PENSIONER
കെയര്‍ ഹോമുകളില്‍ പെന്‍ഷനര്‍മാര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ഇംഗ്ലണ്ടിലെ പല കെയര്‍ ഹോമുകളിലും ഇതാണ് അവസ്ഥയെന്നാണ് ആക്ഷേപം ഉയരുന്നത്. പണം നല്‍കാന്‍ കഴിവുള്ളവര്‍ക്കു പോലും വളരെ ദയനീയമായ പരിചരണമാണ് ലഭിക്കുന്നത്. 7585 ഇംഗ്ലീഷ് പോസ്റ്റ്‌കോഡുകളില്‍ 75 ശതമാനം പ്രദേശങ്ങളിലും കെയര്‍ ഹോം ബെഡുകള്‍ കിട്ടാനില്ല. മൂന്നില്‍ രണ്ടിടങ്ങളില്‍ നഴ്‌സിംഗ് കെയര്‍ സൗകര്യം ലഭ്യമല്ലെന്നും വിശകലനം വ്യക്തമാക്കുന്നു. 2244 പേര്‍ക്ക് കെയര്‍ ഹോം ബെഡുകള്‍ ലഭ്യമല്ലെന്നാണ് കണക്ക്. അതേസമയം 30 ശതമാനം ആളുകള്‍ക്ക് പ്രാദേശികമായി ഈ കെയര്‍ സൗകര്യം കിട്ടാക്കനിയാണെന്നും പഠനത്തില്‍ വ്യക്തമായി. 65 വയസിനു മേല്‍ പ്രായമുള്ള 1.4 മില്യന്‍ ആളുകള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നതേയില്ല. എയിജ് യുകെയ്ക്കു വേണ്ടി ഇന്‍സിസീവ് ഹെല്‍ത്ത് എന്ന ഹെല്‍ത്ത് കണ്‍സള്‍ട്ടന്‍സിയാണ് പഠനം നടത്തിയത്. സോഷ്യല്‍ കെയര്‍ വര്‍ക്ക് ഫോഴ്‌സിന്റെ ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കിലും വര്‍ഷങ്ങളായി രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതെ വന്നതും ലോക്കല്‍ അതോറിറ്റികള്‍ ബജറ്റ് വെട്ടിച്ചുരുക്കിയതും ശരിയായ സേവനം ലഭ്യമാക്കാനുള്ള ഈ സംവിധാനത്തിന്റെ ശേഷി ഇല്ലാതാക്കിയതായി കണ്‍സള്‍ട്ടന്‍സി പ്രതിനിധി കീരാന്‍ ലൂസിയ പറഞ്ഞു. ഹള്‍, ഈസ്റ്റ് യോര്‍ക്ക്ഷയര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നഴ്‌സിംഗ് ഹോ ബെഡ് ലഭിക്കുകയെന്നത് അസാധ്യമായി മാറിയിരിക്കുകയാണ്. മൂന്നു വര്‍ഷത്തിനിടെ ഈ സൗകര്യത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഡെവണ്‍, ടോട്ട്‌നസ് തുടങ്ങിയ പ്രദേശങ്ങളിലും ഇതേ സാഹചര്യമാണ് നിലവിലുള്ളത്. പെന്‍ഷനര്‍മാര്‍ പണം നല്‍കാന്‍ തയ്യാറാണെങ്കില്‍ പോലും അതാതു സ്ഥലങ്ങളില്‍ കെയര്‍ കിട്ടുന്നത് വിദൂര സാധ്യത മാത്രമായി മാറിയിരിക്കുന്നു. ഇതു മൂലം തങ്ങളുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സാമീപ്യമില്ലാത്ത ദൂരെയുള്ള കെയര്‍ഹോമുകളില്‍ കഴിയേണ്ട അവസ്ഥയാണ് പ്രായമുള്ളവര്‍ക്കെന്നും പഠനം വ്യക്തമാക്കുന്നു.
ബ്രിട്ടീഷ് പെന്‍ഷനര്‍മാരുടെ വരുമാനത്തില്‍ സാരമായ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 13 വര്‍ഷത്തിനിടെ 59 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഒരു പെന്‍ഷനര്‍ ഫാമിലിയുടെ ശരാശരി വരുമാനം കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് 27,283 പൗണ്ടായിരുന്നു. 2005-06 വര്‍ഷത്തേതിനേക്കാള്‍ 10,000 പൗണ്ട് കൂടുതലാണ് ഇത്. ഇതേ കാലയളവില്‍ വര്‍ക്കിംഗ് ഫാമിലികളുടെ വരുമാനത്തിലുണ്ടായത് 36 ശതമാനത്തിന്റെ വര്‍ദ്ധന മാത്രമാണ്. 36,332 പൗണ്ട് മാത്രമാണ് ജോലി ചെയ്യുന്നവരുടെ കുടുംബങ്ങളില്‍ രേഖപ്പെടുത്തിയ ശരാശരി വര്‍ദ്ധന. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട പുതിയ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ജോലി ചെയ്യുന്നവരുടെ ശരാശരി വരുമാനം പെന്‍ഷന്‍കാരുടേതിനേക്കാള്‍ കൂടുതലാണെങ്കിലും ഈ അന്തരം കുറഞ്ഞു വരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചെലവുകളുടെ കാര്യത്തിലും വര്‍ക്കിംഗ് ഫാമിലികള്‍ പെന്‍ഷന്‍കാരേക്കാള്‍ മുന്നിലാണ്. ചൈല്‍ഡ് കെയര്‍, മോര്‍ഗിജുകള്‍ തുടങ്ങിയവ ഇവരുടെ ചെലവ് വര്‍ദ്ധിപ്പിക്കുന്നു. 2008ലെ സാമ്പത്തിക പ്രതിസന്ധി കാലത്തിനു മുമ്പ് ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് ആകര്‍ഷകമായ വര്‍ക്ക്‌പ്ലേസ് പെന്‍ഷനാണ് ലഭിച്ചു വരുന്നത്. ഓരോ വര്‍ഷവും നാണ്യപ്പെരുപ്പ നിരക്ക് അനുസരിച്ച് ഇത് ഉയരുകയും ചെയ്യും. 2010ല്‍ സഖ്യസര്‍ക്കാര്‍ കൊണ്ടുവന്ന ട്രിപ്പിള്‍ ലോക്ക് സ്‌കീം അനുസരിച്ചുള്ള ആനുകൂല്യങ്ങളും പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്നുണ്ട്. ഇന്‍ഫ്‌ളേഷന്‍, ശരാശരി ശമ്പളം, 2.5 ശതമാനം എന്നിവയില്‍ ഏതാണോ ഉയര്‍ന്നത്, അതനുസരിച്ചുള്ള വര്‍ദ്ധനവ് ഓരോ വര്‍ഷവും പെന്‍ഷനില്‍ വരുത്തുന്ന പദ്ധതിയാണ് ഇത്. ഇത് പെന്‍ഷന്‍കാരുടെ ശരാശരി വരുമാനം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം ബ്രിട്ടനിലെ ജീവനക്കാര്‍ കടുത്ത ബുദ്ധിമുട്ടുകള്‍ അനുഭവിച്ച കാലഘട്ടം കൂടിയാണ് ഇത്. ബാങ്കിംഗ് തകര്‍ച്ചയും ഉത്പാദന മേഖലയിലെ തകര്‍ച്ചയും മൂലം ജോലി നഷ്ടപ്പെടാതിരിക്കാന്‍ വെട്ടിക്കുറച്ച ശമ്പളത്തില്‍ ജോലി ചെയ്യാന്‍ പോലും പലരും നിര്‍ബന്ധിതരായി. പെന്‍ഷന്‍കാര്‍ക്ക് നല്‍കി വരുന്ന സൗജന്യ ബസ് പാസ്, ടിവി ലൈസന്‍സ് തുടങ്ങിയ സൗകര്യങ്ങള്‍ പിന്‍വലിക്കണമെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.
പ്രായമായവര്‍ക്ക് ടെക്‌നോളജിയോട് കാര്യമായ പ്രതിപത്തിയില്ലാത്തത് പരഹിരക്കാന്‍ പുതിയ പദ്ധതി വരുന്നു. ടെക്‌നോളജിയില്‍ പ്രാവീണ്യമുള്ള പെന്‍ഷനര്‍മാര്‍ മറ്റുള്ളവര്‍ക്ക് അത് പഠിപ്പിച്ചു നല്‍കുന്ന സില്‍വര്‍ സര്‍ഫര്‍ സംവിധാനത്തിനാണ് തുടക്കമാകുന്നത്. ഇതിനായി തെരഞ്ഞെടുക്കപ്പെടുന്ന സില്‍വര്‍ സര്‍ഫര്‍മാര്‍ക്ക് ലാപ്‌ടോപ്പുകളും സ്മാര്‍ട്ട് സെന്‍ട്രല്‍ ഹീറ്റിംഗും മറ്റ് ഗാഡ്ജറ്റുകളും നല്‍കും. ഇവയുടെ ഉപയോഗം പ്രായമായ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയാണ് സില്‍വര്‍ സര്‍ഫര്‍മാരുടെ ദൗത്യം. പെന്‍ഷനര്‍മാര്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താനും ഇന്റര്‍നെറ്റില്‍ ജിപി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും വീട്ടുപകരണങ്ങള്‍ ദൂരെയിരുന്ന് നിയന്ത്രിക്കാനുമുള്ള പരിശീലനവും ഇതിലൂടെ നല്‍കും. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ കള്‍ച്ചറിന്റെ ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ ഫണ്ടില്‍ നിന്ന് 400,000 പൗണ്ട് ചെലവഴിച്ച് ഇതിന്റെ പൈലറ്റ് സ്‌കീം എസെക്‌സില്‍ ആരംഭിച്ചിട്ടുണ്ട്. പ്രായമായവരും ഭിന്നശേഷിയുള്ളവരുമാണ് ഡിജിറ്റല്‍ സ്‌കില്ലുകള്‍ ആര്‍ജ്ജിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുന്ന വിഭാഗങ്ങളെന്ന് ഗവേഷണത്തില്‍ വ്യക്തമായിരുന്നു. ഇന്റര്‍നെറ്റ് ഏറ്റവും കുറച്ച് ഉപയോഗിക്കുന്നതും ഈ വിഭാഗം തന്നെയാണ്. പദ്ധതിക്കായി അനുവദിക്കപ്പെട്ടിരിക്കുന്ന ഫണ്ടില്‍ ഒരു വിഹിതം ബുദ്ധിമാന്ദ്യമുള്ളവരുടെ ശരീരഭാരവും അവരുടെ വ്യായാമവും നിരീക്ഷിക്കുന്നതിനായി തയ്യാറാക്കുന്ന ആപ്പിന്റെ വികസനത്തിനായി വിനിയോഗിക്കും. എല്ലാ പ്രായത്തിലുമുള്ളവരുടെ ഡിജിറ്റല്‍ സ്‌കില്‍ വികസിപ്പിക്കുകയും അതിലൂടെ ആധുനിക സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ എല്ലാവരിലും എത്തിക്കുകയുമാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യമെന്ന് ഡിജിറ്റല്‍ മിനിസ്റ്റര്‍ മാര്‍ഗോറ്റ് ജെയിംസ് പറഞ്ഞു. ഡിജിറ്റല്‍ കാലത്ത് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ അനിവാര്യമാണെന്ന് സിറ്റിസണ്‍സ് ഓണ്‍ലൈനിലെ ജോണ്‍ ഫിഷര്‍ പറയുന്നു. ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക് ആരോഗ്യകരമായും സജീവമായും ജീവിക്കാന്‍ മൊബൈല്‍ ആപ്പ് സഹായിക്കുമെന്ന് ഡൗണ്‍സ് സിന്‍ഡ്രോം ആക്ടീവിലെ അലക്‌സ് റൗളും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
78കാരനായ പെന്‍ഷനറുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച മോഷ്ടാവ് കുത്തേറ്റ് മരിച്ചു. ഹെന്റി വിന്‍സന്റ് എന്ന മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്‍പ്പെട്ടിരുന്ന കുറ്റവാളിയാണ് കുത്തേറ്റ് മരിച്ചത്. റിച്ചാര്‍ഡ് ഓസ്‌ബോണ്‍ ബ്രൂക്ക്‌സ് എന്ന പെന്‍ഷറുടെ വീട്ടിലാണ് വിന്‍സെന്റും കൂട്ടാളിയും മോഷണത്തിന് കയറിയത്. ബ്രൂക്ക്‌സുമായുണ്ടായ മല്‍പ്പിടിത്തത്തിനിടെ ഇയാള്‍ക്ക് കുത്തേല്‍ക്കുകയും കൊല്ലപ്പെടുകയുമായിരുന്നു. പോലീസ് അന്വേഷണത്തിലാണ് കൊല്ലപ്പെട്ട വിന്‍സെന്റിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പെന്‍ഷനര്‍മാരില്‍ നിന്ന് 4,48,180 പൗണ്ട് തട്ടിയ സംഭവത്തില്‍ ഇയാളുടെ കുടുംബത്തെ 2003ല്‍ ജയിലിലടച്ചിരുന്നു. വിന്‍സെന്റിന്റെ പിതാവും അഞ്ച് ബന്ധുക്കളുമടങ്ങുന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സൗത്ത് ലണ്ടനിലെ കെന്റ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ഇവരെ ക്രോയ്‌ഡോണ്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷിച്ചത്. വീടുകളുടെ തകരാറുകള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് പ്രായമായവരെ സമീപിക്കുന്ന ഇവര്‍ വന്‍തുകയാണ് ഫീസായി ഈടാക്കിയിരുന്നത്. ഇവരെ പണം വാങ്ങുന്നതിനായി തട്ടിപ്പു സംഘം ബാങ്കുകളിലേക്ക് അനുഗമിക്കുകയും ചെയ്തിരുന്നു. വിന്‍സെന്റിനെ നാലര വര്‍ഷത്തെ തടവിനായിരുന്നു ശിക്ഷിച്ചത്. പിതാവായ ഡേവിഡ് വിന്‍സെന്റിന് 6 വര്‍ഷത്തെ തടവും ലഭിച്ചിരുന്നു. വിന്‍സെന്റിന്റെ മരണം സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് സ്ഥിരീകരിച്ചു. സംഭവത്തില്‍ വിന്‍സെന്റിന്റെ ബന്ധുക്കള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. ബ്രൂക്ക്‌സിന് അയല്‍ക്കാരുടെയും സുഹൃത്തുക്കളുടെയും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയും ഇദ്ദേഹത്തെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved