PG Kurien
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന് രാജ്യസഭാ സ്ഥാനാര്‍ഥിത്വം നിഷേധിക്കണമെന്ന ആവശ്യവും അതിനെച്ചൊല്ലിയുള്ള വിവാദങ്ങളും തെറ്റായ സന്ദേശം ജനങ്ങള്‍ക്ക് നല്‍കുമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുഎസ്എ) വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് ഏബ്രഹാം. പി.ജെ കുര്യന്റെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി ലോക മലയാളികളുടെ ഇടയില്‍ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിഷയത്തില്‍ പക്വതയുള്ള നിലപാട് എത്രയും വേഗം സ്വീകരിക്കണമെന്ന ആവശ്യമായി ജോര്‍ജ്ജ് ഏബ്രഹാം രംഗത്തെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തിലാണ് വിദേശ മലയാളികളുടെ ആഗ്രഹവും ആശങ്കകളും അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. പി.ജെ കുര്യന്‍ കേരളത്തിലും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയിലും ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ്. മലയാളി സമൂഹത്തിനുള്ള അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ സേവനത്തിന്റെ ഫലമാണിത്. രാജ്യസഭാ ഉപാധ്യക്ഷന്‍ എന്ന നിലയില്‍ തന്നെ പ്രതിപക്ഷം പോലും പ്രശംസിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. ഇതെല്ലാം പരിഗണിക്കപ്പെടാതെ പോകുന്നത് തീര്‍ച്ചയായും ഉചിതമല്ല. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെപ്പില്‍ നേരിട്ട തോല്‍വി മധ്യതിരുവതാംകൂറില്‍ കോണ്‍ഗ്രസിന് ഒരു തിരിച്ചടിയായി എന്നത് യഥാര്‍ഥ്യമാണ്. ക്രിസ്ത്യന്‍, ദളിത് വിഭാഗങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകളില്‍ നിന്നും മതേതരത്വത്തിന് നേരിടുന്ന ഭീഷണികളെ ചെറുക്കാന്‍ സിപിഎമ്മിനാണ് കൂടുതല്‍ സാധിക്കുക എന്ന് ഈ വിഭാഗങ്ങള്‍ കരുതിയിരിക്കുന്നു. ഈ വിശ്വാസ നഷ്ടം അടിയന്തരമായി കോണ്‍ഗ്രസ് പരിഹരിക്കേണ്ടതുണ്ട്. എന്നാല്‍ മധ്യതിരുവതാംകൂറിനെ പ്രമുഖ നേതാവായ പി.ജെ കുര്യനെ അവഗണിക്കുന്നത് കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി രൂക്ഷമാക്കാനേ സഹായിക്കു. പി.ജെ കുര്യന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കുന്നവരില്‍ പ്രധാനികളായ വി.ടി ബല്‍റാം റോജി ജോണ്‍ എന്നിവര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും കര്‍ണാടക തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ സഹായിക്കുന്നതിന് പകരം യു.എസ് സന്ദര്‍ശനത്തിലായിരുന്നു എന്നത് വിലയിരുത്തേണ്ട കാര്യം തന്നെയാണ്. തീര്‍ച്ചയായും നമുക്ക് യുവനേതൃത്വത്തെ ആവശ്യമുണ്ട്. എന്നാല്‍ അതിനൊപ്പം തന്നെ വിലപ്പെട്ടതാണ് അനുഭവ സമ്പത്തുള്ള നേതൃത്വവും. വരും തലമുറയ്ക്ക് ദിശാബോധം നല്‍കാന്‍ അനുഭവ സമ്പത്തുള്ള മുതിര്‍ന്ന നേതാക്കള്‍ വഴികാട്ടികളായി മുമ്പില്‍ നടക്കേണ്ടതുണ്ട്. വിജയങ്ങള്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട ഘടകം തന്നെയാണ്. മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്ഥാനാര്‍ഥിയെ കാരണങ്ങളില്ലാതെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നത് വരും തലമുറയ്ക്കും തെറ്റായ സന്ദേശം നല്‍കുമെന്നും ജോര്‍ജ്ജ് ഏബ്രഹാം പറയുന്നു.
RECENT POSTS
Copyright © . All rights reserved