Norwegian Airlines
ബ്രിട്ടീഷ് എയര്‍വേഴ്‌സ് നോര്‍വീജിയന്‍ എയറിനെ ഏറ്റെടുക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ നോര്‍വീജിയന്‍ എയറില്‍ 4.61 ശതമാനം ഓഹരികള്‍ സ്വന്തമായുള്ള ബ്രീട്ടിഷ് എയര്‍വേയ്‌സ് രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന സര്‍വീസ് നടത്തുന്ന കമ്പനിയെ മുഴുവനായും ഏറ്റെടുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച ശ്രമങ്ങള്‍ നടക്കുന്നതായി ബ്രിട്ടീഷ് എയര്‍വേഴ്‌സിന്റെ ഉടമകളായ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ലണ്ടന്‍-ന്യൂയോര്‍ക്ക് റൂട്ടില്‍ 129 പൗണ്ടാണ് നോര്‍വീജിയന്‍ ഈടാക്കുന്നത്. ഈ ഏറ്റെടുക്കലോടെ ബ്രിട്ടീഷ് എയര്‍വേയ്‌സ് ബജറ്റ് എയര്‍ലൈന്‍ രംഗത്തേക്ക് കടക്കുമോ എന്നാണ് യാത്രക്കാര്‍ ഉറ്റുനോക്കുന്നത്. ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഓഫറുകളുമായി മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചകളും നിലവില്‍ നടന്നിട്ടില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നും ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗതയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന വിമാനക്കമ്പനികളിലൊന്നാണ് നോര്‍വീജിയന്‍ എയര്‍. ലണ്ടനില്‍ നിന്ന് സൗത്ത് അമേരിക്ക, സിംങ്കപ്പൂര്‍, കാനഡ തുടങ്ങിയ സ്ഥലങ്ങളിലേക്കും ചെലവ് കുറഞ്ഞ വിമാന യാത്രാ സൗകര്യം കമ്പനി നല്‍കുന്നുണ്ട്. 1993ല്‍ പ്രവര്‍ത്തനമാരംഭിച്ച നോര്‍വീജിയന്‍ എയര്‍ ഇപ്പോള്‍ ലോകത്തിലെ ചെലവ് കുറഞ്ഞ വിമാന യാത്രകള്‍ ഓഫര്‍ ചെയ്യുന്ന കമ്പനികളില്‍ മൂന്നാം സ്ഥാനത്താണ്. റയന്‍എയര്‍, ഈസി ജെറ്റ് എന്നിവയാണ് മുന്നില്‍. ആദ്യ കാലഘട്ടങ്ങളില്‍ നോര്‍വീജിയന്‍ എയര്‍ ഷട്ടില്‍ എന്നായിരുന്നു കമ്പനി അറിയപ്പെട്ടികരുന്നു. റീജിയണല്‍ സര്‍വീസുകള്‍ മാത്രമായിരുന്ന ഇക്കാലത്ത് കമ്പനി നടത്തിയിരുന്നത്. 2002ല്‍ സര്‍വീസുകള്‍ വ്യാപിപ്പിച്ചു. 2013ല്‍ ഗാറ്റ്‌വിക്കില്‍ ഒരു ബേസ് പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് കമ്പനിയുടെ വളര്‍ച്ചയില്‍ പ്രധാന മാറ്റം ഉണ്ടായത്.
ടെക്‌സാസിലേക്കും ചിക്കാഗോയിലേക്കും പറക്കാന്‍ ഇനിമുതല്‍ വെറും 169 പൗണ്ട് മതി. നോര്‍വീജയന്‍സ് എയര്‍ലൈന്‍സാണ് ഉപഭോക്താക്കളെ അമ്പരപ്പിക്കുന്ന ഓഫറുമായി രംഗത്ത് വന്നിരിക്കുന്നത്. അമേരിക്കയിലെ രണ്ട് പ്രമുഖ കേന്ദ്രങ്ങളായ ചിക്കാഗോയിലേക്കും ടെക്‌സാസിലേക്ക് വിമാന യാത്ര തെരഞ്ഞെടുക്കുന്നവര്‍ക്ക് പുതിയ ഓഫര്‍ ഉപയോഗപ്രദമാകും. അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഇരു നഗരങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് വണ്‍വേ ടിക്കറ്റ് ഇത്രയും വിലക്കുറവില്‍ ലഭിക്കുന്നത് ഇതാദ്യമായാണ്. ഇരു സ്ഥലങ്ങളിലേക്കും നോണ്‍സ്‌റ്റോപ് വിമാനങ്ങളാവും സര്‍വീസ് നടത്തുക. ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനങ്ങളിലാവും പുതിയ ഓഫറുകള്‍ ലഭിക്കുക. ഇക്കോണാമി കാബിനുകളും പ്രീമിയം കാബിന്‍ സൗകര്യവും ഈ വിമാനത്തില്‍ ലഭ്യമാണ്. സൗത്ത് ഈസ്റ്റ് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളില്‍ ഏതാണ്ട് 60 ശതമാനമത്തോളം സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വിമാന യാത്രാക്കൂലി വെട്ടിക്കുറച്ച സാഹചര്യത്തില്‍ ഈ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടിഷ് പൗരന്മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്. ലോകത്തിന്റെ ലൈവ് മ്യൂസിക് കാപ്പിറ്റലായ ഓസ്റ്റിനിലേക്ക് ലണ്ടന്‍ ഗാറ്റ്‌വിക്കില്‍ നിന്നും നേരിട്ട് സര്‍വീസുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന കാര്യത്തില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്ന് നോര്‍വീജിയന്‍ വിമാനക്കമ്പനിയുടെ ചീഫ് കോമേഷ്യല്‍ ഓഫീസര്‍ തോമസ് റാംഡാല്‍ വ്യക്തമാക്കി. ഞങ്ങളുടെ വിമാനങ്ങള്‍ അവധിക്കാലം ആഘോഷിക്കാനെത്തുന്നവര്‍ക്കും ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന രീതിയിലാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കായി നോര്‍വീജിയന്‍ എയര്‍ലൈന്‍സ് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണ് ഞങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലണ്ടന്‍ ഗാറ്റ്‌വിക്കില്‍ നിന്ന് അമേരിക്കയിലേക്ക് പറക്കുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പു വരുത്താനാണ് കമ്പനി ശ്രമിക്കുന്നതെന്നും തോമസ് റാംഡാല്‍ പറഞ്ഞു. ലോക പ്രസിദ്ധമായ സംഗീത വിരുന്ന് ഉള്‍പ്പെടെ നിരവധി കാര്യങ്ങളാണ് ഓസ്റ്റിനില്‍ ടൂറിസ്റ്റുകളെ കാത്തിരിക്കുന്നത്. വിമാന ടിക്കറ്റ് നിരക്കില്‍ കുറവ് വന്നതോടെ കൂടുതല്‍ ആളുകള്‍ ബ്രിട്ടനില്‍ നിന്ന് ഇവിടെയ്‌ക്കെത്തുമെന്നാണ് കരുതുന്നത്.
RECENT POSTS
Copyright © . All rights reserved