pension
ബ്രിട്ടനില്‍ പെന്‍ഷനര്‍മാരുടെ ജീവിതം പ്രതിസന്ധിയിലാകുമെന്ന സൂചന നല്‍കി റിപ്പോര്‍ട്ട്. 40 മുതല്‍ 60 വയസ് വരെ പ്രായമുള്ളവരില്‍ മൂന്നിലൊന്നു പേരും സ്റ്റേറ്റ് പെന്‍ഷനില്‍ അഭയം പ്രാപിക്കുന്നവരാണ്. ഇവര്‍ക്ക് ലഭിക്കുന്ന ശരാശരി സ്റ്റേറ്റ് പെന്‍ഷന്‍ 505 പൗണ്ടാണ്. എന്നാല്‍ പ്രായമായ പെന്‍ഷനര്‍മാര്‍ക്ക് 885 പൗണ്ടെങ്കിലും വേണ്ടി വരുമെന്നാണ് നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി നടത്തിയ റിസര്‍ച്ചില്‍ വ്യക്തമായത്. ബില്ലുകള്‍ അടക്കുന്നതിനായി 616 പൗണ്ടും സോഷ്യലൈസിംഗ് ഉള്‍പ്പെടെയുള്ളവയ്ക്കായി 269 പൗണ്ടും ശരാശരി ആവശ്യമായി വരും. അതായത് മാസത്തില്‍ ഇവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ ആവശ്യമുള്ളതിനേക്കാള്‍ 380 പൗണ്ട് കുറവാണ്. 15 വര്‍ഷത്തേക്ക് 68,400 പൗണ്ട് ഓരോരുത്തര്‍ക്കും അധികമായി ചെലവാക്കേണ്ടി വരുമെന്ന് സാരം. റിട്ടയര്‍ ചെയ്യാനിരിക്കുന്ന നിരവധിയാളുകള്‍ ഇതിനായി തയ്യാറെടുത്തിട്ടു പോലുമില്ലെന്നാണ് വിവരം. പ്രൈവറ്റ് പ്ലാനുകളും കമ്പനി പ്ലാനുകളും ഉള്ളവര്‍ക്ക് തങ്ങളുടെ പെന്‍ഷന്‍ ഫണ്ട് എത്രയുണ്ടെന്നു പോലും അറിയില്ല. പെന്‍ഷന്‍ വരുമാനം എത്രയായിരിക്കുമെന്ന ഊഹം പോലുമില്ലാത്തവരും റിട്ടയര്‍ ചെയ്യാനിരിക്കുന്നവരില്‍ ഉണ്ടെന്നതാണ് വാസ്തവം. ആവശ്യത്തിന് വരുമാനമില്ലാതെ ജീവിതത്തിന്റെ മൂന്നിലൊന്നോളം വരുന്ന റിട്ടയര്‍മെന്റ് ലൈഫ് ജീവിക്കുന്നവര്‍ക്ക് ഒന്ന് സ്വസ്ഥമാകാനോ സന്തോഷിക്കാനോ ഉള്ള അവസരങ്ങള്‍ നഷ്ടമാകുമെന്ന് നേഷന്‍വൈഡ് പ്രതിനിധി ജെയ്‌സണ്‍ ഹേര്‍വുഡ് പറയുന്നു. ജീവിതച്ചെലവുകള്‍ വര്‍ദ്ധിക്കുന്നതു മൂലം സമ്പാദിക്കാന്‍ സാധിക്കുന്നില്ലെന്നാണ് റിസര്‍ച്ചില്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചവരില്‍ 25 ശതമാനത്തോളം അഭിപ്രായപ്പെട്ടത്. കടബാധ്യതകള്‍ മൂലം സമ്പാദിക്കാന്‍ കഴിയുന്നില്ലെന്ന് എട്ടില്‍ ഒരാള്‍ വീതം അഭിപ്രായപ്പെട്ടു. 67 വയസ് പ്രായമുള്ളപ്പോള്‍ മാസം 380 പൗണ്ട് വീതം അധിക വരുമാനം നേടണമെങ്കില്‍ ഇപ്പോള്‍ 25 വയസുള്ളവര്‍ മാസം 54 പൗണ്ട് വീതം നിക്ഷേപിക്കേണ്ടി വരും. 40 വയസുള്ളവരാണെങ്കില്‍ ഇത് മാസം 120 പൗണ്ടായി ഉയരും. പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷനുകള്‍ക്ക് ലഭിക്കുന്ന 20 ശതമാനം അടിസ്ഥാന നികുതിയിളവും 4 ശതമാനം ഇന്‍വെസ്റ്റ്‌മെന്റ് റിട്ടേണും കണക്കിലെടുത്തുകൊണ്ടാണ് ഈ തുക കണക്കാക്കിയിരിക്കുന്നത്.
പ്രായമായവര്‍ക്ക് ടെക്‌നോളജിയോട് കാര്യമായ പ്രതിപത്തിയില്ലാത്തത് പരഹിരക്കാന്‍ പുതിയ പദ്ധതി വരുന്നു. ടെക്‌നോളജിയില്‍ പ്രാവീണ്യമുള്ള പെന്‍ഷനര്‍മാര്‍ മറ്റുള്ളവര്‍ക്ക് അത് പഠിപ്പിച്ചു നല്‍കുന്ന സില്‍വര്‍ സര്‍ഫര്‍ സംവിധാനത്തിനാണ് തുടക്കമാകുന്നത്. ഇതിനായി തെരഞ്ഞെടുക്കപ്പെടുന്ന സില്‍വര്‍ സര്‍ഫര്‍മാര്‍ക്ക് ലാപ്‌ടോപ്പുകളും സ്മാര്‍ട്ട് സെന്‍ട്രല്‍ ഹീറ്റിംഗും മറ്റ് ഗാഡ്ജറ്റുകളും നല്‍കും. ഇവയുടെ ഉപയോഗം പ്രായമായ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയാണ് സില്‍വര്‍ സര്‍ഫര്‍മാരുടെ ദൗത്യം. പെന്‍ഷനര്‍മാര്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താനും ഇന്റര്‍നെറ്റില്‍ ജിപി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും വീട്ടുപകരണങ്ങള്‍ ദൂരെയിരുന്ന് നിയന്ത്രിക്കാനുമുള്ള പരിശീലനവും ഇതിലൂടെ നല്‍കും. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ കള്‍ച്ചറിന്റെ ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ ഫണ്ടില്‍ നിന്ന് 400,000 പൗണ്ട് ചെലവഴിച്ച് ഇതിന്റെ പൈലറ്റ് സ്‌കീം എസെക്‌സില്‍ ആരംഭിച്ചിട്ടുണ്ട്. പ്രായമായവരും ഭിന്നശേഷിയുള്ളവരുമാണ് ഡിജിറ്റല്‍ സ്‌കില്ലുകള്‍ ആര്‍ജ്ജിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുന്ന വിഭാഗങ്ങളെന്ന് ഗവേഷണത്തില്‍ വ്യക്തമായിരുന്നു. ഇന്റര്‍നെറ്റ് ഏറ്റവും കുറച്ച് ഉപയോഗിക്കുന്നതും ഈ വിഭാഗം തന്നെയാണ്. പദ്ധതിക്കായി അനുവദിക്കപ്പെട്ടിരിക്കുന്ന ഫണ്ടില്‍ ഒരു വിഹിതം ബുദ്ധിമാന്ദ്യമുള്ളവരുടെ ശരീരഭാരവും അവരുടെ വ്യായാമവും നിരീക്ഷിക്കുന്നതിനായി തയ്യാറാക്കുന്ന ആപ്പിന്റെ വികസനത്തിനായി വിനിയോഗിക്കും. എല്ലാ പ്രായത്തിലുമുള്ളവരുടെ ഡിജിറ്റല്‍ സ്‌കില്‍ വികസിപ്പിക്കുകയും അതിലൂടെ ആധുനിക സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ എല്ലാവരിലും എത്തിക്കുകയുമാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യമെന്ന് ഡിജിറ്റല്‍ മിനിസ്റ്റര്‍ മാര്‍ഗോറ്റ് ജെയിംസ് പറഞ്ഞു. ഡിജിറ്റല്‍ കാലത്ത് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ അനിവാര്യമാണെന്ന് സിറ്റിസണ്‍സ് ഓണ്‍ലൈനിലെ ജോണ്‍ ഫിഷര്‍ പറയുന്നു. ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക് ആരോഗ്യകരമായും സജീവമായും ജീവിക്കാന്‍ മൊബൈല്‍ ആപ്പ് സഹായിക്കുമെന്ന് ഡൗണ്‍സ് സിന്‍ഡ്രോം ആക്ടീവിലെ അലക്‌സ് റൗളും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ബ്രിട്ടന്റെ ഭീമമായ പെന്‍ഷന്‍ ബില്‍ മൂലം അവശ്യ സര്‍വീസുകളുടെ ഫണ്ടിംഗ് വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്. പബ്ലിക് സെക്ടര്‍ പെന്‍ഷന്‍ ബില്‍ തുക 1.3 ട്രില്യന്‍ പൗണ്ടാണ്. ഇത് നല്‍കണമെങ്കില്‍ അവശ്യ സര്‍വീസുകള്‍ക്ക് നല്‍കുന്ന പണത്തില്‍ നിന്ന് 4 ബില്യന്‍ പൗണ്ട് വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്നാണ് ഹാമണ്ട് മുന്നറിയിപ്പ് നല്‍കുന്നത്. സ്‌കൂളുകള്‍, ആശുപത്രികള്‍, പോലീസ്, സായുധ സേനകള്‍ തുടങ്ങി ഒട്ടുമിക്ക സര്‍വീസുകളെയും ഈ വെട്ടിക്കുറയ്ക്കല്‍ ബാധിക്കും. പൊതു മേഖലയിലെ ഫണ്ട് വെട്ടിക്കുറയ്ക്കല്‍ അനിവാര്യമാണെന്നാണ് ഹാമണ്ട് പറയുന്നത്. ആശുപത്രികള്‍ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിക്കേണ്ടതായി വരും. പൊതുമേഖലാ ജീവനക്കാര്‍ക്കായുള്ള പൊതുധനം കൈകാര്യം ചെയ്യുന്നതിലെ സങ്കീര്‍ണ്ണതയാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്. ഇതു മൂലം ഇനി അവശ്യ സര്‍വീസുകള്‍ക്ക് ആവശ്യത്തിനുള്ള ഫണ്ടിംഗ് ലഭിക്കുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ടാകും. 2019-20 സാമ്പത്തിക വര്‍ഷത്തെ പെന്‍ഷന്‍ ചെലവുകള്‍ റീഫണ്ട് ചെയ്യാന്‍ ഒരുക്കമാണെന്ന് ട്രഷറി അറിയിച്ചിട്ടുണ്ടെങ്കിലും അതിനപ്പുറത്തേക്കുള്ള കാര്യം ഏറ്റെടുക്കില്ല. സ്‌പെന്‍ഡിംഗ് റിവ്യൂവില്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കുടുംബത്തിന് 45000 പൗണ്ട് വീതമാണ് രാജ്യത്തിന്റെ പെന്‍ഷന്‍ ലയബിലിറ്റിയെന്ന് ഇന്റര്‍ജനറേഷണല്‍ ഫൗണ്ടേഷന്‍ എന്ന തിങ്ക്ടാങ്ക് പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ച കുറയാനിടയുണ്ടെന്നാണ് ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പ്രവചനം. പെന്‍ഷന്‍ ഭാരം വര്‍ദ്ധിക്കുന്നതിന് ട്രഷറി ഒരു കാരണമായി പറയുന്നതും ഇതു തന്നെയാണ്.
പെന്‍ഷന്‍ സ്‌കീം മെമ്പര്‍ഷിപ്പ് എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയെങ്കിലും പെന്‍ഷന്‍ സേവിംഗിന് ശ്രമിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ ആഘാതമാണെന്ന് വിദഗ്ദ്ധര്‍. പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ ശരാശരിയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയതോടെയാണ് ഈ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. 2017ല ആകെ ഒക്യുപ്പേഷണല്‍ പെന്‍ഷന്‍ പദ്ധതി മെംബര്‍ഷിപ്പ് 41.1 മില്യന്‍ എത്തിയെന്നാണ് കണക്കാക്കുന്നത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് സര്‍വേയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. എന്നാല്‍ സ്വകാര്യ മേഖലയിലെ ഡിഫൈന്‍ഡ് കോണ്‍ട്രിബ്യൂഷന്‍ പെന്‍ഷന്‍ പദ്ധതികള്‍ നോക്കിയാല്‍ ജീവനക്കാര്‍ സേവിംഗ്‌സ് പോട്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ശരാശരി കോണ്‍ട്രിബ്യൂഷന്‍ നിരക്ക് 2017ല്‍ 3.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷം ഇത് 4.2 ശതമാനം ആയിരുന്നു. 2012ല്‍ ആരംഭിച്ച വര്‍ക്ക് പ്ലേസ് പെന്‍ഷനിലേക്കുള്ള ഓട്ടോമാറ്റിക് എന്‍ റോള്‍മെന്റ് പദ്ധതി റിട്ടയര്‍മെന്റ് സേവര്‍മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന വരുത്തിയിരുന്നു. 2012ലെ 9.7 ശതമാനത്തില്‍ നിന്ന് സ്വകാര്യ മേഖലയില്‍ നിന്നുള്ള പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ വന്‍തോതില്‍ കുറഞ്ഞിട്ടുണ്ടെന്ന് അവിവയുടെ സേവിംഗ്‌സ് ആന്‍ഡ് റിട്ടയര്‍മെന്റ് മേധാവി അലിസ്റ്റര്‍ മക് ക്വീന്‍ പറയുന്നു. ഓട്ടോമാറ്റിക് എന്‍ റോള്‍മെന്റ് പദ്ധതി അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ പെന്‍ഷന്‍ സേവിംഗ്‌സില്‍ അംഗങ്ങളായ 9 മില്യനിലേറെപ്പേര്‍ക്കായിരിക്കും ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരികയെന്നും മക് ക്വീന്‍ പറഞ്ഞു. ഇപ്പോള്‍ നിലവിലുള്ള രീതിയനുസരിച്ച് ഇത്തരക്കാര്‍ നേരിടാന്‍ പോകുന്നത് കനത്ത ആഘാതമായിരിക്കും. മിനിമം വേജിലും കുറഞ്ഞ തുകയായിരിക്കും ഇവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ളതെന്നും വിലയിരുത്തപ്പെടുന്നു. ഒക്യുപ്പേഷണല്‍ പെന്‍ഷന്‍ സ്‌കീമുകളിലെ അംഗത്വം 2016ല്‍ 13.5 മില്യന്‍ ആയിരുന്നെങ്കില്‍ 2017ല്‍ അത് 15.1 മില്യനായി വര്‍ദ്ധിച്ചിട്ടുണ്ട്. വര്‍ക്ക്‌പ്ലേസ് പെന്‍ഷനിലേക്കുള്ള മിനിമം കോണ്‍ട്രിബ്യൂഷന്‍ നിരക്കിലും വര്‍ഗദ്ധനയുണ്ടായിട്ടുണ്ട്. ജീവനക്കാര്‍ അടയ്ക്കുന്ന പണത്തിന്റെ അളവില്‍ വര്‍ദ്ധനയുണ്ടായേക്കാം, എന്നാല്‍ അടുത്ത ഏപ്രിലില്‍ നിയമങ്ങള്‍ മാറുന്നതോടെ ഇത് എട്ട് ശതമാനത്തോളം ഉയരുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സ്റ്റേറ്റ് പെന്‍ഷന്‍ പ്രായത്തിനു മേലും ജോലി ചെയ്യുന്നവരില്‍ നിന്ന് നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. 12 ശതമാനം കെയര്‍ ടാക്‌സ് ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിലൂടെ പ്രതിവര്‍ഷം 2 ബില്യന്‍ പൗണ്ട് സര്‍ക്കാരിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രായമായവര്‍ക്ക് കൂടുതല്‍ പരിരക്ഷ നല്‍കുന്നതിനുള്ള പദ്ധതിക്കായാണ് ഈ നികുതിയേര്‍പ്പെടുത്തുന്നതെന്നാണ് വിവരം. എന്നാല്‍ സോഷ്യല്‍ കെയറിനു വേണ്ടി പെന്‍ഷന്‍ പ്രായത്തിനു ശേഷവും ജോലി ചെയ്യുന്നവരില്‍ നിന്ന് നാഷണല്‍ ഇന്‍ഷുറന്‍സ് ഈടാക്കാനുള്ള നീക്കം ശരിയല്ലെന്ന് മുന്‍ പെന്‍ഷന്‍സ് മിനിസ്റ്ററും ടോറി പിയറുമായ ബാരോണസ് ആള്‍ട്ട്മാന്‍ പറഞ്ഞു. തങ്ങളുടെ പെന്‍ഷന്‍ തുകകൊണ്ടു മാത്രം ജീവിക്കാന്‍ കഴിയില്ലെന്ന കാരണത്താലാണ് പലരും മറ്റു ജോലികള്‍ ചെയ്യുന്നത്. ഇത്തരക്കാരില്‍ നിന്ന് സോഷ്യല്‍ കെയറിനായി പണമീടാക്കുന്നത് ശരിയായ നടപടിയല്ലെന്ന് അവര്‍ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെയര്‍ ചെലവുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കണ്‍സര്‍വേറ്റീവ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് ഇപ്പോള്‍ കെയര്‍ ടാക്‌സ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ കെയര്‍ ഒരു ദേശീയ വിഷയമാണ്. നികുതി വ്യവസ്ഥയില്‍ നിന്ന് ദേശീയ തലത്തില്‍ത്തന്നെ ഇതിന് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. ജീവിതമാര്‍ഗ്ഗത്തിനായി പെന്‍ഷന് ശേഷവും ജോലികള്‍ ചെയ്യാന്‍ ശ്രമിക്കുന്നവരെ അതില്‍ നിന്ന് ഈ പദ്ധതി പിന്തിരിപ്പിക്കുകയാണെന്നും അവര്‍ വിമര്‍ശിച്ചു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് നാഷണല്‍ പെന്‍ഷനേഴ്‌സ് കണ്‍വെന്‍ഷനിലെ നീല്‍ ഡങ്കന്‍ ജോര്‍ദാന്‍ പ്രകടിപ്പിച്ചത്. പ്രായം 18 ആയാലും 88 ആയാലും ഒരു പരിധിക്കുമേല്‍ വരുമാനമുണ്ടെങ്കില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ഇതുകൊണ്ടു മാത്രം സോഷ്യല്‍ കെയറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
RECENT POSTS
Copyright © . All rights reserved