PHE
ഭക്ഷണത്തിലെ അമിതമായ ഉപ്പിന്റെ ഉപയോഗം അകാല മരണങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനം. ഉപ്പിന്റെ അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ബ്രിട്ടനില്‍ പ്രതിവര്‍ഷം 4000ത്തോളം ജീവനുകളെടുക്കുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇതിനെ ദേശീയ ആരോഗ്യ ദുരന്തം എന്നാണ് ക്യാംപെയിനര്‍മാര്‍ വിശേഷിപ്പിക്കുന്നത്. 2014ല്‍ ഗവണ്‍മെന്റ് അവതരിപ്പിച്ച വോളന്ററി സോള്‍ട്ട് ടാര്‍ജറ്റ് പാലിക്കാന്‍ ഭക്ഷ്യ കമ്പനികള്‍ തയ്യാറാകുകയാണെങ്കില്‍ ഉപ്പ് അമിതമായി ശരീരത്തില്‍ എത്തുന്നതു മൂലമുണ്ടാകുന്ന ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവയെ ഫലപ്രദമായി തടയാന്‍ കഴിയുമെന്നും ക്യാംപെയിനര്‍മാര്‍ വ്യക്തമാക്കുന്നു. ആക്ഷന്‍ ഓണ്‍ സോള്‍ട്ട് എന്ന ക്യാംപെയിന്‍ ഗ്രൂപ്പിന്റെ തലവന്‍ ഗ്രഹാം മക്ഗ്രിഗോര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപ്പിന്റെ അളവ് കുറയ്ക്കാനുള്ള നയങ്ങള്‍ രൂപീകരിക്കുന്നതില്‍ ബ്രിട്ടന്‍ ഒരുകാലത്ത് ലോകത്ത് ഒന്നാം നിരയിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുകെയിലാണ് ഈ രീതി തുടങ്ങിവെച്ചത്. മറ്റു രാജ്യങ്ങള്‍ അത് പിന്തുടരുകയായിരുന്നു. ഇപ്പോള്‍ ഈ സമ്പ്രദായത്തിനെ പുനരുജ്ജീവിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടു വര്‍ഷം സമയം ലഭിച്ചെങ്കിലും പിഎച്ച്ഇ ഒന്നും ചെയ്തില്ല. അതിന്റെ ഫലമായി ആയിരങ്ങളാണ് മരിച്ചത്. ഈയൊരു സ്ഥിതിവിശേഷം പിഎച്ച്ഇ മുന്‍കൂട്ടി കാണണമായിരുന്നു. ഇപ്രകാരം സംഭവിക്കുമെന്ന് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇപ്പോള്‍ അത് സംഭവിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുകെയില്‍ ദിവസവും ഉപയോഗിക്കപ്പെടുന്ന ഉപ്പിന്റെ ശരാശരി അളവില്‍ ഓരോ ഗ്രാം കുറയുമ്പോളും എന്‍എച്ച്എസിന് ലാഭിക്കാന്‍ കഴിയുന്നത് 1.5 ബില്യന്‍ പൗണ്ടാണെന്നത് മറക്കരുത്. ഇത് കണക്കിലെടുത്തുകൊണ്ട് ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അല്‍പം ധനം വിനിയോഗിക്കാന്‍ പിഎച്ച്ഇ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 52 ശതമാനം ഉല്‍പ്പന്നങ്ങളില്‍ മാത്രമാണ് ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ പിഎച്ച്ഇക്ക് സാധിച്ചിട്ടുള്ളത്.
ലണ്ടന്‍: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടി നിയന്ത്രിക്കാനുള്ള പദ്ധതിയുമായി പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട്. കലോറി കുറഞ്ഞ അളവില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലഭ്യമാക്കാനുള്ള റസ്റ്റോറന്റുകളോട് നിര്‍ദേശിക്കുകയാവും ആദ്യഘട്ടത്തില്‍ ചെയ്യുക. സാധാരണഗതിയില്‍ 1000ത്തിലേറെ കലോറിയില്‍ വിപണിയിലുള്ള പിസ്സ തുടങ്ങിയ ഭക്ഷണങ്ങള്‍ 928 കലോറിയിലേറെ വര്‍ദ്ധിക്കാന്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ പറയുന്നു. പൊണ്ണത്തടിയന്മാരായ പൗരന്മാരുടെ എണ്ണത്തില്‍ സമീപകാലത്തുണ്ടായ ക്രമാതീതമായ വളര്‍ച്ച നിയന്ത്രിക്കുക ലക്ഷ്യം വെച്ചാണ് പുതിയ നീക്കം. പൊണ്ണത്തടി വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകുന്നതായി നേരത്തെ ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു. കലോറി കുറയ്ക്കുന്നതുമായ ഗെയിഡ് ലൈന്‍സ് 'റെഡി മീല്‍സ്, സാന്‍ഡ്‌വിച്ച്, കുക്കിംഗ് സോസ്, സൂപ്പ്, ബര്‍ഗര്‍, പ്രോസസ്ഡ് മീല്‍സ്' തുടങ്ങിയവയ്ക്കും ബാധകമാവും. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉടന്‍ തന്നെ റസ്‌റ്റോറന്റുകളെ അറിയിക്കാനാണ് തീരുമാനം. 2024 ഓടെ രാജ്യത്ത് ഒരാള്‍ ഉപയോഗിക്കുന്ന കലോറിയില്‍ 20 ശതമാനം കുറവ് വരുത്താനാണ് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. നേരത്തെ യു.കെയിലെ ആളുകള്‍ക്ക് ഭക്ഷണ ക്രമീകരണം സംബന്ധിച്ച് കൃത്യമായ നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കലോറിയില്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായ സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 10 മുതല്‍ 11 വയസുവരെയുള്ള പ്രായത്തില്‍ ഏതാണ്ട് 24,000 പേര്‍ക്ക് പൊണ്ണത്തടിയുണ്ട്. മിക്ക കുട്ടികളും ഫാസ്റ്റ് ഫുഡ് ഇനത്തില്‍പ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് അടിമകളാകുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് അപകടരമായ അവസ്ഥയാണെന്ന് നേരത്തെ തന്നെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. 'ഡൊമിനോസ് പിസ്സ, മക്‌ഡൊണാള്‍ഡ്‌സ്, ജസ്റ്റ് ഈറ്റ്, ഡെലിവെറോ, കെ.എഫ്‌സി' തുടങ്ങിയ യു.കെയിലെ പ്രധാന റസ്റ്റോറന്റുകളുമായി ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കലോറി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved