NCB
ലണ്ടന്‍: കഴിഞ്ഞ വര്‍ഷം യുകെയില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് അരലക്ഷത്തോളം കുട്ടികള്‍ക്കെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ചില്‍ഡ്രന്‍സ് ബ്യൂറോയുടെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ലോക്കല്‍ അതോറിറ്റികള്‍ നല്‍കിയ കണക്കുകളില്‍ നിന്നാണ് എന്‍സിബി ഈ കണക്ക് തയ്യാറാക്കിയത്. വിദ്യാഭ്യാസം ലഭ്യമാകാത്ത കുട്ടികള്‍ സോഷ്യല്‍ സര്‍വീസിന്റെ പരിധിയിലും ഉണ്ടാവില്ലെന്നും അതുമൂലം അവര്‍ക്ക് കാര്യമായ സഹായങ്ങള്‍ ലഭിക്കാനിടയില്ലെന്നും നിരീക്ഷിക്കപ്പെടുന്നു. ഇവര്‍ ചൂഷണങ്ങള്‍ക്കും മനുഷ്യക്കടത്തിനും മറ്റും വിധേയരാക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കുട്ടികളേക്കുറിച്ച് ഒരു ദേശീയ ഡേറ്റാബേസ് ഇതേവരെ തയ്യാറാക്കപ്പെട്ടിട്ടില്ല. ചില്‍ഡ്രന്‍ മിസിംഗ് എജ്യുക്കേഷന്‍ എന്ന ഡേറ്റാബേസിലേക്ക് വിവരങ്ങള്‍ നല്‍കേണ്ടത് ലോക്കല്‍ അതോറിറ്റികളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ അതോറിറ്റികള്‍ നല്‍കുന്ന വിവരങ്ങള്‍ പലപ്പോഴും വ്യക്തതയില്ലാത്തതും സോഷ്യല്‍ സര്‍വീസിന് കുട്ടികളേക്കുറിച്ച് ധാരണയുണ്ടോ എന്ന കാര്യത്തില്‍ പോലും അവ്യക്തതയുള്ളതുമായിരിക്കുമെന്ന് നാഷണല്‍ ചില്‍ഡ്രന്‍സ് ബ്യൂറോ പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 49,187 കുട്ടികള്‍ക്കാണ് വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമായത്. ഇങ്ങനെ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന കുട്ടികള്‍ ചൂഷണങ്ങള്‍ക്ക് വിധേയരാകാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് ലോക്കല്‍ അതോറിറ്റികള്‍ക്ക് നിയമപരമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ നല്‍കുന്ന വിവരങ്ങള്‍ വ്യകതമല്ലാത്ത സാഹചര്യത്തില്‍ വിവരശേഖരണത്തില്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് എന്‍സിബി സര്‍ക്കാരിനോട് ആവശ്യപ്പെടും. നിയമത്തിലെ പിഴവുകളാണ് ഈ സാഹചര്യത്തിന് കാരണം. അത് ഒഴിവാക്കുന്നതിനായി ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും എന്‍സിബി ആവശ്യപ്പെടുന്നു. സിഎംഇ കണക്കുകള്‍ സര്‍ക്കാരിനു പോലും വ്യക്തമല്ലെന്നത് ഞെട്ടിക്കുന്നതാണെന്ന് ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ആന്‍ ലോംഗ്ഫീല്‍ഡ് പറഞ്ഞു.
RECENT POSTS
Copyright © . All rights reserved