Pound
ജനുവരി മാസത്തില്‍ 14.9 ബില്യന്‍ പൗണ്ട് സര്‍പ്ലസ് രേഖപ്പെടുത്തി ട്രഷറി. കണക്കുകള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇത്രയും വലിയ തുക മിച്ചം പിടിക്കാന്‍ ട്രഷറിക്ക് സാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വായ്പകള്‍ 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രെക്‌സിറ്റിനോട് അനുബന്ധിച്ച് സ്വീകരിച്ച മുന്‍കരുതല്‍ നടപടികളുടെ ഫലമായി ധനകമ്മി കുറയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനുവരി മാസത്തില്‍ നികുതി വരുമാനം വര്‍ദ്ധിക്കുന്നതിനാല്‍ സാധാരണയായി ട്രഷറി മിച്ചം ഉണ്ടാകാറുള്ളതാണ്. എന്നാല്‍ ഈ വര്‍ഷം നിലവിലുള്ള റെക്കോര്‍ഡുകളെല്ലാം ഭേദിക്കപ്പെട്ടിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 10 ബില്യന്‍ പൗണ്ട് സര്‍പ്ലസ് രേഖപ്പെടുത്തുമെന്നായിരുന്നു സാമ്പത്തിക വിദഗ്ദ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷകളെയും കടത്തിവെട്ടിക്കൊണ്ടുള്ള നേട്ടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കുന്ന സ്പ്രിംഗ് ബജറ്റിന് ഇത് ഉണര്‍വാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ സര്‍പ്ലസ് നിരക്കിനേക്കാള്‍ 5.6 ബില്യന്‍ അധികമാണ് ഇത്തവണ നേടാനായത്. സെല്‍ഫ് അസസ്‌മെന്റ് ഇന്‍കം ടാക്‌സ്, ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് റെസിപ്റ്റ് എന്നിവയിലൂടെയായിരുന്നു ഈ നേട്ടം കഴിഞ്ഞ വര്‍ഷം ട്രഷറിക്കുണ്ടായത്. ഇവയിലൂടെ കഴിഞ്ഞ മാസം 21.4 ബില്യനായിരുന്നു വരുമാനമുണ്ടായത്. 2018 ജനുവരിയില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 3.1 ബില്യന്റെ വര്‍ദ്ധനവ് ഇതിലുണ്ടായി. സെല്‍ഫ് അസസ്‌മെന്റ് ഇന്‍കം ടാക്‌സ് വരുമാനം 14.7 ബില്യനാണ് ജനുവരിയില്‍ രേഖപ്പെടുത്തിയത്. 1.9 ബില്യന്‍ പൗണ്ടിന്റെ വര്‍ദ്ധന ഇതിലുണ്ടായി. ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് റെസിപ്റ്റുകളിലൂടെ 6.8 ബില്യന്‍ പൗണ്ട് ലഭിച്ചു. 1.2 ബില്യനാണ് ഇതിലെ വര്‍ദ്ധന. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങള്‍ സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് ആശാവഹമായ ഈ കണക്കുകള്‍ പുറത്തു വരുന്നത്.
കൈവശമുണ്ടായിരുന്ന 70,000 പൗണ്ടിന്റെ നോട്ടുകള്‍ കത്തിച്ചു കളഞ്ഞ് കടംകയറിയ ബിസിനസുകാരന്‍. വിചിത്രമായ കാരണമാണ് ഇതിന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഡേവിഡ് ലോവ്‌സ് ബേര്‍ഡ് എന്ന 71 കാരനാണ് നോട്ടുകള്‍ കത്തിച്ചു കളഞ്ഞത്. പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്കായി ഇയാള്‍ സമീപിച്ച നിയമസ്ഥാപനത്തോടുണ്ടായ വെറുപ്പാണേ്രത ആ 'ക്രൂരകൃത്യത്തിന്' പ്രേരിപ്പിച്ചത്. ഇവര്‍ക്ക് പണം നല്‍കാതിരിക്കാന്‍ കൈവശമുണ്ടായിരുന്ന പണം കത്തിച്ചു കളയുകയായിരുന്നു. 30,000 പൗണ്ടായിരുന്നു നിയമസ്ഥാപനത്തിന് നല്‍കേണ്ട ഫീസ്. ഇന്‍സോള്‍വന്‍സി പ്രാക്ടീഷണര്‍മാരുമായി നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് 30,000 പൗണ്ട് ഫീസായി നല്‍കാന്‍ ഉത്തരവായത്. ഇതിനിടയില്‍ ഇന്‍ഷുറന്‍സ് തുകയായി ഇയാള്‍ക്ക് 80,000 പൗണ്ട് ലഭിച്ചിരുന്നു. ഈ പണം അധികൃതര്‍ക്ക് കൈമാറണമെന്ന നിര്‍ദേശവും ലഭിച്ചു. എന്നാല്‍ ഈ പണം കൈമാറാന്‍ ഒരുക്കമല്ലായിരുന്ന ബേര്‍ഡ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണമെടുക്കുകയും അത് കത്തിച്ചു കളയുകയുമായിരുന്നു. താന്‍ 30,000 പൗണ്ട് മാത്രമേ കത്തിച്ചു കളഞ്ഞിട്ടുള്ളുവെന്നും ബാക്കി തുക ഒരു ചാരിറ്റിക്ക് നല്‍കിയെന്നും സ്വാന്‍സീ ക്രൗണ്‍ കോടതിയില്‍ ഇയാള്‍ പറഞ്ഞുവെങ്കിലും അതിന് തെളിവു ഹാജരാക്കാന്‍ കഴിഞ്ഞില്ല. താന്‍ കുറ്റക്കാരനല്ലെന്ന് ബേര്‍ഡ് വാദിച്ചെങ്കിലും മൂന്നു ദിവസം നീണ്ട നടപടികള്‍ക്കൊടുവില്‍ കുറ്റം ചെയ്തതായി കോടതി സ്ഥിരീകരിച്ചു. ആറു മാസത്തെ തടവാണ് ഇയാള്‍ക്ക് ശിക്ഷയായി വിധിച്ചത്. ഇത് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വെസ്റ്റ് വെയില്‍സിലെ ലാനെല്ലിയില്‍ ഒരു ഔട്ട്‌ഡോര്‍ അഡ്വെഞ്ചറും പെയിന്റ് ബോളിംഗ് സെന്ററും നടത്തുകയായിരുന്നു ഇയാള്‍. 2014 മുതല്‍ ബേര്‍ഡ് സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടു വരികയായിരുന്നു. ഇന്‍സോള്‍വന്‍സി സര്‍വീസിന് 30,000 പൗണ്ട് നല്‍കുകയായിരുന്നു ബേര്‍ഡ് ചെയ്യേണ്ടിയിരുന്നതെന്ന് സര്‍വീസിന്റെ ചീഫ് ഇന്‍വെസ്റ്റിഗേറ്ററായ ഗ്ലെന്‍ വിക്ക്‌സ് പറഞ്ഞു. എന്നാല്‍ കമ്പനിയോടുള്ള അയാളുടെ വെറുപ്പ് പണം നല്‍കേണ്ടെന്ന തീരുമാനത്തില്‍ എത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബ്രെക്‌സിറ്റ് അനിശ്ചിതത്വം തുടരുന്നതിനിടെ ബ്രിട്ടീഷ് സാമ്പത്തിക വ്യവസ്ഥയുടെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഇതേത്തുടര്‍ന്ന് പൗണ്ടിന്റെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. പലിശ നിരക്ക് 0.75 ശതമാനത്തില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള അറിയിപ്പില്‍ 2019ലെ വളര്‍ച്ചാനിരക്ക് പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രവചിച്ചു. മൂന്നു മാസം മുമ്പ് 1.7 ശതമാനം വളര്‍ച്ചയായിരുന്നു പ്രവചിച്ചിരുന്നതെങ്കില്‍ ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ 1.2 ശതമാനമായി വളര്‍ച്ചാനിരക്ക് പുതുക്കി നിശ്ചയിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഈ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ പൗണ്ടിന്റെ മൂല്യം 0.6 ശതമാനം ഇടിഞ്ഞ് അമേരിക്കന്‍ ഡോളറിനെതിരെ 1.285ലെത്തി. യൂറോക്കെതിരെ 0.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 1.134 ആണ് യൂറോക്കെതിരെയുള്ള മൂല്യം. മൂന്നാഴ്ചക്കിടയിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണ് ഇത്. പലിശനിരക്കുകള്‍ അവലോകനം ചെയ്യുന്ന കമ്മിറ്റിയുടെ കഴിഞ്ഞ യോഗത്തിനു ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പോകാനുള്ള നടപടിക്രമങ്ങളില്‍ ഒട്ടേറെ പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെന്നും അനിശ്ചിതത്വം വളര്‍ന്നിട്ടുണ്ടെന്നും സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തി. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങളെക്കുറിച്ച് വ്യവസായ മേഖല ആശങ്കയിലാണ്. ഈ അനിശ്ചിതത്വം കുടുംബങ്ങളുടെ ചെലവിനെയും നിക്ഷേപങ്ങളെയും ഉടന്‍ തന്നെ നേരിട്ടു ബാധിക്കുമെന്നതാണ് വിലയിരുത്തല്‍. 2018ന്റെ അവസാന പാദത്തില്‍ വളര്‍ച്ചാനിരക്ക് 0.3 ശതമാനം മാത്രമായിരുന്നു. മൂന്നാം പാദത്തില്‍ 0.6 ശതമാനം വളര്‍ച്ച നേടിയതിനു ശേഷമാണ് ഇത് നേര്‍ പകുതിയായി കുറഞ്ഞത്. 2019ന്റെ ആദ്യ പാദത്തില്‍ ഇത് 0.2 ആയി കുറയുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിക്കുന്നത്.
തെരേസ മേയുടെ ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയതോടെ മൂല്യമുയര്‍ന്ന് പൗണ്ട് സ്റ്റെര്‍ലിംഗ്. ഡോളറിനെതിരെ പൗണ്ടിന്റെ മൂല്യത്തില്‍ 0.05 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 1.287 ഡോളറിലേക്ക് ബ്രിട്ടീഷ് നാണയത്തിന്റെ മൂല്യം ഉയര്‍ന്നു. ഇന്നലെ ഒരു ശതമാനം ഇടിവായിരുന്നു പൗണ്ടിന്റെ മൂല്യത്തില്‍ ആദ്യം രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ വോട്ടിംഗിനു ശേഷം ഉയര്‍ച്ച രേഖപ്പെടുത്തുകയായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറുമ്പോള്‍ നടപ്പാക്കുന്ന വ്യവസ്ഥകളിന്‍മേല്‍ അനിശ്ചിതത്വം തുടര്‍ന്നതിനാല്‍ 2018ല്‍ പൗണ്ടിന്റെ മൂല്യം 7 ശതമാനം ഇടിഞ്ഞിരുന്നു. ബ്രെക്‌സിറ്റ് ഡീല്‍ 202നെതിരെ 432 വോട്ടുകള്‍ക്കാണ് എംപിമാര്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്തിയത്. ഇത് രാഷ്ട്രീയമായി ഒട്ടേറെ പ്രതിസന്ധികളും സൃഷ്ടിക്കുന്നു. ഒരു നോ-ഡീല്‍ സാധ്യതയും ബ്രസല്‍സുമായി വീണ്ടും ചര്‍ച്ചക്കുള്ള സാഹചര്യവും പാര്‍ലമെന്റിലെ പരാജയം മുന്നോട്ടുവെക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒപ്പം ഒരു രണ്ടാം ഹിതപരിശോധനയ്ക്കുള്ള സാധ്യതയും ഉയരുന്നുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതെങ്കിലും ഗവണ്‍മെന്റിന് പാര്‍ലമെന്റില്‍ നേരിടേണ്ടി വരുന്ന ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് സര്‍ക്കാരിന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഈ തിരിച്ചടി നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്നതാണെന്ന് എസ്ഇബിയിലെ സീനിയര്‍ എഫ്എക്‌സ് സ്ട്രാറ്റജിസ്റ്റ് റിച്ചാര്‍ഡ് ഫാല്‍ക്കന്‍ഹാള്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ ഈ ഉടമ്പടി അവതരിപ്പിച്ചപ്പോള്‍ത്തന്നെ ക്യാബിനറ്റില്‍ നിന്ന് നിരവധി പേര്‍ രാജിവെച്ചിരുന്നു. ഒരു നോ-ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടാകാനുള്ള സാധ്യതകള്‍ എന്തായാലും ഇല്ല എന്നാണ് ചില വ്യവസായ നിക്ഷേപകര്‍ കരുതുന്നത്. പാര്‍ലമെന്റിന് ബ്രെക്‌സിറ്റില്‍ കൂടുതല്‍ അധികാരം ലഭിച്ചതോടെ അത്തരമൊരു സാഹചര്യം ഒഴിവായേക്കും. എന്നാല്‍ ആര്‍ട്ടിക്കിള്‍ 50 കാലാവധി നീട്ടാനോ, രണ്ടാം ഹിതപരിശോധനയ്‌ക്കോ, ബ്രെക്‌സിറ്റ് തന്നെ ഇല്ലാതാകാനോ ഉള്ള സാധ്യതകള്‍ ഏറെയാണെന്നും ബിസിനസ് ലോകം കണക്കുകൂട്ടുന്നു.
പുതിയ 1 പൗണ്ട് നാണയം ആഗോളമാക്കുന്നുവെന്ന് ട്രഷറി. ക്രൗണ്‍ ഡിപ്പന്‍ഡന്‍സിയുള്ള പ്രദേശങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഈ നാണയത്തിന്റെ സ്വന്തം പതിപ്പുകള്‍ നിര്‍മിക്കാമെന്നാണ് അറിയിപ്പ് പറയുന്നത്. 2017ലാണ് 12 വശങ്ങളുള്ള ഈ നാണയം അവതരിപ്പിച്ചത്. വ്യാജ പതിപ്പുകള്‍ നിര്‍മിക്കാന്‍ സാധ്യമല്ലാത്ത വിധത്തില്‍ സുരക്ഷാ ഫീച്ചറുകളുമായി നിര്‍മിക്കപ്പെട്ട ഈ നാണയത്തെ ലോകത്തെ ഏറ്റവും സുരക്ഷിതമായ നാണയം എന്നായിരുന്നു ബ്രിട്ടീഷ് ഗവണ്‍മെന്റ് വിശേഷിപ്പിച്ചിരുന്നത്. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം അനുസരിച്ച് പുതിയ നാണയം ബ്രിട്ടന് പുറത്ത് ഉപയോഗിക്കാന്‍ സാധിക്കും. ബ്രിട്ടന്റെ നിരവധി പ്രവിശ്യകളും ഡിപ്പന്‍ഡന്‍സികളും ബ്രിട്ടീഷ് നാണയങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അവര്‍ക്ക് പഴയ നാണയങ്ങള്‍ ഉപേക്ഷിച്ച് പുതിയ നാണയം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും ഇതിലൂടെ ലഭിക്കുന്നു. നിലവില്‍ പല യുകെ പ്രവിശ്യകളും ഡിപ്പന്‍ഡന്‍സികളും ബ്രിട്ടീഷ് നാണയങ്ങളുടെ സ്വന്തം വേര്‍ഷനുകള്‍ നിര്‍മിക്കാറുണ്ട്. പുതിയ നാണയവും ഇവര്‍ക്ക് നിര്‍മിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ റോയല്‍ മിന്റിനെ അറിയിച്ചു കൊണ്ടു മാത്രമേ അപ്രകാരം നാണയം നിര്‍മിക്കാന്‍ സാധിക്കൂ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനായാണ് ഈ നിയന്ത്രണം. 12 വശങ്ങളിലും നല്‍കിയിരിക്കുന്ന വെട്ടുകളും സൂക്ഷ്മാക്ഷരങ്ങളില്‍ മൂല്യവും വര്‍ഷവും രേഖപ്പെടുത്തിയിരിക്കുന്നതുമാണ് പ്രധാന സുരക്ഷാ മാര്‍ഗ്ഗങ്ങള്‍. വൃത്താകൃതിയിലുള്ള പഴയ പൗണ്ട് നാണയം പിന്‍വലിച്ചുകൊണ്ടാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. പഴയ നാണയത്തിന്റെ വ്യാജപ്പതിപ്പുകള്‍ വ്യാപകമായതോടെയാണ് നടപടി. പഴയതില്‍ ഓരോ 30 നാണയത്തിലും ഒന്നു വീതം വ്യാജമാണെന്ന് വ്യക്തമായിരുന്നു. പ്രവിശ്യകള്‍ നിര്‍മിക്കുന്ന നാണയങ്ങളില്‍ ഒരു വശത്ത് അവയുടെ പ്രധാന വ്യക്തിത്വങ്ങളുടെ ചിത്രങ്ങളും മറുവശത്ത് ചരിത്രവും സംസ്‌കാരവും ചിത്രീകരിക്കാന്‍ കഴിയുമെന്ന് ട്രഷറി അറിയിക്കുന്നു. യുകെയും പ്രവിശ്യകളുമായുള്ള അടുത്ത ബന്ധത്തിന്റെ സൂചകമായിരിക്കും ഈ നാണയങ്ങളെന്ന് മിനിസ്റ്റര്‍മാര്‍ പറയുന്നു. ദി ഐല്‍ ഓഫ് മാന്‍, ജേഴ്‌സി, ഗ്വേര്‍ണസി തുടങ്ങിയവയാണ് യുകെയുടെ ക്രൗണ്‍ ഡിപ്പന്‍ഡന്‍സികള്‍.
RECENT POSTS
Copyright © . All rights reserved