No-deal brexit
നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പായാല്‍ അത് യുകെയിലെ കാര്‍ നിര്‍മാണത്തിനും ഫാക്ടറികളിലുള്ള നിക്ഷേപത്തിനും ഭീഷണിയാകുമെന്ന് വാഹന നിര്‍മാതാക്കള്‍. കാര്‍ നിര്‍മാതാക്കളായ ടൊയോട്ട, ബിഎംഡബ്ല്യു എന്നിവയാണ് ഉപാധി രഹിത ബ്രെക്‌സിറ്റ് തങ്ങളുടെ വ്യവസായത്തെ ബാധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ മിനിയുടെ ഉത്പാദനം യുകെയില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് ബിഎംഡബ്ല്യു സ്‌കൈ ന്യൂസിനോട് പറഞ്ഞു. ഡെര്‍ബിയില്‍ സ്ഥിതിചെയ്യുന്ന തങ്ങളുടെ യുകെ ഫാക്ടറി നഷ്ടത്തിലാകുമെന്ന ഭീതിയുണ്ടെന്നും നോ ഡീല്‍ സൃഷ്ടിക്കുന്ന പ്രതികൂല ഫലങ്ങള്‍ ഭാവിയില്‍ കൊണ്ടുവരാനിടയുള്ള നിക്ഷേപങ്ങളെ ബാധിക്കുമെന്നും ടൊയോട്ടയുടെ യൂറോപ്യന്‍ ഓപ്പറേഷന്‍സ് തലവന്‍ ജോഹാന്‍ വാന്‍ സൈല്‍ ബിബിസിയോട് പറഞ്ഞു. ബ്രെക്‌സിറ്റ് സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതാണ്. ഇത് കമ്പനിയുടെ മത്സര ക്ഷമതയെ ബാധിക്കുന്ന വിധത്തിലേക്കാണ് മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്താണ് സംഭവിക്കുകയെന്നതായിരിക്കും തങ്ങള്‍ ആദ്യം പരിശോധിക്കുകയെന്ന് ബിഎംഡബ്ല്യു ബോര്‍ഡ് മെമ്പറായ പീറ്റര്‍ ഷ്വാര്‍സെന്‍ബോവര്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു. മിനിയെ സംബന്ധിച്ച് ഇത്തരമൊരു സാഹചര്യം ദോഷകരമാണ്. ഓക്‌സ്‌ഫോര്‍ഡിന് അടുത്ത് കൗളിയിലുള്ള മിനി നിര്‍മാണ യൂണിറ്റ് മാറ്റുമോ എന്ന ചോദ്യത്തിന് അത് പരിഗണിക്കേണ്ടി വരുമെന്നായിരുന്നു മറുപടി. പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്നായിരുന്നു നേരത്തേ ബിഎംഡബ്ല്യു ചീഫ് എക്‌സിക്യൂട്ടീവ് ഹാരോള്‍ഡ് ക്രൂഗര്‍ ബിബിസിയോട് പറഞ്ഞത്. ഏതു സാഹചര്യത്തിലും ബ്രിട്ടനില്‍ നിന്ന് പുറത്തു പോകില്ലെന്ന് നേരത്തേ അറിയിച്ചിരുന്ന നിസാനും ഹോണ്ടയും യുകെയുടെ കാര്‍ വ്യവസായ മേഖലയ്ക്ക് പ്രഹരമാകുന്ന തീരുമാനമെടുത്തതിനു പിന്നാലെയാണ് ടൊയോട്ടയും ബിഎംഡബ്ല്യുവും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വിന്‍ഡനിലുള്ള പ്ലാന്റ് അടച്ചുപൂട്ടുമെന്ന് ഹോണ്ടയും പുതിയ മോഡല്‍ യുകെയില്‍ നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായി നിസാനും അറിയിച്ചിരുന്നു.
നോ ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടായാല്‍ വന്നേക്കാവുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള മുന്‍കരുതല്‍ നടപടികളുമായി എന്‍എച്ച്എസ് ആശുപത്രികള്‍. ജീവനക്കാരുടെയും മരുന്നിന്റെയും ക്ഷാമം ഉണ്ടാകാതിരിക്കാനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ശസ്ത്രക്രിയകള്‍ മാറ്റിവെക്കാതിരിക്കാനുള്ള നടപടികളും ആശുപത്രികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സ്‌കൈ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. മരുന്നുകള്‍ കൊള്ളയടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഫാര്‍മസികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് ആശുപത്രികള്‍ അറിയിച്ചു. സ്പാനിഷ് നഴ്‌സുമാര്‍ ഒന്നടങ്കം വിട്ടുപോകുന്നത് തങ്ങള്‍ക്ക് പ്രതിസന്ധിയായിരിക്കുകയാണെന്ന് ഒരു വിഭാഗം ആശുപത്രികള്‍ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഉപാധിരഹിതമായി വിട്ടുപോയാല്‍ മരുന്നുകള്‍ക്ക് ക്ഷാമമുണ്ടായേക്കാമെന്നും അത്തരമൊരു സാഹചര്യത്തെ നേരിടാനായി വേണ്ട നിര്‍ദേശങ്ങള്‍ എന്‍എച്ച്എസ് നേതൃത്വത്തില്‍ നിന്നോ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തില്‍ നിന്നോ ലഭിക്കുന്നില്ലെന്നും ട്രസ്റ്റുകള്‍ വ്യക്തമാക്കുന്നു. ഇഗ്ലണ്ടിലെ 130 ട്രസ്റ്റുകളില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നോ ഡീല്‍ സാഹചര്യത്തില്‍ പൗണ്ടിന്റെ മൂല്യത്തകര്‍ച്ച മുതലെടുത്തുകൊണ്ട് യൂറോപ്യന്‍ വിതരണക്കാര്‍ക്ക് മറിച്ചു വില്‍ക്കാനായി മരുന്നുകള്‍ പൂഴ്ത്തിവെക്കാന്‍ ചിലര്‍ ശ്രമിച്ചേക്കാമെന്നും ഇത്തരം ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ തടയിടണമെന്നും ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ മേഖല ആവശ്യപ്പെടുന്നു. നോ ഡീല്‍ സാഹചര്യത്തെ നേരിടാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ മാസങ്ങളായി പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. മരുന്നുകള്‍ പൂഴ്ത്തിവെക്കുന്നതിനെക്കുറിച്ചും മരുന്നുകളുടെ ഇറക്കുമതി തടസങ്ങളില്ലാതെ നടത്തുന്നതിനെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഈയാഴ്ച പുറത്തു വിട്ടിരുന്നു. മരുന്നുകളുടെ ലഭ്യതയില്‍ യാതൊരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറയുന്നത്. ഓരോരുത്തരും അവരുടെ ഉത്തരവാദിത്തം നിറവേറിയാല്‍ മാത്രം മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹെല്‍ത്ത് സെക്രട്ടറിയുടെ ആത്മവിശ്വാസം ആശുപത്രികള്‍ക്ക് ഇല്ലെന്നാണ് ട്രസ്റ്റുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
ബ്രെക്‌സിറ്റ് ഉടമ്പടി സംബന്ധിച്ചുള്ള പാര്‍ലമെന്റ് വോട്ടെടുപ്പ് രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ച് പ്രധാനമന്ത്രി. മാര്‍ച്ച് 12ന് വോട്ടെടുപ്പ് നടത്താനാണ് പുതിയ തീരുമാനം. അറബ് ലീഗുമായുള്ള യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഈജിപ്റ്റിലെ ഷരം എല്‍ ഷെയിഖില്‍ എത്തിയപ്പോളാണ് മേയ് ഈ പ്രസ്താവന നടത്തിയത്. താന്‍ അവതരിപ്പിക്കുകയും പാര്‍ലമെന്റ് തള്ളുകയും ചെയ്ത കരാര്‍ എംപിമാരെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള സമ്മര്‍ദ്ദതന്ത്രമാണ് ബ്രെക്‌സിറ്റിന് രണ്ടാഴ്ച മാത്രം മുമ്പ് ഈ വിഷയത്തില്‍ വോട്ടെടുപ്പ് നടത്താനുള്ള നീക്കത്തിലൂടെ പ്രധാനമന്ത്രി നടത്തുന്നതെന്ന് വിലയിരുത്തലുണ്ട്. ബ്രെക്‌സിറ്റ് നീട്ടണമെന്ന വിഷയത്തിലും മാര്‍ച്ച് 12ന് വോട്ടെടുപ്പ് നടക്കും. ജേക്കബ് റീസ് മോഗിന്റെ നേതൃത്വത്തിലുള്ള കടുത്ത ബ്രെക്‌സിറ്റ് അമുകൂലികള്‍ ഇക്കാര്യത്തില്‍ എന്തു നിലപാടെടുക്കും എന്ന ചര്‍ച്ചയിലാണ്. ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന വിഷയത്തിലാണ് രണ്ടാമത് വോട്ടെടുപ്പ് നടക്കുന്നതെന്നതിനാല്‍ പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് കരാര്‍ വോട്ടു ചെയ്ത് പരാജയപ്പെടുത്തണോ എന്ന് ഇവര്‍ ആലോചിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി ആര്‍ട്ടിക്കിള്‍ 50 നീട്ടണമെന്നും ബ്രെക്‌സിറ്റ് മാറ്റിവെക്കണമെന്നും മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ട മൂന്ന് ക്യാബിനറ്റ് അംഗങ്ങളെ പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആവശ്യം മേയ് അംഗീകരിച്ചിട്ടില്ല. ആംബര്‍ റഡ്, ഡേവിഡ് ഗോക്ക്, ഗ്രെഗ് ക്ലാര്‍ക്ക് എന്നീ യൂറോപ്പ് അനുകൂല മന്ത്രിമാരാണ് ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന ബാക്ക്‌ബെഞ്ച് ആവശ്യത്തിന് പിന്തുണ നല്‍കിയത്. നോ ഡീല്‍ സാഹചര്യം ഒഴിവാക്കാനാണ് ഇതെന്നായിരുന്നു ഇവര്‍ വിശദീകരിച്ചത്. എന്നാല്‍ ക്യാബിനറ്റിന്റെ കൂട്ടുത്തരവാദിത്തം നഷ്ടമായില്ലെന്ന് പറഞ്ഞാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് തെരേസ മേയ് പിന്‍മാറിയത്. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ ആശാവഹമാണെന്നും പ്രധാനമന്ത്രി അവകാശപ്പെടുന്നു. അതിനാല്‍ത്തന്നെ ഉപാധികളോടെയുള്ള ബ്രെക്‌സിറ്റ് ഉറപ്പാണെന്നാണ് മേയ് പറയുന്നത്. പാര്‍ലമെന്റ് വോട്ട് വൈകിപ്പിക്കുന്നതിലൂടെ തന്റെ കരാര്‍ എംപിമാരെക്കൊണ്ട് അംഗീകരിപ്പിക്കാമെന്നാണ് മേയ് കരുതുന്നത്. ബ്രെക്‌സിറ്റ് വൈകിപ്പിക്കാനായി രണ്ട് മുന്‍ ക്യാബിനറ്റ് മന്ത്രിമാരാണ് പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. കണ്‍സര്‍വേറ്റീവിലെ ഒലിവര്‍ ലെറ്റ്വിനും ലേബറിലെ യിവറ്റ് കൂപ്പറുമാണ് പ്രമേയം അവതരിപ്പിച്ചത്.
നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ ഭക്ഷ്യവില കുതിച്ചുയരുമെന്ന് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ്. ചെഡ്ഡാര്‍ ചീസിന്റെ വില 32 ശതമാനവും ബീഫിന്റെ വില 29 ശതമാനവും ഉയരുമെന്ന ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തിന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ചുകൊണ്ടാണ് ഗോവ് ഇക്കാര്യം സമ്മതിച്ചത്. ബിബിസിയില്‍ ആന്‍ഡ്രൂ മാര്‍ ഷോയിലാണ് ഗോവ് വിലക്കയറ്റമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് വിശദീകരിച്ചത്. ഭക്ഷ്യവസ്തുക്കളുടെ താരിഫ് ആവശ്യപ്പെട്ട് ബിആര്‍സി ലോക വ്യാപാര സംഘടനയെ സമീപിച്ചിരുന്നു. അതിനായി സമര്‍പ്പിച്ച വിവരങ്ങളാണ് ആന്‍ഡ്രൂ മാര്‍ ചൂണ്ടിക്കാണിച്ചത്. നോ ഡീല്‍ സംഭവിച്ചാല്‍ രാജ്യത്തെ ഭക്ഷ്യവില കുതിച്ചുയരുമോ എന്ന ചോദ്യത്തിന് അതിന് സാധ്യതയുണ്ടെന്ന മറുപടിയാണ് ഗോവ് നല്‍കിയത്. മറ്റു ഭക്ഷ്യവസ്തുക്കളുടെ വിലയിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടാകും. തക്കാളിയുടെ വില 9 ശതമാനം മുതല്‍ 18 ശതമാനം വരെ വര്‍ദ്ധിക്കും. ബീഫിന് 29 ശതമാനവും ചെഡ്ഡാര്‍ ചീസിന് 32 ശതമാനവും വരെ വില ഉയരും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരുമ്പോള്‍ നമുക്ക് ചേരുന്ന വിധത്തില്‍ താരിഫുകള്‍ സജ്ജീകരിക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം. ഉപഭോക്താക്കളെ സംരക്ഷിക്കാനും അതിനൊപ്പം വീടുകളില്‍ നടക്കുന്ന ഭക്ഷ്യോല്‍പാദന വ്യവസായത്തെ സംരക്ഷിക്കാനും ഈ നടപടി സ്വീകരിച്ചേ മതിയാകൂ എന്ന് ഗോവ് പറഞ്ഞു. വളരെ ദുര്‍ബലമെങ്കിലും പ്രധാനപ്പെട്ട ഒരു മേഖലയാണ് ഇത്. യൂറോപ്യന്‍ യൂണിയന്‍ മേഖലയ്ക്ക് പുറത്തു നിന്നുള്ള ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന താരിഫാണ് ഈ പ്രശ്‌നത്തിന് കാരണം. ഇത്തരമൊരു സാഹചര്യം ഈ ഗവണ്‍മെന്റിന്റെ കാലത്ത് ഉയര്‍ന്നു വരുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് ഔദ്യോഗികമായി നടപ്പിലാകുന്നത്. യൂറോപ്പില്‍ നിന്ന് ഒട്ടേറെ വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്ന സമയത്താണ് ഇത് സംഭവിക്കുകയെന്നതാണ് ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. ലെറ്റിയൂസ് 90 ശതമാനവും തക്കാളി 80 ശതമാനവും പഴവര്‍ഗ്ഗങ്ങളില്‍ 70 ശതമാനവും ഇറക്കുമതി ചെയ്യുന്നത് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നാണ്. ഉയര്‍ന്ന താരിഫും പൗണ്ടിന്റെ മൂല്യം ഇടിയുന്നതും പുതിയ പരിശോധനകളും ഇവയുടെ വില വര്‍ദ്ധിപ്പിക്കുമെന്നാണ് റീട്ടെയിലര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ബ്രെക്‌സിറ്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ മേയുടെ സമീപനത്തില്‍ എംപിമാര്‍ വിയോജിപ്പ് വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ നെഗോഷ്യേറ്റിംഗ് സമീപനം സംബന്ധിച്ചുള്ള പ്രമേയത്തെ 303 എംപിമാര്‍ എതിര്‍ത്തു. 258 എംപിമാര്‍ മാത്രമാണ് സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തത്. എന്നാല്‍ നിയമപരമായി സാധുതയില്ലാത്ത വോട്ടായതിനാല്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ സമീപനത്തെ സ്വാധീനിക്കാന്‍ ഇതിന് സാധിക്കില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചു. അതേസമയം ബ്രെക്‌സിറ്റ് നയം പരാജയമാണെന്ന് പ്രധാനമന്ത്രി സമ്മതിക്കണമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സമീപനത്തിനെതിരെ ടോറി എംപിമാരില്‍ ചിലരും രംഗത്തെത്തിയിരുന്നു. യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് എന്നറിയപ്പെടുന്ന ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് സര്‍ക്കാരിനെതിരെ നിലപാടെടുത്തത്. നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കരുതെന്ന ആവശ്യം പ്രധാനമന്ത്രി നിരന്തരം നിരസിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഉപാധി രഹിത ബ്രെക്‌സിറ്റിലേക്ക് നയിക്കുമെന്നാണ് കടുത്ത ബ്രെക്‌സിറ്റ് അനുകൂലികള്‍ പോലും വിലയിരുത്തുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റിനെ നിരാകരിക്കുന്ന എംപിമാരെല്ലാം സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെയാണ് വോട്ടു ചെയ്തത്. കടുത്ത ബ്രെക്‌സിറ്റ് വാദികള്‍ മാത്രമല്ല, റിമെയിന്‍ പക്ഷക്കാരായ ടോറി എംപിമാരും ഗവണ്‍മെന്റിന് പിന്തുണ നല്‍കിയില്ല. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന ടോറി എംപിമാരായ പീറ്റര്‍ ബോണ്‍, സര്‍ ക്രിസ്റ്റഫര്‍ ചോപ്, ഫിലിപ്പ് ഹോളോബോണ്‍, ആന്‍ മാരി മോറിസ്, റിമെയിന്‍ പക്ഷത്തുള്ള സാറാ വോളാസ്റ്റണ്‍ തുടങ്ങിയവരാണ് സര്‍ക്കാരിനെ പിന്തുണക്കാതിരുന്നത്. പരാജയത്തില്‍ ജെറമി കോര്‍ബിനെയാണ് ഡൗണിംഗ് സ്ട്രീറ്റ് കുറ്റപ്പെടുത്തുന്നത്. ദേശീയ താല്‍പര്യത്തേക്കാള്‍ പക്ഷപാത സമീപനത്തിനാണ് പ്രതിപക്ഷം പ്രാമുഖ്യം കൊടുക്കുന്നതെന്ന് ഡൗണിംഗ് സ്ട്രീറ്റ് ആരോപിച്ചു.
RECENT POSTS
Copyright © . All rights reserved