obese
അമിതവണ്ണക്കാരായ ജോലിക്കാര്‍ക്ക് അനുഗ്രഹമായി യുകെ ഗവണ്‍മെന്റ് പുതിയ തീരുമാനത്തിലേക്കെന്ന് സൂചന. ഇത്തരക്കാര്‍ ജോലിക്ക് താമസിച്ച് എത്തിയാല്‍ മതിയെന്ന വിധത്തില്‍ ജോലി സമയം പുനര്‍നിര്‍ണയിക്കണമെന്ന് ശുപാര്‍ശ ലഭിച്ചതായാണ് വിവരം. ഡിസ്‌ക്രിമിനേഷന്‍ നിയമമനുസരിച്ചാണ് പുതിയ നിര്‍ദേശം. തിരക്കേറിയ സമയത്തെ യാത്ര, ജോലി സ്ഥലത്ത് ആവശ്യമായ വലിയ കസേരകള്‍, വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങളില്‍ അമിതവണ്ണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചേക്കും. വിയന്നയില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബീസിറ്റിയില്‍ യുകെ സര്‍ക്കാര്‍ ഉപദേശകന്‍ പ്രൊഫ.സ്റ്റീഫന്‍ ബെവന്‍ ഈ വിഷയത്തിലുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. അമിത വണ്ണക്കാരായവരെ സംരക്ഷിത വിഭാഗത്തില്‍ പെടുത്തണമെന്നും ബോഡി ഷെയിമിംഗ് നടത്തുന്ന മേലുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാ്ന്‍ കഴിയുന്ന വിധത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്നും 2000ത്തോളം വരുന്ന വൈദ്യശാസ്ത്ര വിദഗ്ദ്ധരുടെ മുന്നില്‍ അദ്ദേഹം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിക്കാരുള്ളത് യുകെയിലാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സിന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ അഡൈ്വസറി ബോര്‍ഡ് അംഗം കൂടിയായ ബെവന്‍ ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വണ്ണമുള്ളവര്‍ സമൂഹത്തില്‍ വലിയ വിവേചനം അനുഭവിക്കുന്നുണ്ടെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. ബ്രിട്ടീഷുകാരില്‍ അഞ്ചിലൊരാളെങ്കിലും ഒരു പൊണ്ണത്തടിയുള്ളയാള്‍ തങ്ങളുടെ കുടുംബത്തില്‍ വിവാഹം കഴിച്ചെത്തുന്നത് വെറുക്കുന്നവരാണ്.
വണ്ണം കുറയ്ക്കാന്‍ ഇനി അധികം കഷ്ടപ്പെടേണ്ട. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ബെറിയാട്രിക് ശസ്ത്രക്രിയക്ക് വിധേയരാകുകയോ ഭക്ഷണം കുറച്ചു കഴിക്കാനായി ഗ്യാസ്ട്രിക് ബാന്‍ഡ് ഇടുകയോ ഇനി വേണ്ടിവരില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അമിതവണ്ണവും ശരീരഭാരവും കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമായി പുതിയ ഹോര്‍മോണ്‍ ചികിത്സ വരുന്നു. ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ഇതെന്നാണ് വിലയിരുത്തല്‍. ഇംപീരിയല്‍ കോളേജ് ലണ്ടനില്‍ നടന്ന ട്രയലുകളില്‍ മാസത്തിലൊരിക്കല്‍ എടുക്കുന്ന കുത്തിവെയ്പ്പിന് വിധേയരായവര്‍ പിന്നീട് 30 ശതമാനം കുറവ് ഭക്ഷണം മാത്രമേ കഴിച്ചിരുന്നുള്ളുവെന്ന് വ്യക്തമായി. പ്രമേഹ മരുന്നുകളില്‍ നിന്ന് പോലും ചിലര്‍ മോചിതരായി. 20 പേരാണ് ട്രയലില്‍ പങ്കെടുത്തത്. മൂന്ന് ഹോര്‍മോണുകളാണ് ഇവര്‍ 28 ദിവസത്തെ ഇടവേളകളില്‍ സ്വീകരിച്ചത്. ഇതിനു ശേഷം ഇവര്‍ക്ക് 2 കിലോ മുതല്‍ 8 കിലോ വരെ ഭാരം കുറഞ്ഞെന്ന് സ്ഥിരീകരിച്ചു. ശസ്ത്രക്രിയ വഴി കുറയുന്നതിനേക്കാള്‍ ഭാരം കുറയ്ക്കാന്‍ ഈ രീതിയിലൂടെ സാധിച്ചുവെന്നാണ് വ്യക്തമായത്. അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ കുത്തിവെയ്പ്പ് ബെറിയാട്രിക് സര്‍ജറിയേക്കാള്‍ ഫലപ്രദമായി രോഗികളില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച ഇംപീരിയല്‍ കോളേജിലെ ഡയബറ്റിസ് എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം വിഭാഗം തലവന്‍ പ്രൊ. സര്‍. സ്റ്റീവ് ബ്ലൂം പറഞ്ഞു. അമിതവണ്ണം സമൂഹത്തില്‍ വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നു. ആര്‍ത്രൈറ്റിസ് കൂടിയുണ്ടെങ്കില്‍ ഇത് കൂടുതല്‍ ഗുരുതരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറക്കുകയാണ് ഈ ഹോര്‍മോണ്‍ ചികിത്സയിലൂടെ ചെയ്യുന്നത്. ഗവേഷണ ഫലം ഒരു മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷണ സംഘം.
കുട്ടികളില്‍ കാണപ്പെടുന്ന പൊണ്ണത്തടി പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ ജങ്ക് ഫുഡ് നിയന്ത്രിക്കണമെന്ന് ഡോക്ടര്‍മാര്‍. ഇതിനായി കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. യുകെയിലെ സ്‌കൂളുകള്‍ക്ക് സമീപം ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്‌കൂളുകളുടെ 400 മീറ്റര്‍ പരിധിയില്‍ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്നാണ് ആവശ്യം. കുട്ടികളിലെ അമിതവണ്ണം സംബന്ധിച്ച സര്‍ക്കാര്‍ നയം തിരുത്തുന്നതിന്റെ ഭാഗമായി റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് നല്‍കിയ പ്രൊപ്പോസലിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. സ്‌കൂളില്‍ നിന്ന് വിശന്ന് ഇറങ്ങി വരുന്ന കുട്ടികള്‍ക്കു മുന്നിലാണ് വിലക്കുറവുള്ള ചിക്കന്‍ ഷോപ്പുകളും ചിപ്‌സ് ഷോപ്പുകളും മറ്റ് ജങ്ക് ഫുഡ് സ്റ്റോറുകളും തുറന്നിരിക്കുന്നതെന്ന് റോയല്‍ കോളേജ് പ്രസിഡന്റ് പ്രൊഫസര്‍ റസല്‍ വൈനര്‍ പറഞ്ഞു. തങ്ങള്‍ക്ക് മുന്നില്‍ ലഭിക്കുന്നത് കഴിക്കുകയെന്നതാണ് ആളുകള്‍ ചെയ്യുന്നത്. അതിന്റെയൊക്കെ ഫലമായി കുട്ടികളിലെ അമിതവണ്ണത്തിന്റെ നിരക്ക് ഉയരുകയാണ്. നാല്-അഞ്ച് വയസ് പ്രായമുള്ള കുട്ടികളില്‍ പത്തിലൊന്ന് പേര്‍ക്കും അപകടകരമായ വിധത്തില്‍ പൊണ്ണത്തടിയുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രൈമറി സ്‌കൂളില്‍ പ്രവേശിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ അമിതവണ്ണമുള്ളവരുടെ എണ്ണം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കൂടുതലാണെന്ന് 2016-17 വര്‍ഷത്തെ എന്‍എച്ച്എസ് ഡിജിറ്റല്‍ ഡേറ്റയും സൂചിപ്പിക്കുന്നു. കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവരുടെ ശരീരഭാരം രേഖപ്പെടുത്തണമെന്നും ഒരു നിര്‍ദേശം പറയുന്നു. ഈ വിഷയം ഹൗസ് ഓഫ് കോമണ്‍സ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ കമ്മിറ്റി അടുത്ത മാസം പരിഗണിക്കും.
ലെസ്റ്റര്‍: പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയുടെ ശരീരഭാരം അപകടകരമായ നിലയിലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അമ്മയില്‍ നിന്ന് സംരക്ഷച്ചുമതല മാറ്റി. ലെസ്റ്ററിലെ ഫാമിലി കോര്‍ട്ട് ജഡ്ജിയുടേതാണ് നടപടി. ഇപ്പോള്‍ ഫോസ്റ്റര്‍ കെയറില്‍ സംരക്ഷിച്ചിരിക്കുന്ന കുട്ടിയുടെ സംരക്ഷണച്ചുമതല അമ്മയില്‍ നിന്ന് പൂര്‍ണ്ണമായും നീക്കം ചെയ്‌തേക്കുമെന്നാണ് കരുതുന്നത്. കുട്ടിയുടെ ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പാലിക്കണമെന്ന് സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അമ്മയ്‌ക്കെതിരെ ലോക്കല്‍ കൗണ്‍സില്‍ നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. പെണ്‍കുട്ടിയുടെ ബോഡി മാസ് ഇന്‍ഡെക്‌സ് അപകടകരമായ നിലയിലാണെന്ന് കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് ഫാമിലി കോര്‍ട്ട് ജഡ്ജിയായ ക്ലിഫോര്‍ഡ് ബെല്ലാമി നടത്തിയ പ്രൈവറ്റ് ഹിയറിംഗില്‍ ആരോഗ്യ വിദഗ്ദ്ധര്‍ ആശങ്ക അറിയിക്കുകയും ചെയ്തു. ഇതോടെയാണ് കുട്ടിയെ അമ്മയില്‍ നിന്ന് മാറ്റി ഫോസ്റ്റര്‍ കെയറില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവായത്. കുട്ടിയേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വരുന്ന ദിവസങ്ങളില്‍ കുട്ടിയുടെ അമിതവണ്ണവും ആരോഗ്യ നിലയും സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കോടതി കേള്‍ക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും അമ്മയ്ക്ക് കുട്ടിയെ വിട്ടു നല്‍കണോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക. പുതിയ കണക്കുകള്‍ അനുസരിച്ച് പ്രൈമറി സ്‌കൂളുകളില്‍ നിന്ന് പുറത്തിറങ്ങുന്ന കുട്ടികളില്‍ മൂന്നിലൊന്ന് പേരും അമിതവണ്ണവും അമിതഭാരമുള്ളവരുമാണ്. സ്‌കൂളുകളില്‍ എത്തുന്നതിനു മുമ്പ് തന്നെ പത്തിലൊന്ന് കുട്ടികളും അമിതഭാരമുള്ളവരാകുന്നുവെന്നാണ് കണക്ക്. യുകെയില്‍ കഴിഞ്ഞ വര്‍ഷം 600ലേറെ കുട്ടികള്‍ക്കാണ് ടൈപ്പ് 2 പ്രമേഹം സ്ഥിരീകരിച്ചത്. 40 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കാണാറുള്ള രോഗമാണ് ഇത്. പഞ്ചസാരയുടെ അമിത ഉപയോഗമാണ് അമിത വണ്ണത്തിന് കാരണമാകുന്നത്.
RECENT POSTS
Copyright © . All rights reserved