Phone
ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും കുട്ടികളെ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ നിന്ന് മാറ്റണമെന്ന് നിര്‍ദേശം. രക്ഷിതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളിലാണ് ഈ പരാമര്‍ശമുള്ളത്. ഡെയിലി സ്‌ക്രീന്‍ ടൈമില്‍ സുരക്ഷിതമായ പരിധി എന്നൊന്ന് ഇല്ലെന്ന് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പറയുന്നു. പ്രായത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് നിയന്ത്രണങ്ങള്‍ സ്‌നേഹപൂര്‍വം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്യാന്‍ കഴിയുന്നത്. ഉറക്കം, വ്യായാമം, പരസ്പരമുള്ള ഇടപഴകല്‍ തുടങ്ങിയവ ഇല്ലാതാക്കുന്ന വിധത്തില്‍ സ്മാര്‍ട്ട്‌ഫോണുകളും വീഡിയോ ഗെയിമുകളും ഇടപെടാന്‍ തുടങ്ങിയാല്‍ അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്നും നിര്‍ദേശം പറയുന്നു. ടാബ്ലെറ്റുകളിലും ഫോണുകളിലും കുട്ടികള്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു. സ്‌ക്രീന്‍ ടൈം ആരോഗ്യത്തെ ബാധിക്കുന്നതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്ന പഠനം ബിഎംജെ ഓപ്പണില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനൊപ്പമാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറത്തു വന്നിരിക്കുന്നത്. വിഷാദരോഗ ലക്ഷണങ്ങളും കൂടിയ സ്‌ക്രീന്‍ ടൈമും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഫോണില്‍ സമയം ചെലവഴിക്കുന്നതിലൂടെ ഉറക്കം നഷ്ടമാകുന്നതു തന്നെയാണ് സ്‌ക്രീന്‍ ടൈമം ആരോഗ്യത്തെ ബാധിക്കുന്നു എന്ന വാദത്തില്‍ ആദ്യ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. സ്‌ക്രീനുകളിലെ നീല പ്രകാശം ഉറക്കം ഇല്ലാതാക്കുന്നുവെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മെലാറ്റോനിന്‍ എന്ന ഹോര്‍മോണ്‍ ഉറക്കവുമായി അടുത്ത ബന്ധമുള്ളതാണ്. സ്‌ക്രീനുകള്‍ ഈ ഹോര്‍മോണ്‍ പുറത്തുവരുന്നതിനെ തടയുന്നു. അമിത ശരീരഭാരവും സ്‌ക്രീന്‍ ടൈമും തമ്മില്‍ ബന്ധമുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. സ്‌ക്രീനുകളില്‍ ചെലവഴിക്കുന്ന സമയം കുട്ടികള്‍ സ്‌നാക്‌സ് കൂടുതല്‍ കഴിക്കുന്നുണ്ടെന്നും വിലയിരുത്തലുണ്ട്.
ഡേറ്റ ചോരല്‍ വിവാദത്തിനിടെ പുതിയ ഫോണ്‍ പുറത്തിറക്കി ടെക് ഭീമനായ ഗൂഗിള്‍. ഗൂഗിള്‍ പിക്‌സല്‍ 3 ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്. മികച്ച ഫോട്ടോഗ്രാഫി ഫീച്ചറുകളുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്. മുമ്പുണ്ടായിരുന്നതിനേക്കാള്‍ മെച്ചപ്പെട്ട ഡിജിറ്റല്‍ സൂം ഫീച്ചറാണ് പ്രധാന സവിശേഷത. ഈ സാങ്കേതികത ഉപയോഗിക്കുന്നതിനാല്‍ ഒന്നില്‍ കൂടുതല്‍ ക്യാമറകള്‍ ഫോണിന്റെ പിന്നില്‍ ഉപയോഗിക്കേണ്ടി വരില്ലെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഗൂഗിള്‍ പ്ലസില്‍ വന്‍ ഡേറ്റ ചോര്‍ച്ചയുണ്ടായെന്ന് വാര്‍ത്ത പുറത്തു വന്ന ദിവസം തന്നെയാണ് ഈ പുതിയ ഫോണും അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സ്പ്രിംഗിലാണ് ഡേറ്റ ചോര്‍ന്നത്. അഞ്ചു ലക്ഷത്തോളം അക്കൗണ്ടുകളിലെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്ന വിവരം കമ്പനി പൂഴ്ത്തിയെന്നായിരുന്നു വാര്‍ത്തകള്‍. ഇത്രയും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരാന്‍ കാരണം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന് ശരിയായ സുരക്ഷയില്ലാത്തതിനാലാണെന്നും വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് ഗൂഗിള്‍പ്ലസ് സേവനങ്ങള്‍ ലഭ്യമാക്കുന്നത് നിര്‍ത്തി വെക്കുകയാണെന്ന് കമ്പനി അറിയിച്ചിരുന്നു. പിക്‌സല്‍ ഫോണുകളെ ഈ നീക്കം ബാധിക്കാനിടയില്ലെന്നാണ് കരുതുന്നത്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പിലെ സേവനങ്ങളാണ് ഫോണില്‍ ലഭ്യമാകുക. ഗൂഗിള്‍ സേവനങ്ങള്‍ എല്ലാം തന്നെ ഫോണിലുണ്ടാകും. ഡിവൈസിന്റെ വശങ്ങളില്‍ അമര്‍ത്തിയാല്‍ ഗൂഗിളിന്റെ വിര്‍ച്വല്‍ അസിസ്റ്റ് ലഭ്യമാകും. ഫോട്ടോഗ്രാഫി ഫീച്ചറുകളാണ് ഫോണിന്റെ പ്രധാന പ്രത്യേകത. ആധുനിക സ്മാര്‍ട്ട്‌ഫോണുകളില്‍ ഡ്യുവല്‍ ക്യാമറ പിന്നിലാണെങ്കില്‍ പിക്‌സല്‍ 3യില്‍ മുന്‍വശത്താണ് രണ്ടു ക്യാമറകള്‍ ഇടം പിടിച്ചിരിക്കുന്നത്. സെല്‍ഫി സ്റ്റിക്കിന്റെ ആവശ്യമില്ലാതെതന്നെ ഗ്രൂപ്പ് ഫോട്ടോകള്‍ എടുക്കാന്‍ സൗകര്യം നല്‍കുന്ന ഒരു വൈഡ് ആംഗിള്‍ ലെന്‍സാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഡിസ്റ്റോര്‍ഷനുകള്‍ ശരിയാക്കാനുള്ള സോഫ്റ്റ് വെയറും ഇതിനോട് അനുബന്ധിച്ചുണ്ട്.
RECENT POSTS
Copyright © . All rights reserved