PARENTS
കുട്ടികളില്‍ അസ്വസ്ഥതയും ഉന്മാദവുമുണ്ടാക്കുന്ന സീരിയല്‍ ബാര്‍ വിപണിയില്‍ ലഭ്യമാണെന്ന് മുന്നറിയിപ്പ് നല്‍കി സ്‌കൂള്‍. സെന്‍ട്രല്‍ ലണ്ടനിലെ ഹോള്‍ബോണിലുള്ള സെയിന്റ് ആല്‍ബാന്‍സ് പ്രൈമറി ആന്‍ഡ് നഴ്‌സറി സ്‌കൂള്‍ ആണ് ഇതേക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്ന കത്ത് രക്ഷിതാക്കള്‍ക്ക് അയച്ചത്. ആസ്‌ട്രോസ്‌നാക്ക്‌സ് എന്ന പേരിലുള്ള സീരിയല്‍ ബാറിനെക്കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്. പല നിറങ്ങളിലുള്ള സീരിയല്‍ ബാറുകളടങ്ങിയ ഈ സ്‌നാക്ക് ഒരു പര്‍പ്പിള്‍ പ്ലാസ്റ്റിക് പാക്കേജിലാണ് ലഭിക്കുന്നത്. ഒരു അന്യഗ്രഹജീവിയുടെ കാര്‍ട്ടൂണ്‍ ചിത്രവും പാക്കറ്റിലുണ്ട്. കുട്ടികള്‍ക്ക് ഈ പാക്കറ്റ് നല്‍കാന്‍ ശ്രമിക്കുന്നവരെ ശ്രദ്ധിക്കണമെന്ന് ഹെഡ്ടീച്ചര്‍ റബേക്ക ഹാരിസ് പറഞ്ഞു. ഈ സ്‌നാക്ക് കഴിച്ചാല്‍ കടുത്ത അസ്വസ്ഥതകളും ഉന്മാദാവസ്ഥയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ വ്യാജ സ്‌നാക്കിനെക്കുറിച്ച് മെട്രോപോളിറ്റന്‍ പോലീസ് അന്വേഷണം നടത്തി വരികയാണെന്നും പോലീസാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്നും കത്തില്‍ പറയുന്നു. ഐലിംഗ്ടണ്‍, ആര്‍ച്ച് വേ, ഹൈഗേറ്റ് എന്നിവിടങ്ങളിലാണ് നിലവില്‍ ഇതിനെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരിക്കുന്നത്. കാംഡെനിലും ഇത് ലഭിക്കാനിടയുണ്ട്. നിങ്ങളുടെ കുട്ടികള്‍ക്ക് ഇത് ആരെങ്കിലും നല്‍കുന്നുണ്ടോയെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് സ്‌കൂള്‍ നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഒരു വ്യാജ സ്‌നാക്ക് ബാര്‍ കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതായി മെറ്റ് പോലീസും സ്ഥിരീകരിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇത് കഴിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടവരുമായി പോലീസ് ബന്ധപ്പെട്ടിട്ടില്ലെന്നും മെറ്റ് പോലീസ് അറിയിച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ക്ക് ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. സ്‌നാക്കിനുള്ളില്‍ കഞ്ചാവിന്റെ അംശം അടങ്ങിയിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇത് അടങ്ങിയിരിക്കുന്നതെന്നും മെയില്‍ റിപ്പോര്‍ട്ട് പറയുന്നു.
ലണ്ടന്‍: 'റൗണ്ട്എബൗട്ട്' ചലഞ്ച് വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. കുട്ടികള്‍ക്കിടയില്‍ മാത്രമല്ല കൗമാര പ്രായക്കാര്‍ക്കിടയിലും 'റൗണ്ട്എബൗട്ട്' ചലഞ്ച് ഇന്ന് വലിയ പ്രചാരം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം ലഭിക്കുന്ന ചലഞ്ചിന് എന്നാല്‍ മറ്റൊരു വശം കൂടിയുണ്ടെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കുട്ടികള്‍ ഇത്തരം അപകടകരമായ ചലഞ്ചുകള്‍ ഏറ്റെടുക്കുന്നത് മാതാപിതാക്കള്‍ ഇടപെട്ട് തടയണമെന്നും ഇവയുണ്ടാക്കുന്ന ഗുരുതര പ്രശ്‌നങ്ങളെപ്പറ്റി അവരെ ബോധവല്‍ക്കരിക്കണമെന്നും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചലഞ്ചിന് ശേഷം കുട്ടികള്‍ക്ക് ചിലപ്പോള്‍ സ്‌ട്രോക്ക് വരാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കളിസ്ഥലത്തെ കുട്ടികള്‍ കളിക്കാന്‍ (കറങ്ങിത്തിരിയുന്ന മനുഷ്യ നിയന്ത്രിത ചെറുയന്ത്രം) ഉപയോഗിക്കുന്ന റൗണ്ട്എബൗട്ടുകള്‍ വെച്ചാണ് ചലഞ്ച്. ഏറ്റവും വേഗത്തില്‍ ഇതിലിരുന്ന കറങ്ങുകയെന്നതാണ് ചലഞ്ച്. കേട്ടാല്‍ തമാശയായും രസകരമായി തോന്നുമെങ്കിലും ചലഞ്ചില്‍ പങ്കെടുത്തവര്‍ പുറത്തുവിടുന്ന ദൃശ്യങ്ങള്‍ കണ്ടാല്‍ വിഷയത്തിന്റെ ഗൗരവം മനസിലാവും. ഇത്തരം അപകടകരമായ ചലഞ്ചുകള്‍ പല രാജ്യത്തും നിരോധിച്ചിട്ടുണ്ട്. യൂ ടൂബ്, ഫെയിസ്ബുക്ക്, സ്‌നാപ് ചാറ്റ് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഇവ പ്രചരിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. റൗണ്ട്എബൗട്ട് വേഗതയില്‍ കറക്കുന്നത് എല്ലാ സമയങ്ങളിലും മനുഷ്യരല്ല. വേഗത കൂടാന്‍ വേണ്ടി ചിലര്‍ ബൈക്കുകല്‍ വരെ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. റൗണ്ട്എബൗട്ടില്‍ കറങ്ങുന്നത് തലച്ചോറിലേക്ക് അമിത വേഗത്തില്‍ രക്തമെത്തുകയും ഇത് സ്‌ട്രോക്കിലേക്ക് വഴിതെളിയുകയും ചെയ്യുമെന്ന് വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. സാധാരണഗതിയില്‍ ഒരു മനുഷ്യന്‍ കറങ്ങാന്‍ സാധ്യതയുള്ള വേഗതയിലല്ല ചലഞ്ച് ചെയ്യുന്നവര്‍ കറങ്ങാന്‍ ശ്രമിക്കുന്നത്. തലയ്ക്ക് മാരകമായ പരിക്കേല്‍ക്കുക കൂടാതെ, നേത്രപടലത്തിന് കേടുപാട് സംഭവിക്കാനും ഈ ചലഞ്ച് കാരണമാകും. ചലഞ്ച് ചെയ്തയാള്‍ക്ക് ഭാവിയില്‍ കടുത്ത തലവേദന അനുഭവപ്പെടാനും അത് പിന്നീട് മറ്റേതെങ്കിലും രോഗമായി മാറാനും സാധ്യതയുണ്ട്. രാജ്യത്തുടനീളം ചലഞ്ച് ഏറ്റെടുത്ത് പരിക്കേറ്റ കുട്ടികളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ലിങ്കണ്‍ഷെയര്‍ സ്വദേശിയായ ഒരു ആണ്‍കുട്ടിക്ക് ചലഞ്ചിനിടെ ഗുരുതരമായി പരിക്കേറ്റിരുന്നു. അതീവ ജാഗ്രത പുലര്‍ത്തിയാല്‍ മാത്രമെ കുട്ടികളെ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷിക്കാനാവൂ.
ജനസംഖ്യയില്‍ 26 ശതമാനം യുവാക്കള്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോഴും കഴിയുന്നതെന്ന് സര്‍വേ. 3.4 മില്യനിലേറെ യുവജനങ്ങള്‍ക്ക് ഇപ്പോഴും മാതാപിതാക്കളുടെ വീടുകള്‍ തന്നെയാണ് ആശ്രയം. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രോപ്പര്‍ട്ടി വിലയാണ് ഈ പ്രതിസന്ധിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. 20നും 34നുമിടയില്‍ പ്രായമുള്ളവരാണ് ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍ നേരിടുന്നതെന്നാണ് വ്യക്തമായിട്ടുള്ളത്. ഉയര്‍ന്ന വാടകയും മോര്‍ട്ട്‌ഗേജ് ഡിപ്പോസിറ്റുകളും പെയ്‌മെന്റുകളും സൃഷ്ടിക്കുന്ന അധൈര്യവും യുവാക്കള്‍ക്ക് സ്വന്തം കൂര തേടാന്‍ കഴിയാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇത്തരക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നാണ് കണക്കുകള്‍. യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ വിദ്യാഭ്യാസ വായ്പകളുടെ ഭാരം, പ്രതിഫലമില്ലാത്ത ഇന്റേണ്‍ഷിപ്പുകള്‍, ജോലികളിലെ അനിശ്ചിതത്വം, ഉയരാത്ത ശമ്പള നിരക്കുകള്‍ എന്നിവയാണ് പ്രധാനമായും ഉള്ളത്. ഇവ സ്വന്തമായി പാര്‍പ്പിടം എന്ന സ്വപ്‌നത്തെത്തന്നെയാണ ഇല്ലാതാക്കുന്നതെന്ന് ഇന്റര്‍ജനറേഷണല്‍ ഫെയര്‍നസ് എന്ന പ്രഷര്‍ ഗ്രൂപ്പ് കോ ഫൗണ്ടര്‍ ആന്‍ഗസ് ഹാന്റണ്‍ പറയുന്നു. മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന യുവാക്കളുടെ എണ്ണം കഴിഞ്ഞ വര്‍ഷം മൂന്ന് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ എട്ടു ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇതില്‍ ഉണ്ടായത്. പത്തു വര്‍ഷത്തിനിടെ 28 ശതമാനവും 15 വര്‍ഷത്തിനിടെ 41 ശതമാനവുമാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയ വര്‍ദ്ധനവ്. ലണ്ടനിലും സൗത്ത് ഈസ്റ്റിലുമാണ് ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുന്നത്. അനുപാതത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡാണ് മുന്നില്‍. മൂന്നിലൊന്നിലേറെപ്പേര്‍ ഇവിടെ ഇത്തരത്തില്‍ കഴിയുന്നുണ്ട്. ഗാര്‍ഹിക പ്രതിസന്ധി ഒരു തമുറയെത്തന്നെ ബാധിക്കുന്ന കാഴ്ചയക്കാണ് ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുന്നത്.
മാതാപിതാക്കള്‍ കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ സൈക്കോളജിസ്റ്റുകളുടെ ക്യാംപെയിന്‍. കുട്ടികളെ തല്ലുന്നത് നിയമപരമായി നിരോധിക്കണമെന്ന് ടിയുസി കോണ്‍ഗ്രസില്‍ അസോസിയേഷന്‍ ഓഫ് എഡ്യുക്കേഷണല്‍ സൈക്കോളജിസ്റ്റ് എന്ന സംഘടനയാണ് നിര്‍ദേശിച്ചത്. കാരണമുണ്ടെങ്കില്‍ കുട്ടികളെ തല്ലാനും ശിക്ഷിക്കാനും അനുമതി നല്‍കുന്ന നിയമ വ്യവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍ കുട്ടികളെ തല്ലുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ക്യാംപെയിനര്‍മാര്‍ ആവശ്യപ്പെടുന്നു. സ്‌കോട്ടിഷ് പാര്‍ലമെന്റ് ശാരീരികമായി കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കാനുള്ള നടപടികളിലാണ്. ഇംഗ്ലണ്ടും ഇതിനെ പിന്തുടര്‍ന്ന് നിയമനിര്‍മാണം നടത്തിയേക്കുമെന്നാണ് കരുതുന്നത്. സ്‌കോട്ട്‌ലന്‍ഡ് പാസാക്കുന്ന നിയമമനുസരിച്ച് കുട്ടികളുടെ പിന്നില്‍ ചെറുതായി തല്ലിയാല്‍ പോലും അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാം. ഗാര്‍ഹിക പീഡനത്തിന് സമാനമാണ് കുട്ടികളെ തല്ലുന്നതെന്നും ബില്ലില്‍ പറയുന്നു. എന്നാല്‍ സ്‌നേഹപൂര്‍വം കുട്ടികളുടെ ശരീരത്തില്‍ തട്ടുന്നതു പോലും ക്രിമിനല്‍ കുറ്റമാകാവുന്ന വിധത്തിലല്ല ഇത് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ബില്ല് മുന്നോട്ടുവെച്ച ജോണ്‍ ഫിന്നി പറയുന്നു. മാതാപിതാക്കള്‍ ശിക്ഷിക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ് ചില 'വിദഗ്ദ്ധര്‍' പറയുന്നത്. എന്നാല്‍ ഇത് അസംബന്ധമാണെന്ന് ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഫാമിലി പ്ലാനിംഗ് പ്രൊഫസറായ റോബര്‍ട്ട് ലാര്‍സെലേര്‍ പറയുന്നു. കുട്ടികളെ ശിക്ഷിക്കുന്നതിനെതിരെ നടക്കുന്ന ക്യാംപെയിന്‍ ശരിയായ പഠനങ്ങളുടെ പിന്തുണയോടെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫഷണല്‍, പൊളിറ്റിക്കല്‍ ക്ലാസ് സ്വീകരിച്ചിരിക്കുന്ന ഊതി വീര്‍പ്പിക്കപ്പെട്ട വിശ്വാസ സംഹിതയുടെ പ്രതിഫലനമാണ് ഈ പ്രചാരണത്തിനു പിന്നില്‍. കുട്ടികള്‍ അങ്ങേയറ്റം ദുര്‍ബലചിത്തരാണെന്നും അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് ദോഷകരമാകുമെന്നുമാണ് ഇത്തരക്കാര്‍ ചിന്തിക്കുന്നത്. അതുകൊണ്ടാണ് കുട്ടികളുടെ നേരെ ശബ്ദമുയര്‍ത്തുന്നതു പോലും പീഡനമായി എന്‍എസ്പിസി കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഗ്ട്വിക്ക്: കാറില്‍ ബോംബ് വെച്ച് മാതാപിതാക്കളെ കൊല്ലാന്‍ ശ്രമിച്ച സിഖ് യുവാവിന് എട്ട് വര്‍ഷം തടവ് ശിക്ഷ. ഡാര്‍ക്ക് വെബ്ബില്‍ നിന്ന് ഓണ്‍ലൈനില്‍ വാങ്ങിയ ബോംബ് ഉപയോഗിച്ച് മാതാപിതാക്കളെ കൊല്ലാനായിരുന്നു ഗുര്‍തേജ് രണ്‍ധാവ എന്ന 19 കാരന്‍ ശ്രമിച്ചത്. വെള്ളക്കാരിയായ തന്റെ കാമുകിയെ അംഗീകരിക്കാന്‍ കുടുംബം തയ്യാറാകാത്തതായിരുന്നു പ്രകോപനം. മാതാപിതാക്കളെ ഇല്ലാതാക്കിയാല്‍ കാമുകിക്കൊപ്പം താമസിക്കാന്‍ കഴിയുമെന്ന ധാരണയിലാണ് ഇയാള്‍ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയത്. അതേസമയം ഇയാള്‍ ബോംബിനേക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയതു മുതല്‍ നാഷണല്‍ ക്രൈം ഏജന്‍സിയുടെ ആംഡ് ഓപ്പറേഷന്‍സ് യൂണിറ്റ് നിരീക്ഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ റിമോട്ടില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ബോംബ് ഓണ്‍ലൈനില്‍ വാങ്ങിയതോടെയാണ് പോലീസ് ഇയാളെ കെണിയിലാക്കിയത്. ഇന്റര്‍നെറ്റില്‍ ഇതിന് ഓര്‍ഡര്‍ നല്‍കിയത് മനസിലാക്കിയ പോലീസ് ബോംബിന് പകരം ഒരു ഡമ്മി ഉപകരണം രണ്‍ധാവ നല്‍കിയ മേല്‍വിലാസത്തില്‍ എത്തിച്ചു നല്‍കുകയായിരുന്നു. വൂള്‍വര്‍ഹാംപ്ടണിലെ വിഗ്ട്വിക്കില്‍ താമസക്കാരനായ രണ്‍ധാവ കാര്‍ ബോംബ് വാങ്ങിയതില്‍ കുറ്റക്കാരനാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ സ്‌ഫോടക വസ്തു കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ നവംബറില്‍ കുറ്റം ചുമത്തിയിരുന്നു. ഇയാള്‍ ഓര്‍ഡര്‍ ചെയ്ത ബോംബ് ഉപയോഗിച്ചിരുന്നെങ്കില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് പോലീസ് കോടതിയെ അറിയിച്ചു. തീവ്രവാദി ഗ്രൂപ്പുകളിലോ ക്രിമിനല്‍ സംഘങ്ങളിലോ അംഗമല്ലെങ്കിലും രണ്‍ധാവയുടെ നടപടി സമൂഹത്തിന് വന്‍ വിപത്തായി മാറുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. തിരിച്ചറിയപ്പെടാതിരിക്കാന്‍ ഡാര്‍ക്ക് വെബ്ബാണ് രണ്‍ധാവ ഉപയോഗിച്ചത്. കേസില്‍ എട്ട് വര്‍ഷത്തെ തടവാണ് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി രണ്‍ധാവയ്ക്ക് നല്‍കിയത്.
RECENT POSTS
Copyright © . All rights reserved