Novichok
എയിംസ്ബറിയില്‍ വെച്ച് നെര്‍വ് ഏജന്റ് ആക്രമണത്തിനിരയായ രണ്ടു പേരിലെ സത്രീ മരിച്ചു. റഷ്യന്‍ നിര്‍മിത നെര്‍വ് ഏജന്റായ നോവിചോക്ക് വിഷബാധയാണ് ഇവര്‍ക്ക് ഏറ്റത്. ഡോണ്‍ സറ്റര്‍ഗസ് എന്ന 44 കാരിയാണ് മരണത്തിന് കീഴടങ്ങിയത്. മരണത്തില്‍ നടുക്കം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് ആശുപത്രിയില്‍ വെച്ചാണ് ഇവര്‍ മരിച്ചത്. ഇവര്‍ക്കൊപ്പം വിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചാര്‍ലി റൗളി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. മരണത്തെത്തുടര്‍ന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് കൊലക്കുറ്റം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുന്‍ റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപല്‍, മകള്‍ യൂലിയ എന്നിവര്‍ക്കു നേരെ സാലിസ്ബറിയില്‍ വെച്ചുണ്ടായതിനു സമാനമായ ആക്രമണമാണ് ഇവര്‍ക്കു നേരെയും ഉണ്ടായത്. ജൂണ്‍ 30നാണ് ഇവരെ വിഷബാധയേറ്റ നിലയില്‍ കണ്ടെത്തിയത്. സ്‌ക്രിപലിന് നേരെ പ്രയോഗിക്കാന്‍ എത്തിച്ച രാസായുധത്തില്‍ ബാക്കി വന്ന വസ്തുവില്‍ നിന്നായിരിക്കാം ഇവര്‍ക്ക് വിഷബാധയേറ്റതെന്നാണ് പോലീസ് സംശയിക്കുന്നത്. ആദ്യ ആക്രമണത്തില്‍ ബ്രിട്ടന്‍ റഷ്യയെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. സ്റ്റര്‍ഗസിന്റെ മരണത്തില്‍ നടുക്കവും ഭയവും രേഖപ്പെടുത്തുന്നുവെന്നാണ് പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞത്. പോലീസും സുരക്ഷാ ഏജന്‍സികളും സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്. ഇനി കൊലപാതകത്തിലാണ് അന്വേഷണം നടക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയയ്ക്കും നേരെയുണ്ടായതിനു സമാനമായ നെര്‍വ് ഏജന്റ് ആക്രമണം ബ്രിട്ടനില്‍ വീണ്ടും. വില്‍റ്റ്ഷയറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒരു സ്ത്രീയും പുരുഷനുമാണ് നോവിചോക്ക് ആക്രമണത്തിന് ഇരയായതായി സ്ഥിരീകരിച്ചത്. ചാര്‍ലി റൗളി, ഡോണ്‍ സ്റ്റര്‍ഗസ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച വീട്ടിനുള്ളില്‍ ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ആക്രമണം ഇവര്‍ക്കു നേരെയുണ്ടാകാനുള്ള കാരണങ്ങള്‍ അവ്യക്തമാണെന്ന് മെറ്റ് പോലീസ് അറിയിച്ചു. സ്‌ക്രിപാലിനു നേരെയുണ്ടായ ആക്രമണത്തിന് ഉപയോഗിച്ച അതേ ബാച്ചിലുള്ള നെര്‍വ് ഏജന്റ് തന്നെയാണ് ഇവരിലും പ്രയോഗിച്ചയതെന്ന് സ്ഥിരീകരിക്കണമെന്നു മെട്രോപോളിറ്റന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു പറഞ്ഞു. ഈ സാധ്യതയിലേക്കാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടില്‍ നിന്ന് നോവിചോക്ക് അംശമുള്ള വസ്തുക്കളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ സഞ്ചരിച്ച വഴികളിലൂടെ അന്വേഷണം നടത്താനാണ് പോലീസ് പദ്ധതിയിടുന്നത്. എങ്ങനെയാണ് ഇവരില്‍ രാസായുധ പ്രയോഗമുണ്ടായതെന്ന് കണ്ടെത്താനാണ് നീക്കം. വില്‍റ്റ്ഷയര്‍ പോലീസിനൊപ്പം കൗണ്ടര്‍ ടെററിസം പോലീസിംഗ് നെറ്റ് വര്‍ക്കും അന്വേഷണത്തില്‍ പങ്കാളികളാകുന്നുണ്ട്. പൊതുജനം പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഈ വിധത്തിലുള്ള ആക്രമണം മറ്റുള്ളവരില്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ കുറവാണെന്നും ഇംഗ്ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സാലി ഡേവിസ് പറഞ്ഞു.
ബ്രിട്ടന് തിരിച്ചറിയാനാകാത്ത വിധത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുകൊണ്ട് കൊലപാതകങ്ങള്‍ നടത്താന്‍ റഷ്യ പദ്ധതിയിടുന്നതായി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ബ്രിട്ടീഷ് ചാരനായിരുന്ന സെര്‍ജി സ്‌ക്രിപാലും മകളും സാലിസ്‌ബെറിയില്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായ സംഭവത്തോടെ ബ്രിട്ടനും റഷ്യക്കുമിടയില്‍ ശീതയുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ്. യുദ്ധസമാന സാഹചര്യമാണ് ഇപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത്. സെര്‍ജി സ്‌ക്രിപാലിനെയും മകളെയും ആക്രമിച്ചത് റഷ്യയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ആരോപിക്കുന്നു. സംഭവത്തെ തുടര്‍ന്ന് റഷ്യന്‍ ഡിപ്ലോമാറ്റുകളെ ബ്രിട്ടന്‍ പുറത്താക്കിയിരുന്നു. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റായ നോവിചോക്ക് ഉപയോഗിച്ചാണ് സ്‌ക്രിപാല്‍ ആക്രമിക്കപ്പെട്ടിരുന്നത്. റഷ്യന്‍ ഉദ്യോഗസ്ഥനായിരുന്ന സ്‌ക്രിപാല്‍ എംഐ6 നു വേണ്ടി ചാരവൃത്തി നടത്തിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബ്രിട്ടന്‍ വിശ്വസിക്കുന്നത്. സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായതിന് സമാനമായ ആക്രമണങ്ങള്‍ നടത്താന്‍ റഷ്യ പദ്ധതിയിടുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭക്ഷണ വിതരണ ശൃഖലയെ കണക്ട് ചെയ്യുന്ന ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടാക്കാമെന്ന് കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ ജെറമി സ്‌ട്രോബ് പറയുന്നു. ഭക്ഷണ പദാര്‍ഥങ്ങളില്‍ രാസവസ്തുക്കള്‍ പ്രയോഗിച്ചുകൊണ്ടുള്ള ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ വകവരുത്തുന്നതിനായി റോബോട്ടുകളെ റഷ്യ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ഡെയിലി സ്റ്റാറിന് നല്‍കി അഭിമുഖത്തില്‍ സ്‌ട്രോബ് പറയുന്നു. നമുക്ക് തിരിച്ചറിയാനാകാത്ത മാര്‍ഗങ്ങളിലൂടെയായിരിക്കും ആക്രമണങ്ങള്‍ ഉണ്ടാകുക. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയോ ശരീരത്തിന് അലര്‍ജിയുണ്ടാക്കുന്ന പദാര്‍ഥങ്ങള്‍ നല്‍കിയോ ആക്രമണങ്ങള്‍ ഉണ്ടായേക്കാം. അച്ചാര്‍ അലര്‍ജിയുള്ള ഒരാള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ അച്ചാര്‍ കലര്‍ത്തി നല്‍കുക തുടങ്ങിയ സൂക്ഷ്മ തലത്തിലുള്ളആക്രമണങ്ങളായിരിക്കും ഉണ്ടാകാനിടയുള്ളത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിനു ശേഷം നിങ്ങളുടെ ശരീരത്തിന് അലര്‍ജിയോ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാക്കുന്ന വസ്തുക്കള്‍ ഇത്തരത്തില്‍ ചേര്‍ക്കപ്പെട്ടേക്കാമെന്നും സ്‌ട്രോബ് പറയുന്നു. എഐ ആക്രമണങ്ങളെക്കുറിച്ച് റഷ്യ നിരന്തരം സംസാരിക്കാറുണ്ട്. പുടിന്‍ തന്നെ നേരിട്ട് ഇതിനെ അനുകൂലിച്ച് രംഗത്ത് വന്നതായും സ്‌ട്രോബ് കൂട്ടിച്ചേര്‍ത്തു. പുതിയ സാഹചര്യത്തില്‍ റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പ് ബഹ്ഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ചില എംപിമാര്‍ രംഗത്ത് വന്നു. അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ സാലിസ്‌ബെറി ആക്രമണത്തിനെ അപലപിച്ചു. റഷ്യയുടെ നിലപാടിന് ലോക രാജ്യങ്ങളില്‍ നിന്ന് വലിയ വിമര്‍ശനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
റഷ്യന്‍ ഡബിള്‍ ഏജന്റായ സെര്‍ജി സ്‌ക്രിപാലും മകളും ബ്രിട്ടനിലെ സാലിസ്‌ബെറിയില്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായിട്ട് പതിനാല് ദിവസം പിന്നിടുകയാണ്. ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ ആക്രമിക്കപ്പെട്ടത് എങ്ങനെയെന്നതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌ക്രിപാലും മകളും ഇപ്പോഴും ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുകയാണ്. സംഭവത്തില്‍ ബ്രിട്ടന്‍ ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ആക്രമണം ആസൂത്രണം ചെയ്ത രീതിയെക്കുറിച്ചോ നെര്‍വ് ഏജന്റ് എങ്ങനെ സ്‌ക്രിപാലിന്റെ ശരീരത്തിലെത്തിയന്നതിനെക്കുറിച്ചോ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതീവ അപകടകാരിയായ നോവിചോക് നെര്‍വ് ഏജന്റ് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയതാകാമെന്ന തിയറികള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. മകള്‍ യൂലിയയുടെ കൈവശമുണ്ടായിരുന്ന പൂക്കളിലോ അല്ലെങ്കില്‍ സ്‌ക്രിപാലിന്റെ കാര്‍ ഡോറിലോ നെര്‍വ് ഏജന്റ് കലര്‍ന്നതാകാമെന്നും പോലീസ് സംശയിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും അന്വേഷണത്തില്‍ വ്യക്തത കൈവരാത്ത കാര്യങ്ങളാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം യൂലിയ കൈവശം വെച്ചിരുന്ന സ്യൂട്ട്‌കെയിസിനെ ചുറ്റിപ്പറ്റിയാണ്. സ്യൂട്ട്‌കേസ് വഴിയാണ് നെര്‍വ് ഏജന്റ് ഇവരുടെ ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് പുതിയ സൂചനകള്‍. മാര്‍ച്ച് നാലിന് ശേഷം അബോധാവസ്ഥയിലായ ഇരുവരുടെ നില അതീവ ഗുരുതരമാണ്. സ്‌കോട്ട്‌ലന്റ് യാര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പക്ഷേ ചോര്‍ന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന് ചൂണ്ടി കാണിക്കുന്നു. വസ്ത്രത്തിലോ അല്ലെങ്കില്‍ കോസ്‌മെറ്റിക്‌സിലോ നോവിചോക് കലര്‍ത്തിയാണോ ആക്രമണം നടത്തിയിരിക്കുന്നതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പിതാവിനെ ലക്ഷ്യം വെച്ചുള്ള ആക്രമണം യൂലിയ വഴി നടപ്പിലാക്കാനുള്ള മനപൂര്‍വ്വമായ ശ്രമമാണ് നടന്നിരിക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. മാര്‍ച്ച് നാലിന് മകളുമായി പുറത്തിറങ്ങിയ സ്‌ക്രിപാലിന്റെ മുഖത്തേക്ക് നോവിചോക് തളിച്ചതാകുമെന്നാണ് ആദ്യഘട്ടത്തില്‍ പോലീസ് കരുതിയിരുന്നത്. ഇവരെ സാലിസ്‌ബെറിയിലെ ഒരു പാര്‍ക്ക് ബെഞ്ചില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പാര്‍ക്കില്‍ വെച്ചു തന്നെയായിരിക്കും അവര്‍ക്ക് വിഷം നല്‍കിയിരിക്കുന്നതെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ലഭിച്ച സൂചനകളും വ്യക്തമാക്കിയത്. ഷോപ്പിംഗ് നടത്തിയ സ്ഥലത്ത് നിന്നാണ് വിഷം ഇവരുടെ ശരീരത്തില്‍ പ്രവേശിച്ചതെന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. നോവിചോക് സ്പ്രേ ചെയ്തതാകാമെന്ന തിയറി തെറ്റാണെന്ന് മാര്‍ച്ച് 8ഓടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായി. ഭക്ഷണത്തില്‍ രാസ പദാര്‍ഥം കലര്‍ത്തി നല്‍കിയതാകാനാണ് കൂടുതല്‍ സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച സൂചനകള്‍ വ്യക്തമാക്കുന്നു. സമീപത്തുണ്ടായിരുന്ന ഹോട്ടലുകളിലും ഇതു സംബന്ധിച്ച അന്വേഷണം നടത്തി. പക്ഷേ ഈ തിയറികളെല്ലാം തന്നെ മാറി മറിയുകയാണ്. ഇവയ്ക്കൊന്നും വ്യക്തമായ തെളിവ് പോലീസിന് ലഭിച്ചിട്ടില്ല.
നെര്‍വ് ഏജന്റ് ഉപയോഗിച്ച് സാലിസ്‌ബെറിയില്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. നെര്‍വ് ഏജന്റ് ആക്രമണം നടന്ന സ്ഥലത്തുണ്ടായിരുന്ന നൂറ് കണക്കിന് ആളുകള്‍ക്ക് രാസായുധ പ്രയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ചിലപ്പോള്‍ ഇതിന്റെ അനന്തര ഫലങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുക. നെര്‍വ് ഏജന്റ് നോവിചോക് നിര്‍മ്മിച്ച റഷ്യയുടെ ടെക്‌നിക്കല്‍ കൗണ്ടര്‍-ഇന്റലിജന്‍സ് ഡിപാര്‍ട്ട്‌മെന്റിന് കീഴില്‍ കെമിക്കല്‍ വെപ്പണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. വില്‍ മിര്‍സായനോവാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കെമിക്കല്‍ വെപ്പണുകളുടെ നിര്‍മ്മാണം മനുഷ്യരാശിക്ക് തന്നെ വിപത്താണെന്ന് മനസ്സിലാക്കിയ ഡോ. വില്‍ മിര്‍സായനോവ് കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് താമസം മാറ്റിയ വ്യക്തിയാണ്. നിലവില്‍ രാസയുധങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രചരണങ്ങളില്‍ സജീവ സാന്നിധ്യമാണ് അദ്ദേഹം. നെര്‍വ് ഗ്യാസിനേക്കാള്‍ 10 ഇരട്ടി അപകടകാരിയായ നെര്‍വ് ഏജന്റാണ് സാലിസ്‌ബെറിയില്‍ പ്രയോഗിച്ചിരിക്കുന്നത്. ഇത് പരിഹരിക്കാന്‍ കഴിയാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ മനുഷ്യ ശരീരത്തിലുണ്ടാക്കുമെന്നും മിര്‍സായനോവ് സാക്ഷ്യപ്പെടുത്തുന്നു. സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായിരിക്കുന്ന തരത്തിലുള്ള വലിയ ഡോസിലുള്ള നെര്‍വ് ഏജന്റ് പ്രയോഗം അതീവ അപകടം പിടിച്ചതാണ്. ഇരുവര്‍ക്കും ഇനിയുള്ള ജീവിതകാലം മുഴുവന്‍ ഡോക്ടര്‍മാരുടെ സേവനം അത്യാവിശ്യമായിരിക്കും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ലാബിലുണ്ടായ ചെറിയൊരു അപകടത്തില്‍ സഹപ്രവര്‍ത്തകന്റെ ജീവന്‍ തന്നെ നഷ്ടമായിരുന്നതായി അദ്ദേഹം പറയുന്നു. ഇത്തരം രാസപ്രയോഗങ്ങള്‍ പരിഹാരമില്ലെന്നതാണ് വസ്തുതയെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. ആക്രമണ നടക്കുന്ന സമയത്ത സമീപ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന പൊതു ജനങ്ങള്‍ക്കും അണുബാധയുണ്ടായേക്കാം. വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും നെര്‍വ് ഏജന്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് മിര്‍സായനോവ് പറയുന്നു. കടുത്ത തലവേദന, ചിന്താശേഷി കുറവ്, ചലന വൈകല്യങ്ങള്‍ തുടങ്ങി നെര്‍വ് ഏജന്റ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ആക്രമണം ബാധിച്ചുവെന്ന് കരുതുന്നവര്‍ എത്രയും പെട്ടന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും സ്ഥിരമായി തങ്ങളുടെ ആരോഗ്യ നിരീക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വസ്ത്രങ്ങള്‍ കഴുകിയതുകൊണ്ടോ മറ്റു രീതികള്‍ ഉപയോഗിച്ച് വൃത്തിയാക്കിയതുകൊണ്ടോ രാസയുധത്തിന്റെ സാന്നിധ്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ഇഗ്ലണ്ടിലെ ആരോഗ്യ രംഗത്തിന് നിര്‍ദേശം നല്‍കണമെന്നും മിര്‍സായനോവ് കൂട്ടിച്ചേര്‍ത്തു. ആക്രമണം നടക്കുന്നതിന് തൊട്ടുമുന്‍പ് കാര്‍ പാര്‍ക്ക് ചെയ്യുന്ന സമയത്ത് സെര്‍ജി സ്‌ക്രിപാല്‍ ഉപയോഗിച്ച ടിക്കറ്റ് മെഷീന്‍ കുറച്ച് സമയത്തിനു ശേഷമാണ് പ്രോട്ടക്ടീവ് കവര്‍ ഉപയോഗിച്ച് മറച്ചത്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കഴിഞ്ഞ ദിവസങ്ങള്‍ മുഴുവന്‍ പ്രദേശം സംരക്ഷിത ആവരണങ്ങള്‍ കൊണ്ട് മൂടിയിരിക്കുകയാണ്. അതീവ വെല്ലുവിളി നിറഞ്ഞതാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണമെന്ന് മെട്രോപൊളിറ്റന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ നെയില്‍ ബസു പറഞ്ഞു.
RECENT POSTS
Copyright © . All rights reserved