novel by karoor soman kanyasree carmel
സ്‌നേഹാരണ്യകം ലണ്ടന് പുറത്ത് ബാസില്‍ഡണിലേക്കാണ് സ്ഥലംമാറ്റം. മനസ് വല്ലാതെയായി. പുറത്തെ കൊടുംതണുപ്പിലും വിയര്‍ക്കുന്നതുപോലെ തോന്നി. ഈ സ്ഥലംമാറ്റത്തിന് പിന്നില്‍ ഷൈലാമ്മ ആയിക്കൂടെ? അവരുടെ കാമലീലകള്‍ കണ്ടതിനുള്ള ശിക്ഷ. താന്‍ കണ്ടതൊന്നും ആരോടും പറഞ്ഞിട്ടില്ലെങ്കിലും തന്നെ അവര്‍ ശിക്ഷിക്കുക തന്നെ ചെയ്തു. മറ്റുള്ളവര്‍ അന്ധന്മാരെപ്പോലെ ജോലി ചെയ്യുന്നതിനാല്‍ അവര്‍ക്ക് പ്രശ്‌നമില്ല. തന്നെ മാത്രം അവര്‍ ഉന്നം വച്ചു. അവര്‍ ചെയ്ത കുറ്റത്തിന് നിരപരാധിയായ താന്‍ ശിക്ഷ അനുഭവിക്കുന്നു. അവരുടെ മനസ്സിന് ഇതിലൂടെ സംതൃപ്തി ലഭിച്ചെങ്കില്‍ അതിലവര്‍ ആനന്ദിക്കട്ടെ. എന്നാല്‍ അവളോടും അവളുടെ ഭര്‍ത്താവിനോടും കുട്ടികളോടും എനിക്ക് സഹതാപമുണ്ട്. പുരുഷന്മാരുടെ മുഖസ്തുതിയിലും പ്രലോഭനത്തിലും കുടുങ്ങുന്ന ധാരാളം സ്ത്രീകള്‍ ജോലിസ്ഥലത്തും അല്ലാതെയുമുണ്ട്. ഇത്തരത്തിലുള്ളവര്‍ക്ക് നല്ലൊരു കുടുംബജീവിതം സാധ്യമല്ല. ജാക്കി ചിന്താകുലനായി. ബാങ്കിലെ കാശ് ഒക്കെ തിരിച്ചടയ്‌ക്കേണ്ടതുണ്ട്. ആ ഭാരം തലയിലുള്ളപ്പോള്‍ ഉള്ള ജോലി കളയാന്‍ വയ്യ. ജാക്കി വാച്ചിലേക്ക് നോക്കി. ഡാനിച്ചായന്‍ വീട്ടിലെത്തിക്കാണുമായിരിക്കും. ഇതില്‍ ഡാനിച്ചായന് ഒന്നും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കമ്പനി ഒന്നാണെങ്കിലും മറ്റൊരു ഡിവിഷനില്‍ ജോലി ചെയ്യുന്ന ആളല്ലേ? ഉള്ള കാര്യങ്ങള്‍ തുറന്നു പറയനുന്നതില്‍ തെറ്റില്ല. അദ്ദേഹം വാങ്ങിത്തന്ന ജോലിയല്ലേ. മറ്റൊരു ജോലിക്ക് വേണ്ടി ഇനിയും ഡാനിച്ചായനെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല. കുറെ പരിചയക്കാര്‍ ഉണ്ടല്ലോ. അവര്‍ വഴി മറ്റൊരു ജോലിക്ക് ശ്രമിക്കുന്നതാണ് നല്ലത്. ഡാനിച്ചായനോട് തുറന്നു പറയാം ഈ സെയ്ഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ജോലിക്ക് താല്പര്യമില്ലെന്ന്. തന്റെ വിഷയം സിവില്‍ എന്‍ജിനിയറിംഗാണ്. ഈ കാര്യം സിസ്റ്റര്‍ കാര്‍മേലിനോട് പലവട്ടം പറഞ്ഞിട്ടുണ്ട്. യാത്രകള്‍ കഴിഞ്ഞ് വരട്ടെ, ഒന്നുകൂടി സിസ്റ്ററോട് പറയാം. തടസ്സമായത് സിസ്റ്ററുടെ യാത്രകളാണ്. പുതുമ നിറഞ്ഞ ലോകത്തേക്കുള്ള അന്വേഷണം നല്ലതാണെന്നാണ് സിസ്റ്റര്‍ അവസാനമായി പറഞ്ഞത്. അത് എങ്ങനെയാണ് കണ്ടെത്തുക. സിസ്റ്ററുടെ വാക്കുകള്‍ മനസ് ബലപ്പെടുത്തിയിട്ടുണ്ട്. തിരിഞ്ഞുനോക്കാതെ മുന്നോട്ടു നടക്കുക. കുറെ ത്യാഗങ്ങള്‍ കഷ്ടങ്ങള്‍ സഹിക്കാതെ ആര്‍ക്കും ജീവിക്കാന്‍ ആകില്ല. ദൈവത്തില്‍ ഉറച്ച വിശ്വാസം ഉണ്ടാകണം. സിസ്റ്ററുടെ വാക്കുകള്‍ക്കനുസരിച്ച് ഉയരുകയാണ് വേണ്ടത്. തുണി മാറി അടുക്കളയില്‍ കയറി ചായയ്ക്ക് വെള്ളം വച്ചു. ഇവിടെ വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇന്നുവരെ വെള്ളവും കരണ്ടും ഇല്ലാതെ വന്നിട്ടില്ല. പൈപ്പുകള്‍ വഴി ഓരോ വീട്ടിലുമെത്തുന്ന ഗ്യാസും ഇല്ലാതെ വന്നിട്ടില്ല. ഈ രാജ്യത്ത് വന്നപ്പോഴാണ് പൗരസ്വാതന്ത്യം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. പ്രകടനക്കാരോ പ്രതിഷേധക്കാരോ അധികമില്ല. എല്ലാം ശാന്തമായി സമാധാനമായി നേരിടുന്നു. മനുഷ്യന്റെ ആവശ്യങ്ങളെ അനുസരിച്ച് മിനുറ്റുകള്‍ക്കുള്ളില്‍ ട്രെയിനും ബസ്സും വന്നുപോകുന്നതുപോലെ പോലീസും ആംമ്പുലന്‍സും വീട്ടിലെത്തും. ഇന്ത്യ പോലുള്ള രാജ്യത്തുനിന്നും വന്നെത്തുന്നവര്‍ക്ക് ഇതുപോലുള്ള കാഴ്ചകള്‍ അത്ഭുതം തന്നെയാണ്. സത്യവും നീതിയും പരിപാലിക്കുന്നതിനാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതും അഭിമാനത്തോടെയാണ് കണ്ടത്. ചായയും ബിസ്കറ്റും കഴിച്ചുകൊണ്ടിരിക്കെ ഡാനിച്ചായനെ വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു. ഡാനിച്ചായന് വിശ്വസിക്കാനായില്ല. ഒരു മലയാളി സ്ത്രീ കാട്ടിക്കൂട്ടിയ വിക്രിയകള്‍ ഡാനിച്ചായനെ അത്ഭുതപ്പെടുത്തി. ഡാനിയേല്‍സാര്‍ ജാക്കിയോട് പറഞ്ഞു. "" ഞാന്‍ ജാക്കിയുടെ മാനേജരുമായി സംസാരിച്ച് അടുത്തുള്ള ഏതെങ്കിലും ജോബ് സെന്ററില്‍ തരാന്‍ പറഞ്ഞുനോക്കാം. '' ""സിസ്റ്റര്‍ കാര്‍മേലുമായി സംസാരിച്ചിട്ടുണ്ട്. സിസ്റ്ററെ ഞാനൊന്ന് കണ്ടിട്ട് അഭിപ്രായം പറയാം.'' ജാക്കിയുടെ ആഗ്രഹത്തെ മാനിച്ചുകൊണ്ട് ഡാനിയേല്‍ സാര്‍ സംസാരം അവസാനിപ്പിച്ചു. മനസ്സിന് ഒരല്പം തളര്‍ച്ച തോന്നിയെങ്കിലും സ്വന്തം തീരുമാനത്തില്‍ പിന്നോട്ടുപോകാന്‍ തോന്നിയില്ല. വിയര്‍ക്കുന്നവന്റെ മുന്നില്‍ ആ വെളിച്ചം മാറി മറിയും. ഓരോ നിമിഷവും ആ വെളിച്ചം നമ്മെ വളര്‍ത്തി വലുതാക്കും. ആത്മാവിന്റെ മൗനം. സിസ്റ്റര്‍ കാര്‍മേലും ഡാനിച്ചായനുമാണ് തന്നെ ഇവിടെ സഹായിച്ചിട്ടുള്ളത്. ചായ കുടി കഴിഞ്ഞ് കട്ടിലില്‍ നിവര്‍ന്നു കിടന്നു. മുറിക്കുള്ളില്‍ ടി.വി. ഇല്ലാത്തതിനാല്‍ വായനയിലും പഠനത്തിലുമാണ് സമയം ചിലവിടുന്നത്. കമ്പ്യൂട്ടര്‍ ഉള്ളതിനാല്‍ ലോകത്ത് നടക്കുന്ന കുറെ കാര്യങ്ങള്‍ അതിലൂടെ മനസ്സിലാക്കാം. മലയാളം നോവലുകള്‍ ഈസ്റ്റ് ഹാം ലൈബ്രറിയില്‍ ഉള്ളത് ഉപകാരമായി. കട്ടിലിനരികില്‍ വച്ചിരുന്ന മലയാളി എഴുതിയ ഇംഗ്ലീഷ് നോവല്‍ ""മലബാര്‍ ഫ്‌ളെയിം ''മറിച്ചുനോക്കി. ആ നോവല്‍ ഓണ്‍ലൈനിലൂടെ വാങ്ങാന്‍ ഷാരോണിനോട് പറയണം. ഷാരോണിന്റെ മുഖം മനസ്സില്‍ തെളിഞ്ഞു വന്നു. ഇങ്ങോട്ടു വരുന്നതിന് മുമ്പ് പാല്‍ സൊസൈറ്റിയില്‍ നിന്ന് പാല്‍ വാങ്ങി മടങ്ങവെ മുന്നില്‍ തിളങ്ങുന്ന കണ്ണുമായി ഷാരോന്‍ നിന്നത് മങ്ങാതെ നില്ക്കുന്നു. ഷാരോന്റെ ഒപ്പം സ്വന്തം പെറ്റായ നായ കിട്ടുവുമുണ്ട്. അവള്‍ പറമ്പിലും പാടത്തും പോകുമ്പോഴൊക്കെ കിട്ടുവും ഒപ്പം ഉണ്ടാകും. ഷാരോന്‍ കരാട്ടെ പഠിക്കുന്നുണ്ട്. ഇന്നത്തെ കാലഘട്ടത്തില്‍ സ്ത്രീകള്‍ ആദ്യമായി പഠിക്കേണ്ടത് അതാണെന്ന് തോന്നുന്നു. ഷാരോണിനോടുള്ള സ്‌നേഹത്തിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല. ചെറുപ്പം മുതലേ ഒന്നിച്ച് കളിച്ച് ചിരിച്ച് നടന്നവര്‍. അവരില്‍ പ്രണയമുണ്ടെന്ന് മറ്റുള്ളവര്‍ക്കു തോന്നുമെങ്കിലും തങ്ങള്‍ ഇന്നുവരെ അതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. അവര്‍ ഒന്നിച്ചാണ് മാവേലിക്കര ബിഷപ് മൂര്‍ കോളേജില്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയത്. താന്‍ തുടര്‍പഠനത്തിനായി ലണ്ടനിലേക്ക് പറന്നപ്പോള്‍ അവള്‍ കൊട്ടാരം കോശിയുടെ പാത തുടരാനാണ് ആഗ്രഹിച്ചത്. പോസ്റ്റ് ഗ്രാജുവേഷന്‍ എടുത്തിട്ട് എല്‍ എല്‍ ബി ക്ക് പോകുവാനാണ് ആഗ്രഹം. അതിന്റെ കാരണം ഇംഗ്ലീഷ് കൂടുതല്‍ വശമാക്കാനാണ്. ഈ വര്‍ഷവും ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റികളുടെ സിറ്റി ലോകറാങ്കില്‍ ബ്രിട്ടണ്‍ തന്നെയാണ് മുന്നില്‍. ലോകറാങ്കില്‍ ലണ്ടനിലെ ആറ് യൂണികള്‍ ഇടംതേടിയിട്ടുണ്ട്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിയാണ് ഏറ്റവും മുന്നില്‍. അതെല്ലാം തനിക്ക് പുതിയ അറിവുകളായിരുന്നു. അവളുടെ വീട്ടില്‍ കമ്പ്യൂട്ടര്‍ ഉള്ളതിനാല്‍ എല്ലാം അവള്‍ പെട്ടെന്ന് അറിയുന്നു. അതുപോലെ കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നെങ്കില്‍ ഇതുപോലെ കാര്യങ്ങള്‍ അറിയാമായിരുന്നു. റോഡിലൂടെ അവര്‍ മുട്ടിയുരുമ്മി സംസാരിച്ചും പുഞ്ചിരിച്ചും നടക്കുന്നത് കണ്ടാല്‍ പ്രണയജോഡികളെന്ന് കാണുന്നവര്‍ കരുതും. താന്‍ ലണ്ടനിലേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ ഷാരോണിന്റെ മനസ്സൊന്നു പിടഞ്ഞു. പക്ഷെ അതൊന്നും പുറത്തുകാട്ടിയില്ല. പുതിയ നോവലുകള്‍ വാങ്ങാനും പഠനവിഷയങ്ങള്‍ സംസാരിക്കുന്നതിനും താന്‍ ഒരു സഹായിയാണ്. ഷാരോണില്‍ നിന്ന് അകലുമ്പോള്‍ മനസിന് വിഷമമുണ്ടായിരുന്നു. അത് മനസിനെ സങ്കീര്‍ണമാക്കുകയും ചെയ്തു. എല്ലാം മനുഷ്യരിലും പ്രണയം ഉണ്ടെന്നല്ലേ പറയുന്നത്. മനുഷ്യന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും നിരാശയുമൊക്കെ ഓരോരുത്തര്‍ ആഗ്രഹിക്കുന്ന ദിശയിലൂടെയാണ് സഞ്ചരിക്കുന്നത്. എല്ലാം മൗലികവും ആവശ്യകത നിറഞ്ഞതാണെങ്കിലും ഇരുളും നിലാവും പോലെയുള്ള ഒരവസ്ഥയാണ് ഇതിലുള്ളത്. പ്രണയം ഒരു കാരാഗ്രഹവാസം ആണോ?. ആ തടവറ കമ്പികള്‍ ഭേദിച്ച് പുറത്തുവരിക അത്ര എളുപ്പമുള്ള കാര്യമല്ല. ഷാരോണിനോട് ഇടപെട്ടിട്ടുള്ളത് നിഷ്കളങ്കമായിട്ടാണ്. യൗവനം തുളുമ്പി നില്ക്കുന്ന അവളുടെ സൗന്ദര്യത്തില്‍ ഏതുപുരുഷനാണ് ആകൃഷ്ടനാകാത്തത്. ഞങ്ങളുടെ പെരുമാറ്റത്തില്‍ പലര്‍ക്കും അങ്ങിനെ തോന്നും. ഞാനൊരിക്കലും അവളെ പ്രണയിച്ചിട്ടില്ല. ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിട്ടേ ഉള്ളൂ. ആ സ്‌നേഹവും കാരുണ്യവും എന്നും കാണണം. എന്നും അവളെ സന്തോഷവതിയായിട്ടാണ് കണ്ടിട്ടുള്ളത്. ഒരിക്കല്‍ മാത്രമേ അവളെ ദേഷ്യത്തില്‍ കണ്ടിട്ടുള്ളൂ. അതും ഒരു സഹപാഠിയുടെ കരണത്തിടിച്ചുകൊണ്ട്. സമ്പന്ന കുടുംബത്തിലെ മക്കള്‍ കോളജ് ക്യാമ്പസില്‍ വിലസുന്ന കാലം. കഞ്ചാവും മയക്കുമരുന്നും മദ്യവും അശ്ലീലസിനിമകളും ആണ് അവരുടെ സുഹൃത്തുക്കള്‍. അവരിലൊരുവന്‍ അവളെ സിനിമയ്ക്കു വിളിച്ചു. പിന്നീട് നടത്തിയ ശൃംഗാരവാക്കുകള്‍ അവള്‍ക്കു ഇഷ്ടമായില്ല. പറഞ്ഞുതീരും മുമ്പേ അടിയും ചവിട്ടും രാജേഷിന് ഒന്നിച്ചു കിട്ടി. ഭരണാധികാരിയുട മകന്‍ കോളേജ് റോഡില്‍ മലര്‍ന്നടിച്ചു കിടന്നു. അവന്റെ കൂട്ടുകാര്‍ മുന്നോട്ടു വന്നെങ്കിലും താനും സുഹൃത്തുക്കളും പ്രതികാരഭാവത്തോടെ നില്ക്കുന്നതുകണ്ട് അവര്‍ പിന്‍മാറി. ""ഭരണപക്ഷത്തെ എം എല്‍ എ യുടെ മകനായതുകൊണ്ട് പ്രത്യേക പദവികളൊന്നും കോളേജിലില്ല. ഞാന്‍ കോളേജില്‍ വരുന്നത് പഠിക്കാനാണ് അല്ലാതെ പ്രണയിക്കാനും പ്രണയസിനിമകള്‍ കാണാനുമല്ല. എന്നോട് അനാവശ്യം പറഞ്ഞിട്ട് ഒരുത്തനും വിലസാമെന്ന് കരുതേണ്ട. അത് ഏത് വമ്പന്റെ മോനായാലും ശരി. ഇനിയും നീ മസില്‍ കാട്ടി സ്ത്രീകളെ അപമാനിക്കാമെന്ന് കരുതേണ്ട. അഴിയെണ്ണും നീ. ഈ പറയുന്നത് കൊട്ടാരം കോശിയുടെ മകളാണ്. മറക്കണ്ട. എന്താടാ പോലീസിനെ വിളിക്കണോ? നിന്റെ ഭരണപോലീസല്ലേ? '' രാജേഷ് ഭീതിയോടെ നോക്കി. മൂര്‍ഖനെപ്പോലെ പത്തി വിടര്‍ത്തിനിന്നവന്‍ പെട്ടെന്ന് തലയും താഴ്ത്തി കൂട്ടുകാര്‍ക്കൊപ്പം നടന്നു. അവളുടെ വടിവൊത്ത ശരീരഭംഗിപോലെ ശക്തമായ നിലപാടിനെയും കൂടി നിന്നവര്‍ മനസ്സാലെ പുകഴ്ത്തി. അവളുടെ പ്രവൃത്തികളെല്ലാം ഇതുപോലെയാണ്. കോളേജില്‍ കാറുമായി വരുമ്പോള്‍ അതില്‍ നിറയെ കൂട്ടുകാരികളെ കയറ്റിയാണ് മടങ്ങിപ്പോകുന്നത്. അതുപോലെ പ്രായമുള്ളവരെ കാറില്‍ കയറ്റി വീട്ടിലെത്തിക്കുന്നതും അവള്‍ക്ക് ആഹ്ലാദം പകരുന്ന കാര്യമാണ്. ഇതുപോലെ അനുകമ്പയും ദയയുമുള്ള കുട്ടികള്‍ സമൂഹത്തില്‍ കുറവാണ്. സത്യത്തില്‍ അവരെയാണ് മനുഷ്യന് ആവശ്യമുള്ളത്.
പുതുമഴയില്‍ വിരിഞ്ഞ പൂവ് കാരൂര്‍ പള്ളിക്കടുത്ത് കൊട്ടാരം കോശി വക്കീലിന്റെ ബന്ധത്തിലുള്ള ഒരാളിന്റെ രണ്ടുനിലക്കെട്ടിടത്തിന്റെ പണി നടക്കുന്നു. ജഗന്നാഥന്‍ മേസ്തിരിയാണ് പ്രധാനപണിക്കാരന്‍. കടുത്ത വെയിലില്‍ ദേഹം ഉരുകുന്നതു പോലെ തോന്നി ജഗന്നാഥന്. ഒരല്‍പ്പം ആശ്വാസത്തിനായി വെള്ളം കുടിക്കാനായി തണലിലേക്കു മാറി തലയില്‍ കെട്ടിയിരുന്ന തോര്‍ത്തെടുത്ത് മുഖത്തെ വിയര്‍പ്പ് തുടച്ച് വെള്ളം കുടിക്കുന്നതിനിടയിലാണ് കൊട്ടാരം കോശി അങ്ങോട്ടേക്കെത്തിയത്. മനസു നിറഞ്ഞ ചിരിയോടെ ജഗന്നാഥന്‍ അയാള്‍ക്കരികിലേക്ക് ചെന്നു. പണിയെക്കുറിച്ചൊക്കെ ചോദിക്കുന്നതിനിടെ കോശി ജാക്കിയെക്കുറിച്ചും തിരക്കി. മകനെകുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴേക്കും അയാളുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. കോശി പണി കഴിപ്പിക്കുന്ന വീടിനുള്ളിലേക്ക് കയറി നോക്കിയിട്ട് ജഗന്നാഥന്‍ മേസ്തിരിക്ക് നിര്‍ദേശങ്ങള്‍ കൊടുത്തിട്ടു മടങ്ങിപ്പോയി. ജഗന്നാഥന്‍ മേസ്തിരി വലിയ വീടുകള്‍ പണിഞ്ഞു കൂട്ടുമെങ്കിലും ജഗന്നാഥന് വീടുകള്‍ നിര്‍മിച്ചുള്ള ആര്‍ഭാടത്തൊടൊന്നും വലിയ താത്പര്യമില്ല. അല്ലെങ്കില്‍ തന്നെ ഇതിലൊക്കെ എന്തിരിക്കുന്നു. ഒരു കൂട്ടര്‍ക്ക് അതൊരു അഭിമാനമാണെങ്കില്‍ മറ്റൊരു കൂട്ടര്‍ക്ക് അതൊരു പൊങ്ങച്ചമാണ്. സ്വന്തമായൊരു വീടും മേല്‍വിലാസവും ആരും ആഗ്രഹിക്കുന്ന കാര്യമല്ലേ? അതിന്റെ ആത്മസംതൃപ്തി എന്നെപ്പോലുള്ളവന് മനസ്സിലാവില്ല. ഇഷ്ടികകള്‍ കെട്ടിക്കൊണ്ടിരിക്കെ മണ്‍ചട്ടിയില്‍ സിമന്റിന്റെ മസാല തീര്‍ന്നത് കണ്ട് മോളിയോട് ഉച്ചത്തില്‍ പറഞ്ഞു. ""മോളി മസാല കൊണ്ടുവാ''.ആ സമയം മോളി അടുത്ത മുറിയിലെ ഭിത്തി കെട്ടിക്കൊണ്ടിരിക്കുന്ന കൊമ്പന്‍മീശക്കാരനായ കൃഷ്ണന്റെ അടുത്തായിരുന്നു. അവര്‍ തമ്മിലുള്ള അടുപ്പവും ജഗന്നാഥനറിയാം. മോളിയുടെ കണ്ണുകളിലെ തിളക്കവും കൃഷ്ണന്റെ കാമദാഹത്തിലുള്ള നോട്ടവും ഭാവവും അവരത്ര നിഷ്കളങ്കരായി കാണാന്‍ കഴിയില്ല. അവനൊപ്പം എത്രയോ നാളുകളായി അവര്‍ ജോലിചെയ്യുന്നു.മറ്റുള്ളവരല്ലാം കല്ലു കെട്ടുന്നത് അടുത്ത മുറിയിലാണ്. നാല് മേസ്തിരിമാരും മൂന്ന് മൈക്കാടുകളുമാണ് ഇന്നുള്ളത്. ചിലപ്പോള്‍ പത്തും പതിനഞ്ചും പണിക്കാര്‍ ഒരേ സമയത്തുണ്ട്. ജോലിക്ക് രണ്ട് സ്ത്രീകള്‍ എപ്പോഴും കാണും. മറ്റൊരാള്‍ അനിതയാണ്. പെട്ടെന്ന് മോളി സിമന്റ് മസാല നിറച്ച ചട്ടിയുമായെത്തി. മകനെകുറിച്ചാലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു ജഗന്നാഥന്‍ മേസ്തിരി . വിദേശത്തു പോയി പഠിക്കണമന്ന മോഹം ജാക്കി പറഞ്ഞ സമയംതൊട്ട് ഒരോ നിമിഷവും കഴിച്ചുകൂട്ടിയിരുന്നത് അതെങ്ങനെ സഫലമാക്കും എന്നാലോചിച്ചായിരുന്നു. തന്റെ അനുഭവം മകനുണ്ടാകരുത്. അവന്റെ പ്രായക്കാരൊക്കെ വിലകൂടിയ മോട്ടോര്‍ ബൈക്കുകളില്‍ ചെത്തിനടക്കുകയാണ്. മകന്‍ ഇന്നുവരെ തന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. അവന്റെ അത്തരം ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാന്‍ ഈ പിതാവിന് കഴിയില്ലെന്ന് അവനറിയാം. അതിനാല്‍ അവന്‍ ഒന്നും ചോദിക്കാറില്ല. അത് അവന്റെ മനസിന്റെ നന്മയാണ്. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് അച്ഛനെ സഹായിക്കാനായി പണി ആയുധങ്ങള്‍ എടുത്തതും വിസ്മയത്തോടെയാണ് കണ്ടത്. തങ്ങള്‍ക്കൊപ്പം മകനും ജോലിചെയ്യുന്നത് കണ്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്. നിര്‍വ്യാജമായ സ്‌നേഹവാത്സല്യത്തോടെ മകനെ വളര്‍ത്തിയതുകൊണ്ടാകണം ഭാരപ്പെടുന്ന അധ്വാനിക്കുന്ന മാതാപിതാക്കളെപ്പറ്റി ഒരുള്‍ക്കാഴ്ച അവനിലുണ്ടാകാന്‍ കാരണം. ഓരോ മനുഷ്യനും എത്രമാത്രം ആഴത്തില്‍ ചിന്തിക്കുന്നുവോ അതവനെ യാഥാര്‍ത്ഥ്യത്തിലേക്ക് വഴി നടക്കും. യാഥാര്‍ത്ഥ്യത്തില്‍ നിന്നും തന്റെ മകന്‍ ഓടിയൊളിക്കുന്നവനല്ലെന്ന് ജഗന്നാഥനറിയാം. ഈ തിരിച്ചറിവ് അവനിലുണ്ടാക്കിയത് അവന്റെ വായനയായിരിക്കാം. അവന്റെ കൂട്ടുകാരൊക്കെ ടി.വി.യുടെ മുന്നിലും സിനിമാശാലകളിലും മദ്യഷാപ്പിലുമൊക്കെ സമയം ചിലവിടുമ്പോള്‍ അവനാകട്ടെ പുസ്തകവായനയിലാണ് സമയം ചിലവഴിക്കുന്നത്. അവരില്‍ പലരും ചെളിക്കുണ്ടുകളില്‍ വീണുഴലുന്നത് കണ്ടിട്ടുണ്ട്. ഈ ചെറിയ ലോകത്തുനിന്നും വലിയൊരു ലോകത്തേക്ക് അവന്‍ സഞ്ചരിക്കട്ടെ. സ്വര്‍ണ്ണം പൂശിയതുപോലെ സൂര്യന്‍ തലക്ക് മുകളിലെത്തി നിന്നു. മകന്റെ മോഹത്തെ കാണാനാവാതെ കെടുത്തി കളയുന്നത് നന്നല്ല. തനിക്ക് അവന്റെയത്ര വിവരമില്ലെങ്കിലും അവന്റെയാഗ്രഹം പൂര്‍ത്തീകരിക്കണം. അതാണിപ്പോള്‍ സഫലമായിരിക്കുന്നത്. അയാള്‍ക്ക് എന്തെന്നില്ലാത്ത ഒരുന്മേഷം തോന്നി. തന്റെ കഷ്ടപ്പാടുകള്‍ക്കെല്ലാം അറുതിയാകാന്‍ പോകുന്നതു പോലെ തോന്നി. സമര്‍ത്ഥനായ ഒരു കല്ലുപണിക്കാരനെപ്പോലെ ഭിത്തികെട്ടിക്കൊണ്ടിരിക്കെ അയാള്‍ ഒരു ഇഷ്ടിക കരണ്ടിക്കൊണ്ട് രണ്ടായി അടിച്ചു പിളര്‍ത്തി. വെറും കളിമണ്ണായി കിടന്ന ഇഷ്ടികകള്‍ ഇന്നിതാ മനുഷ്യനൊപ്പം മനുഷ്യനെക്കാള്‍ ആയുസുള്ളവരായി ജീവിക്കുന്നു. എന്തെല്ലാം നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഭിത്തികളാണിത്. കാഴ്ചയില്ലാത്ത ഇഷ്ടികകള്‍!. നിങ്ങള്‍ എത്രയോ സന്തുഷ്ടരായി മനുഷ്യനൊപ്പം പാര്‍ക്കുന്നു. വെയിലും മഴയും കാറ്റും നിങ്ങള്‍ക്കറിയില്ല. ഞങ്ങളുടെ ജീവിതം വളരെ സങ്കീര്‍ണ്ണമാണെങ്കിലും ഒരു പൂവിനെപ്പോലെ വിരിയാനോ ഒരു മരത്തേപ്പോലെ ഫലം നല്കാനോ ഇണചേരാനോ ചിന്തിക്കാനോ ആവുന്നില്ല. എന്നാലും നിങ്ങള്‍ മനുഷ്യര്‍ക്ക് കാവല്‍ക്കാരായി ഒപ്പമുള്ളത് സന്തോഷം നല്കുന്നു. ഈ പിളര്‍ന്ന ഇഷ്ടിക പോലല്ലേ തന്റെ ജീവിതം. അങ്ങിനെ ചിന്തിക്കേണ്ടതുണ്ടോ? ഓരോരോ വരികട്ടകളിലും ഇതുപോലെ പകുതി പൊട്ടിച്ച കട്ടകളും പൊടികട്ടകളും ചേര്‍ത്തല്ലേ മനോഹരമായ ഭിത്തികളെ വാര്‍ത്തെടുക്കാന്‍ കഴിയുന്നത്. പൊട്ടിച്ച കട്ടകളെ ജീവിതവ്യഥകളായി കണ്ടാല്‍ മതി. ജീവിതത്തില്‍ പ്രതീക്ഷകളും വിശ്വാസങ്ങളും നഷ്ടപ്പെടാന്‍ പാടില്ല. അതിനാല്‍ ജീവനില്ലാത്ത ഈ കട്ടകളെ ജീവനുള്ള മനുഷ്യര്‍ കണ്ടു പഠിക്കുന്നത് നല്ലതാണ്. അതുപോലെ ചെറുതും വലുതുമായ കട്ടകള്‍ ഒന്നായി ചേര്‍ന്ന് ലക്ഷ്യത്തിലെത്തുന്നു. വിജയം കണ്ടെത്തുന്നു. ജീവിതത്തില്‍ എന്തിനും പരിഹാരമുണ്ട.് അതിന് പരമാവധി ശ്രമിക്കണം. അതില്ലാതെ ഹൃദയമിടിപ്പ് കൂട്ടിയിട്ടും നിശബ്ദതപാലിച്ചിട്ടും കാര്യമില്ല. ജീവിതത്തെ ഒരു പാറമലയായി കാണുക. അത് പൊട്ടിച്ചിതറി ചെറു കഷണങ്ങളായി മാറി ജീവിക്കാനാവശ്യമായ മണിമന്ദിരങ്ങളെ വാര്‍ത്തെടുക്കുന്നു. അതിന്റെ അടിത്തറ എപ്പോഴും ബലവത്തായ പാറകളാണ്. ഇളക്കി മറിക്കാന്‍ അത്ര എളുപ്പമാകില്ല. കുലംകുത്തിയൊഴുകുന്ന വെള്ളത്തിന്‌പോലും അതിനെ ഇളക്കിമറിക്കാനാവില്ല. അതാണ് അടിത്തറയുള്ള ജീവിതം.
മുന്തിരിത്തോപ്പുകളിലെ മണം ഭക്ഷണം കഴിച്ചതിനു ശേഷം വിശ്രമിക്കുമ്പോള്‍ കഴിഞ്ഞു പോയ നാളുകളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു ജാക്കി. എല്ലാം പെട്ടെന്നായിരുന്നു, ലോണിനപേക്ഷിച്ചതും പണം കിട്ടിയതും ലണ്ടനിലെത്തിയതുമെല്ലാം. നാട്ടിലിപ്പോഴും ഉരുകുന്ന ചൂടില്‍ വിയര്‍ത്തു പണിയുകയായിരിക്കും അച്ഛന്‍. അതാലോചിച്ചപ്പോള്‍ അവന്റെ നെഞ്ചൊന്നു നീറി. ജഗന്നാഥന്‍ മേസ്തിരിയെ നാട്ടുകാര്‍ക്കെല്ലാം കാര്യമാണ്. പണിയില്ലെങ്കില്‍ പട്ടിണിക്കാരനാണ്. എന്നും അന്നത്തെ അന്നത്തിനായി അധ്വാനിക്കുന്നു.  വയസ് അറുപതായി. അച്ചനും അമ്മയും എന്നും കഠിനാധ്വാനമാണ്. എന്നും ഇഷ്ടികകളോടും പാറകളോടും മണലിനോടും സിമന്റിനോടും ഏറ്റുമുട്ടിയാണ് അവരുടെ ജീവിതം. അമ്മയും അച്ചനൊപ്പം പണിക്ക് പോകാറുണ്ട്. എന്നിട്ടും വേദനകള്‍ നിറഞ്ഞ ഒരു ജീവിതം മാത്രം. അച്ഛന്‍ പണിതുയര്‍ത്തിയ പല കെട്ടിടങ്ങളും തലയുയര്‍ത്തി നില്ക്കുന്നത് നോക്കി നിന്നിട്ട് സ്വയം ചോദിക്കും. അച്ഛന്‍ എന്താണ് ഉയരാത്തത്? ആ സ്വഭാവം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ജീവിതത്തില്‍ അത്യാഗ്രഹങ്ങള്‍ ഒന്നുമില്ല. സ്വന്തം അധ്വാനംകൊണ്ട് പട്ടിണിയില്ലാതെ ജീവിക്കണം.  താന്‍ വലിയ വലിയ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയിട്ടുണ്ട്. അതുപോലൊരു കെട്ടിടം എനിക്ക് സ്വന്തമായി കെട്ടിപ്പൊക്കാന്‍ തനിക്കു കഴിയുമോ? താന്‍ വെറുമൊരു കല്‍പ്പണിക്കാരന്‍. അച്ഛന്‍ ഒരു വീടുപണി ഏറ്റെടുത്താല്‍ അതിന്റെ ചുമതലയും ഉത്തരവാദിത്വവും സ്വയം ഏറ്റെടുക്കുന്നു. തന്നാലാവും വിധം ഭംഗിയായി ചെയ്തു തീര്‍ക്കുന്നു. അതില്‍നിന്നും അധികമായി ഒരു പങ്കും എടുക്കാറില്ല. അതില്‍നിന്നും ലഭിക്കുന്ന സമ്പാദ്യം കൊണ്ടാണ് മകളെ നഴ്‌സിംഗ് പഠിപ്പിക്കുന്നത്.  എത്ര കഷ്ടപ്പെട്ടിട്ടും അധ്വാനിച്ചിട്ടും കടമെടുത്ത കാശ് ഇതുവരെ തിരിച്ചടയ്ക്കാനായിട്ടില്ല. ഇതിനിടയിലാണ് തന്റെ പഠിക്കാനുള്ള ആഗ്രഹം മുന്നോട്ട് വച്ചത്. അത് വെറുതെയല്ല. ഇന്ന് അധികാരത്തിലുള്ളവര്‍ക്കും കൈക്കൂലിക്കാര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന വിധം സൗഭാഗ്യങ്ങള്‍ ലഭിക്കുന്നുണ്ട്. അവരില്‍ പലരുടെയും മക്കള്‍ വിദേശത്ത് പഠിക്കുന്നു. ഈ സമ്പന്നരുടെ മധ്യത്തില്‍ തനിക്കും ജീവിക്കാനൊരു മോഹമുണ്ട്. തന്നെപ്പോലെയുള്ള പാവങ്ങള്‍ക്ക് ആരിലും വിശ്വാസമില്ല. ആരുമൊട്ടും സഹായിക്കാനുമില്ല. രാഷ്ടീയക്കാരായാലും മതത്തിലുള്ളവരായാലും അവരുടെ നിലനില്പാണ് പ്രധാനം. അതിന് തന്റെ കുടുംബത്തിലുള്ളവരും ഇരകളാണ്. എന്തായാലും വലിയൊരു ആഗ്രഹമാണ് വിദേശത്ത് പോയി പഠിക്കുക എന്നത്. അതും ബ്രിട്ടണില്‍തന്നെ പോകണം. നമ്മുടെ നാട്ടില്‍ എത്രയോ ഉന്നത് വിദ്യാഭ്യാസമുള്ളവര്‍ തെക്കുവടക്ക് നടക്കുന്നു. അവരുടെ നൊമ്പരങ്ങള്‍ അറിയാന്‍ ആരുമില്ല. അതുമൂലം വഴിതെറ്റിപ്പോകുന്ന എത്രയോ ചെറുപ്പക്കാര്‍. മതവും രാഷ്ട്രീയവും വലത്തും ഇടത്തും നിന്ന് വിളവെടുപ്പ് നടത്തി സംതൃപ്തരായി മുന്നോട്ട് ജീവിക്കുന്നുണ്ട്. അച്ഛനൊപ്പം ഇഷ്ടികകള്‍ ഓരോന്നായി കെട്ടുമ്പോഴും മനസ് ശോകാകുലമായിരുന്നു. ലണ്ടനില്‍ പോയി ഒരു ഡിഗ്രിയെടുത്താല്‍ തീര്‍ച്ചയായും ലോകമെങ്ങും പരിഗണന ലഭിക്കും. ലണ്ടനിലെ പഠിത്തം അസാധ്യമെന്നിരിക്കെ അതിനെപ്പറ്റി സ്വപ്നം കാണേണ്ടതുണ്ടോയെന്നൊക്കെ അന്നു തോന്നിയിരുന്നു. മറ്റ് സമ്പന്നരും കൈക്കൂലിക്കാരും അഴിമതിക്കാരും വ്യവസായികളും മക്കളെ വിദേശത്ത് വിട്ട് പഠിപ്പിക്കുന്നതുപോലെ തന്നെപ്പോലുള്ള ഒരാള്‍ ആഗ്രഹിക്കാന്‍ പാടില്ല. അച്ഛനൊപ്പം പൊരിവെയിലില്‍ പണിയുമ്പോഴും  മനം നിറയെ ലണ്ടനായിരുന്നു. കെട്ടിടങ്ങള്‍ മുകളിലേക്ക് ഉയരുന്നതുപോലെ തന്റെ ഭാവിയും ഉയരണമെന്നസ്വപ്നം കാണാത്ത ദിവസങ്ങളില്ല. ഒരുപക്ഷെ അമിത ആഗ്രഹമായിരിക്കാം. തനിക്കറിയാം കാപട്യം നിറഞ്ഞ ഈ ലോകത്ത് പാവപ്പെട്ടവരും ദരിദ്രരും നിത്യവും മരിച്ചുകൊണ്ടിരിക്കുന്നു. അതിനെതിരെ പോരാടാന്‍ മനസ്സില്ലാഞ്ഞിട്ടല്ല. അതിനപ്പുറം മകനില്‍ മോഹപ്രതീക്ഷയുമായി ജീവിക്കുന്ന ഒരു കുടുംബം മുന്നിലുണ്ട്. ഇന്നുവരെ മകന്റെ എല്ലാ ആഗ്രഹവും സാധിച്ചു തന്ന മാതാപിതാക്കളാണ്. അതിന്റെ പ്രധാന കാരണം രണ്ട് പെണ്‍മക്കള്‍ക്ക് ശേഷം ഒരാണ്‍കുഞ്ഞിനെ ലഭിച്ചതിലുള്ള സന്തോഷമാണ്്. പഠിത്തത്തിലും മകന്‍ മിടുക്കനായതിനാല്‍ എത്രവേണമെങ്കിലും പഠിപ്പിക്കാന്‍ അവര്‍ ഒരുക്കമാണ്. കണക്കിലും സയന്‍സിലുമുള്ള തന്റെ പ്രാവീണ്യത്തെ അധ്യാപകര്‍പോലും അംഗീകരിച്ചിട്ടുണ്ട്. ബി.എസ്.സി ഫസ്റ്റ് ക്ലാസില്‍ പാസായി.തുടര്‍ പഠനം മെഡിക്കല്‍ ഭാഗത്തായികാണാനാണ് ശ്രമിച്ചത്. മെഡിക്കല്‍ കോളേജുകളുടെ ലക്ഷങ്ങളുടെ അംഗത്വഫീസ് കേട്ടപ്പോള്‍ തനിക്ക് മാത്രമല്ല വീട്ടുകാര്‍ക്കും അമ്പരപ്പാണുണ്ടായത്. അതോടെ ഭാവി അനിശ്ചിതത്തിലായി. പഠനത്തില്‍ മിടുക്കനായിരുന്നതിനാല്‍ ധാരാളം മുഖസ്തുതികളുടെ ആശംസകള്‍ ലഭിച്ചു.  ജീവിതസുരക്ഷ മാത്രം ലഭിച്ചില്ല. ലക്ഷങ്ങള്‍ കൈക്കൂലി കൊടുത്ത് പഠിക്കാന്‍ നിവൃത്തിയില്ല. അതിലൊട്ട് താല്പര്യവുമില്ല. ഇവിടുത്തെ ഗതി അധോഗതിയായി കണ്ടതുകൊണ്ടാണ് ലണ്ടനില്‍പോയി പഠിക്കാന്‍ മനസ്സുണ്ടായത്. അത് ജീവിതത്തിലെ വലിയൊരു മോഹമാണ്. അതിനാല്‍ സുരക്ഷിതമായ ഒരിടം കണ്ടെത്തണം. ഈ വിഷയം വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ പരസ്പരം നോക്കി നിശബ്ദരായിരിക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ബാങ്ക് ലോണ്‍ കിട്ടുമെന്ന് ഉറപ്പില്ല. പിന്നെങ്ങനെ മകന്റെ ആഗ്രഹം പ്രോത്സാഹിപ്പിക്കുമെന്നറിയാതെ അച്ഛനുമമ്മയും നിന്ന കാഴ്ച ഇപ്പോഴും ജാക്കിയുടെ മനസിലുണ്ട്. പക്ഷേ വിധി തനിക്കൊപ്പമായിരുന്നു. ആ ദിവസത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ജാക്കിയുടെ മുഖത്ത് അറിയാതെ പുഞ്ചിരി വിടര്‍ന്നു.  പതിവു പോലെ അന്നും അച്ഛനൊപ്പം പണിക്കു വന്നിരുന്നു. ലണ്ടനെന്ന മോഹമൊക്കെ പതിയെ മനസില്‍ നിന്നും വാടിക്കൊഴിഞ്ഞു തുടങ്ങിയിരുന്നു.  കൈയ്യിലിരുന്ന ഇഷ്ടികകയിലേക്ക് നോക്കി നില്ക്കുമ്പോഴാണ് ഒരാള്‍ ഉറക്കെ ചുമയ്ക്കുന്ന ശബ്ദം കാതിലെത്തിയത്. അത് അച്ഛനായിരുന്നു. അച്ഛന്റെ ശരീരം വല്ലാതെ വിയര്‍ത്തിരുന്നു.  തോര്‍ത്തെടുത്ത് വിയര്‍പ്പ് തുടച്ചു. അച്ഛന്‍ അടുത്തു വന്നുനിന്ന് വിളിച്ചു. ""ജാക്കീ,'' അവന്‍ അച്ഛനെ നോക്കി. ആ മുഖത്ത് സ്‌നേഹത്തിന്റെ തെളിച്ചം. ജഗന്നാഥന്‍ സ്‌നേഹപൂര്‍വ്വം മകനെ നോക്കി പറഞ്ഞു. "" നീ കഴിഞ്ഞ രാത്രി പറഞ്ഞില്ലേ വീടും പറമ്പും വച്ചാല്‍ ബാങ്കുകള്‍ ലോണ്‍ തരുമെന്ന്. നീ പോയിട്ടൊന്ന് തെരക്ക്. നിന്റെ ആഗ്രഹത്തിന് ഞങ്ങള്‍ എതിരല്ല. പോയിട്ട് വാ. "" ആ വാക്കുകള്‍ കേട്ട് അച്ഛന്റെ മുഖത്തേക്ക് സന്തോഷത്തോടെ ദൃഷ്ടിയുറപ്പിച്ചു. ഉള്ളിന്റെയുള്ളില്‍ അളവറ്റ ആനന്ദം തോന്നി. വിശ്വസിക്കാനാവാതെ നിന്ന തന്റെ തോളിലൊന്നു തട്ടി. ""നീ പോയി തെരക്കെടാ''  അച്ഛന്‍ പിന്നെയും പണിയില്‍ മുഴുകി. അപ്പോള്‍ തോന്നിയ സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണമെന്നില്ലായിരുന്നു ജാക്കിക്ക്. അവന്‍ പെട്ടെന്ന് കിണറ്റില്‍ നിന്ന് വെള്ളം കോരി കാലും മുഖവും കഴുകി തുടച്ചിട്ട് അടുത്തുള്ള മരച്ചുവട്ടിലേക്ക് നടന്നു. മരത്തില്‍ തൂക്കിയിട്ടിരുന്ന ഉടുപ്പും പാന്റും ധരിച്ച് പണിവസ്ത്രങ്ങള്‍ അടുത്തുള്ള ചായ്പിലെ അയയില്‍ തൂക്കിയിട്ടിട്ട് മോളിചേച്ചിയോട് പറഞ്ഞിട്ട് റോഡിലേക്ക് ഇറങ്ങി നടന്നു. കൂട്ടുകാരനെ ബൈക്കുമായി എത്താന്‍ വിളിച്ചു പറഞ്ഞു. അപ്പോഴേയ്ക്കും പ്രകാശന്‍ എത്തി. മനസ്സാകെ പൂത്തുലയുകയാണ്. റോഡിലൂടെ സഞ്ചരിക്കുമ്പോഴും മനസ്സ് ഒരു വിമാനത്തിനുള്ളിലായിരുന്നു. മനസിന്റെ ആഗ്രഹം അച്ഛന്‍ അനുവദിച്ചത് ഒരു അനുഗ്രഹമായി തോന്നി. ചാരുമ്മൂട് ബാങ്കില്‍ നിന്നും ലോണ്‍ അനുവദിച്ചതും യാത്രയുമെല്ലാം പെട്ടെന്നായിരുന്നു.

കരിയിലകാറ്റിലൂടെ

അന്ന് പതിവിലേറെ സന്തോഷവാനായിരുന്നു കൊട്ടാരം കോശി സാമുവല്‍. രാവിലെ എഴുന്നേറ്റ് പത്രം വായിച്ചതു മുതല്‍ പറയാനാവാത്തത്ര സന്തോഷവും അഭിമാനവും അയാളുടെ മുഖത്ത് തെളിഞ്ഞു നിന്നു. വീടിന്റെ പടിഞ്ഞാറു ഭാഗത്ത് കതിരിട്ടു നില്‍ക്കുന്ന നെല്‍പ്പാടങ്ങളിലേക്ക് നോക്കിക്കൊണ്ട് കോശി വളര്‍ത്തുനായ കിട്ടുവിന്റെ തലയില്‍ തലോടി നിന്നു. താമരക്കുളത്തെ പുരാതന ധനാഢ്യകുടുംബമാണ് കൊട്ടാരം തറവാട്. അന്‍പതിനോടടുത്ത് പ്രായമുള്ള കൊട്ടാരം കോശിയുടെ നീണ്ട മുടിയും താടിയും കറുപ്പും വെള്ളയും നിറഞ്ഞതാണ്. പ്രായം ഇത്രയുണ്ടെങ്കിലും പ്രവൃത്തികള്‍ ചുറുചുറുക്കുള്ള ഒരു യുവാവിനെപോലെയാണ്. വീടിന്റെ പടിഞ്ഞാറുഭാഗം തെങ്ങിന്‍തോപ്പുകളും നെല്‍പ്പാടങ്ങളുമാണ്. വീടിനു ചുറ്റുമുള്ള മരങ്ങളും ചെടികളും കണ്ടാല്‍ തന്നെ കോശിയുടെ പ്രകൃതിസ്‌നേഹം  വ്യക്തമാകും. ചുറ്റുമുള്ള പാടങ്ങളെല്ലാം വിളയാറായ നെല്ലുമായി തലയുയര്‍ത്തി നിന്നു. നെല്‍പ്പാടത്ത് ഇന്നും കോശി ജൈവവളം മാത്രമേ ഉപയോഗിക്കാറുള്ളൂ. ചുറ്റുമുള്ളവരെല്ലാം നല്ല വിളവിന് വേണ്ടി രാസവളങ്ങള്‍ ഉപയോഗിക്കുമ്പോഴും കോശി തന്റെ നിലപാടില്‍ നിന്നും തരിമ്പും പിന്നോട്ടു മാറിയില്ല.  പ്രകൃതിയെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ തനിക്ക് താല്പര്യമില്ലെന്ന ഒരൊറ്റ ഉത്തരം മതിയായിരുന്നു രാസവളങ്ങളുടെ മികവുകള്‍ പറഞ്ഞു വരുന്നവരുടെ വായടപ്പിക്കാന്‍.  രാവിലെ എണീറ്റാല്‍ വീട്ടിലെ മറ്റുള്ളവര്‍ ഉണരുന്നതിന് മുമ്പ് തന്നെ കോശി എല്ലാ പത്രങ്ങളും വായിച്ചു തീര്‍ക്കും. ആഴ്ചകളിലെത്തുന്ന വാരികകള്‍ വായിക്കുന്നത് മകള്‍ ഷാരോണും ഭാര്യ ഏലിയാമ്മയുമാണ്. കോശിക്ക് മക്കള്‍ രണ്ടാണ്. മൂത്ത മകന്‍ കുടുംബമായി ജര്‍മ്മനിയില്‍ പാര്‍ക്കുന്നു. ഇളയമകള്‍ ഷാരോണ്‍ ബിരുദാനന്തര വിദ്യാര്‍ത്ഥിനിയാണ്. ഏലിയാമ്മ ഭരണിക്കാവ് ബ്ലോക്ക് ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ്. രാവിലെയും വൈകിട്ടും അടുത്ത വീട്ടിലെ സ്ത്രീ ഏലിയാമ്മയെ സഹായിക്കാനായി എത്താറുണ്ട്. ഇടവേളകളില്‍ പറമ്പിലെ പണികളും അവള്‍ ചെയ്യും. വക്കീല്‍ ആണെങ്കിലും കൊട്ടാരം കോശി വളരെ കുറച്ച് കേസുകള്‍ മാത്രമേ എടുക്കാറുള്ളൂ. കൂടുതല്‍ സമയവും കൃഷിയിലാണ് ശ്രദ്ധ. പാടത്തോട് ചേര്‍ന്ന് മീന്‍ കുളവുമുണ്ട്. പത്രങ്ങളെല്ലാം ഒരു തവണ വായിച്ചു തീര്‍ത്തതാണ്. എങ്കിലും കോശി ഒന്നു കൂടി ഇംഗ്ലീഷ് പത്രത്തിന്റെ താളുകള്‍ മറിച്ചു. അകത്തെ പേജിലെ ഒരുഫോട്ടോയില്‍ ആ കണ്ണുകള്‍ ഉടക്കി നിന്നു. കൗതുകത്തോടെ ആശ്ചര്യത്തോടെ സഹതാപത്തോടെ മൗനിയായി ആ പടത്തില്‍ നോക്കിയിരിക്കേ ഹൃദയത്തുടിപ്പ് ഉയരുന്നുണ്ടെന്നു തോന്നി. അതെ... അതെ..... തന്റെ സഹോദരി തന്നെ. അപ്പന്റെ അതേ മൂക്കുകളും കണ്ണുകളും. സ്വന്തം രക്തത്തില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടവള്‍ ഇന്നിതാ പത്രത്താളിലൂടെ വീടിനുള്ളിലേക്ക് കടന്നു വന്നിരിക്കുന്നു. അഭിമാനമാണ് തോന്നുന്നത്. മനസ്സില്‍ എന്നന്നേക്കുമായി കുഴിച്ചുമൂടിയ ആ സത്യം വീണ്ടും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. മരണക്കിടക്കയില്‍ അപ്പച്ചന് കൊടുത്ത വാക്ക് സംരക്ഷിക്കാന്‍ താന്‍ ബാദ്ധ്യസ്ഥനാണ്. മരണം വരെ എന്ത് വില കൊടുത്തും താനത് സംരക്ഷിക്കും. ആ രഹസ്യം മറ്റാര്‍ക്കും ചര്‍ച്ചയാകാന്‍ പാടില്ല. മരിക്കും മുന്‍പ് അപ്പച്ചന്‍ ആ രഹസ്യം വെളിപ്പെടുത്തുമ്പോള്‍ അവിശ്വസനീയതയായിരുന്നു ആദ്യം. അപ്പച്ചന് മറ്റൊരു  സ്ത്രീയുമായി ബന്ധം, അതില്‍ പിറന്ന ഒരു മകള്‍... ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു അന്ന് തന്റെ മുന്നില്‍ വെളിപ്പെട്ടത്. തനിക്കൊരു സഹോദരിയുണ്ടെന്നറിഞ്ഞപ്പോള്‍ ആദ്യം നിര്‍വികാരതയായിരുന്നു തോന്നിയത്. പക്ഷേ തന്നേക്കാള്‍ മുന്‍പേ ഈ രഹസ്യങ്ങളെല്ലാം അറിഞ്ഞിട്ടും യാതൊരവകാശവും ഉന്നയിക്കാതെ മറ്റാരെയും അറിയിക്കാതെ  കര്‍ത്താവിന്റെ മണവാട്ടിയായി കഴിയുകയാണവളെന്നറിഞ്ഞപ്പോള്‍ സ്‌നഹേവും ബഹുമാനവും മനസില്‍ നിറഞ്ഞു. മറ്റൊരു സ്ത്രീയില്‍ അപ്പച്ചന് ജനിച്ച സ്വന്തം സഹോദരി കാര്‍മേലിനെ  അഗാധമായി സ്‌നേഹിക്കുന്നുണ്ട്. അക്കാലത്തെല്ലാം അവളെ ഒരിക്കലെങ്കിലും ഒന്ന് കാണണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍ രണ്ടും കല്‍പ്പിച്ച് സഹോദരി വളര്‍ന്ന കന്യാസ്ത്രീകളുടെ മഠത്തിലേക്കും ചെന്നു. പക്ഷേ വിധി മറ്റൊന്നായിരുന്നു. അപ്പോഴേയ്ക്കും അവള്‍ മെഡിസിന് ഉപരിപഠനത്തിനായി ഇറ്റലിയിലേക്ക് പോയിരുന്നു. അപ്പച്ചന്‍ മറ്റാരുമറിയാതെ മകളെ കാണാന്‍ ആലപ്പുഴയ്ക്ക് പോകുമായിരുന്നു. അതും സ്വന്തം പിതാവായിട്ടല്ല. മകളുടെ സാമ്പത്തിക കാര്യങ്ങള്‍ എല്ലാം ഏറ്റെടുത്ത് നടത്തുന്ന ഉദാരമനസുള്ള മാന്യനായി. മകളോട് വളരെ സ്‌നേഹമായിരുന്നു അദ്ദേഹത്തിന്. ഒരു ക്രിസ്തുമസ് ദിനത്തില്‍ മനസിലെ ഭാരം ഇറക്കി വയ്ക്കാനായി അപ്പച്ചന്‍ എല്ലാകാര്യങ്ങളും മകളോട് പറഞ്ഞു. അവളുടെ നിശബ്ദമിഴികള്‍ വിഷാദം നിറഞ്ഞു. മനസ് വികാരാധീനമായി. എല്ലാം വളരെ ക്ഷമയോടെയാണ് അവള്‍ കേട്ടത്. മകളെ ദയനീയമായി നോക്കിയെങ്കിലും ആ മുഖത്ത് അത്രവലിയ സന്തോഷമൊന്നും പ്രകടമായിരുന്നില്ല. തന്നെ ഉപേക്ഷിച്ചു പോയ പിതാവിനോട് പകയോ വിദ്വേഷമോ തോന്നിയില്ല. എന്നിരുന്നാലും സ്വന്തം പിതാവ് ആരെന്ന് ചൂണ്ടിക്കാണിക്കാന്‍ ഭാഗ്യമില്ലാത്ത ഒരു മകള്‍.  അവളോട് പിതൃത്വം ഏറ്റു പറഞ്ഞ ദിവസത്തെക്കുറിച്ച് അപ്പച്ചന്‍ പറഞ്ഞതെല്ലാം കോശിയുടെ മനസിലേക്ക് ഓടിയെത്തി. അന്ന് അവള്‍ അപ്പനെ തുറിച്ചുനോക്കിയിട്ട് ഒറ്റച്ചോദ്യമേ ചോദിച്ചുള്ളൂ.""എന്റെ അമ്മ ജീവനോടെയുണ്ടോ?''. വര്‍ഷങ്ങള്‍ക്കു ശേഷം അതേക്കുറിച്ച് തന്നോട് പറയുമ്പോഴും അപ്പച്ഛന്റെ മുഖത്ത് നഷ്ടബോധവും കുറ്റബോധവും നിരാശയും നിറഞ്ഞു നിന്നിരുന്നതിനെക്കുറിച്ച് കോശി ഓര്‍ത്തു.. അമ്മയാരാണെന്നറിയുന്നതിനുള്ള ആശ അവളുടെ മുഖത്തു പ്രകടമായിരുന്നു. പക്ഷേ സന്തോഷിക്കാന്‍ വകയുള്ള ഒന്നും ശാമുവലിന് അവളോട് പറയാനുണ്ടായിരന്നില്ല. അന്നാദ്യമായി ശാമുവല്‍ മകളോട് അവളുടെ അമ്മയെക്കുറിച്ച് സംസാരിച്ചു. നിയമവിദ്യാര്‍ത്ഥികളായി ബാംഗ്ലൂരില്‍ പഠിക്കുന്ന കാലം. അക്കാലത്തായിരുന്നു ആ പ്രണയം മൊട്ടിട്ടത്. കണ്ടാല്‍ ആരും മോഹിച്ചു പോകന്ന അതിസുന്ദരിയായ പെണ്‍കുട്ടി സാറ.  അവരുടെ ഇരുവരുടെയും ജീവിതത്തിലെ ആദ്യത്തെ പ്രണയം. നാട്ടിലുള്ള ആര്‍ക്കും തന്നെ ആ ബന്ധത്തെക്കുറിച്ച് അറിയില്ലായിരുന്നു. ശാമുവലിന് അതൊരിക്കലും ഒരു ക്യാംപസ് പ്രണയമായിരുന്നില്ല. പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം നാട്ടില്‍ പോയി വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു അവരെ കാത്തിരുന്നിരുന്നത്.  വിവാഹം കഴിക്കും മുമ്പേ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഭയവും ഭീതിയും സാറയെ ബാധിച്ചു. പക്ഷേ ശാമുവലിനപ്പോഴും ഭയമുണ്ടായിരുന്നില്ല. എന്തൊക്കെ സംഭവിച്ചാലും മനസ്സില്‍ തങ്ങള്‍ വിവാഹം കഴിക്കുമെന്ന ഉറപ്പുണ്ടായിരുന്നു. മറ്റാരുമറിയാതെ ബാംഗ്ലൂരില്‍ വച്ച് പ്രസവം നടത്താമെന്ന് തീരുമാനിച്ചതും ശാമുവല്‍ ആയിരുന്നു. വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയായി നാട്ടിലേക്കു പോകുന്നതിനെക്കുറിച്ച് സാറയ്ക്കും ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. അല്ലറചില്ലറ ജോലികള്‍ ചെയ്തിട്ടാണെങ്കിലും സാറയ്ക്കു വേണ്ട കാര്യങ്ങളെല്ലാം കൃത്യമായി നിറവേറ്റുന്നതില്‍ ഉത്സാഹവാനായിരുന്നു ശാമുവല്‍. സാറ പൂര്‍ണ ഗര്‍ഭിണയായിരിക്കുന്ന കാലം. നല്ല മഴയുള്ള ഒരു ദിവസമായിരുന്നു സാറയ്ക്ക് പ്രസവവേദന ആരംഭിച്ചത്. പ്രസവത്തിനായി കാറില്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു ആ അപകടം. നിയന്ത്രണം വിട്ടു വന്ന ഒരു ലോറി കാറിലിടിച്ച് സാറ ബോധരഹിതയായി. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ മാത്രമേ രക്ഷിക്കാന്‍ കഴിഞ്ഞുള്ളൂ. അപകടത്തില്‍ ശാമുവലിനും മുറിവുകളേറ്റിരുന്നു. ആശുപത്രിയില്‍ ദിവസങ്ങള്‍ കിടന്നു. അന്ന് ശാമുവലിന്റെ അമ്മായി ആ ആശുപത്രിയിലെ ഡോക്ടറായിരുന്നു. കുഞ്ഞുമായി നാട്ടിലേക്ക് മടങ്ങാനിരുന്ന ശാമുവലിനെ തടഞ്ഞതും കുഞ്ഞിനെ അനാഥാലയത്തില്‍ എത്തിച്ചതും ശാമുവലിനെ അവിടെ പഠിക്കാന്‍ നിര്‍ബന്ധിച്ചതും എല്ലാം അമ്മായി ആയിരുന്നു. പഴയ കഥകള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ശ്രദ്ധയോടെ കേട്ടിരുന്ന കോശിയുടെ മുഖം ദുഃഖാര്‍ദ്രമായി. ശാമുവലിന്റെ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞൊഴുകുകയായിരുന്നു.  തീവ്രവേദനയുമായി ഇരിക്കുന്ന പിതാവിനെ ആശ്വസിപ്പിക്കാന്‍ എന്താണൊരു വഴി. പിതാവിന്റെ മോഹങ്ങള്‍ ഒരു ദുര്‍മോഹമെന്ന് പറയാനാവില്ല. ആദരവോടെ പിതാവിനോട് പറഞ്ഞു. വിശുദ്ധ പൗലോസ് റോമറില്‍ പറയുന്നത് നാം ദൈവതേജസ്സിന്റെ പ്രത്യാശയില്‍ പ്രശംസിക്കുന്നു. അതുതന്നെയല്ല. കഷ്ടത സഹിഷ്ണുതേയും. സഹിഷ്ണത സിദ്ധതയേയും. സിദ്ധത പ്രത്യാശയേയും ഉളവാക്കുന്നു എന്നറിഞ്ഞ് നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. പ്രത്യാശക്കോ ഭംഗം വരുന്നില്ല. അതിനാല്‍ ഈ ലോകത്ത് ഏറ്റവും വലിയ കഷ്ടമായ മരണം നേരിട്ടാലും നമുക്ക് യഹോവയില്‍ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാം. ഞാനോ ലോകാവസാനത്തോളം നിങ്ങളോടുകൂടെത്തന്നെയുണ്ട് എന്ന വാഗ്ദത്തം ചെയ്ത യേശുനാഥന്‍ തന്നെ ഇനിയും ജീവാന്ത്യം വരെ വഴി നടത്തും. അതിനാല്‍ ഈ ലോകത്തിലെ എല്ലാം കഷ്ടതകളും വേര്‍പെടുത്തലും നമ്മെ വേദനിപ്പിക്കും. നമുക്കാവശ്യം പുതുജീവനും ചൈതന്യവുമാണ്. നിത്യവും നമ്മില്‍ വിശുദ്ധിയുള്ള ഹൃദയത്തെ സൃഷ്ടിക്കണമേയെന്ന് പ്രാര്‍ത്ഥിക്കാം. താനിത് പറഞ്ഞുനിര്‍ത്തിയപ്പോള്‍ അപ്പച്ചന്റെ കണ്ണുകളില്‍ നിര്‍വൃതിയുടെ നീര്‍കണങ്ങള്‍. കോശി ചിന്തകളില്‍ നിന്നുണര്‍ന്ന്  പത്രത്തിലേക്ക് വീണ്ടും ശ്രദ്ധിച്ചു. സിസ്റ്റര്‍ കാര്‍മേല്‍ തന്റെ സ്വന്തം സഹോദരി...സമൂഹത്തില്‍ നിന്നും തള്ളപ്പെട്ട് അഴുക്ക് ചാലുകളില്‍ ജീവിക്കുന്ന വേശ്യകളെ കണ്ടെത്തി അവരെ ശുശ്രൂഷിക്കുന്ന ജോലി. ജീവിത  ഭൂപടത്തിലെ ഗുണോന്മുഖമായ കര്‍മ്മപരിപാലനജോലി.  അവിടുത്തെ ചില സംഘടനകളും സഹായത്തിനായുണ്ട്. ബ്രിട്ടനിലെ ഒരു പ്രമുഖപത്രമാണ് സഹോദരിയുടെ സേവനങ്ങളെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആയതിനാലാണ് സിസ്റ്റര്‍ കാര്‍മേല്‍  ലോകമെമ്പാടുമുള്ള പത്രങ്ങളില്‍ ഇടം തേടിയത്. ഈ സഹോദരനെ അറിയുമോ? അതറിയില്ല. ഇല്ല....ഇല്ല...... അറിയില്ല. കേരളത്തില്‍ നിന്നുള്ള ഒരു കന്യാസ്ത്രീ എന്നല്ലാതെ മറ്റൊരു വിവരവും കൊടുത്തിട്ടില്ല. അതിന്റെ കാരണം അനാഥാലയത്തില്‍ വളര്‍ന്നതുകൊണ്ടാകണം. തന്റെ സഹോദരിയെന്ന സത്യം ഈ ലോകത്ത് തനിക്കല്ലാതെ മറ്റാര്‍ക്കുമറിയില്ല. പത്രം മടക്കിവച്ചിട്ട് കോശി ആകാംക്ഷയോടെ ഓര്‍ത്തു. നമുക്ക് ചുറ്റും എത്രയോ സാമൂഹ്യപ്രവര്‍ത്തകര്‍, ഭരണാധികാരികള്‍, മതനേതാക്കളുണ്ട്. ഇവരൊക്കെ വലയില്‍ അകപ്പെട്ട മത്സ്യങ്ങളെപ്പോലെ ജീവിക്കാതെ ഇവരെപ്പോലെ തെരുവിലേക്ക് ഇറങ്ങിച്ചെല്ലാത്തത് എന്താണ്? സഹോദരിയുടെ പുണ്യപ്രവൃത്തി ഓര്‍ത്തപ്പോള്‍ വഴിപിഴച്ച വേശ്യകളെ വീണ്ടും ജീവനുള്ളവരാക്കി തീര്‍ക്കുന്നതില്‍ പാശ്ചാത്യരാജ്യക്കാരെപ്പോലെ മലയാളിക്കും അഭിമാനിക്കാം എന്ന് തോന്നി. ഈ സന്തോഷവാര്‍ത്ത ഭാര്യയെയും മക്കളെയും അറിയിക്കണമെന്നുണ്ട്. അതിനാകുന്നില്ല. പിതാവിന് കൊടുത്ത ഉറപ്പല്ലേ. അത് തെറ്റിച്ചാല്‍ അപ്പച്ചന്റെ ആത്മാവ് പൊറുക്കത്തില്ല. മാത്രവുമല്ല പാപബോധവുമായി മരണം വരെ ജീവിക്കേണ്ടതായും വരും. അപ്പച്ചന്‍ ബ്രീട്ടീഷ്ഭരണകാലത്ത് പാവങ്ങളെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തുകൊണ്ടിരുന്ന നാട്ടിലെ ജന്മിമാര്‍ക്കെതിരെയും മാടമ്പികള്‍ക്കെതിരെയും വെള്ളക്കാര്‍ക്കെതിരെയും വാദിക്കാന്‍ കോടതിയിലെത്തുമായിരുന്നു. അപ്പച്ചന്റെ ചില കൊലപാതകക്കേസുകളുടെ വാദം കേള്‍ക്കാന്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് താനും പോകുമായിരുന്നു. കോടതിക്കുള്ളില്‍ എതിര്‍ഭാഗം വക്കീലിനെ ശ്വാസംമുട്ടിക്കുന്ന ചോദ്യങ്ങള്‍ കേട്ട് ന്യായാധിപന്‍പോലും അന്ധാളിച്ചിരുന്നിട്ടുണ്ട്. അപ്പച്ചനെതിരെ വാദിക്കാന്‍ പലപ്പോഴും എതിര്‍ഭാഗം വക്കീലന്മാര്‍ കോടതിയില്‍ വരാതെയിരുന്നു. അപ്പച്ചനെപ്പോലെ ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ കഴിവുള്ളവര്‍ ചുരുക്കമായിരുന്നു. റോഡില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നാട്ടുകാര്‍ മുദ്രാവാക്യം മുഴക്കുമ്പോള്‍ അപ്പച്ചന്‍ ഘോരഘോരം കോടതിക്കുള്ളില്‍ പാവങ്ങള്‍ക്കായി വാദിച്ചുകൊണ്ടിരുന്നു. വെടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചുവീഴുമ്പോള്‍ കൊട്ടാരം ശാമുവല്‍ പാതകികള്‍ക്ക് കൊലക്കയര്‍ കൊടുത്ത് ജയിലേക്ക് അയയ്ക്കുകയായിരുന്നു. സത്യത്തിനും നീതിക്കുംവേണ്ടി പോരാടി മരിച്ച പിതാവ് ഇന്നും എത്രയോ മനസുകളില്‍ ജീവിക്കുന്നു. നീണ്ട വര്‍ഷങ്ങള്‍ ഒരു നിധിപോലെ മനസ്സില്‍ സുഷിച്ചിരുന്ന സഹോദരിയുടെ ഫോട്ടോയിലേക്ക് നിഷ്കളങ്കമായ കണ്ണുകളോടെ ഉറ്റുനോക്കി. ഒറ്റ നോട്ടത്തില്‍ അപ്പച്ചനും മകളും ഒരുപോലെ മുഖസാദൃശ്യമുള്ളവര്‍. [caption id="attachment_187555" align="alignnone" width="190"] Malayalam UK Android App[/caption]
RECENT POSTS
Copyright © . All rights reserved