P JAYARAJAN
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജീവന് ഭീഷണിയുണ്ടെന്ന് പോലീസ്. ഒളിവില്‍ കഴിയുന്ന ആര്‍.എസ്.എസ് ഗുണ്ടാനേതാവ് ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ജയരാജനെ വധിക്കാനുള്ള ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നത് ഞങ്ങളല്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. ജയരാജനെ മഹത്വവത്ക്കരിക്കാനും നാട്ടില്‍ കലാപമുണ്ടാക്കാനുമുള്ള സിപിഎമ്മിന്റെ തന്ത്രമാണ് പുതിയ പോലീസ് റിപ്പോര്‍ട്ടിന് പിന്നിലെന്ന് ബിജെപി ആപരോപിക്കുന്നു. വധഭീഷണി നിലനില്‍ക്കുന്നുവെന്ന പോലീസ് റിപ്പോര്‍ട്ടിനോട് ജയരാജന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വധഭീഷണിയെ തുടര്‍ന്ന് ജയരാജന്റെ സുരക്ഷ പോലീസ് വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചനകള്‍. ശുഹൈബ് വധത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട സിപിഎമ്മിന്റെ പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു. പോലീസ് കളിക്കുന്ന നാടകത്തിന്റെ ബാക്കി പത്രമാണ് പുതിയ വധഭീഷണിയെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ പറഞ്ഞു. സിപിഎം പ്രവര്‍ത്തകനായ വാളാങ്കിച്ചല്‍ മോഹനന്‍ വധത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന ആര്‍എസ്എസ് നേതാവ് പ്രനൂബ് ബാബു ഉള്‍പ്പെടുന്ന സംഘമാണ് ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിയുടെ സജീവ പ്രവര്‍ത്തകരായ കതിരൂര്‍ മനോജ്, ധര്‍മ്മടം രമിത്ത് എന്നിവരുടെ കൊലപാതകത്തിന് പകരം വീട്ടുകയാണ് ഇവരുടെ ഉദ്ദേശമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നിലപാടുകളെ നിരാകരിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം. വിഷയത്തില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗങ്ങളെ പുറത്താക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശുഹൈബ് വധക്കേസ് പാര്‍ട്ടിയുടേതായ രീതിയില്‍ അന്വേഷിക്കുമെന്നും അതിനു ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നായിരുന്നു പി ജയരാജന്റെ നിലപാട്. സംസ്ഥാന സമ്മേളനത്തിനു ശേഷം ശുഹൈബ് വധക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേ സമയം ശുഹൈബിന്റെ കൊലപാതകം പാര്‍ട്ടിയെ ദോഷകരമായി ബാധിച്ചതായി സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ കൊലപാതകം പാര്‍ട്ടിക്ക് ക്ഷീണം സൃഷ്ടിച്ചതായി ജില്ലാ പ്രതിനിധികള്‍ വിമര്‍ശിച്ചു. സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരിയുടെ മൊഴി പുറത്തു വന്നിരുന്നു. ശുഹൈബിനെ കൊല്ലാന്‍ ഡിവൈഎഫ്‌ഐയുടെ ക്വട്ടേഷനുണ്ടായിരുന്നെന്നും ഡമ്മി പ്രതികളെ നല്‍കാമെന്ന് പാര്‍ട്ടി വാക്കു പറഞ്ഞിരുന്നതായും ആകാശ് തില്ലങ്കേരി പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ അനുയായിയാണ് താനെന്നാണ് ജയരാജന്റെ ധാരണയെന്ന് കെ.സുധാകരന്‍ വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരപ്പന്തലില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്ന കെ.സുധാകരന്‍. കമ്യൂണിസ്റ്റ് രാഷ്ട്രത്തിലെ ഏകാധിപതിയായ ഭരണാധികാരിയെപ്പോലെയാണ് ജയരാജന്റെ പെരുമാറ്റം എല്ലാത്തിനും മുകളില്‍ താനാണെന്ന് അദ്ദേഹത്തിന്റെ ധാരണ. പാര്‍ട്ടി ഭരണം ജനാധിപത്യത്തില്‍ അടിച്ചേല്‍പ്പിക്കുകയാണ് ജയരാജന്‍ ചെയ്യുന്നത്. കാര്യങ്ങളെല്ലാം പാര്‍ട്ടിയുടെ കൈയ്യിലാണ് എന്ന ധാരണയുണ്ടെങ്കില്‍ അതൊരു അസുഖമാണ്. ഒരു തരം ഭ്രാന്താണ് ഇതെന്നും കെ.സുധാകരന്‍ പറഞ്ഞു. അധികാരത്തിന്റെ ലഹരിയില്‍ എല്ലാ ആളുകളേയും അടിച്ചമര്‍ത്തി മുന്നോട്ടുപോകുമ്പോള്‍ മനസിനകത്ത് വരുന്ന ഒരു തോന്നലുണ്ട്. താന്‍ എല്ലാത്തിനും മുകളിലാണെന്ന തോന്നല്‍. ആ തോന്നലാണ് ഒരു ഫാസിസ്റ്റിന് ജന്മം നല്‍കുന്നത്. ഈ തോന്നല്‍ പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ജനങ്ങള്‍ തന്നെ തിരുത്തിലിന് ഇറങ്ങിത്തിരിക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതാവ് മുന്നറിയിപ്പ് നല്‍കി. ശുഹൈബിന് വധിച്ചവരുടെ സംഘം പരിശീലനം സിദ്ധിച്ച ക്രിമിനലുകളണെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു. ആകാശ് തില്ലങ്കേരി കൊലയാളി സംഘത്തില്‍ ഇല്ലെന്ന് പറഞ്ഞിട്ടില്ല. പക്ഷേ ശുഹൈബിനെ വെട്ടിയത് ആകാശ് അല്ലെന്നാണ് പറഞ്ഞതെന്നും സുധാകരന്‍ പറയുന്നു.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധക്കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരി സിപിഎം പ്രവര്‍ത്തകനാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ശുഹൈബ് വധം പാര്‍ട്ടി തലത്തില്‍ അന്വേഷിക്കുമെന്നും പി. ജയരാജന്‍ വ്യക്തമാക്കി. സിപിഎമ്മിന്റെ സൈബര്‍ പോരാളികളില്‍ ഒരാളാണ് പിടിയിലായ ആകാശ് തില്ലങ്കേരി, പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തിയതിനു ശേഷം ഉചിതമായ നടപടി സ്വീകരിക്കും പി. ജയരാജന്‍ പറഞ്ഞു. അതേസമയം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം അലസി പിരിഞ്ഞു. കളക്ടര്‍ വിളിച്ചത് കൊണ്ടുമാത്രമാണ് സമാധാന യോഗത്തില്‍ പങ്കെടുക്കാനെത്തിയത് എന്നാല്‍ യോഗം തകര്‍ക്കാനുള്ള ബാലിശമായ നീക്കമാണ് യുഡിഎഫ് നേതാക്കളുടെ ഭാഗത്തു നിന്ന ഉണ്ടായതെന്ന് കെ.കെ രാഗേഷ് എം.പി പറഞ്ഞു. കോണ്‍ഗ്രസ് ജന പ്രതിനിധികളെ വിളിക്കാതെ നടത്തിയ സമാധാന യോഗത്തില്‍ സിപിഎം എംപിയെ പങ്കെടുപ്പിച്ചതില്‍ യുഡിഎഫ് അംഗങ്ങള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. മുഖ്യമന്ത്രി നേരിട്ട് വിളിക്കുന്ന സമാധാന യോഗത്തില്‍ മാത്രമെ ഇനി പങ്കെടുക്കുകയുള്ളുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചു.
RECENT POSTS
Copyright © . All rights reserved