Oru Adaar Love
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ ആദ്യ ഗാനത്തില്‍ തന്നെ പ്രസിദ്ധിയാര്‍ജിച്ച പ്രിയ വാര്യരുടെ ഹോളി ആഘോമാണ് സോഷ്യല്‍ മീഡയയിലെ ഇപ്പോഴത്തെ സംസാര വിഷയം. കണ്ണിറുക്കി മലയാളികളുടെ മനം കവര്‍ന്ന പ്രിയ അഡാറ് ലവിലെ മറ്റു അഭിനേതാക്കള്‍ക്ക് ഒപ്പം ഹോളി ആഘോഷിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രിയയുടെ ഹോളി ആഘോഷ വീഡിയോ നവ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. ഒരു അഡാറ് ആഘോഷമെന്നാണ് സോഷ്യല്‍ മീഡിയ പുതിയ വീഡിയോക്ക് നല്‍കിയിട്ടുള്ള വിശേഷണം. ഒറ്റ ഗാനരംഗം കൊണ്ട് പ്രസിദ്ധിയുടെ കൊടുമുടിയിലെത്തിയ പ്രിയയുടെ അഡാറ് ലവിലെ ഗാനത്തിന് ശേഷം പുറത്തിറങ്ങിയ വീഡോയ ആണിത്. മാണിക്ക മലരായ പൂവിയില്‍ അഭിനയിച്ചിട്ടുള്ള റോഷനും ഹോളീ ആഘോഷത്തിനുണ്ടായിരുന്നു. അഡാറ് ലവ് ടീമാണ് പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വീഡിയോ കാണാം; https://www.youtube.com/watch?v=RXoSMJeH40s
ന്യൂഡല്‍ഹി: നവ മാധ്യമങ്ങളില്‍ വൈറലായ അഡാറ് ലവിലെ മാണിക്ക മലരായ പൂവിയെന്ന് ഗാനത്തിനെതിരായ എല്ലാ നിയമ നടപടികളും സ്റ്റേ ചെയ്ത് സുപ്രീം കോടതി.  നടി പ്രിയ വാര്യര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ഹൈദരാബാദിലും ഔറംഗബാദിലുമാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ തുടര്‍ന്ന് നടപടികള്‍ പാടില്ലെന്ന് കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു. അഡാറ് ലവിലെ ഗാനത്തിനെതിരെ ഭാവിയില്‍ രാജ്യത്ത് ഒരിടത്തും കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്ന് വാദം കേട്ട കോടതി ആരാഞ്ഞു. യൂടുബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ആയതിനാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കേസുകള്‍ വരാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് പരമോന്നത നീതി പീഠത്തെ നേരിട്ട് സമീപിച്ചെതെന്ന് പ്രിയയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രിയയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ച കോടതി ഗാനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. അഡാറ് ലവിലെ സംവിധായകനും നടി പ്രിയ വാര്യര്‍ക്കും എതിരെയാണ് ഹൈദരാബാദിലും ഔറംഗബാദിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലാണ് ഗാനത്തിലെ വരികള്‍ എന്നാരോപിച്ചായിരുന്നൂ കേസുകള്‍.
നവ മാധ്യമങ്ങളില്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ഹിറ്റായ അഡാറ് ലവിലെ കണ്ണിറുക്കല്‍ രംഗം കോപ്പയടിയാണെന്ന് ആരോപണം. അഡാറ് ലവിലെ ഹിറ്റായ പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ രംഗത്തിന് സമാനമായ രംഗം അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയായ കിടുവെന്ന ചിത്രത്തിലാണ് ആദ്യം വന്നതെന്ന് നിര്‍മാതാവ്. ചിത്രത്തിലെ കണ്ണിറുക്കല്‍ രംഗം സോഷ്യല്‍ മീഡിയയിലെത്തയപ്പോള്‍ ഒമര്‍ ലുലു ചിത്രത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണം ഉയര്‍ന്നു. ഇതിനു പിന്നാലെ വിശദീകരണവുമായി കിടുവിന്റെ നിര്‍മാതാവ് രംഗത്തെത്തിയിരിക്കുകയാണ്. കിടുവിന്റെ എഡിറ്റര്‍ തന്നെയാണ് അഡാര്‍ ലവിന്റെയും എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ജനുവരി ആദ്യം ഇതിന്റെ ജോലികള്‍ തീര്‍ത്തതിനു ശേഷമാണ് എഡിറ്റര്‍ അഡാര്‍ ലവിന്റെ ജോലികള്‍ക്കായി ചേര്‍ന്നത്. അതിനു ശേഷം ചിത്രീകരിച്ചതാണ് വൈറല്‍ രംഗമെന്നും നിര്‍മാതാവ് പി.കെ.സാബു ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. മജീദ് അബു സംവിധാനം ചെയ്യുന്ന കിടുവില്‍ പുതുമുഖങ്ങളായ അനഘയും റംസാനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കിടുവിന്റെ നിര്‍മ്മാതാവ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോ വിശദീകരണം; ഈ രംഗം കണ്ടിട്ട് പലരും പറയുന്നുണ്ട്. ഇവര്‍ അഡാറ് ലൗവില്‍ നിന്നും കോപ്പിയടിച്ച് ചെയ്ത പാട്ട് ആണെന്ന്. ഒരിക്കലുമല്ല. അത് മനസ്സിലാക്കാന്‍ കാരണം ഞാന്‍ തന്നെ പറയാം. എന്റെ സിനിമയുടെ എഡിറ്ററും അഡാറ് ലൗവിന്റെ എഡിറ്ററും ഒരാള് തന്നെയാണ്. നവംബര്‍ 25ന് പാക്ക്അപ് ചെയ്ത സിനിമയാണ് കിടു. ജനുവരിയില്‍ അതിന്റെ എഡിറ്റും കഴിഞ്ഞു. അതിന് ശേഷമാണ് അഡാറ് ലൗവില്‍ ഈ എഡിറ്റര്‍ ജോയിന്‍ ചെയ്യുന്നത്. അതിന് ശേഷമാണ് ഈ രംഗം ഷൂട്ട് ചെയ്യുന്നത്. ശരിക്കും ഞങ്ങളാണ് പറയേണ്ടത് അവര്‍ കോപ്പയടിച്ചെന്ന്. നമ്മള്‍ അങ്ങനെ പറയുന്നുമില്ല. ഇതിന്റെ പുറകെ വിവാദങ്ങളുമായി പോകാനും താല്‍പര്യമില്ല. അങ്ങനെയൊരു സിനിമയുടെ ചെറിയ ഭാഗത്തിനെ ചൊല്ലി വഴക്കുണ്ടാക്കുന്നത് എന്തിനാണ്. സിനിമയുടെ ചില ഭാഗങ്ങളില്‍ സ്വാഭിവകമായും സാമ്യമുണ്ടായേക്കാം, ജീവിതം തന്നെ അങ്ങനയെല്ലേ.' സാബു പികെ പറഞ്ഞു.
മാണിക്യ മലരായ പൂവി എന്ന പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിനെതിരെ നടി പ്രിയ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. തെലങ്കാന പോലീസാണ് പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്തത്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് കേസെന്ന് ഹര്‍ജിയില്‍ പ്രിയ പറയുന്നു. ഗാനം മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒരുപറ്റം യുവാക്കളാണ് ഗാനത്തിനെതിരെ പരാതിയുമായി രംഗത്തു വന്നത്. മാണിക്യ മലരായ പൂവി മഹതിയാം ഖദീജ ബീവി എന്നു തുടങ്ങുന്ന അഡാറ് ലവിലെ ഗാനം ഇഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്നാണ് യുവാക്കള്‍ പരാതിയില്‍ പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഗാനം പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചെങ്കിലും പിന്നീട് തീരുമാനം പിന്‍വലിക്കുകയാണെന്ന് അറിയിച്ചു. വൈറലായ ഗാനത്തിന് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തിയെങ്കിലും മതമൗലികവാദികള്‍ ഗാനത്തിന്റെ ചിത്രീകരണത്തിനെതിരെ സജീവമായി രംഗത്തുണ്ട്.
മാണിക്യമലരായ പൂവിയെന്ന ഗാനത്തിനെതിരെ ഉയര്‍ന്ന പരാതി സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുള്ള അസഹിഷ്ണുതയെന്ന് പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ഹിന്ദു വര്‍ഗീയവാദികളും മുസ്ലീം വര്‍ഗീയവാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച് കുറച്ചുപേര്‍ ഹൈദരാബാദില്‍ പരാതി നല്‍കിയതായി മനസിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'അഡാര്‍ ലവ്' എന്ന സിനിമയിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനവും അതിന്റെ ദൃശ്യാവിഷ്‌കാരവും വലിയ വിവാദവും ചര്‍ച്ചയും ഉയര്‍ത്തിയിരിക്കയാണല്ലോ. അതിനിടയില്‍ ഈ മാപ്പിളപ്പാട്ടിനെതിരെ ഹൈദരാബാദില്‍ ഒരു വിഭാഗം മുസ്ലീം മതമൗലികവാദികള്‍ രംഗത്തുവന്നിരിക്കയാണ്. പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച് അതില്‍ കുറച്ചുപേര്‍ ഹൈദരാബാദിലെ ഒരു പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയതായി മനസ്സിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ല. സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിത്. അസഹിഷ്ണുത ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ ഹിന്ദുവര്‍ഗ്ഗീയവാദികളും മുസ്ലീം വര്‍ഗ്ഗീയ വാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. പി.എം.എ ജബ്ബാര്‍ എഴുതിയ ഈ പാട്ട് തലശ്ശേരി റഫീഖിന്റെ ശബ്ദത്തില്‍ 1978-ല്‍ ആകാശവാണി സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയാണ് ഈ പാട്ടിന് വലിയ പ്രചാരം നല്‍കിയത്. 'മാണിക്യമലര്‍' പതിറ്റാണ്ടുകളായി മുസ്ലീം വീടുകളില്‍, വിശേഷിച്ച് കല്യാണവേളയില്‍ പാടി വരുന്നുണ്ട്. നല്ല മാപ്പിളപ്പാട്ടുകളില്‍ ഒന്നാണിതെന്ന് പാട്ട് ശ്രദ്ധിച്ചവര്‍ക്കറിയാം. മുഹമ്മദ് നബിയുടെ സ്‌നേഹവും ഖദീജാബീവിയുമായുളള വിവാഹവുമാണ് പാട്ടിലുളളത്. മതമൗലികവാദികള്‍ക്ക് അവര്‍ ഏതു വിഭാഗത്തില്‍ പെട്ടവരായാലും, എല്ലാതരം കലാവിഷ്‌കാരത്തെയും വെറുക്കുന്നു എന്ന വസ്തുതയാണ് ഈ വിവാദവും നമ്മെ ഓര്‍മിപ്പിക്കുന്നത്. കലകളിലൂടെയും സാഹിത്യത്തിലൂടെയും മനുഷ്യനു ലഭിക്കുന്ന സന്തോഷവും വിജ്ഞാനവും അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടത്.
RECENT POSTS
Copyright © . All rights reserved