയിരിക്കുന്നത്. കാര്‍ബണ്‍ ഫോം ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഈ കവചം പേടകത്തെ സൂര്യന്റെ കടുത്ത ചൂടില്‍ നിന്ന് സംരക്ഷിക്കും. 1370 ഡിഗ്രി സെല്‍ഷ്യസ് ചൂട് വരെ ഇതിന് അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. സൗരവാതങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയ ആസ്‌ട്രോഫിസിസിസ്റ്റ് യൂജിന്‍ പാര്‍ക്കറുടെ പേരാണ് പേടകത്തിന് നല്‍കിയിരിക്കുന്നത്. ഇതാദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരാളുടെ പേര് ഒരു ബഹിരാകാശ ദൗത്യത്തിന് നാസ നല്‍കുന്നത്. സൗരവാതങ്ങളെ കുറിച്ചുള്ള വിദഗ്ദ്ധ പഠനമാണ് പേടകത്തിന്റെ പ്രധാന ലക്ഷ്യം. സൂര്യന് ഏതാണ്ട് 3.8 ദശലക്ഷം മൈല്‍ അടുത്ത് ചെല്ലാന്‍ പേടകത്തിന് പ്രാപ്തിയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഭൂമിയും സൂര്യനും തമ്മില്‍ 93 മില്യന്‍ മൈല്‍ അകലമുണ്ട്. സൂര്യനെക്കുറിച്ചുള്ള പഠനത്തിനായി യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുയാണ്. 2020ല്‍ പദ്ധതി വിക്ഷേപിക്കാനാണ് ബ്രിട്ടന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയും ആദിത്യ എല്‍ വണ്‍ എന്ന പേരില്‍ സൗരപദ്ധതികള്‍ വികസിപ്പിക്കുന്നുണ്ട്.
കെപ്ളര്‍ ദൗത്യത്തിനു ശേഷം അയല്‍ ഗ്യാലക്സികളിലെ ഗ്രഹങ്ങളെത്തേടി നാസയുടെ പുതിയ പര്യവേഷണത്തിന് തുടക്കം കുറിച്ചു. ട്രാന്‍സിറ്റിങ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് എന്നതിന്റെ ചുരുക്കപ്പേരായ ടെസ്സ് എന്നാണ് പുതിയ ദൗത്യത്തിന്റെ പേര്. സ്പേസ്എക്സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റിലായിരുന്നു വിക്ഷേപണം നടത്തിയത്. കേപ് കാനവറാലില്‍ നിന്ന് ഇന്നലെ രാത്രി ടെസ് കുതിച്ചുയര്‍ന്നു. ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലെത്തുന്ന ടെസ്സ് പിന്നീട് 13.7 ദിവസങ്ങള്‍ ഭൂമിയെ വലംവെയ്ക്കും. പിന്നീട് രണ്ട് വര്‍ഷവും 60 ദിവസവും നീളുന്ന ദൗത്യത്തിന് തുടക്കമിടും. സൗരയൂഥത്തിന് സമീപത്തായുള്ള രണ്ട് ലക്ഷം നക്ഷത്രങ്ങളില്‍ നിരീക്ഷണം നടത്തുകയാണ് ടെസ്സിന്റെ ദൗത്യം. നാല് ഫീല്‍ഡ് വൈഡ് ക്യാമറകളിലൂടെ ആകാശത്തിന്റെ 85 ശതമാനവും ടെസ്സിന്റെ നിരീക്ഷണ പരിധിയില്‍ എല്ലായ്പ്പോഴുമുണ്ടാകും. ട്രാന്‍സിറ്റ് എന്ന പ്രതിഭാസത്തെ ഇതിലൂടെ നിരീക്ഷണ വിധേയമാക്കാന്‍ ടെസ്സിന് കഴിയും. നക്ഷത്രത്തിനു മുന്നിലൂടെ ഗ്രഹങ്ങള്‍ കടന്നുപോകുമ്പോള്‍ പ്രകാശത്തിനുണ്ടാകുന്ന കുറവാണ് ട്രാന്‍സിറ്റ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ രീതിയിലാണ് കെപ്ലര്‍ ദൗത്യം 2600 ഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്. 300 മുതല്‍ 3000 പ്രകാശ വര്‍ഷം അകലെയുള്ള നക്ഷത്രങ്ങളുടെ ഗ്രഹങ്ങളെയാണ് ഇങ്ങനെ കണ്ടെത്തിയത്. 300 പ്രകാശവര്‍ഷ പരിധിക്കുള്ളിലുള്ള ഗ്രഹങ്ങളെയായിരിക്കും ടെസ് നിരീക്ഷിക്കുക. കെപ്ലര്‍ ദൗത്യത്തിന് ലഭിച്ചതിനേക്കാള്‍ 100 മടങ്ങ് തെളിച്ചമുള്ള ലക്ഷ്യങ്ങളാണ് ടെസ്സിന് പരിശോധിക്കാനുള്ളത്. പ്രകാശം സ്വാംശീകരിക്കപ്പെടുന്നതിന്റെയും പുറപ്പെടുവിക്കുന്നതിന്റെയും അളവും ഇതിലൂടെ ശാസ്ത്രജ്ഞന്‍മാര്‍ക്ക് വ്യക്തമായി നിരീക്ഷിക്കാനാകും. ഇതിലൂടെ ഗ്രഹത്തിന്റെ പിണ്ഡം, സാന്ദ്രത, അന്തരീക്ഷം, ജലത്തിന്റെ സാന്നിധ്യം, ജീവന്റെ സാന്നിധ്യം എന്നിവ തിരിച്ചറിയാനും കഴിയും. ഈ ദൗത്യം ഓരോ ഗ്രഹങ്ങളെയും തിരിച്ചറിയാനും അവയുടെ വ്യത്യാസങ്ങള്‍ മനസിലാക്കാനും ഉപകരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.
1000 മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ പ്രാപ്തിയുള്ള സൂപ്പര്‍ സോണിക് ജെറ്റ് നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി നാസ. അമേരിക്കന്‍ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനുമായി ചേര്‍ന്നാണ് നാസ പുതിയ പദ്ധതി പൂര്‍ത്തീകരിക്കുക. ഏതാണ്ട് 247 യുഎസ് ഡോളറിന്റെ കരാറിലാണ് കമ്പനിയുമായി നാസ ഏര്‍പ്പെട്ടിരിക്കുന്നത്. 2012 ഓടെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുന്നത്. പുതിയ ജെറ്റിന്റെ ഡിസൈനും നിര്‍മ്മാണവും പരീക്ഷണവും അമേരിക്കന്‍ കമ്പനിയുടെ നേതൃത്വത്തിലായിരിക്കും നടക്കുക. 1513 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ജെറ്റ് 55,000 അടി ഉയരത്തിലായിരിക്കും പറക്കുക. ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന വിമനങ്ങള്‍ സൃഷ്ടിക്കുന്ന സോണിക് ബൂം ഈ വിമാനത്തിനുണ്ടാവില്ലെന്നാണ് നാസ അറിയിക്കുന്നത്. കാറിന്റെ ഡോര്‍ അടയ്ക്കുന്ന അത്രയും ശബ്ദ മാത്രമെ പുതിയ സൂപ്പര്‍ സോണിക് ജെറ്റിനുണ്ടാകുകയുള്ളുവെന്ന് അമേരിക്കന്‍ ഏജന്‍സി വ്യക്തമാക്കുന്നു. പരീക്ഷണഘട്ടത്തില്‍ വിവിധ അമേരിക്കന്‍ സിറ്റികളിലൂടെ പറക്കാനാണ് എക്‌സ്-പ്ലെയിനുകള്‍ ലക്ഷ്യമിടുന്നത്. അതുവഴി ജനങ്ങളുടെ പ്രതികരണങ്ങള്‍ ശേഖരിക്കാനും കമ്പനി ലക്ഷ്യമിടുന്നു. പുതിയ എക്‌സ്-പ്ലെയിനുകള്‍ വരുന്നതോടെ വിമാന ഗതാഗതം കൂടുതല്‍ വേഗതയിലാകുമെന്ന് നാസ പറയുന്നു. വിമാനയാത്രക്കാര്‍ക്ക് ഇത് ഗുണകരമാവും. കഴിഞ്ഞ മാസമാണ് പദ്ധതിക്കാവശ്യമായി മുഴുവന്‍ തുകയും ബജറ്റില്‍ വകയിരുത്തിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചത്. പദ്ധതി യുഎസ് കമ്പനികള്‍ക്ക് വേഗതയേറിയ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായി സാഹചര്യം സൃഷ്ടിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കൂടാതെ വിമാന യാത്രാസമയം ലാഭിക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ പദ്ധതിയുടെ ഭാഗമായി പാസഞ്ചര്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നില്ല. സൂപ്പര്‍സോണിക് വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നത് തെളിയിച്ചതിന് ശേഷമായിരിക്കും പാസഞ്ചര്‍ വിമാനങ്ങളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുക. നാസയുടെ ഈ അഭിമാന പദ്ധതി വിമാന മാര്‍ഗമുള്ള ചരക്ക് ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്. നിലവില്‍ അമേരിക്കയുടെ മുകളിലൂടെ പറക്കാന്‍ സിവില്‍ സൂപ്പര്‍ സോണിക് വിമാനങ്ങള്‍ക്ക് അനുമതിയില്ല. പദ്ധതി വിജയിക്കുകയാണെങ്കില്‍ ഈ നിയമത്തില്‍ ഭേദഗതി കൊണ്ടു വരുമെന്നാണ് കരുതുന്നതെന്ന് നാസയുടെ എയറോനോട്ടിക്‌സ് റിസര്‍ച്ച് മിഷന്‍ ഡയറക്ടേറ്റ് വ്യക്തമാക്കി. -plane-travel-news
RECENT POSTS
Copyright © . All rights reserved