Noise
വുഡന്‍ ഫ്‌ളോറില്‍ കുട്ടികള്‍ ഓടിക്കളിക്കുന്നതും പാത്രങ്ങള്‍ കഴുകുന്നതിന്റെ ശബ്ദവും ശല്യമാകുന്നുവെന്ന അയല്‍ക്കാരിയുടെ പരാതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ ദമ്പതികളോട് ഉത്തരവിട്ട് കോടതി. ഒരു ലക്ഷം പൗണ്ട് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. അപ്പീലിലും പരാജയപ്പെട്ടതോടെ അഹമ്മദ് എല്‍ കരാമിയും ഭാര്യ സാറയും ഈ തുക അയല്‍ക്കാരിയായ സര്‍വെനാസ് ഫൗലാദിക്ക് ഉടന്‍ കൈമാറണം. കെന്‍സിംഗ്ടണിലെ സെയിന്റ് മേരീസ് ആബട്ട്‌സ് കോര്‍ട്ടിലെ മുകളിലും താഴെയുമായുള്ള ഫ്‌ളാറ്റുകളിലാണ് ഇവര്‍ താമസിക്കുന്നത്. സര്‍വെനാസ് ഫൗലാദിയുടെ ഫ്‌ളാറ്റിനു തൊട്ടു മുകളിലാണ് എല്‍ കരാമി കുടുംബത്തിന്റെ ഫ്‌ളാറ്റ്. 2010ല്‍ ഇവര്‍ വുഡന്‍ ഫ്‌ളോര്‍ സ്ഥാപിച്ചതിനു ശേഷമാണ് ശബ്ദം തനിക്ക് ശല്യമാകാന്‍ തുടങ്ങിയതെന്ന് ഫൗലാദി പറയുന്നു. കുട്ടികള്‍ ഓടിക്കളിക്കുന്നതിന്റെയും പാത്രങ്ങള്‍ കഴുകുന്നതിന്റെയും ശബ്ദം തന്റെ ഉറക്കം കെടുത്തുകയാണെന്നായിരുന്നു ഇവര്‍ നല്‍കിയ പരാതി. കഴിഞ്ഞ മേയിലാണ് ഫൗലാദിക്ക് അനുകൂലമായി കണ്‍ട്രി കോര്‍ട്ട് ജഡ്ജ് നിക്കോളാസ് പാര്‍ഫിറ്റ് വിധി പുറപ്പെടുവിച്ചത്. നഷ്ടപരിഹാരമായി 107,397.37 പൗണ്ട് നല്‍കാനും ശബ്ദശല്യം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനെതിരെ എല്‍ കരാമി കുടുംബം അപ്പീല്‍ നല്‍കി. നാലു ദിവസം നീണ്ട വാദത്തിനൊടുവില്‍ ഫൗലാദിക്ക് അനുകൂലമായി ഹൈക്കോടതിയും വിധി പുറപ്പെടുവിച്ചു. ലക്ഷ്വറി ഫ്‌ളാറ്റുകള്‍ക്കിടയില്‍ ശബ്ദം തടഞ്ഞു നിര്‍ത്താന്‍ പുതിയ ഫ്‌ളോറിന് സാധിക്കില്ലെന്ന് ജസ്റ്റിസ് മോര്‍ഗന്‍ പറഞ്ഞു. പുതിയ ഫ്‌ളോര്‍ സ്ഥാപിക്കുന്നതിനു മുമ്പ് ഒരു ശല്യവും തനിക്ക് ഉണ്ടായിരുന്നില്ലെന്ന് സെന്‍ട്രല്‍ ലണ്ടന്‍ കൗണ്ടി കോര്‍ട്ടില്‍ ഫൗലാദി വ്യക്തമാക്കിയിരുന്നു. എല്‍ കരാമി കുടുംബം എത്തിയതിനു ശേഷം തനിക്കും തന്റെ മാതാവിനും ശബ്ദം കാരണം സൈ്വര്യമില്ലാതായി. ബോയ്‌ലര്‍, ഫ്രിഡ്ജ്, ടാപ്പുകള്‍, ഫയര്‍പ്ലേസ് തുടങ്ങി എല്ലായിടത്തു നിന്നുമുള്ള ശബ്ദശല്യം സഹിക്കാനാകുന്നില്ലെന്ന് അവര്‍ പറഞ്ഞു. ഏഴു മണിക്കൂര്‍ തുടര്‍ച്ചയായി ശബ്ദം കേള്‍ക്കേണ്ടി വരികയാണ്. കുട്ടികള്‍ പ്ലേഗ്രൗണ്ടായാണ് ഫ്‌ളാറ്റ് ഉപയോഗിക്കുന്നതെന്ന് തോന്നും. ഓടുകയും സാധനങ്ങള്‍ ഏറിയുകയും ചെയ്യുകയാണെന്നും അവര്‍ ജഡ്ജിനോട് പറഞ്ഞു. ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്ന ശബ്ദങ്ങളാണ് ഇവയെന്ന് കോടതി വ്യക്തമാക്കിയെങ്കിലും മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന വിധത്തിലാണ് എല്‍ കരാമി കുടുംബത്തില്‍ നിന്നുണ്ടാകുന്നതെന്നും കോടതി വ്യക്തമാക്കി. ഫ്‌ളോറില്‍ കാര്‍പ്പറ്റുകള്‍ സ്ഥാപിക്കണമെന്ന് എല്‍ കരാമി കുടുംബത്തോടും ഫ്‌ളാറ്റിന്റെ ഉടമസ്ഥരായ കമ്പനിയോടും കോടതി ആവശ്യപ്പെട്ടു.
വിന്‍ഡ് ടര്‍ബൈനുകള്‍ പുറപ്പെടുവിക്കുന്ന ശബ്ദം ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘട. വൈദ്യുതോദ്പാദനത്തിന് ഉപയോഗിക്കുന്ന ഭീമന്‍ കാറ്റാടി യന്ത്രങ്ങള്‍ സൃഷ്ടിക്കുന്ന ശബ്ദം വെസ്‌റ്റേണ്‍ യൂറോപ്പിലെ ജനങ്ങളുടെ ആയുസ്സിനെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ വിധത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ ബാധിക്കുന്നത് റോഡ് ഗതാഗതത്തില്‍ നിന്നുള്ള ശബ്ദമാണെന്നും ഗവേഷണത്തില്‍ വ്യക്തമായി. തീരപ്രദേശങ്ങളില്‍ സ്ഥാപിക്കുന്ന കാറ്റാടി യന്ത്രങ്ങള്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഊര്‍ജ്ജത്തിന് ഒരു പകരക്കാരനായതിനാല്‍ രാഷ്ട്രീയ നേതൃത്വങ്ങളും ഇതിന്റെ വക്താക്കളാണ്. കഴിഞ്ഞ ലേബര്‍ കോണ്‍ഫറന്‍സില്‍ ഇത്തരത്തിലുള്ള ഊര്‍ജ്ജോദ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ജെറമി കോര്‍ബിന്‍ വ്യക്തമാക്കിയിരുന്നു. ശബ്ദമലിനീകരണം മൂലം ഉറക്കക്കുറവ്, കേള്‍വിക്കുറവ്, അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, ചെവിയില്‍ എപ്പോഴും മൂളല്‍ പോലെ അനുഭവപ്പെടുന്ന ടിനിറ്റസ് തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകാമെന്ന് ഗവേഷകര്‍ പറയുന്നു. ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന അഞ്ച് സ്രോതസ്സുകളാണ് പഠന വിധേയമാക്കിയത്. റോഡ് ഗതാഗതം, റെയില്‍വേ, വ്യോമഗതാഗതം, കാറ്റാടി യന്ത്രങ്ങള്‍, ഹെഡ്‌ഫോണുകള്‍ ലൈവ് മ്യൂസിക് എന്നിവയാണ് വിശകലനം ചെയ്തത്. നമ്മുടെ നഗരങ്ങളില്‍ ശബ്ദ മലിനീകരണം വര്‍ദ്ധിച്ചു വരികയാണെന്നും അസഹ്യത സൃഷ്ടിക്കുമെന്നതില്‍ ഉപരിയായി ഇത് ആരോഗ്യപ്രശ്‌നങ്ങളാണ് മനുഷ്യരില്‍ സൃഷ്ടിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജിയണല്‍ ഡയറക്ടര്‍ ഡോ. സുസാന ജേക്കബ് പറഞ്ഞു. നിരവധി യൂറോപ്യന്‍മാരുടെ ജീവിതങ്ങളെയാണ് ഈ പ്രശ്‌നം ഗുരുതരമായി ബാധിക്കുന്നത്. കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ വരെ ശബ്ദമലിനീകരണം മൂലം ഉണ്ടാകുന്നുവെന്നും അവര്‍ പറഞ്ഞു. വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന ശബ്ദം മുതല്‍ നൈറ്റ്ക്ലബ്ബുകളില്‍ നിന്നും സംഗീതപരിപാടികളില്‍ നിന്നും സൃഷ്ടിക്കപ്പെടുന്ന ശബ്ദം വരെ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ശബ്ദ മലിനീകരണത്തിന്റെ തോത് നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. അവ ഉപയോഗിച്ച് നയരൂപീകരണം നടത്താന്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ലണ്ടന്‍: അയല്‍ക്കാരുണ്ടാക്കുന്ന ശല്യത്തിനെതിരെ പരാതിപ്പെട്ട യുവതിക്ക് 107,397 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി. കെന്‍സിംഗ്ടണിലെ 1920കളില്‍ പണികഴിപ്പിച്ച കെട്ടിടത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരിയായ സാര്‍വെനാസ് ഫൗലാദി എന്ന 38കാരിയായ ബാങ്കര്‍ക്കാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നല്‍കാന്‍ സെന്‍ട്രല്‍ ലണ്ടന്‍ കൗണ്ടി കോര്‍ട്ട് ഉത്തരവിട്ടത്. മുകള്‍ നിലയിലെ താമസക്കാരായ കുടുംബം സൃഷ്ടിക്കുന്ന ശബ്ദകോലാഹലങ്ങള്‍ തനിക്ക് ശല്യമായി മാറുന്നുവെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. കുട്ടികളുടെ കളി മുതല്‍ പാത്രങ്ങള്‍ കഴുകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം വരെ തന്റെ സമാധാനം നശിപ്പിക്കുകയാണെന്നും രാത്രി ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നുമായിരുന്നു ഇവരുടെ പരാതി. മുകള്‍ നിലയുടെ തറ തടിയില്‍ തീര്‍ത്തതായതിനാല്‍ ഈ നിലയില്‍ താമസിക്കുന്നവര്‍ എന്ത് ചെയ്താലും അത് താഴെ താമസിക്കുന്നവര്‍ക്ക് ശല്യമായി മാറും. ഫ്‌ളാറ്റിന്റെ തറ ഈ കുടുംബത്തിലെ കുട്ടികള്‍ കളിസ്ഥലമായാണ് ഉപയോഗിക്കുന്നതെന്നാണ് ഫൗലാദി പറയുന്നത്. ശബ്ദശല്യത്തിനെതിരെയാണ് മുകള്‍ നിലയിലെ താമസക്കാരായ സാറ, അഹമ്മദ് എല്‍കെറാമി ദമ്പതികളുടെ കുടുംബത്തിനെതിരെ ഫൗലാദി പരാതി നല്‍കിയത്. ദൈനംദിന പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന ശബ്ദമാണ് ഇവയെന്ന് ജഡ്ജ് നിക്കോളാസ് പാര്‍ഫിറ്റ് പറഞ്ഞെങ്കിലും എല്‍കെറാമിയും ഫ്‌ളാറ്റിന്റെ ഉടമസ്ഥരായ കമ്പനിയും ഈ ശബ്ദം കുറയ്ക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് കോടതി പറഞ്ഞു. വുഡന്‍ ഫ്‌ളോറില്‍ ശബ്ദം കുറയ്ക്കുന്നതിനായി കാര്‍പ്പറ്റ് ഇടാവുന്നതാണ്. ഫ്‌ളാറ്റിലേക്ക് പുതിയ താമസക്കാര്‍ എത്തുന്നതിന് മുമ്പായി കാര്‍പ്പറ്റുകള്‍ ഇടാനുള്ള ഉത്തരവാദിത്തം കമ്പനിക്കുണ്ടായിരുന്നെന്നും എന്നാല്‍ അതിനായി കമ്പനി ഒന്നും ചെയ്തില്ലെന്നും കോടതി പറഞ്ഞു. കുട്ടികള്‍ ഓടി നടക്കുന്നതും ബോയിലറിന്റെയും ഫ്രിഡ്ജിന്റെയും ടാപ്പുകളുടെയും ഫയര്‍പ്ലേസിന്റെ ശബ്ദം പോലും തങ്ങള്‍ക്ക് അരോചകമാകുന്നുവെന്നാണ് ഫൗലാദി പറയുന്നത്. തന്റെ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന ഫൗലാദി കഴിഞ്ഞ നാല് വര്‍ഷമായി യാതൊരു പ്രശ്‌നങ്ങളുമില്ലാതെയാണ് ഇവിടെ താമസിച്ചിരുന്നതെന്ന് വ്യക്തമാക്കി. എന്നാല്‍ എല്‍കെറാമിയുടെ കുടുംബം എത്തുന്നതിനു മുമ്പായി നടത്തിയ ചില അറ്റകുറ്റപ്പണികള്‍ക്ക് ശേഷമാണ് ഈ ശല്യം ആരംഭിച്ചതെന്നും അവര്‍ പറഞ്ഞു.
RECENT POSTS
Copyright © . All rights reserved